Friday 15 September 2023 03:13 PM IST

ചിക്കൻ ഉൾപ്പെടെ ആവിയിൽ വേവിച്ച ആഹാരങ്ങൾ, കൊഴുപ്പും പഞ്ചസാരയും ഒഴിവാക്കി മാജിക്കൽ ഡയറ്റ്: ഫിറ്റ്നസ് രഹസ്യം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

eldhose

ഒരു പക്ഷിയുടെ അനായാസതയോടെ എൽദോസ് പോൾ പറന്നിറങ്ങിയത് ഇന്ത്യൻ ജനതയുടെ ഹൃദയത്തിലേക്കാണ്. 2022 കോമൺവെൽത്ത് ഗെയിംസി ൽ ട്രിപ്പിൾ ജംപ് മത്സരത്തിൽ തികച്ചും മാസ്മരികമായൊരു സ്വർണതിളക്കവുമായാണ് കോലഞ്ചേരിക്കാരൻ എൽദോസ് മലയാളക്കരയുടെയും അഭിമാനമാകുന്നത്.

2024 ഒളിംപിക്സിൽ ഇന്ത്യയ്ക്കു വേണ്ടി സ്വർണം നേടുക എന്ന സ്വപ്ന ദൂരത്തിലേക്കാണ് ഇനി എൽദോസിന്റെ യാത്ര. തന്റെ ആരോഗ്യസംരക്ഷണത്തിലും ജീവിതശൈലിയിലും ഏറെ ശ്രദ്ധിക്കുന്നുണ്ട് ഈ 26കാരൻ.

∙വ്യായാമരീതികൾ എന്തെല്ലാം?

ഒരു അത്‌ലീറ്റായതിനാൽ ഇന്റൻസ് വർക് ഒൗട്ടുകളാണ് ചെയ്യുന്നത്. അത് ഒാരോ ദിവസവും വ്യത്യസ്തമായിരിക്കും. ചില ദിവസം വെയ്‌റ്റ് ട്രെയ്നിങ്, പ്ലയോമെട്രിക് ഡ്രില്ലുകൾ, ജംപിങ് ഡ്രിൽസ്, റണ്ണിങ്, മൊബിലിറ്റി, ഫ്ലക്സിബിലിറ്റി വ്യായാമങ്ങൾ അങ്ങനെ.... പരിമിതികളെ മെച്ചപ്പെടുത്തുന്നതിനായി

ഒാരോരുത്തരും  വിദഗ്ധ നിർദേശപ്രകാരം ഫ്ളോർ വ്യായാമങ്ങൾ പോലെ വ്യായാമ പരിശീലനങ്ങൾ സ്വയം ചെയ്യണം. ഞായറാഴ്ച മാത്രമാണ് വിശ്രമം. രാവിലെയും വൈകുന്നേരവുമായി 5–7 മണിക്കൂർ വ്യായാമത്തിനു മാറ്റിവയ്ക്കുന്നുണ്ട്. വീട്ടിൽ വരുമ്പോഴും ഫ്ളോർ വ്യായാമങ്ങൾ, റണ്ണിങ് ഡ്രിൽസ് പോലുള്ളവ ചെയ്യാൻ സമയം കണ്ടെത്തുന്നുണ്ട്.

∙ആഹാരക്രമീകരണം എങ്ങനെയാണ്?

ഒരു അത്‌ലീറ്റിന് ആഹാരവും ഡയറ്റും പ്രധാന ഘടകമാണ്. ഒാരോ ‍െഗയിമിന്റെയും അടിസ്ഥാനത്തിൽ ഡയറ്റ് വ്യത്യാസപ്പെട്ടിരിക്കും. മത്സരം ഇല്ലാത്ത സമയത്തു ശരീരഭാരം പരമാവധി വർധിപ്പിച്ച് വർക് ഒൗട്ടു ചെയ്യുന്നു. ആ സമയത്തു കൂടുതൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ ഇവ ആഹാരത്തിലുൾപ്പെടുത്തും. മത്സരം വരുമ്പോൾ  വർധിപ്പിച്ച ശരീരഭാരം കുറച്ച് അതേ ഉൗർജസ്വലത നിലനിർത്തും. അധിക കൊഴുപ്പ്, അധിക പ ഞ്ചസാര, സ്പൈസി ഫൂഡ് എന്നിവ ഒഴിവാക്കും. ചിക്കൻ ഉൾപ്പെടെ ആവിയിൽ വേവിച്ചവ കൂടുതൽ ഉൾപ്പെടുത്തും. 5–6 മുട്ടയുടെ വെള്ള, ആവിയിൽ പച്ചക്കറികൾ, പഴങ്ങൾ ഇവ ദിവസവും ആഹാരത്തിലുൾപ്പെടുത്തും.

