ആൻമരിയ കലിപ്പിലാണ് സിനിമയിലെ പരുക്കനായി, വില്ലൻ സ്വഭാവമുള്ള പിടി സാറിനെ ആരും മറന്നുകാണില്ല. ജോൺ കൈപ്പള്ളിൽ ആയിരുന്നു ആ റോൾ പെർഫെക്ട് ആയി അവതരിപ്പിച്ചത്. 2012ൽ തട്ടത്തിൻമറയത്ത് എന്ന ചിത്രത്തിലൂെട അരങ്ങേറ്റം കുറിച്ച ജോണിനു ബ്രേക്ക് നൽകിയത് നെഗറ്റീവ് ഷേഡ് ഉള്ള പിടി സാറിന്റെ റോൾ ആയിരുന്നു. മെക്കാനിക്കൽ എൻജിനിയർ ആയിരുന്നെങ്കിലും മോഡലിങ്ങിനും ഫാഷൻ ഷോകളുമായി സജീവമായിരുന്ന ജോൺ ഫിറ്റ്നസ് ജീവിതത്തെ കുറിച്ചു സംസാരിക്കുന്നു.
സ്പോർട്സ് എന്ന ഇഷ്ടം
പണ്ടുമുതലേ സ്പോർട്സ് രംഗത്തു സജീവമായിരുന്നു. കുട്ടിക്കാലം മുതലേ ക്രിക്കറ്റ് കളിക്കും. സെലിബ്രിറ്റി ക്രിക്കറ്റ് ടീമിലെ അംഗവുമാണ്. ഫിറ്റ്നസിന് എപ്പോഴും നല്ല ശ്രദ്ധ നൽകാറുണ്ട്. ജിമ്മിൽ കുറച്ചുനാൾ പോകാൻ സാധിക്കാതെ വന്നാലും ക്രിക്കറ്റും മറ്റും ഗെയിംസുമൊക്കെയായി ആക്ടീവ് ആയി ഇരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ലോക്ഡൗൺ സമയത്തു ജോഗിങ്ങും മറ്റും െചയ്തു ഫിറ്റ്നസ്സിൽ ശ്രദ്ധിക്കുമായിരുന്നു. കുറേ ദിവസം വർക്കൗട്ട് ഒന്നും െചയ്യാതിരുന്നാൽ എനിക്ക് ഡിപ്രഷൻ പോലെയൊക്കെ വരും. മോഡൽ കൂടി ആയിരുന്നതു കൊണ്ടു ശരീരം നന്നായി, ഫിറ്റ് ആയി സൂക്ഷിക്കണം.
ഡയറ്റിലെ ശ്രദ്ധ
കുറച്ചുകാലം മുൻപു വരെ ഡയറ്റിൽ കാര്യമായി നോക്കാറില്ലായിരുന്നു. കുറച്ചു നാളായി അതിൽ കുറച്ചു ശ്രദ്ധി കൊടുക്കാൻ തുടങ്ങി. നന്നായി ഭക്ഷണം കഴിക്കുക, നന്നായി വർക്കൗട്ട് െചയ്യുക.. ഇതായിരുന്നു ഞാൻ െചയ്തിരുന്നത്. ചോറാണ് എന്റെ ഇഷ്ടഭക്ഷണം. ചോറ്, മോരുകറി, സാമ്പാർ, നോൺവെജ് വിഭവങ്ങൾ ഒക്കെ ഫേവറേറ്റ് ആണ്. എന്നാൽ ഡയറ്റിൽ ശ്രദ്ധിച്ചാൽ ഒരുപാട് വർക്കൗട്ട് വേണ്ടിവരില്ലെന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കി. ഹോട്ടൽ ഭക്ഷണം വലപ്പോഴും മാത്രമെ കഴിക്കൂ. അഥവാ പോയാലും വറുത്ത വിഭവങ്ങൾ ഒഴിവാക്കും. മധുരം ഒഴിവാക്കി. എങ്കിലും ഇടയ്ക്ക് ക്രേവിങ്സ് തോന്നും. അപ്പോൾ ഐസ്ക്രീമോ മറ്റോ കഴിക്കും. പ്രോട്ടീൻ ഭക്ഷണമാണു കൂടുതലും. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഫൂഡ് കുറച്ചു. നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തി. ചോറ് കുറച്ചും കറികൾ കൂടുതലും എന്ന രീതിയാണ് ഇപ്പോൾ.
