Monday 14 August 2023 04:55 PM IST

ചുണ്ടിനും വേണം സൺസ്ക്രീൻ; എണ്ണയേക്കാൾ നല്ലത് പെട്രോളിയം ജെല്ലി: മൃദുവായ ചുണ്ടിന് വിദഗ്ധ ടിപ്സ്

Asha Thomas

Senior Sub Editor, Manorama Arogyam

lips5435

മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ വളരെ പ്രധാനമാണ് ചുണ്ടുകളുടെ ഭംഗി. വരണ്ടുണങ്ങി, കരുവാളിച്ച ചുണ്ടുകൾ മുഖശോഭ കെടുത്തും. സൂര്യപ്രകാശമേൽക്കുന്നതും കാലാവസ്ഥാ വ്യതിയാനങ്ങളും ചുണ്ടുകൾ ഇടയ്ക്ക് ഉമിനീർ പുരട്ടി നനയ്ക്കുന്ന ശീലവും ചുണ്ടുകളെ വരണ്ടതും വിണ്ടുകീറിയതുമാക്കാം. , ഇതാ ചുണ്ടുകളുടെ ഭംഗിക്കും മൃദുത്വത്തിനുമായി ചില നിർദേശങ്ങൾ.

∙ ഇടയ്ക്കിടെ നാവു കൊണ്ടു ചുണ്ടു നനയ്ക്കുന്നതും ചുണ്ടു കടിക്കുന്നതുമൊക്കെ ഒഴിവാക്കണം. ചുണ്ടിൽ പുരണ്ട ഉമിനീർ ഉണങ്ങിക്കഴിയുമ്പോൾ ചുണ്ടു വീണ്ടും വരണ്ടതാകും. ചുണ്ടു വരളുന്നത് ഒഴിവാക്കാൻ ഒരു നല്ല ലിപ് ബാം പുരട്ടുന്നതാണ് ഉത്തമം.

∙ ധാരാളം ശുദ്ധജലം കുടിക്കുക. ചുണ്ട് വരളുന്നത് ശരീരത്തിന് ആവശ്യമുള്ള ജലാംശം ലഭിക്കുന്നില്ല എന്നതിന്റെ സൂചന കൂടിയാണ്.

∙ ലോഹങ്ങൾ കൊണ്ടുള്ള വസ്തുക്കൾ ചുണ്ടിൽ കടിച്ചുപിടിക്കുന്നത് ഒഴിവാക്കണം. പേപ്പർ ക്ലിപ്, ആഭരണങ്ങൾ എന്നിവ ഉദാഹരണം. ഇതു ചുണ്ടിന്റെ പ്രശ്നങ്ങളെ വഷളാക്കും.

∙ മുഖത്തെ മാത്രമല്ല ചുണ്ടുകളെയും സൂര്യപ്രകാശത്തിൽ നിന്നും മറച്ചുപിടിക്കേണ്ടതുണ്ട്. എസ്പിഎഫ് 30 നു മുകളിലുള്ള ലിപ് ബാമുകൾ ഉപയോഗിക്കുക. തണുപ്പുകാലത്തുപോലും ചുണ്ടുകളിൽ ഇവ പുരട്ടുന്നതാണ് ഉത്തമം. ടൈറ്റാനിയം ഒാക്സൈഡ്, സിങ്ക് ഒാക്സൈഡ് എന്നിവയിലേതെങ്കിലുമടങ്ങിയ ലിപ് ബാമുകളും സുരക്ഷിതത്വമേകും. നല്ല വെയിലുള്ളപ്പോൾ പുറത്തുപോവുകയാണെങ്കിൽ രണ്ടു മണിക്കൂർ കൂടുമ്പോൾ ലിപ് ബാം പുരട്ടണം.

∙ വൈറ്റ് പെട്രോളിയം ജെല്ലി ദിവസവും പല തവണ ചുണ്ടുകളിൽ പുരട്ടുന്നത് വരൾച്ച തടയും. കൂടുതൽ നേരം ചുണ്ട് സ്നിഗ്ധവും നനവുള്ളതുമായിരിക്കാൻ എണ്ണകളേക്കാളും പെട്രോളിയം ജെല്ലി പോലുള്ള ഒായിൻമെന്റുകൾ സഹായിക്കും.

∙ ഒരു നനഞ്ഞ തുണി കൊണ്ടോ മൃദുവായ ബ്രഷ് ഉപയോഗിച്ചോ ആഴ്ചയിൽ ഒരിക്കൽ ചുണ്ടുകളിലുരസുക. ഇത് മൃതകോശങ്ങളെ നീക്കംചെയ്യാൻ സഹായിക്കും.

∙ രാത്രി കിടക്കും മുൻപ് ചുണ്ടുകൾക്കായുള്ള മോയിസ്ചറൈസിങ് ക്രീം പുരട്ടുക.

∙ ചുണ്ടിനു വരൾച്ചയും വിണ്ടുകീറലും ഉള്ളപ്പോൾ സാലിസിലിക് ആസിഡ്, ഫിനോൾ, മെന്തോൾ, കാംഫർ, യൂക്കാലിപ്റ്റസ് തുടങ്ങിയുള്ളവ അടങ്ങിയ ഉൽപന്നങ്ങൾ ഉപയോഗിക്കരുത്. കൂളിങ് ഇഫക്ട് തരുന്നതെന്ന് അവകാശപ്പെടുന്ന ചില ലിപ് ബാമുകളിൽ മെന്തോളോ കാംഫറോ അടങ്ങിയിട്ടുണ്ടാകാം. ഈ ഘടകങ്ങൾ ചുണ്ടിനു പുറമേയുള്ള സംരക്ഷണപാളിയെ നശിപ്പിക്കുന്നു. ഇതു ചുണ്ടിനു സ്വതവേയുള്ള പ്രശ്നങ്ങൾ വഷളാക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

അമേരിക്കൻ ഡെർമറ്റോളജി അസോസിയേഷൻ വെബ്‌സൈറ്റ് , മനോരമ ആരോഗ്യം ആർകൈവ്

Tags:
  • Manorama Arogyam