പ്രഭാതഭക്ഷണത്തിൽ ദോശ, ഇഡ്‌ലി പോലുള്ളവ കുറച്ചേ കഴിക്കൂ. അതിനൊപ്പം ഒാട്സ്, സീറിയലുകൾ, ബോയിൽഡ് വെജിറ്റബിൾസ്, പുഴുങ്ങിയതോ സ്ക്രാംബിൾ ചെയ്തതോ ആയ മുട്ട എന്നിവയും  ചേർക്കും. മത്സരം ഇല്ലാത്തപ്പോൾ കൊഴുപ്പും കാർബോഹൈഡ്രേറ്റും കുറച്ചു കൂടി ഉൾപ്പെടുത്തും. ഉച്ചയ്ക്ക് ചോറു കഴിക്കും. മത്സരകാലത്ത് ചോറിനു പകരം ചപ്പാത്തിയോ റൊട്ടിയോ കഴിക്കും. ചിക്കൻ, മട്ടൻ, ഫിഷ് ഇവയൊക്കെ ഉണ്ടാകും. ഈവ്നിങ് വർക് ഒൗട്ടുകൾക്കു മുൻപായി ലഘുവായി ജ്യൂസോ, കോഫിയോ പോലെ പ്രീ വർക് ഒൗട്ട് സ്‌നാക്കുകൾ കഴിക്കും. പഴമോ, ബിസ്‌ക്കറ്റോ കൂടെ കഴിക്കാം.

രാത്രിയിൽ കാർബോഹൈഡ്രേറ്റ് കുറച്ച് ചപ്പാത്തി പോലെ നാരുകൾ കൂടുതലുള്ള ആഹാരം കൂടുതൽ കഴിക്കും. ഒപ്പം നോൺ വെജ്. രാത്രിയിൽ പാലും കുടി ക്കാറുണ്ട്. ഇടനേരങ്ങളിൽ ഡ്രൈ ഫ്രൂട്സ് കഴിക്കും. മത്സരമുള്ള സമയത്ത് എണ്ണയുള്ളതും അധിക കൊ ഴുപ്പുള്ളതും ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ഭക്ഷണം ഒഴിവാക്കും. മത്സരത്തിനു മൂന്നു ദിവസം മുൻപ് പാലും പാലുൽപന്നങ്ങളും ഒഴിവാക്കും. ദിവസവും 4–5 ലീറ്റർ വെള്ളം കുടിക്കും. വീട്ടിലുണ്ടാക്കുന്ന മീൻ വിഭവങ്ങളാണ് ഏറ്റവും പ്രിയപ്പെട്ട ആഹാരം.

eldhose-1

∙സമ്മർദം കുറയ്ക്കുന്നത് എങ്ങനെയാണ് ?

സമ്മർദങ്ങൾ അകറ്റാൻ എ. ആർ. റഹ്മാന്റെ പാട്ടുകൾ കേൾക്കാറുണ്ട്. സിനിമകളോ വെബ്സീരീസോ കാണും. ഫ്രണ്ട്സിനൊപ്പം ഇരിക്കുമ്പോഴും ഒാരോ കാര്യങ്ങൾ പങ്കുവയ്ക്കുമ്പോഴും കിട്ടുന്ന പൊസിറ്റീവ് വൈബ് എനിക്ക് വേറൊരിടത്തു നിന്നും കിട്ടാറില്ല.

വളരെ പീസ്ഫുൾ ആയ ഒരിടത്ത് ഒറ്റയ്ക്കിരിക്കാറുമുണ്ട്.

∙ ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നത് ?

രക്തപരിശോധനകൾ ഉൾപ്പെടെ ഹെൽത് ചെക്കപ്പുകൾ കൃത്യമായി ചെയ്യാറുണ്ട്. സപ്ലിമെന്റ്സ് ആവശ്യമെങ്കിൽ ഡോക്ടർ പറയും. ന്യൂട്രിഷനിസ്‌റ്റ് ആവശ്യമായ നിർദേശങ്ങൾ തരുന്നുണ്ട്.

∙ ‍സന്തോഷത്തെ നിർവചിക്കാമോ?

സന്തോഷം വ്യക്തിയെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. മറ്റൊരാൾ എത്ര ശ്രമിച്ചാലും സ്വയം വിചാരിക്കാതെ

നമുക്കു സന്തോഷിക്കാനാകില്ല. നെഗറ്റീവ് ചിന്തകളും തളർത്തുന്ന കാര്യങ്ങളും മാറ്റി ഒരു പൊസിറ്റീവ് മനോഭാവത്തിലെത്തുക പ്രധാനമാണ്. ജീവിതത്തിൽ ഒന്നും സ്ഥിരമല്ലല്ലോ. അങ്ങനെയൊരു ചിന്തയിലൂടെ കാര്യങ്ങളെ ഉൾക്കൊള്ളും.

∙ജീവിതം പഠിപ്പിച്ച പ്രധാന പാഠം എന്താണ്?

ഒാരോ ദിവസവും വ്യത്യസ്ത അനുഭവങ്ങളിലൂടെ പാഠങ്ങൾ പഠിക്കുകയാണ്. ഈ അറിവുകളും ജീവിതാനുഭവങ്ങളുമാണ് നാളെയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്താകുന്നത്...

ലിസ്മി എലിസബത്ത് ആന്റണി