Thursday 26 May 2022 01:48 PM IST : By സ്വന്തം ലേഖകൻ

ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകാം; ആഴ്ചകൾക്കുള്ളിൽ താരൻ മാറും, പൊടിക്കൈകൾ

neemggddhhh888

എണ്ണമയമുള്ള മുടിയിലാണ് താരൻ കൂടുതലും ബാധിക്കുന്നത്. തലയിൽ അഴുക്കും ചെളിയും അടിയുന്നത്, ശിരോചർമത്തിന്റെ വൃത്തിയില്ലായ്മ, തലമുടിയുടെ അമിത വരൾച്ച ഇവ കൊണ്ടും താരനുണ്ടാകാം. തലയിൽ ചൊറിയുമ്പോൾ താരൻ കൂടുതൽ വ്യാപിക്കാനിടയാകുന്നു. താരൻ അകറ്റാൻ പ്രകൃതിദത്തമാർഗങ്ങൾ പരീക്ഷിക്കാം.

∙ ആര്യവേപ്പില ഒരു പിടിയെടുത്ത് നാലു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. ഈ വെള്ളം തണുത്ത ശേഷം അരിച്ചെടുക്കുക. ഈ വെള്ളം കൊണ്ട് തല കഴുകുക. ആഴ്ചയിൽ മൂന്ന് ദിവസം ആവർത്തിക്കുക.

∙ രണ്ടു സ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയിൽ ഒരു പകുതി ചെറുനാരങ്ങയുടെ നീര് ചാലിച്ച് ഈ മിശ്രിതം കൊണ്ട് ശിരോചർമം നന്നായി മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇതു ചെയ്യുക.

∙ രണ്ട് ടീസ്പൂൺ എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ ചെറുതായി ചൂടാക്കിയ ശേഷം ശിരോചർമത്തിൽ നന്നായി പുരട്ടി മസാജ് ചെയ്യുക. ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ കൊണ്ട് തലമുടി പൊതിഞ്ഞ് വയ്ക്കുക. 30 മിനിറ്റിനു ശേഷം ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കുക,

∙ താരൻ അകറ്റാൻ ടീ ട്രീ ഓയിലും കോക്കനട്ട് ഓയിലും ഉപയോഗിച്ച് ഡീപ് കണ്ടീഷനിങ് ചെയ്യാം. മൂന്ന് ടീ സ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയും 5 തുള്ളി ടീ ട്രീ ഓയിലും മിശ്രിതമാക്കുക. ഇത് തലയോട്ടിലും തലമുടിയിഴകളിലും നന്നായി മസാജ് ചെയ്യാം. തലമുടി മൃദുവായി കെട്ടി വച്ച് ഈ എണ്ണ പുരട്ടി തന്നെ ഉറങ്ങാൻ കിടന്നിട്ട് പിറ്റേന്ന് ഷാംപൂവും കണ്ടീഷനറും ഇട്ട് തലമുടി കഴുകുക. താരൻ അകറ്റാനും തലമുടി വളരാനും ഫലപ്രദമാണ്.

പ്രകൃതിദത്തമാർഗങ്ങൾ വഴി താരൻ മാറുന്നില്ലെങ്കിൽ ഡെർമറ്റോളജിസ്റ്റിന്റെ നിർദേശ പ്രകാരം ആന്റി ഡാൻ‍ഡ്രഫ് ഷാംപൂ ഉപയോഗിക്കാം. സാലിസൈലിക് ആസിഡ് അടങ്ങിയ ഷാംപൂ താരൻ അകറ്റാൻ ഫലപ്രദമാണ്.

Tags:
  • Glam Up
  • Beauty Tips