Saturday 04 September 2021 04:49 PM IST

‘കുളികഴിഞ്ഞ് വയറിൽ പച്ച വെളിച്ചെണ്ണ പുരട്ടി തടവും’: വയറിലെ സ്ട്രെച്ച് മാർക്ക് മാറാൻ അമ്മൂമ്മ പറഞ്ഞു തന്ന സൂത്രം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

sivada-stretch-tips ചിത്രങ്ങൾ: മനോരമ ആരോഗ്യം, ഇൻസ്റ്റഗ്രാം

ശാലീനഭംഗിയുള്ള നായികമാരുടെ ഗണത്തിൽ ശിവദയുടെ പേരും നാം ചേർത്തുവച്ചിട്ടുണ്ട്. പ്രസരിപ്പും ഹൃദ്യമായ പുഞ്ചിരിയും അഭിനയമികവും കൊണ്ട് ശിവദ ആരാധകഹൃദയങ്ങൾ സ്വന്തമാക്കി. ‌

ഇഷ്ടം ഫാസ്‌റ്റ് മേക്കപ്

ഷൂട്ടോ, ഫോട്ടോ ഷൂട്ടോ എന്തായാലും മേക്കപ്പിനായി അധിക സമയം ചെലവഴിക്കാറില്ല ശിവദ. കൂടിപ്പോയാൽ അരമണിക്കൂർ. അതിനപ്പുറത്തേയ്ക്ക് മേക്കപ് നീണ്ടു പോകരുതെന്നു ശിവദയ്ക്കു നിർബന്ധമുണ്ട്. ‘‘ ഒരു ഫങ്ഷനു വേണ്ടിയാണെങ്കിൽ പോലും അരമണിക്കൂറിലേറെ മേക്കപ്പിനായി മാറ്റി വയ്ക്കാൻ എനിക്കു ക്ഷമയില്ല. വളരെ ഫാസ്‌റ്റ് മേക്കപ് ആണ് എന്റേത്. മുടിയിൽ എന്തെങ്കിലും കെമിക്കൽ ട്രീറ്റ്മെന്റുകൾ വേണ്ടി വന്നാൽ മാത്രമേ അൽപം സമയം കൂടാറുള്ളൂ’’. രാത്രിയിൽ കിടക്കുമ്പോൾ പലരും മുഖത്തു ട്രീറ്റ്മെന്റുകൾ ചെയ്യാറുണ്ട്. എന്നാൽ മുഖം വളരെ ഡ്രൈ ആയി തോന്നിയാൽ അൽപം മോയിസ്ചറൈസർ പുരട്ടുക മാത്രമേ ഞാൻ ചെയ്യാറുള്ളൂ. രാത്രി അധികം സൗന്ദര്യവർധകങ്ങൾ മുഖത്തു പുരട്ടുന്നതു ചർമത്തിനു ശ്വസിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാക്കും’’ – ശിവദ പറയുന്നു.

അമ്മയുടെ സൗന്ദര്യക്കൂട്ട്

‘‘ ഒാർമ വച്ച കാലം മുതൽ എന്റെ അമ്മയുടെ സ്കിൻ നല്ല ക്ലീൻ, ക്ലിയർ സ്കിൻ ആണ്. ഒരു കുഴിയോ, പാടോ ഒന്നും ഞാൻ കണ്ടിട്ടേയില്ല. അമ്മ രാത്രി കിടക്കും മുൻപ് നന്നായി മുഖം കഴുകും.

മുഖം നന്നായി വരണ്ടതായി തോന്നിയാൽ അൽപം വെളിച്ചെണ്ണ പുരട്ടും. അമ്മ കറ്റാർവാഴ പോലും മുഖത്തു തേയ്ക്കുന്നതായി ഞാൻ കണ്ടിട്ടില്ല.’’– ശിവദ ഒാർമിക്കുന്നു.

സ്ട്രെച്ച് മാർക്സ് ഒഴിവാക്കാൻ

ഗർഭിണിയായിരുന്ന സമയത്ത് സ്ട്രെച്ച് മാർക്കുകൾ വരാതിരിക്കുന്നതിന് അമ്മൂമ്മ ശിവദയ്ക്കു പറ‍ഞ്ഞു കൊടുത്ത ഒരു മാർഗമുണ്ട്. ‘‘ ആറു പ്രസവിച്ചിട്ടുണ്ട് എന്റെ അമ്മൂമ്മ. എന്നിട്ടും ഒരു സ്ട്രെച്ച് മാർക് പോലും വന്നിട്ടില്ല. എന്താ അമ്മൂമ്മേ ഇതിന്റെ രഹസ്യം ? എന്നു ഞാൻ ചോദിച്ചിരുന്നു, വെള്ളം കൊണ്ട് വയർ തടവിയിരുന്നു, പിന്നെ ചൊറിച്ചിൽ പോലെ തോന്നുമ്പോൾ എല്ലാ ദിവസവും വെളിച്ചെണ്ണ പുരട്ടി കുളിക്കും, കുളി കഴിഞ്ഞ് വയറിൽ വെളിച്ചെണ്ണ പുരട്ടി തടവും എന്നായിരുന്നു അമ്മൂമ്മയുടെ മറുപടി.

