ആണി അലിയിക്കും ടേപ്പ്
വിരലിനടിയിലും കാൽവെള്ളയിലും തൊലി കട്ടിയാവുന്ന അവസ്ഥയാണ് ആണി രോഗം. ആദ്യമൊക്കെ തഴമ്പുകൾ പോലെ ചർമം കട്ടിയാകുന്നു. തുടർന്ന് കട്ികൂടി നടുഭാഗം അൽപം കൂടി കടുപ്പം കൂടി കൂർത്ത് ആണി പോലെയാകും. പ്രായമായവരിൽ ഇത്തരം ആണികൾ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. കാരണം പ്രായമേറുന്നതനുസരിച്ച് കാൽവെള്ളയിലെ കൊഴുപ്പുകലകൾ നശിച്ചുപോകും. ഇതുമൂലം ചർമത്തിലേക്ക് അസ്ഥികളുടെ സമ്മർദം കൂടുതലേൽക്കും. പാർക്കിൻസോണിസം ഉള്ളവരിൽ കാൽവിരലുകൾ ഇറുക്കിപ്പിടിച്ച് നടക്കുന്നതിനാൽ ഇതേ പ്രശ്നം കാണാറുണ്ട്. പ്രമേഹരോഗികളിലും ആണിക്കുള്ള സാധ്യത കൂടുതലാകാം. ഈ ആണി പോലെയുള്ള ഭാഗം ഏതെങ്കിലും എല്ലിന്റെ ഭാഗത്ത് ചെന്ന് ഇടിക്കുമ്പോഴോ നാഡിയിൽ തട്ടുമ്പോഴോ ആണ് വേദന അനുഭവപ്പെടുന്നത്.
തഴമ്പ് ആയിട്ടേ ഉള്ളെങ്കിൽ കോൺ ക്യാപ് ആണിയുടെ മേൽ വെച്ച് ഇളക്കിക്കളയാം. സാലിസിലിക് ആസിഡ്, ലാക്ടിക് ആസിഡ്, കൊളോഡിയൻ എന്നിവയുടെ സംയുക്തം പ്രത്യേക അനുപാതത്തിൽ എടുത്ത് ഒരു ടേപ്പിൽ പുരട്ടി ഒട്ടിച്ചുവയ്ക്കുന്നതും ഫലപ്രദമാണ്. കട്ടിയായ തൊലി അലിഞ്ഞുപോകും. ചെറുചൂടുവെള്ളത്തിൽ സോഡാക്കാരമിട്ട് അതിൽ പാദങ്ങൾ അര മണിക്ൂർ മുക്കി വച്ച് പ്യൂമിക് കല്ലുകൊണ്ട് ഉരയ്ക്കുന്നതും തഴമ്പിന്റെ കട്ടി കുറയ്ക്കും. പക്ഷേ ഇതു ചെയ്യുമ്പോൾ മുറിവുണ്ടാകാതെ സൂക്ഷിക്കണം.
സാലിസിലിക് ആസിഡ് അടങ്ങിയ ഒായിൻമെന്റ് ആണിയിൽ പുരട്ടി ടേപ്പൊട്ടിക്കുക. പിറ്റേന്ന് കുളിക്കും മുമ്പ് ഇളക്കിക്കളയുക. ആണി അലിഞ്ഞുപോകും.
ആണി സുഖമാക്കാൻ ശസ്ത്രക്രിയകളുമുണ്ട്. കട്ടി കൂടിയ തൊലി മുറിച്ചുനീക്കുകയാണ് ചെയ്യുന്നത്. ഒന്നു രണ്ടു മാസമെടുക്കും ഇതു മൂലമുള്ള മുറിവു സുഖമാകാൻ.
മുഖം പോലെ കാലും സംരക്ഷിക്കുകയാണെങ്കിൽ ആണി പോലുള്ള പാദരോഗങ്ങൾ ഉണ്ടാവുകയില്ല. എംസിആർ ചപ്പലുകൾ നല്ലതാണ്. സോൾ മൃദുവായ തരം ചെരുപ്പുകൾ കാലിൽ ആവശ്യമില്ലാതെ മർദ്ദമേൽക്കുന്നത് തടയും. പരുക്കൻ സോളുകളുള്ളതും അയഞ്ഞതോ വളരെ മുറുകിയതോ ആയതുമായ പാദരക്ഷകൾ ഒഴിവാക്കുക. കാലിന്റെ ഏതെങ്കിലും വശത്തേക്കു മർദ്ദമേൽപിച്ചുള്ള നടത്തം ഒഴിവാക്കണം.
ഡോ. വി.റ്റി. തോമസ്
വിസിറ്റിങ് കൺസൾട്ടന്റ്,
മേനാതോട്ടം ഹോസ്പിറ്റൽ, റാന്നി
ആയുർവേദ ചികിത്സ
കദരം എന്ന് ആയുർവേദത്തിൽ പറയും. രൂപം വട്ടത്തിൽ അഗ്രം കൂർത്തായിരിക്കുന്തിനാലും ആണി കയറുന്ന വേദനയ്ക്ക് സമാനമായ വേദന അനുഭവപ്പെടുന്നതിനാലും ആണി എന്നു പറയുന്നു. പാദവും തറയും തമ്മിൽ ഘർഷണം സംഭവിക്കുന്ന സ്ഥലങ്ങളിലെ ചർമകോശങ്ങൾ മൃതമാകുന്നതാണ് ആണി രോഗത്തിന്റെ അടിസ്ഥാനകാരണം. ശരീരഭാരം പ്രധാനമായും കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിലാണ് ഈ രോഗം കാണുന്നതെന്നാണ് ചികിത്സാനുഭവങ്ങളിൽ നിന്നും മനസ്സിലാക്കാനാകുന്നത്.