ചായപ്രേമിയായിരുന്നു
ഞാൻ വലിയ ചായ പ്രിയനായിരുന്നു. ലൊക്കേഷനിൽ നിന്നു കിട്ടിയ ശീലമായിരുന്നു അത്. നല്ല മധുരമുള്ള, കടുപ്പമേറിയ ചായ വേണം. മധുരം ഒഴിവാക്കിയതിന്റെ ഒപ്പം ചായയോടും നോ പറഞ്ഞു. പാൽ അധികം കുടിക്കാറില്ല. എന്നാൽ യോഗർട്ട് നന്നായി ഉപയോഗിക്കും. യോഗർട്ട് േചർത്തുള്ള സ്മൂത്തി കുടിച്ചാണ് എന്റെ ദിവസം തുടങ്ങുന്നതു തന്നെ. ഉച്ചഭക്ഷണത്തോടൊപ്പം തൈര് കഴിക്കും. എനിക്ക് അങ്ങനെ ചീറ്റ് ഡേ എന്നൊന്ന് ഇല്ല. നാട്ടിൽ പോയാൽ എന്റെ ഡയറ്റെല്ലാം തെറ്റും. രാവിലെ പഴങ്കഞ്ഞിയും ചക്ക, കപ്പ് പുഴുക്ക് ഒക്കെയായിരിക്കും കഴിക്കുക. ജങ്ക് ഫൂഡിനോടു വലിയ താൽപര്യമില്ല. വലപ്പോഴും കഴിക്കും. പിന്നെ ചോറ് കഴിക്കാൻ തോന്നുമ്പോൾ നല്ല നാടൻ ഹോട്ടലിൽ പോയി ഊണ് കഴിക്കും. വീട്ടിലായാലും ഭാര്യ ഹെഫ്സിബയും ഫിറ്റ്നസ് നോക്കുന്ന ആളാണ്. ഹെൽതി ഭക്ഷണമാണു കൂടുതൽ തയാറാക്കുന്നത്.
മാനസികാരോഗ്യം വളരെ പ്രധാനമാണ്. എന്റെ കുടുംബമാണ് എന്റെ മനസ്സിന്റെ ശക്തി. നാടാണ് എന്റെ ബലം. പത്തനംതിട്ടയിലെ കുംബ്ലാംപൊയ്ക എന്ന നാട്ടിൻപുറത്താണ് ഞാൻ ജനിച്ചുവളർന്നത്. മനസ്സു കൊണ്ട് ഇന്നും ഞാൻ തനി നാടൻ മലയാളിയാണ്. നാട്ടിൽ പോയി കുടുംബക്കാരൊടൊപ്പം സമയം ചെലവഴിക്കുന്നതും പുഴയിൽ നീന്തുന്നതും കൂട്ടുകാരുെട കൂെട കറങ്ങാൻ പോകുന്നതൊക്കെ എനിക്കു സ്ട്രെസ് റിലീഫ് ആണ്. പിന്നെ എന്റെ മകൾ എലനോറുമൊത്തു സമയം െചവഴിക്കുന്നതും. ക്രിക്കററ് കളിയും ബൈക്കിലെ കറക്കമൊക്കെ എനിക്ക് സ്ട്രെസ്സ് കളയാനുള്ള മാർഗങ്ങളാണ്. വൃത്തി എന്റെ ശീലമാണ്. എല്ലായിടവും നല്ല വൃത്തിയായി സൂക്ഷിക്കുന്ന ആളാണ് ഞാൻ. ഒസിഡി പോലെ ഒന്നും ഇല്ല കേട്ടോ. സിനിമ കാണൽ ആണ് മറ്റൊരു ഹോബി.
എന്റെ റോൾ മോഡലുകൾ
ഒരു വർഷത്തോളമായി ഞാൻ കൃത്യമായിട്ടുള്ള ജിം ട്രെയിനിങ് തുടങ്ങിയിട്ട്. സ്കൂളിൽ പഠിക്കുമ്പോൾ അത്‌ലറ്റിക്സ്, ഫുട്ബോൾ ഒക്കെ ഉണ്ടായിരുന്നു. എന്റെ റോൾ മോഡൽ ജോൺ ഏബ്രഹാം എന്ന നടനായിരുന്നു. മിലിന്ദ് സോമൻ എന്ന മോഡലും എന്റെ ഐക്കൺ ആണ്. ഇവരൊക്കെ എനിക്ക് ഫിറ്റ്നസ്സ് പാലിക്കാനുള്ള മോട്ടിവേഷൻ ആണ്. ഫ്ലെക്സിബിൾ ആയിരിക്കാനാണ് എനിക്കു താൽപര്യം. കഥാപാത്രത്തിനു വേണ്ടി എന്റെ ശരീരം എങ്ങനെ മാറ്റാനും തയാറാണ്. ഒരുപാടു പേർ ഫിറ്റ്നസ് ടിപ്സ് ചോദിച്ചുകൊണ്ടു മെസേജ് അയക്കാറുണ്ട്. നമ്മൾ എപ്പോഴും പ്രസന്റബിൾ ആയിരിക്കണം. ഫിറ്റ്നസ് പാലിച്ചാൽ എവിെടയും നമുക്കു നമ്മളെ നന്നായി അവതരിപ്പിക്കാൻ സാധിക്കും. നല്ല ആത്മവിശ്വാസം ലഭിക്കും. സ്വയം ഫോക്കസ് െചയ്താൽ മതി എന്നാണ് എന്റെ അഭിപ്രായം.