Friday 22 December 2023 04:27 PM IST

പതുപതുത്ത പ്ലം കേക്കും പോര്‍ക്ക് വരട്ടിയതും: കൊതിപ്പിക്കുന്ന ക്രിസ്മസ് വിഭവങ്ങളെ കുറിച്ച് നടി മിയ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

miyaxmas4343

പാതിരാകുർബാന കൂടി പള്ളിയിൽ നിന്നു തിരികെയെത്തുമ്പോൾ, അപ്പച്ചട്ടിയിൽ തൊങ്ങൽ വച്ച പാലപ്പം ഒരുങ്ങുകയാകും. കറിയായും സ്‌റ്റ്യൂ ആയും ചിക്കൻ തിളച്ചു മറിയും. ബീഫും പോർക്കും എരിവിന്റെ പുതു ഭാവങ്ങളോടെ വല്ലാതെ കൊതിപ്പിക്കും. തനി നാടൻ മായിക രുചിയിൽ ചൂടു കള്ളപ്പങ്ങൾ കുട്ടയിൽ നിറയും. വിരുന്നിനെ അൽപം കൂടി പൊലിപ്പിക്കാൻ വട്ടയപ്പവും. ഇതിനിടെ സ്നേഹം പോലെ മധുരിക്കും പ്ലം കേക്ക്. ചീനഭരണിയിൽ നിന്ന് മുന്തിരി വീഞ്ഞ് ഒരു കവിൾ പകർന്നെടുത്തു കുടിച്ച് അവർ പറയും –ഹാപ്പി ക്രിസ്മസ്....

പാലാക്കാരുടെ ക്രിസ്മസ് വിരുന്ന് അങ്ങനെ തുടങ്ങുകയാണ്. ചിട്ടയോടെ എടുക്കുന്ന 25 നോമ്പ് പാതിരാ കുർബാനയോടെ വീടിക്കഴിഞ്ഞാൽ വിരുന്നുമേശയിലാണ്  രുചിമേളങ്ങളുടെ കാരൾ. പാലാക്കാർക്കു ക്രിസ്മസ് വിരുന്ന് ആത്മാവിന്റെ ഭാഗം തന്നെയാണ്. സ്നേഹം പങ്കുവയ്ക്കാനുള്ള കാത്തിരിപ്പും. കൊച്ചിയിലെ ഫ്ലാറ്റിലിരുന്ന് ജൻമനാടായ പാലായിലെ ക്രിസ്മസ് രുചികളെ ഒാർമിക്കുകയാണ് മലയാളിയുടെ പ്രിയ അഭിനേത്രി മിയാ ജോർജ്.

കൊച്ചിയുടെ മരുമകളായപ്പോൾ ക്രിസ്മസ് രുചികളിലേക്കു പുതുതായി എത്തിയ വിഭവങ്ങളെക്കുറിച്ചും ഡയറ്റിങ്ങിനെക്കുറിച്ചും മിയ മനസ്സു തുറക്കുന്നു. ചൂടു പാലപ്പവും കള്ളപ്പവും നൊയമ്പിന്റെ ഇടവേളയ്ക്കു ശേഷം കഴിക്കുന്നതു കൊണ്ടാകും ഒാരോ ക്രിസ്മസ് വിഭവവും കൂടുതൽ ഹൃദ്യമാകുമെന്നു മിയ പറയുന്നു. പാലായിൽ ക്രിസ്മസ് പാചകം മമ്മിയുടെ വകയാണ്. പള്ളിയും പ്രാർഥനയുമായി ജീവിച്ചു വന്നതിനാൽ 25 നോമ്പ് കൃത്യമായി എടുക്കും. ഡിസംബർ ഒന്നാം തീയതി മുതൽ 25–വരെ നോമ്പ് എടുത്ത് പള്ളിയിൽ പോയി, വീട്ടിലെത്തിയാണ് നോമ്പ് വീടുന്നത്. പാതിരാ കുർബാനയ്ക്കു പോകും. അല്ലെങ്കിൽ വെളുപ്പിനെയുള്ള കുർബാനയ്ക്ക്. അതു കഴിഞ്ഞാണ് ബ്രേക്ഫാസ്‌റ്റ് .