‘ പച്ച വെളിച്ചെണ്ണ മാത്രം പുരട്ടിയാൽ മതി, അതാകുമ്പോൾ കുഞ്ഞിനു ദോഷമൊന്നും വരില്ല ’ എന്ന് അമ്മൂമ്മ എന്റെ ഗർഭകാലത്തും ഒാർമിപ്പിച്ചിരുന്നു. അമ്മൂമ്മ ഞങ്ങളെ വിട്ടു പോയി. ഞാനും വെളിച്ചെണ്ണ പുരട്ടിയിരുന്നു. ഒപ്പം മറ്റു ചില മാർഗങ്ങളും ചെയ്തു. എന്തായാലും എനിക്കു സ്ട്രെച്ച് മാർക്കുകൾ വളരെ കുറവായിരുന്നു. അവസാനമാസത്തിലാണ് കുറച്ചു സ്ട്രെച്ച് മാർക്കുകൾ വന്നത്. എന്തായാലും വെളിച്ചെണ്ണ തന്നെയാണ് നല്ല മാർഗം എന്ന് ഇപ്പോൾ തോന്നുന്നു – ശിവദ പറയുന്നു.

എന്റെ ആരോഗ്യപാചകപരീക്ഷണങ്ങൾ

‘‘അച്ഛൻ പയറും കടലയുമൊക്കെ മുളപ്പിച്ചു കഴിച്ചിരുന്നു. അതായിരുന്നു അച്ഛന്റെ ബ്രേക്ഫാസ്‌റ്റ്. അതിൽ നിന്ന് ഒരു പിടി എനിക്കും തരും. നോൺവെജ് അധികം കഴിക്കാത്തവർക്ക് അതു നല്ലതല്ലേ...പിന്നെ തൈര്, നെയ്യ് ഒക്കെ കഴിക്കും. ബ്രോക്കോളി, കുക്കുംബർ, ക്യാപ്സിക്കം, നിലക്കടല എല്ലാം കൂടി ചേർത്ത് സാലഡ് പോലെയും ശിവദ പരീക്ഷിക്കാറുണ്ട്. ഇന്റർനെറ്റിൽ നിന്നു തിരഞ്ഞെടുക്കുന്ന റെസിപ്പികളാണു മിക്കതും. ചില ദിവസങ്ങളിൽ മഷ്റൂം സാലഡ് കഴിക്കും. ആരോഗ്യകരമായ പാചകപരീക്ഷണങ്ങളേ ചെയ്യാറുള്ളൂ.

‘‘ ഇഷ്ടം തോന്നുന്നതൊക്കെ ഞാൻ കഴിക്കാറുണ്ട്. എന്നാൽ അത്ര ഫൂഡി അല്ല. ജങ്ക് ഫൂഡ് കഴിക്കുന്നതും പൊതുവെ കുറവാണ്. കോവി‍ഡ് കാലമായതിനാൽ പുറത്തു പോയി ഭക്ഷണം കഴിക്കുന്ന രീതി ഇല്ല. പാചകമൊക്കെ വീട്ടിൽ തന്നെയാണ്. ഇഷ്ടമുള്ള ഒരു ജങ്ക് ഫൂഡ് ഏതെന്നു ചോദിച്ചാൽ ഞാൻ ചാട്ട് എന്നു പറയും. ചാട്ട് കഴിക്കാനിഷ്ടമാണ്. ചാട്ട് പുറത്തു നിന്നു കഴിക്കാൻ മടിയാണെങ്കിൽ വീട്ടിൽ തന്നെ തയാറാക്കും. ബേൽ പൂരി ചാട്ട് പോലെ’’ – ശിവദ പ്രിയഭക്ഷണം മറച്ചു വയ്ക്കുന്നില്ല.

ഡാൻസും യോഗയും

‘‘ മുൻപ് സ്ലീപ് റുട്ടീൻ ഉണ്ടായിരുന്നു. ഇപ്പോൾ കുഞ്ഞിനൊപ്പം ഉറങ്ങാൻ ശ്രദ്ധിക്കാറുണ്ട്. പ്രസവശേഷം പത്തു കിലോയോളം ഭാരം കൂടിയിരുന്നു. ഇപ്പോൾ യോഗയും ഡാൻസുമൊക്കെയായി ശരീരഭാരം കുറച്ചു കൊണ്ടിരിക്കുകയാണ്. നോർമൽ വെയ്റ്റിലേക്ക് എത്തിയിട്ടുണ്ട്. കുഞ്ഞിനെ ഫീഡ് ചെയ്യുന്നതിനാൽ കടുത്ത ഡയറ്റിങ് ഒന്നും പറ്റില്ലല്ലോ. എല്ലാം കഴിച്ചു കൊണ്ടു തന്നെ എത്രത്തോളം വർക് ഒൗട്ട് ചെയ്യാൻ പറ്റുമോ അതു ചെയ്യുകയാണ്. – ശിവദയുടെ വാക്കുകളിൽ ആത്മവിശ്വാസം.

Tags:
  • Manorama Arogyam
  • Health Tips