ഭാരം വഹിക്കുന്നതിലെ വ്യതിയാനം മൂലം കാൽപാദത്തിൽ ഘർഷണബിന്ദുക്കൾ രൂപപ്പെടാം. ഒരു കാലിൽ മാത്രം ഭാരമൂന്നിയുള്ള നിൽപ് ഉദാഹരണം. കാലിലേക്കുള്ള രക്തചംക്രമണത്തിന് തടസ്സം വന്നാലും ഇങ്ങനെയുള്ള പ്രശ്നങ്ങൾ സംഭവിക്കാം. പുകവലിയും മദ്യപാനവും ഉളളവരിൽ ഇക്കാരണം കൊണ്ട് ആണിരോഗം വരാം. ഇവരിൽ രോഗം വന്നാൽ മാറാനും പ്രയാസമാണ്. പതിവായി ഉയർന്ന മടമ്പുള്ള ചെരിപ്പുകൾ ഉപയോഗിക്കുന്വരിലും പാകമല്ലാതെ ഉറഞ്ഞുപൊട്ടുന്ന ചെരുപ്പുകൾ സ്ഥിരമായി ധരിക്കുന്നവർക്കുമൊക്കെ ഈ പ്രശ്നം വരാം.
ആണിരോഗത്തിന് അഗ്നികർമ്മ ചികിത്സ ഫലകരമാണ്. ഇതിനായി ശലാക എന്നു പേരുള്ള ശസ്ത്രക്രിയാ ഉപകരണം ചൂടാക്കി പഴുപ്പിച്ച് മൃതമായ ചർമകോശങ്ങളെ നശിപ്പിക്കുന്നു. മൃതകോശങ്ങളായതിനാൽ വേദനയുണ്ടാകില്ല. തുടർന്ന് കറ്റാർവാഴയുടെ നീര്, മുറിവെണ്ണ, ജാത്യാദിഘ്യതം എന്നിവയിലേതെങ്കിലും പുരട്ടുന്നു.
ആണിരോഗത്തിന് ഫലപ്രദമായ ചില വീട്ടുചികിത്സകളുമുണ്ട്. ചെറുനാരങ്ങാനീര് പഞ്ഞിയിൽ മുക്കി മൂന്നു നാലു ദിവസം വയ്ക്കുക. ചെറുനാരങ്ങാനീരും ബേക്കിങ് സോഡയും കലർത്തി ആണിയിൽ തേച്ചു വച്ച് പഞ്ഞി വച്ചു കെട്ടണം. മൂന്നു നാലു ദിവസം ഇങ്ങനെ വയ്ക്കണം. ആണി മെല്ലെ ദ്രവിച്ചു മാറും.
ഒരു കാരണവശാലും സൂചിയോ പിന്നോ കൊണ്ട് ആണി കുത്തിപ്പറിക്കരുത്. പ്രമേഹരോഗികളിൽ ആണിരോഗമുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. നട്ടെല്ലിലും പാദത്തിലും വെളിച്ചെണ്ണ പുരട്ടി പതിവായി തടവി കുളിക്കുന്നത് ചർമരോഗങ്ങളിൽ നിന്നു സംരക്ഷിക്കും.
ഡോ. പി. കൃഷ്ണദാസ്, അമേയ ആയുർവേദ, പെരിന്തൽമണ്ണ
ഹോമിയോയിൽ
ലക്ഷണങ്ങളനുസരിച്ച് വ്യക്തിഗതമായ ചികിത്സയാണ് നൽകുന്നത്. ഉള്ളംകാലിലെയും പാദത്തിലേയും ചർമത്തിനു കൂടുതൽ കട്ടിയുണ്ടെങ്കിൽ ആന്റിമോണിയം ക്രൂഡം മാസത്തിലൊരിക്കൽ കഴിക്കണം. ആവർത്തിച്ചുവരുന്ന തള്ളവിരലിലെ ആണിക്ക് ഹൈഡ്രാസ്റ്റിസ് കനാസെൻസിസ് ദിവസം നാലു തവണ കഴിക്കണം. ഹൈഡ്രാസ്റ്റിസ് മാതൃസത്തോ ഒായിൻമെന്റോ പുറമേ പുരട്ടിയാൽ കൂടുതൽ ഗുണകരമാണ്. നീർക്കെട്ടു വന്ന് വ്രണങ്ങളോടു കൂടിയ ആണിക്ക് നൈട്രിക് ആസിഡും പാദരക്ഷകളുടെ ഞെരുക്കെം കൊണ്ടുവരുന്നതിന് സൾഫറും നൽകുന്നു. ആഴത്തിലുള്ള വിണ്ടുകീറലോടു കൂടിയ ആണിക്ക് ഗ്രാഫൈറ്റിസ് ഗുണകരമാണ്. ത്യൂജ എന്ന ഔഷധവും ആണിരോഗത്തിനു ഫലപ്രദം. കീറുന്ന വേദനയോടു കൂടിയ ആണിക്ക് ലൈക്കോപോഡിയം കഴിക്കാം. സൈലീഷ്യായും ആണിരോഗത്തിനു ഫലപ്രദമായ മരുന്നാണ്. സാലിസിലിക് ആസിഡ് മാതൃസത്തും വെള്ളവും 1:5 എന്ന അനുപാതത്തിൽ ചേർത്ത് മൂന്നു ദിവസം കൂടുമ്പോൾ രാത്രിയിൽ കാലിൽ പുരട്ടുന്നതും ഗുണകരമാണ്.
വിവരങ്ങൾക്ക് കടപ്പാട്–
ഡോ. കെ. എസ്. ഗോപിയുടെ ഹോമിയോപ്പതി എന്ന പുസ്തകം