ബ്രേക്‌ ഫാസ്‌റ്റിന് അപ്പം ആണ് പ്രധാന വിഭവം. പാലപ്പമോ കള്ളപ്പമോ ആകാം. അപ്പത്തിനുള്ള മാവ് തയാറാക്കിവച്ചാണ് പള്ളിയിൽ പോകുന്നത്. തിരികെ വന്നാൽ മമ്മി അപ്പം ചുടുന്നു. ഞാൻ ചൂടോടെ അതു കഴിക്കുന്നു അതാണ് പതിവ്. എരിവുള്ള ചിക്കൻ കറിയും ചിക്കൻ സ്‌റ്റ്യൂവും അപ്പത്തിനൊപ്പം തയാറാക്കും. നോമ്പ് വീടുന്നതിനാൽ അന്ന് എല്ലാ നോൺവെജ് വിഭവങ്ങളും കഴിക്കണമെന്നു തോന്നും. ചിക്കൻ, മട്ടൻ, ബീഫ് , പോർക്ക് ...എല്ലാം കഴിച്ചു വേണമല്ലോ നോമ്പ് വീടാൻ.

എന്റെ ഡ്രാഗൺ ചിക്കൻ കൊച്ചിയിൽ ക്രിസ്മസ് ആഘോഷിച്ചു തുടങ്ങിയിട്ട് മൂന്നു വർഷങ്ങളായി. ഇവിടെ ഭർത്താവ് അശ്വിനും മകൻ ലൂക്കയും അശ്വിന്റെ മാതാപിതാക്കളുമാണുള്ളത്. കഴിഞ്ഞ വർഷം ക്രിസ്മസിന് ഭർത്താവിന്റെ സഹോദരിയും കുടുംബവും ഉണ്ടായിരുന്നു. അന്ന് എല്ലാവരും തങ്ങളുടേതായ ഒാരോ വിഭവം തയാറാക്കി. ഞാൻ ഡ്രാഗൺ ചിക്കനാണ് തയാറാക്കിയത്. അശ്വിൻ പോർക്കു കൊണ്ടും അമ്മ ഫിഷ് കൊണ്ടും അപ്പൻ ബീഫ് കൊണ്ടും ഒാരോ ഡിഷ് ഒരുക്കി.

ചടങ്ങുകളിൽ തങ്ങളുടേതായ ഒരു വിഭവം കൂടി ഉണ്ടാകണമെന്ന് കൊച്ചിയിലെ പുരുഷൻമാരും ആഗ്രഹിക്കുന്നുണ്ട്. പാലായിൽ ക്രിസ്മസ് പാചകത്തിൽ മമ്മിെയ സഹായിക്കുകയായിരുന്നു എന്റെ ജോലി. പച്ചക്കറികളും മറ്റും അരിയുന്നത് എനിക്കു വളരെ ഇഷ്ടമാണ്. കുക്കിങ് എനിക്കു പാഷൻ ഒന്നുമല്ല. എന്നാൽ ചില വിഭവങ്ങളുടെ പാചകരീതി കാണുമ്പോൾ സ്വാദുള്ളതാണെന്നു തോന്നും. അങ്ങനെ അത് തയാറാക്കും.

സ്‌റ്റ്യൂവിനോട് ഇഷ്ടം

ക്രിസ്മസിന് ഏറ്റവും ഇഷ്ടത്തോടെ ഞാൻ കഴിക്കുന്നത് സ്‌റ്റ്യൂ ആണ്. ചിക്കൻ സ്‌റ്റ്യൂവും മട്ടൻ സ്‌റ്റ്യൂവും ഇഷ്ടമാണ്. സ്‌റ്റ്യൂവിനോട് ഇത്ര ഇഷ്ടം തോന്നാനുള്ള കാര്യമെന്താണെന്ന് അറിയില്ല. അപ്പത്തിന്റെ കൂടെ സ‌്‌റ്റ്യൂ നല്ല ഒരു കോമ്പിനേഷൻ അല്ലേ? അതാകാം. പാലായിൽ വിവാഹവിരുന്നുകളിലൊക്കെ സ്‌റ്റ്യൂ നിർബന്ധമാണ്. അപ്പവും സ്‌റ്റ്യൂവും എന്ന ആദ്യ കോഴ്സ് കഴിഞ്ഞാണ് ചോറും കറിയും വിളമ്പുന്നത്. ഞാൻ വിരുന്നുകളിൽ അപ്പവും സ്‌റ്റ്യൂവും മാത്രമേ കഴിക്കൂ. അതുകൊണ്ടുതന്നെ ഹാപ്പിയാകും.

