Monday 04 November 2024 04:51 PM IST : By സ്വന്തം ലേഖകൻ

‘ഞാന്‍ വടശ്ശേരി എസ്ഐയാണ്, കാശ് പിന്നെത്തരാം’; പൊലീസ് വേഷത്തില്‍ ബ്യൂട്ടിപാർലറില്‍, ഫേഷ്യൽ ചെയ്ത് പണം കൊടുക്കാതെ മുങ്ങിയ യുവതി അറസ്റ്റില്‍

tamilnadu-crime-new-n

പൊലീസ് വേഷത്തില്‍ ബ്യൂട്ടിപാർലറിലെത്തി, സബ് ഇന്‍സ്പെക്ടറാണെന്ന് തെറ്റിധരിപ്പിച്ച ശേഷം ഫേഷ്യൽ ചെയ്ത് പണം കൊടുക്കാതെ മുങ്ങിയ സ്ത്രീ അറസ്റ്റില്‍. തമിഴ്നാട് നഗർകോവിലാണ് വിചിത്രമായ സംഭവം. തേനി, പെരിയപാളയം സ്വദേശിയായ അബി പ്രഭയെയാണ് (34) ആള്‍മാറാട്ടത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്.  

എസ്ഐയുടെ വേഷം ധരിച്ച് ആര്‍ക്കും സംശയം തോന്നാത്ത തരത്തിലാണ് അബി പ്രഭ ബ്യൂട്ടിപാർലറിലെത്തിയത്. പാർവതിപുരം, ചിങ്കാരതോപ്പ് സ്വദേശി വെങ്കടേശിന്റെ ബ്യൂട്ടി പാർലറിൽ നിന്നാണ് ഫേഷ്യൽ ചെയ്തത്. ഫേഷ്യല്‍ ചെയ്ത് കഴിഞ്ഞ് പണം ചോദിച്ചപ്പോള്‍ താൻ വടശ്ശേരി എസ്ഐയാണ്, കാശ് പിന്നെത്തരാം എന്നായിരുന്നു മറുപടി. 

തുടര്‍ന്ന് തിടുക്കത്തില്‍ ഇറങ്ങിപ്പോയ യുവതിയെ കണ്ട് സംശയം തോന്നിയ ഉടമ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് ചോദ്യം ചെയ്യലില്‍ താന്‍ പൊലീസല്ലെന്നും കാമുകന്‍ പറഞ്ഞിട്ടാണ് വേഷമിട്ട് എത്തിയതെന്നും യുവതി പറഞ്ഞു. കാമുകനെ പൊലീസ് തേടി വരുകയാണ്. നിലവിൽ പ്രഭ തക്കല ജയിലിലാണ്. 

Tags:
  • Spotlight