Friday 21 June 2024 04:03 PM IST

ഓൺലൈനിൽ നിന്നും വാങ്ങുന്ന ഈ ക്രീമുകൾ പണിതരും, ഗർഭനിരോധന ഗുളികകളും വില്ലൻ: കരിമാംഗല്യം... കാരണങ്ങളും പരിഹാരവും

Dr Sapna Surendran, Senior Consultant, Dermatologist & Cosmetologist, Carithas hospital, Kottayam

bty32432

മുഖസൗന്ദര്യത്തിനു മങ്ങലേല്പിക്കുന്നതും സാധാരണമായി കണ്ടുവരുന്ന തുമായ ഒരു ചർമപ്രശ്നമാണ് കരിമംഗല്യം അഥവാ മെലാസ്മ (Melasma). ചൂടു കൂടുതലുള്ള ഉഷ്ണമേഖലാ പ്രദേശത്തു താമസിക്കുന്ന ഇരുനിറമുള്ളവരുടെ ചർമത്തിൽ കരിമംഗല്യം കൂടുതലായി കണ്ടുവരുന്നു. സ്ത്രീകളിലാണ് ഇതു കൂടുതൽ.

കാരണങ്ങളറിയാം

∙ജനിതകഘടകങ്ങൾ കരിമംഗല്യം വരാൻ കാരണമാകുന്നു. അതുകൊണ്ട് ഒരു കുടുംബത്തിൽ ഒന്നിലേറെ അംഗങ്ങളിൽ കരിമംഗല്യം കണ്ടുവരാം.∙ഗർഭകാലത്തും ശേഷവും ആർത്തവവിരാമസമയത്തുമുണ്ടാകുന്ന ഹോർമോൺ വ്യത്യാസങ്ങൾ, തൈറോയ്ഡ് ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയെല്ലാം കാരണമാകുന്നു.∙ മാനസികസമ്മർദം,വിഷാദം തുടങ്ങിയ പ്രശ്നങ്ങളും അതുകാരണമുണ്ടാകുന്ന സ്ട്രെസ് ഹോർമോണുകളും കാരണമാണ്. ∙ഗർഭനിരോധനഗുളികൾ, അപസ്മാരത്തിനുള്ള ഫെനിറ്റോയ്ൻ (Phenytoin) പോലുള്ള മരുന്നുകൾ ഇവയും കാരണമായേക്കാം.

∙ നിരന്തരമായി സൂര്യപ്രകാശമേൽക്കുന്നതു കരിമംഗല്യം വരാനും പാടുകൾ വ്യാപിക്കാനും നിറം കൂടി വരാനും കാരണമാകുന്നു.

പരിശോധനകൾ

പ്രത്യേക പരിശോധനകളൊന്നുമില്ലാതെ ചർമരോഗവിദഗ്ധന് ഒറ്റനോട്ടത്തിൽ രോഗം മനസ്സിലാക്കാം. എ ന്നാൽ കരിമംഗല്യമാണോ അല്ലയോ എന്നു സംശയമുള്ള ഘട്ടങ്ങളിൽ ഡെർമോസ്കോപി, സ്കിൻ ബയോപ്സി പരിശോധനകൾ ചെയ്യാം.

മുൻകരുതലും ചികിത്സയും

1. കരിമംഗല്യം വരാനും, ഉള്ള പാടുകൾ കൂടാനുമുള്ള ഒരു പ്രധാന കാരണം നിരന്തരമായി സൂര്യപ്രകാശമേൽക്കുന്നതാണ്. അൾട്രാവയലറ്റ് - ഇൻഫ്രാറെഡ് രശ്മികളിൽ നിന്നും സംരക്ഷണം നൽകുന്ന സൺസ്ക്രീൻ ഫലപ്രദമാണ്.

∙ പാടുകളുടെ നിറം മങ്ങി വരാനായി വിവിധ ലേപനങ്ങൾ ലഭ്യമാണ്. ചർമരോഗവിദഗ്ധന്റെ നിർദേശാനുസരണം ഗ്ലൈകോളിക് ആസിഡ് (Glycolic acid), കോജിക് ആസിഡ് (Kojic acid), ലാക്റ്റിക് ആസിഡ്( Lactic acid ), ട്രനക്സമിക് ആസിഡ് (Tranecamic acid),റെറ്റിനോയിക് ആസിഡ് ( Retinoic acid തുങ്ങിയ മരുന്നുകളടങ്ങിയ ലേപനങ്ങൾ ഉപയോഗിക്കാം.

3. കെമിക്കൽ പീലിങ് (Chemical peeling) ആണ് മറ്റൊരുപാധി. മൈക്രോനീഡ്‌ലിങ് (Micro needling) പോലെയുള്ള ചികിത്സാരീതികൾ സംയോജിപ്പിക്കുന്നതു മരുന്നുകളുടെ ആഗിരണശേഷി വർധിപ്പിക്കാം. ഇന്റൻസ് പൾസ് ലൈറ്റ് , ലേസർ ചികിത്സകളും ഫലം ചെയ്യുന്നു.

മാർക്കറ്റിലും ഓൺലൈനിലും ലഭ്യമാകുന്ന നിറം വരുത്തുന്ന പല ക്രീമുകളിലും ഹാനികരമായ കെമിക്കലുകൾ ഉണ്ട്. വിശ്വാസയോഗ്യമായ മരുന്നുകൾ വിദഗ്ധഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

Tags:
  • Manorama Arogyam