കൊച്ചിയിലെ മീറ്റ് പൈ കൊച്ചിയിലെ ക്രിസ്മസ് ബ്രേക് ഫാസ്‌റ്റിൽ വ്യത്യസ്തമായി തോന്നിയത് ‘മീറ്റ് പൈ’ ആണ്. വിദേശ വിഭവമാണ് മീറ്റ് പൈ. കൊച്ചിയിലെ ക്രിസ്മസിൽ പാശ്ചാത്യ സ്വാധീനം ഉള്ളതായി തോന്നിയിട്ടുണ്ട്. പാലായിലെ ക്രിസ്മസിന് നാടൻ വിഭവങ്ങളാണുണ്ടാകുക. നാടൻ വിഭവങ്ങളൊക്കെ മമ്മി (മിനി ജോർജ്) നന്നായി കുക്ക് ചെയ്യും. മമ്മി കഴിച്ചു ശീലിച്ച വിഭവങ്ങളാണ് പാകം ചെയ്യുന്നത്.

ക്രിസ്മസ് ബ്രേക്ഫാസ്‌റ്റിന് അപ്പം, കള്ളപ്പം , കപ്പ വേവിച്ചത്, പോർക് ഉലർത്തിയത്, മീൻകറി, കപ്പ ,ബീഫ് ഒക്കെയുണ്ടാകും. പാലായിൽ വട്ടയപ്പം ക്രിസ്മസിന് ഒരു സ്നാക്ക് ആണ്. കൊച്ചിയിൽ വട്ടയപ്പത്തിനൊപ്പം ബീഫ് കറിയോ, പാലൊഴിച്ച കറിയോ ഉണ്ടാകും. വട്ടയപ്പവും കറിയും അവിടെ ഒരു മീൽ ആണ്. പാലായിൽ ക്രിസ്മസ് ലഞ്ചിന് ചോറ്, ചിക്കൻ, ബീഫ് , പോർക്, മോരു കാച്ചിയത് എന്നിവയാണു പ്രധാനം. ബ്രേക് ഫാസ്‌റ്റിൽ എല്ലാ മാംസ വിഭവങ്ങളും കഴിക്കാനാകില്ലല്ലോ. അതുകൊണ്ട് ഉച്ചയ്ക്കു കാര്യമായി കഴിക്കും. ഉച്ചയ്ക്കും കപ്പ ഉണ്ടാകും. അത്താഴത്തിനു ചോറും കറികളും കപ്പയും.

കൊച്ചിയുടെ മരുമകളായപ്പോൾ രാത്രിയിൽ ചോറു കഴിക്കുന്ന രീതി ഒഴിവാക്കി. അവിടെ പൈ, ചപ്പാത്തി, റുമാലി റൊട്ടി അത്തരം വിഭവങ്ങളാണ് ക്രിസ്മസ് രാത്രികളിൽ കഴിക്കാറുള്ളത്.

ലവ് യൂ പ്ലം കേക്ക്

ക്രിസ്മസിന് വീട്ടിൽ കേക്ക് ഉണ്ടാക്കുന്ന രീതി ഇല്ല. വാങ്ങാറാണു പതിവ്. കൊച്ചിയിൽ ഹോംമെയ്ഡ് കേക്കുകൾ ഉണ്ടാക്കിത്തരുന്ന ബന്ധുക്കളുണ്ട്. ചെറുപ്പത്തിൽ മമ്മി സ്പഞ്ച് കേക്കും മാർബിൾ കേക്കും ഉണ്ടാക്കുമായിരുന്നു. സ്കൂൾ കാലത്ത് പ്ലം കേക്ക് എനിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. കാരണം കയ്യിൽ നിൽക്കാത്ത ഒരു കേക്ക്. കഴിച്ചു തുടങ്ങുമ്പോൾ തന്നെ അത് ഒടിഞ്ഞും പൊടിഞ്ഞു പോകും. എന്നാൽ രണ്ടു മൂന്നു വർഷമായി എനിക്ക് പ്ലം കേക്ക് ഇഷ്ടമാണ്. ഉള്ളിൽ നല്ല മോയിസ്‌റ്റ് ആയുള്ള നല്ല പ്ലം കേക്ക് കഴിച്ചു കഴിച്ചായിരിക്കണം ഇഷ്ടം വന്നത് എന്നു തോന്നുന്നു. ഇത്തവണയും ക്രിസ്മസിന് ഞാൻ കഴിക്കാനാഗ്രഹിക്കുന്നത് പ്ലം കേക്ക് ആണ്. വീട്ടിൽ കേക്കുകൾ കിട്ടുമെന്നു പറഞ്ഞില്ലേ... അതൊക്കെ പ്ലം കേക്കുകളാണ്. ബ്രൗണി കേക്കുകളും ക്രിസ്മസിനു കഴിക്കാറുണ്ട്. ചെറുപ്പത്തിൽ മാർബിൾ കേക്കിന്റെ ആരാധിക ആയിരുന്നു. ഇപ്പോഴും മാർബിൾ കേക്ക് ഇഷ്ടമാണ്.

