നിറയെ ആത്മവിശ്വാസമുള്ള അവതാരക എന്നതു മാത്രമല്ല എഴുത്തുകാരി, കവയിത്രി എന്നീ വിശേഷണങ്ങളും അശ്വതിക്കു സ്വന്തമാണ്. മലയാളിയ്ക്കു സുപരിചിതയായ അശ്വതി ശ്രീകാന്ത് ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിലെ ആശ എന്ന കഥാപാത്രത്തിലൂടെ മികച്ച അഭിനേത്രിയായും തിളങ്ങുകയാണ്.
സൗന്ദര്യസങ്കൽപത്തെക്കുറിച്ച് അശ്വതിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതു പോലെ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പാലിക്കാനും അശ്വതി ഏറെ ശ്രദ്ധിക്കുന്നു.
‘‘ ബ്യൂട്ടി എന്നു പറഞ്ഞാൽ നാം എങ്ങനെ നമ്മെ ക്യാരിഒൗട്ട് ചെയ്യുന്നു എന്നതാണ്. നാം എങ്ങനെയാണോ, നമുക്ക് എന്താണോ ഉള്ളത് അതിനെ നന്നായി പ്രസന്റ ് ചെയ്യുക എന്നതാണ് ബ്യൂട്ടി. നമ്മുടെ ചർമത്തിന് ഒരു നോർമൽ ടെക്സ്ചർ ഉണ്ടായിരിക്കും. ആ ഘടനയെ എങ്ങനെ എൻഹാൻസ് ചെയ്യാം എന്നതാണ് പ്രധാനം. അതിനെ മുഴുവനായി മാറ്റി വേറൊരു സ്കിൻ ടോണാക്കാൻ ശ്രമിക്കാതെ ( ഉദാ. ബ്ലീച്ച് പോലുള്ള കെമിക്കലുകൾ ഉപയോഗിക്കാതെ ) നമുക്ക് ഉള്ളത് ഭംഗിയായി കൊണ്ടു നടക്കുക എന്നതാണ് പ്രധാനം. ഹെൽത് ഈസ് വെരി ഇംപോർട്ടന്റ്. നമ്മൾ അല്ലാത്ത മറ്റൊരാളായി മാറാൻ തയാറാകാതെ നമുക്ക് സ്വാഭാവികമായി ഉള്ളതിനെ പരിപോഷിപ്പിച്ചു കൊണ്ടു നടക്കുകയാണു വേണ്ടത്.
മാർക്കറ്റിൽ ഇപ്പോൾ ഒരുപാടു സൗന്ദര്യവർധക വസ്തുക്കളുടെ പ്രമോഷൻ നാം കാണാറുണ്ട്. ആരെങ്കിലും പറയുന്നതു കേട്ട് ഇവയെല്ലാം വാങ്ങി ട്രൈ ചെയ്യാനുള്ള ഒരു പരീക്ഷണവസ്തുവായി നമ്മുടെ ചർമത്തെയും മുടിയേയും മാറ്റരുത്. നമുക്ക് ഏറ്റവും ഉറപ്പുള്ള, ഏറ്റവും ജെനുവിൻ ആയ ഉൽപന്നങ്ങൾ മാത്രം തിരഞ്ഞെടുക്കുക. എന്തെങ്കിലും ചർമപ്രശ്നങ്ങൾ വന്നാൽ ഡെർമറ്റോളജിസ്‌റ്റിനെയോ കോസ്മറ്റോളജിസ്‌റ്റിനെയോ കണ്ട് അവരുടെ നിർദേശപ്രകാരമുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കുക. ഇതൊക്കെയാണ് എനിക്ക് വ്യക്തിപരമായി ഗുണകരമായി തോന്നിയിട്ടുള്ളത്.
എന്റെ ഡയറ്റ്
പൊതുവെ എണ്ണയുള്ള ആഹാരം കുറയ്ക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. എണ്ണ കഴിച്ചാൽ മുഖക്കുരു വരുന്ന പ്രകൃതമല്ല എന്റേത്. ജലാംശം കൂടുതലുള്ളവ കൂടുതൽ കഴിക്കുന്നതിന് ശ്രദ്ധിക്കാറുണ്ട്. വെള്ളരി, തണ്ണിമത്തൻ എന്നിവ കൂടുതൽ കഴിക്കാറുണ്ട്. ഇപ്പോൾ ഞാൻ രണ്ടാമതും അമ്മയാകാനൊരുങ്ങുകയാണ്. എന്തു കിട്ടിയാലും ഇപ്പോൾ കഴിക്കും. എന്നാൽ ജങ്ക്ഫൂഡ് വളരെയധികം റെസ്ട്രിക്റ്റു ചെയ്യുന്ന ഒരാളാണ് ഞാൻ. ജങ്ക്ഫൂഡ് കഴിച്ചാൽ ഒരു ഗിൽറ്റി ഫീലിങ് എനിക്കു തോന്നാറുണ്ട്. അതുകൊണ്ട് മാക്സിമം വീട്ടിലുണ്ടാക്കുന്ന ഫൂഡ് തന്നെയാണ് കഴിക്കാറുള്ളത്.
ഇടയ്ക്ക് ഒരു ക്രേവിങ് വരുമ്പോൾ അൽപം ജങ്ക്ഫൂഡ് കഴിക്കും അത്രമാത്രം. വല്ലപ്പോഴും ഒരു പീസയോ ബർഗറോ കഴിക്കണമെന്നു മോൾ പത്‌മ പറയുമ്പോൾ ഞാൻ പറയും, ആഴ്ചയിൽ ഒരു ദിവസം നമുക്ക് ജങ്ക്ഫൂഡ് കഴിക്കാമെന്ന് . കുട്ടിയോട് അങ്ങനെ പറയുമ്പോൾ നമ്മളും അതു ഫോളോ ചെയ്യണമല്ലോ. ബാക്കി എല്ലാ നേരത്തും വീട്ടിൽ നിന്നുള്ള ആഹാരം കഴിക്കുകയാണെങ്കിൽ ആഴ്ചയിൽ ഒരു പ്രാവശ്യം ജങ്ക്ഫൂഡ് കഴിക്കാമെന്നതാണു തീരുമാനം. വീട്ടിലെ മെനുവിൽ കൂടുതലും വെജിറ്റേറിയൻ വിഭവങ്ങൾ ആണ്. മീനും ചിക്കനുമൊക്കെ കഴിക്കുമെങ്കിലും ആഴ്ചയിൽ 4 – 5 ദിവസം വെജിറ്റേറിയൻ ആഹാരം തന്നെയായിരിക്കും കഴിക്കുന്നത്. ഫ്രൈ ചെയ്ത വിഭവങ്ങൾ താരതമ്യേന കുറവാണ്. ഇനി ഫ്രൈ ചെയ്യണമെങ്കിൽ നാട്ടിൽ നിന്നു കൊണ്ടു വന്ന വെളിച്ചെണ്ണ തന്നെ ഉപയോഗിക്കും. മറ്റു പാചക എണ്ണകൾ കുറയ്ക്കും. എണ്ണ കുറച്ചുള്ള ഷാലോ ഫ്രൈയിങ് ആണ് കൂടുതലും ചെയ്യുന്നത് ’’– അശ്വതി പറയുന്നു.