Saturday 19 August 2023 10:53 AM IST

‘എന്റെ മരണത്തിന് ഉത്തരവാദി’: വിഷ്ണുപ്രിയയുടെ ആത്മഹത്യ കുറിപ്പിൽ ബന്ധുവായ യുവാവിന്റെ പേര്: പരാതി നൽകി ബന്ധുക്കൾ

Binsha Muhammed

vishnupriya

സങ്കടവും കണ്ണീരും കഷ്ടപ്പാടും സമം ചേർന്ന ജീവിത സാഹചര്യങ്ങൾക്കിടയിലും സ്വപ്നം കണ്ട പെൺകുട്ടി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ തെരുവിൽ ഉണ്ണിയപ്പം വിൽക്കാനിറങ്ങിയവൾ. ഒടുവിൽ എല്ലാ അധ്വാനങ്ങളും ഈ മണ്ണില്‍ ഉപേക്ഷിച്ച് വിഷ്ണുപ്രിയ മരണം തിരഞ്ഞെടുത്ത് മറഞ്ഞുപോയപ്പോൾ അവളെ സ്നേഹിക്കുന്നവർ ഒത്തിരി വേദനിച്ചു. കായംകുളത്ത് 17 കാരിയായ പെൺകുട്ടി ക്ഷേത്രക്കുളത്തിൽ ചാടിമരിച്ച സംഭവം അന്നാട്ടുകാർക്കും അവളുടെ പ്രിയപ്പെട്ടവർക്കും വെറുമൊരു വാർത്തയല്ല. ഉള്ളുനീറ്റുന്ന വേദനയാണ്.

വക്കീൽ കുപ്പായം അണിയാന്‍ കൊതിച്ചവൾ എന്തിന് ഒരൊറ്റ നിമിഷത്തില്‍ എല്ലാം അവസാനിപ്പിച്ചുവെന്ന ചോദ്യം ബാക്കി. ചോദ്യങ്ങളും സംശയങ്ങളും ശരംപോലെ തലങ്ങും വിലങ്ങും പായുമ്പോൾ വിഷ്ണുപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവിനെതിരെ പരാതിയുമായി രംഗത്തെത്തുകയാണ് ബന്ധുക്കൾ. വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് അച്ഛൻ വിജയൻ പൊലീസിൽ പരാതി നൽകി. യുവാവിനെ പൊലീസ് ശനിയാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. വിഷയത്തിൽ കായംകുളം സ്റ്റേഷൻ ഓഫീസർ മുഹമ്മദ് ഷാഫി വനിത ഓൺലൈനോട് സംസാരിക്കുകയാണ്.

‘ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ കഴിഞ്ഞ ചൊവ്വാഴ്ചയാണ് എരുവ ക്ഷേത്രത്തിലെ കുളത്തിൽ ചാടി മരിച്ചത്. കുളക്കടവിൽ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പിൽ ബന്ധുവായ യുവാവിന്റെ പേരും വിഷ്ണുപ്രിയ എഴുതിവച്ചിട്ടുണ്ട്. വിഷ്ണു പ്രിയയുടെ അമ്മയുടെ അമ്മാവന്റെ മകനാണ് ഈ യുവാവെന്നാണ് വിവരം. തന്റെ മരണത്തിന് ഉത്തരവാദി ബന്ധുവായ യുവാവെന്ന തരത്തിലാണ് കുറിപ്പ് അവസാനിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ പരാതിയുമായി ബന്ധുക്കൾ എത്തുന്നത്. ആത്മഹത്യ ചെയ്ത വിഷ്ണു പ്രിയയും യുവാവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ, ഇവർക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്. വിഷ്ണു പ്രിയയും യുവാവും തമ്മിൽ ഏതെങ്കിലും തരത്തിലുള്വ ബന്ധമോ പ്രശ്നമോ ഉള്ളതായി ബന്ധുക്കൾക്കും വ്യക്തതയില്ല. വിഷ്ണുപ്രിയയുടെ മരണത്തിന് ഈ യുവാവ് ഏതെങ്കിലും തരത്തിൽ ഉത്തരവാദിയാണെങ്കിൽ ഉറപ്പായും നടപടിയുണ്ടാകും.’– മുഹമ്മദ് ഷാഫി പറയുന്നു.

നാട്ടുകാര്‍ നോക്കി നിൽക്കേയാണ് വിഷ്ണു പ്രിയ എരുവ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കുളത്തിൽ ചാടിയത്. കണ്ടു നിന്നവർ കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുളക്കടവിൽ നിന്ന് ലഭിച്ച കത്തിൽ, അച്ഛനേയും അമ്മയേയും ഒത്തിരി സ്നേഹിക്കുന്നു എന്നെഴുതിയിട്ടുണ്ടായിരുന്നു. വാടക വീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം. കുളക്കടവിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിൽ മാതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായും വിഷ്ണുപ്രിയ എഴുതിയിരുന്നു.

പ്ലസ് ടു കഴിഞ്ഞ് എൽ എൽ. ബിക്ക് അഡ്മിഷൻ എടുത്തിരിക്കുകയായിരുന്നു വിഷ്ണുപ്രിയ.. കാലിന് സ്വാധീനക്കുറവുള്ള അച്ഛനാണ് വീട്ടിലിരുന്ന് ഉണ്ണിയപ്പം ഉണ്ടാക്കിയിരുന്നത്. കാലിന് സ്വാധീനക്കുറവും കണ്ണിന് തകരാറുമുള്ളയാളാണ് അമ്മ രാധിക. ഏറെ പ്രതിസന്ധികളുണ്ടായിട്ടും അതിനെയെല്ലാം മറികടന്നായിരുന്നു വിഷ്ണുപ്രിയ ജീവിതത്തില്‍ മുന്നേറിയത്. ഭിന്നശേഷിക്കാരായ അച്ഛനും അമ്മയ്ക്കും ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ സഹോദരനൊപ്പം തെരുവില്‍ ഉണ്ണിയപ്പം വില്‍ക്കാനിറങ്ങിയ വിഷ്ണുപ്രിയുടെ വീഡിയോ വൈറലായിരുന്നു. അഞ്ചാം ക്ലാസുകാരനായ അനുജൻ ശിവപ്രിയനൊപ്പം തെരുവിൽ ഉണ്ണിയപ്പം വിറ്റ് വരുമാനം കണ്ടെത്തിയ വിഷ്ണുപ്രിയയുടെ ദൃശ്യങ്ങൾ ഏറെ ഹൃദയവേദനയോടെയാണ് നാട് കണ്ടത്.