പ്രിയ രുചികളുടെ ലിസ്‌റ്റ് ക്രിസ്മസിന് ഒാരോ നോൺവെജ് ഇനത്തിലും ഞാൻ കഴിക്കാനാഗ്രഹിക്കുന്ന കുറേ വിഭവങ്ങളുണ്ട്. പോർക് വിഭവങ്ങളെക്കുറിച്ചു പറയുമ്പോൾ മമ്മിയുടെ പോര്‍ക് വരട്ടിയതാണ് എന്റെ ഫേവറിറ്റ്. അശ്വിനെ മമ്മി ഇംപ്രസ് ചെയ്തത് ഈ പോർക്ക് വരട്ടിയതു കൊടുത്താണ്. കൊച്ചിയിലെ അമ്മ തയാറാക്കുന്ന പോർക്ക് വിന്താലുവും സൂപ്പറാണ്. ചിക്കനിൽ സ്റ്റ്യൂവും റോസ്‌റ്റും ഗീ ചിക്കൻ കറിയും ഇഷ്ടമാണ്. ഡക്ക് രുചികളിൽ ഡക്ക് റോസ്‌റ്റ് , മട്ടനിൽ സ്‌റ്റ്യൂ ,ബീഫ് വിഭാഗത്തിൽ ബീഫ് കറി എന്നിവയാണ് പ്രിയപ്പെട്ടത്. ഫിഷ് ഇനത്തിൽ  ചെമ്പല്ലി ഗ്രിൽ ചെയ്തത് ഒരുപാടിഷ്ടമാണ്. അശ്വിന്റെ അമ്മ തയാറാക്കുന്ന ചെമ്പല്ലി പൊള്ളിച്ചതും ഇഷ്ടമാണ്. ഇവിടെ എല്ലാവരും ആ ചെമ്പല്ലി പൊള്ളിച്ചതിന്റെ ഫാൻസാണ്. അതു പറയുമ്പോൾ തന്നെ എനിക്കു കൊതി വരുന്നുണ്ട്. സീഫൂഡും ഇഷ്ടമാണ്. കൊച്ചിയിലെ ക്രിസ്മസിന് ചിലപ്പോൾ പ്രോൺസും ഉണ്ടാകും.

ഗൃഹാതുരം ചാമ്പങ്ങ വൈൻ

പാലായിലെ വീട്ടിൽ ചാമ്പമരം ഉണ്ടായിരുന്നു. ധാരാളം ചാമ്പങ്ങ കിട്ടുന്ന സമയത്ത് കുറേ കഴിക്കും. ബാക്കി കൊണ്ട് മമ്മി ചാമ്പങ്ങ വൈൻ ഉണ്ടാക്കും. ആ ചാമ്പങ്ങ വൈൻ എനിക്കിഷ്ടമാണ്. മുന്തിരി വൈനും വീട്ടിൽ ഉണ്ടാക്കുമായിരുന്നു. എങ്കിലും ചാമ്പങ്ങ വൈനിനോട് ഒരിഷ്ടം കൂടുതലുണ്ട്. വൈൻ ഉണ്ടാക്കിയാൽ കുറേ നാൾ ഇരിക്കുമല്ലോ. കുറച്ചു നാൾ മുൻപു വരെ ക്രിസ്മസിന് ചാമ്പങ്ങ വൈൻ ഉണ്ടായിരുന്നു. ഇപ്പോൾ ചാമ്പ ഇല്ല. ചാമ്പങ്ങ വൈൻ നൽകുന്നത് ഗൃഹാതുരമായ കുറേ ഒാർമകൾ കൂടിയാണ്. വീട്ടിലെ ചാമ്പയും ചാമ്പങ്ങയുമെല്ലാം ഒാർമയിലേക്ക് ഒാടിയെത്തുന്നുണ്ട്. നല്ലൊരു നിറവുമുണ്ടല്ലോ ചാമ്പങ്ങ വൈനിന്.

