അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർഗീസിന്റെ അരങ്ങേറ്റം. തുടക്കക്കാരന്റെ സങ്കോചങ്ങളൊന്നുമില്ലാതെ വിൻസെന്റ് പെപ്പെയായി നല്ല തകർപ്പൻ പ്രകടനം. ജെല്ലിക്കെട്ടിലെ ആന്റണിയും ആർഡിഎക്സിലെ ഡോണിയും കൊണ്ടലിലെ മാനുവലും മാത്രമല്ല ആന്റണിയുടെ കഥാപാത്രങ്ങളെല്ലാം പൗരുഷം നിറഞ്ഞവരാണ്. ദാവീദ് എന്ന സിനിമയ്ക്കായുള്ള ഫിറ്റ്‌നസ്, ഡയറ്റ് മുന്നൊരുക്കങ്ങളെക്കുറിച്ച് ആരാധകരുടെ പ്രിയ പെപ്പെ മനസ്സു തുറക്കുന്നു...
ബോക്സറാകുന്നതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ എങ്ങനെയായിരുന്നു?
ദാവീദ് എന്ന സിനിമയ്ക്കു വേണ്ടിയാണു ബോക്സിങ് പരിശീലിക്കുന്നത്. ആറു മാസമായിരുന്നു പരിശീലനം. ഷൂട്ട് ആരംഭിക്കുന്നതിനു മുൻപും ശേഷവും ഇടയ്ക്ക് ഇടവേളയെടുത്തുമെല്ലാമാണു പരിശീലനം പൂർത്തിയാക്കിയത്.
ഷൂട്ട് ആരംഭിക്കുന്നതിനു മുൻപു രണ്ടു മാസക്കാലം രാവിലെ ജിമ്മിൽ ഒരു മണിക്കൂറോളം വർക്ഒൗട്ട് ഉണ്ടായിരുന്നു. വെയ്‌റ്റ് ട്രെയിനിങ് ആണു പ്രധാനം. ഉച്ച കഴിഞ്ഞും വർക്ഒൗട്ടുണ്ട്. കാർഡിയോ വ്യായാമങ്ങളാണ് ഉൾപ്പെടുന്നത്. വളരെ ചിട്ടയോടെയുള്ള ഡയറ്റും ഉണ്ട്. ഒരു ചീറ്റും നടക്കാത്ത ഡയറ്റാണത്. അടുത്തതു ബോക്സിങ് ട്രെയ്നിങ്ങാണ്. അതു സൗകര്യം പോലെ രണ്ടോ മൂന്നോ മണിക്കൂർ. ഷൂട്ട് തുടങ്ങിയ ശേഷം രാവിലെ വെയ്റ്റ് ട്രെയ്നിങ്ങും ബോക്സിങ് പരിശീലനവും ചെയ്തു ലൊക്കേഷനിൽ പോകും. വൈകുന്നേരം വീണ്ടും ബോക്സിങ് പരിശീലനം. ആ സമയത്തു ശാരീരികമായി നന്നേ തളർന്നു. ഈ സിനിമയുടെ ഭാഗമായി ബോക്സിങ് ലൈസൻസ് ലഭിച്ചു എന്നതാണു മറ്റൊരു സന്തോഷം.
ഡയറ്റിങ് രീതികൾ എങ്ങനെ ആയിരുന്നു?
ഞാൻ നല്ല ‘ഫൂഡി’ആണ്. ഇഷ്ടമുള്ള ഫൂഡ് എല്ലാം കഴിച്ചിരുന്നു. അങ്ങനെ ശരീരഭാരം കൂടി. ആർ ഡി എക്സ് ചെയ്യുമ്പോൾ എനിക്ക് 96 കിലോ ഭാരം ഉണ്ട്. പിന്നീടു ദാവീദിന്റെ ഭാഗമായപ്പോൾ ആഹാരനിയന്ത്രണം പ്രധാനമായിരുന്നു. കൃത്യമായ അളവിൽ കഴിച്ചു തുടങ്ങി. രാവിലെ രണ്ടു ബ്രഡും രണ്ടു മുട്ടയും. ഒപ്പം വേയ് പ്രോട്ടീൻ ഷേക്ക്. ഒമേഗാ ടാബ്‌ലറ്റും യോഗർട്ടും കഴിച്ചിരുന്നു. ഡയറ്റിൽ ആദ്യ രണ്ടു മൂന്നു മാസം ചോറ് ഉൾപ്പെടുത്തി. ചോറ് 150 ഗ്രാം വീതം ഉച്ചയ്ക്കും രാത്രിയിലും അതിനൊപ്പം അച്ചിങ്ങാ ഉലർത്തു കഴിക്കും. അങ്ങനെ 23 കിലോ ഭാരം കുറച്ചു. ക്ലൈമാക്സ് ഷൂട്ടു ചെയ്യാറായപ്പോൾ സിക്സ് പായ്ക്കു നേടിയിരുന്നു. അപ്പോൾ ചോറു പൂർണമായും ഒഴിവാക്കി. ഡയറ്റ് കടുത്തതായി. ആഹാരപ്രിയനായതു കൊണ്ടു പൊരുത്തപ്പെടാൻ ബുദ്ധിമുട്ടി.
പല സിനിമകൾക്കും വേണ്ടി ഡയറ്റിങ് ചെയ്യണമെന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊക്കെ പരാജയപ്പെടുകയാണു ചെയ്തത്. ഡയറ്റീഷന്റെ നിർദേശപ്രകാരം ചിട്ടയോടെ ഡയറ്റിങ് തുടരുകയാണ്. രാവിലെ മൂന്നു മുട്ട, ഒപ്പം കുറച്ചു പച്ചക്കറികൾ, കൂൺ, തക്കാളി, കാപ്സിക്കം അങ്ങനെ. ഒപ്പം ഒരു സ്ലൈസ് ചീസ്. യോഗർട്ടും കഴിക്കും. ഉച്ചയ്ക്കു കൊഴുപ്പു നീക്കിയ 200 ഗ്രാം ചിക്കൻ, ഗ്രില്ലു ചെയ്തോ അൽപം എണ്ണ ഉപയോഗിച്ചോ പച്ചക്കറികൾ ചേർത്തോ കഴിക്കും. വേവിക്കാത്ത പച്ചക്കറികൾ ചേർത്തു സാലഡായും കഴിക്കും. ഉച്ച കഴിഞ്ഞു സ്നാക്കായി പൈനാപ്പിൾ കഴിക്കും. ഇടയ്ക്കു ഗ്രീക്ക് യോഗർട്ടും. കൊഴുപ്പു നീക്കിയ ചിക്കനും പച്ചക്കറികളും മൂന്നു മുട്ടയും അത്താഴത്തിലും ഉൾപ്പെടും.