Friday 17 June 2022 03:51 PM IST

കഴുതപ്പാലിൽ കുളി, നൈൽ തീരത്തെ മണ്ണിൽ ഫെയ്സ്പാക്ക്; ക്ലിയോപാട്രയുടെ നാട്ടിലെ സൗന്ദര്യക്കൂട്ട്

Santhosh Sisupal

Senior Sub Editor

beauty

ഗ്രീക്ക്–റോമൻ കാലത്തെ ഏറ്റവും വലിയ സൗന്ദര്യ ദേവത വീനസ് ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും സുന്ദരി ഈജിപ്തിലെ ക്ലിയോപാട്ര ആണ്. ഗ്രീസിൽ സൗന്ദര്യത്തിന്റെ ഇതിഹാസരൂപമായി അപ്പോളോദേവനെയാണ് കണ്ടിരുന്നത്. ഇങ്ങനെ ഓരോ ദേശത്തും സൗന്ദര്യത്തിനു ചില പ്രതിരൂപങ്ങളുണ്ട്. അവരുടെയൊക്കെ സൗന്ദര്യ രഹസ്യങ്ങൾ അന്വേഷിക്കുന്നവരുമുണ്ട്. സൗന്ദര്യദേവതയായ വീനസിന്റെ മുടിയഴകിന്റെ രഹസ്യം ഒലിവ് എണ്ണയും മുഖകാന്തിയുടെ രഹസ്യം തണുത്തവെള്ളത്തിൽ മുഖം കഴുകുന്നതും ആണെന്ന് റോമൻ പൗരാണിക ശാസ്ത്രങ്ങൾ പറയുന്നു.

ഈജിപ്തിൽ പാലും തേനും

ഈജിപ്തും ഗ്രീസും മുതൽ സുന്ദരീസുന്ദരൻമാരുടെ നാടുകൾ എന്നറിയപ്പെടുന്ന സ്വീഡനും റഷ്യയും ടർക്കിയും വരെയുള്ള രാജ്യങ്ങളിലെ നാടൻ സൗന്ദര്യ പൊടിക്കൈകളിലൂെട ഒരു സഞ്ചാരം...

∙ പതിവായി കഴുതപ്പാലിലുള്ള കുളിയാണ് ക്ലിയോപാട്രയുെട ചർമസൗന്ദര്യത്തിന്റെ രഹസ്യം. ഇതിനായി 700 കഴുകളെ പ്രത്യേകം വളർത്തിയിരുന്നതായാണ് കഥ.

∙ കുളിക്കാനുള്ള വെള്ളത്തിൽ പാലും തേനും കലർത്തുന്നത് ചർമസൗന്ദര്യം മെച്ചപ്പെടുത്തുമെന്ന് ഈജിപ്തുകാർ വിശ്വസിക്കുന്നു

∙ ക്ലിയോപാട്ര നൈൽ നദീതീരത്തെ കളിമണ്ണ് മുഖത്തും ശരീരത്തിലും തേച്ചുപിടിപ്പിക്കാറുണ്ടായിരുന്നു. ഇന്ന് ബ്ലാക്ഹെഡും മാറ്റാനും കളിമൺ ലേപനങ്ങളുണ്ട്. നമ്മുെട നാട്ടിൽ ലഭിക്കുന്ന മുൾട്ടാണി മിട്ടി പോലെ.

കാനഡയുടെ കണ്ണഴക്

കണ്ണിന്റെ അഴകിൽ പ്രത്യകം ശ്രദ്ധിക്കുന്നവരാണ് കാനഡക്കാർ. കണ്ണിന്റെ ക്ഷീണം, ഐബാഗ്, ചുറ്റാകെയുള്ള കറുപ്പ്, നീർവീക്കം തുടങ്ങിയവയ്ക്കു കാനഡക്കാരുടെ ഒറ്റമൂലിയാണ് തേയില. ഗ്രീൻ ടീയാണ് ഉത്തമം.

∙ രണ്ട് ടീബാഗുകൾ തിളയ്ക്കുന്ന വെള്ളത്തിൽ ഒരുമിനിറ്റിൽ താഴെ സമയം ഇട്ടുവയ്ക്കുക. തുടർന്ന് അതെടുത്ത് ഫ്രിജിൽ തണുപ്പിക്കാൻ വയ്ക്കുക. തണുത്തുകഴിഞ്ഞ ടീബാഗുകൾ എടുത്ത്, കണ്ണടച്ചശേഷം ഓരോന്നുവീതം കണ്ണിനുമുകളിൽ 15 മിനിറ്റ് നേരത്തേക്കു വയ്ക്കുക. പതിവായി ചെയ്താൽ കണ്ണിന്റെ സൗന്ദര്യപ്രശ്നങ്ങൾ മാറും.

റുമേനിയയും സുന്ദര നഖവും

വിരലുകളുടെയും നഖത്തിന്റെയും വൃത്തിയും സൗന്ദര്യവും റുമേനിയക്കാർക്ക് വളരെ പ്രധാനമാണ്. അതിനവർക്ക് വളരെ ലളിതമായ പല പൊടിക്കൈകളുമുണ്ട്.

∙നഖത്തിലെ നിറം മാറ്റവും കറയും അകറ്റി സ്വാഭാവികമായ തിളക്കം ലഭിക്കാനായി നാരങ്ങാനീരാണ് ഉപയോഗിക്കുന്നത്. നാരങ്ങാനീര് പിഴിഞ്ഞെടുത്ത് അതിൽ വിരൽ നഖങ്ങൾ 10 മിനിറ്റു നേരം താഴ്ത്തി വയ്ക്കും. അതുപോല നഖക്കെട്ടിന്റെ ആരോഗ്യത്തിന് ഒലിവ് എണ്ണയിൽ നഖം മുക്കിവയ്ക്കുന്ന ശീലവുമുണ്ട്.

Tags:
  • Beauty Tips