ഡയറ്റിങ്ങിനിടയിൽ ക്രിസ്മസ്

ഞാൻ ഇപ്പോൾ ഡയറ്റിങ്ങിലാണ്. ലൂക്കയ്ക്ക് ഒൻപതു മാസം പ്രായമുള്ളപ്പോളാണ് ആദ്യമായി ഡയറ്റിങും വർക് ഒൗട്ടും തുടങ്ങുന്നത്. അന്ന് 10 കിലോ അധിക ഭാരമുണ്ടായിരുന്നു. ഡയറ്റിങ്ങിന്റെയും വ്യായാമത്തിന്റെയും ഭാഗമായി 10 കിലോയിൽ എട്ടു കിലോയും കുറച്ചു. അതിൽ നിന്ന് ഇപ്പോഴും കൂടിയിട്ടും കുറഞ്ഞിട്ടുമില്ല. വർക് ഒൗട്ടിന്റെ ഭാഗമായി ജിമ്മിൽ പോയിരുന്നില്ല. ടെറസിലാണ് വർക് ഒൗട്ടുകൾ ചെയ്യാറുള്ളത്. ദിവസവും വൈകുന്നേരം ഒന്നര മണിക്കൂറോളം വ്യായാമം ചെയ്യും. ഡംബൽസ്, കാർഡിയോ വ്യായാമങ്ങൾ ഇവ ചെയ്തിരുന്നു. നടക്കും. ജോഗ് ചെയ്യും. ഉപകരണങ്ങൾ അധികം ഉപയോഗിക്കാറില്ല.

ഒരു ഡയറ്റീഷന്റെ സഹായത്തോടെയാണ് ആഹാരക്രമീകരണം നടത്തിയത്. കഴിക്കുന്ന ആഹാരം അവരെ അറിയിക്കും. അവരുടെ നിർദേശപ്രകാരം കുറയ്ക്കേണ്ടതു കുറയ്ക്കും. എന്നാൽ ഒരു പിടി ചോറ് എന്നും എന്റെ ഡയറ്റിലുണ്ട്. കപ്പ, പോർക്, വറുത്ത ആഹാരസാധനങ്ങൾ, ബേക്കറി പലഹാരങ്ങൾ, പഞ്ചസാര ഇവയൊക്കെ ഡയറ്റിങ്ങിന്റെ ഭാഗമായി ഒഴിവാക്കാൻ പറഞ്ഞിരുന്നു.

കാപ്പി ഒഴിവാക്കാൻ നിർദേശിച്ചെങ്കിലും അൽപം പഞ്ചസാര ചേർത്തു ചായ കുടിക്കും. എയ്റേറ്റഡ് ഡ്രിങ്ക്സും ഒഴിവാക്കും. ഇപ്പോഴും ഡയറ്റിങ്ങും വർക് ഒൗട്ടും തുടരുന്നുണ്ട്. ശരീരഭാരം കുറഞ്ഞിട്ടും ഡയറ്റിങ്ങും വ്യായാമവും ഞാൻ തുടർന്നത് അതിഷ്ടപ്പെട്ടതു കൊണ്ടാണ്. ശരീരം നല്ല ഫ്ലെക്സിബിളായതായി എനിക്കു തോന്നി. ജീവിതമാകെ ആകെ ഒരു ലാഘവത്വം നിറഞ്ഞു. നമ്മുടെ ജീവിതം നമ്മുടെ ആഗ്രഹങ്ങളുടെ സാഫല്യത്തിനുള്ളതല്ലേ? എന്നാണ് മിയ ചോദിക്കുന്നത്. കഴിക്കാൻ നല്ല ആഗ്രഹം തോന്നുന്നതെല്ലാം ഡയറ്റിങ്ങിലാണെങ്കിലും കഴിക്കണം. അതു കഴിഞ്ഞ് അൽപം കൂടുതലായി വ്യായാമം ചെയ്യണം. അതാണ് മിയയുടെ നയം.

തിരുപ്പിറവിയുടെ ഒാർമയിൽ

കൊച്ചിയിലെ ക്രിസ്മസ് ആഘോഷത്തിനു ശേഷം മിയ പാലായിലെത്തും. മമ്മി ഒരുക്കി വച്ച സ്നേഹരുചികൾ മനസ്സു നിറയെ കഴിക്കും. ആ ക്രിസ്മസ് വിരുന്നിൽ ഡയറ്റിങ്ങിന്റെ അതിർവരമ്പുകൾ മാഞ്ഞു പോകും.

Tags:
  • Manorama Arogyam