ADVERTISEMENT

മൂക്കിനു താഴെയും താടിയിലുമൊക്കെയുള്ള അമിത രോമവളർച്ച കൊണ്ടു കഷ്ടപ്പെടുന്നവരാണോ? എത്ര കഷ്ടപ്പെട്ടു നീക്കിയാലും രണ്ടാഴ്ച തികയും മുൻപേ രോമം തിരിച്ചുവരും എന്നതാണോ നിങ്ങളുടെ പ്രശ്നം? എങ്കിലിനി ലേസർ ചികിത്സ പരീക്ഷിച്ചു നോക്കാം.

ശരീരത്തിലെവിടെയുമുള്ള രോമം നീക്കാം

ADVERTISEMENT

രോമവളർച്ച ദീർഘകാലത്തേക്കു തടയാനുള്ള ഒരു മാർഗമാണു ലേസർ. പക്ഷേ, 4–6 ആഴ്ച ഇടവേളകളിൽ നാലോ അതിലധികമോ സെഷനുകൾ വേണ്ടിവരും. മാത്രമല്ല കറുപ്പു നിറമുള്ള രോമങ്ങളിലാണ് ഇതു ഫലപ്രദമാകുക. നരച്ച മുടി നീക്കം ചെയ്യാനാകില്ല.
ലേസർ ബീം ഉപയോഗിച്ച് ഹെയർ ബൾബ് നശിപ്പിക്കുകയാണു ചെയ്യുന്നത്. ഈ ചികിത്സയ്ക്കു താരതമ്യേന ചെലവു കൂടുതലാണ്. ചിലപ്പോൾ വേദനയുളവാക്കുകയും ചെയ്യാം. എങ്കിലും ലേസർ ചികിത്സ വഴി ശരീരത്തിലെവിടെയുമുള്ള അനാവശ്യരോമങ്ങൾ നീക്കാം. മറ്റു താൽക്കാലിക രോമം നീക്കൽ മാർഗങ്ങൾ വഴി സാലണിലോ വീട്ടിലോ വച്ചു രോമം നീക്കാമെങ്കിലും അതുവഴി ഫംഗൽ അണുബാധകളോ അരിമ്പാറയോ താരനോ പകരാമെന്നൊരു പ്രശ്നമുണ്ട്. ലേസർ ചികിത്സയ്ക്ക് ആ പ്രശ്നമില്ല.

ലേസർ ഉപയോഗിച്ചു മുഖം, കാൽ, കൈകൾ, കക്ഷം തുടങ്ങി ഒട്ടേറെ ഭാഗങ്ങളിലെ രോമം നീക്കാൻ സാധിക്കും. സ്ഥിരമായ രോമം നീക്കലിന് നിലവിലുള്ള ഏറ്റവും മികച്ച മാർഗം ലേസർ തന്നെയാണ്.

ADVERTISEMENT

പലതരം ലേസറുകൾ

∙ ഇന്റൻസ് പൾസ്ഡ് ലൈറ്റ് തെറപ്പി അഥവാ ഐപിഎൽ. വിളറിയ ചർമക്കാർക്കും നേർത്തരോമം നീക്കാനും ഉപകാരപ്രദം.

ADVERTISEMENT

∙ അലക്സാൻഡ്രൈറ്റ്– ഒലീവ് നിറമുള്ള ചർമത്തിന് അനുയോജ്യം

∙ എൻഡി: യാഗ്– ഇരുണ്ടനിറമുള്ള ചർമത്തിന് അനുയോജ്യം

∙ ഡയോഡ്– ഏതാണ്ട് എല്ലാത്തരം ചർമങ്ങൾക്കും അനുയോജ്യം

∙ റൂബി– വെളുത്തനിറമുള്ള ചർമത്തിന് നല്ലത്.

ഗുണങ്ങൾ അറിയാം

∙ ചുറ്റുപാടുമുള്ള ചർമത്തിന് യാതൊരു ദോഷവും വരുത്താതെ കൃത്യമായി ഒരു പ്രത്യേകഭാഗത്തെ രോമം നീക്കാൻ ലേസർ വഴി സാധിക്കും.

∙ അതിവേഗത്തിൽ രോമം നീക്കാം. സെക്കൻഡിൽ ഒരു അംശം മതി ഒരു ലേസർ പൾസിന്, മാത്രമല്ല ഒരേസമയം ഒന്നിലധികം രോമങ്ങൾ നീക്കാൻ കഴിയും. മേൽചുണ്ട് പോലുള്ള ചെറുഭാഗങ്ങളിലെ രോമം നീക്കാൻ ഒരു മിനിറ്റിൽ താഴെ സമയം മതി. പിൻഭാഗത്തെയും കാലുകളിലെയും രോമം നീക്കാൻ ഒരു മണിക്കൂർ മതിയാകും. ∙ മൂന്നു മുതൽ ഏഴ് സെഷൻ കൊണ്ട് ഏതാണ്ട് സ്ഥിരമായി തന്നെ രോമം നീക്കൽ പൂർത്തിയാക്കാൻ കഴിയും.

ലേസർ ചെയ്യും മുൻപ്

∙ ചിലതരം ലേസറുകൾ ഉപയോഗിക്കുമ്പോൾ പൊള്ളൽ തടയാൻ നീക്കം ചെയ്യേണ്ട രോമഭാഗം ഷേവ് ചെയ്യേണ്ടിവരാം.

∙ ഉപയോഗിക്കുന്ന ലേസറിനനുസരിച്ച് ടെക്നീഷ്യനും രോഗിയും കണ്ണുകളെ മൂടുന്ന സുരക്ഷാകവചം ധരിക്കണം. ∙ ചർമത്തിന്റെ ഉപരിപാളികളെ സംരക്ഷിക്കാനായി തണുത്ത ജെൽ പുരട്ടുകയോ തണുപ്പിക്കുകയോ ചെയ്യും. ഇത് ലേസർ രശ്മികൾക്ക് എളുപ്പം ചർമത്തെ തുളച്ചുകയറാൻ സഹായിക്കും.

∙ രോമം നീക്കേണ്ട ഭാഗത്തേക്ക് ഒരു പൾസ് ലേസർ നൽകി എന്തെങ്കിലും റിയാക്ഷൻ ഉണ്ടോയെന്നും ലേസർ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങൾ ശരിയാണോയെന്നും നിരീക്ഷിക്കാറുണ്ട്.

∙ ചികിത്സയ്ക്കുശേഷം ഐസ് പാക്ക്, നീർവീക്കം തടയാനുള്ള ക്രീമുകൾ, തണുപ്പിച്ച വെള്ളം എന്നിവയിലേതെങ്കിലും അസ്വാസ്ഥ്യങ്ങൾ കുറയ്ക്കാനായി നൽകും.

∙ നാലു മുതൽ ആറ് ആഴ്ചകൾക്കു ശേഷം അടുത്ത സെഷൻ ചെയ്യാം. രോമവളർച്ച ഏതാണ്ടൊക്കെ നിലയ്ക്കുന്നതുവരെ ലേസർ സെഷനുകൾ തുടരും.

അപകടമുണ്ടോ?

ചികിത്സയ്ക്കുശേഷം ഒന്നു രണ്ടു ദിവസത്തേക്ക് സൂര്യാഘാതം ഏറ്റതുപോലെ ചർമം കാണപ്പെടാം.

തണുപ്പേൽപിക്കുന്നതും മോയിസ്ചറൈസർ പുരട്ടുന്നതും ആശ്വാസകരമാണ്. ചർമത്തിൽ കുമിളകൾ ഒന്നുമുണ്ടാകുന്നില്ലെങ്കിൽ പിറ്റേന്നു തന്നെ മേക്കപ് ഉപയോഗിക്കുന്നതിനു കുഴപ്പമില്ല. ചികിത്സ കഴിഞ്ഞ് ഒരു മാസത്തോടെ ലേസർ ചെയ്തഭാഗത്തെ രോമം കൊഴിഞ്ഞുപോകും. ചികിത്സിച്ച ഭാഗത്തു നിറവ്യത്യാസം വരാതിരിക്കാൻ തുടർന്നുള്ള മാസം സൺസ്ക്രീൻ പുരട്ടിവേണം പുറത്തിറങ്ങാൻ. കുമിളകൾ അപൂർവമാണ്, പക്ഷേ, ഇരുണ്ടനിറമുള്ള ചർമക്കാരിൽ കൂടുതലായി വരുന്നുണ്ട്. വീക്കം, ചുവപ്പ്, പിഗ്മെന്റേഷൻ കൂടുക, വെള്ള കുത്തുകളും വടുക്കളും എന്നിങ്ങനെയുള്ള പാർശ്വഫലങ്ങൾ കാണാറുണ്ട്. സ്ഥിരമായ വടുക്കളോ ചർമത്തിനു നിറവ്യത്യാസമോ സാധാരണ കാണാറില്ല.

ചിലരിൽ ലേസർ ചികിത്സയ്ക്കു ശേഷം രോമവളർച്ച വർധിക്കുന്നതായി കാണാറുണ്ട്. ഇതിനു പാരഡോക്സിക്കൽ ഹെയർ ഗ്രോത് എന്നു പറയും. ലേസർ ആവശ്യത്തിനുള്ള ഡോസ് നൽകാതെ വരുമ്പോഴാണ് ഈ പ്രശ്നമുണ്ടാകുന്നത്. അതുകൊണ്ടു തന്നെ വിദഗ്ധ ഡോക്ടർമാരുള്ള അംഗീകൃത കേന്ദ്രങ്ങളിൽ മാത്രം ചികിത്സ തേടാൻ ശ്രദ്ധിക്കണം.

കടപ്പാട്

ഡോ. മായ വിൻസന്റ്

സീനിയർ കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ്

ഡോ. യോഗീരാജ് സെന്റർ ഫോർ ഡെർമറ്റോളജി & കോസ്മറ്റോളജി,
തിരുവനന്തപുരം

English Summary:

Laser hair removal offers a long-term solution for reducing unwanted hair. This method targets hair follicles with laser beams, but multiple sessions are required for effective results.

ADVERTISEMENT