Tuesday 11 June 2024 02:13 PM IST : By സ്വന്തം ലേഖകൻ

മുഖക്കുരു പാടുകൾ, കരിമാംഗല്യം, ചുളിവുകൾ എന്നിവ മാറ്റാന്‍ ഉത്തമം: കെമിക്കല്‍ പീലിങ്ങിന്റെ ഗുണമറിയാം...

peel6768

ച ർമഭംഗിയ്ക്കായി കെമിക്കൽ പീൽ ചെയ്യാം എന്നു കേൾക്കുമ്പോൾ സ്വാഭാവികമായും അതെന്താണ് എന്ന് ഒരു സംശയം തോന്നാം.

ഒട്ടുമിക്ക ചർമരോഗവിദഗ്ധരും സാധാരണമായി ചെയ്യുന്ന കോസ്‌മെറ്റിക് ചികിത്സാരീതിയാണ് കെമിക്കൽ പീലിങ്. പേരിൽ സൂചിപ്പിക്കുന്നതു പോലെ ചില രാസവസ്തുക്കൾ ഉപയോഗിച്ചു ചർമത്തിന്റെ മേൽപാളി മാറ്റി, പുതിയതും മാർദവമുള്ളതുമായ ചർമത്തെ പുറത്തു കൊണ്ടുവരുന്ന സുരക്ഷിതവും ലളിതവുമായ രീതിയാണ് കെമിക്ക ൽ പീലിങ്. ചർമത്തിനടിയിലെ ഡെഡ്‌സ്കിൻ ലെയർ അഥവാ മേൽചർമത്തെയാണ് പൂർണമായും നീക്കം ചെയ്യുന്നത്.

പുരാതനകാലത്തും

ആധുനിക ചികിത്സയാണു കെമിക്കൽ പീലിങ് എന്ന് അവകാശപ്പെടുമ്പോഴും അറിയുക, പുരാതന കാലത്തും ഈ ചികിത്സാരീതിയുടെ സാധ്യതകൾ പലവിധത്തിലും ഉപയോഗപ്പെടുത്തിയിരുന്നു.സൗന്ദര്യറാണിയായ ക്ലിയോപാട്ര തൈര് ഉപയോഗിച്ചായിരുന്നു കുളിച്ചിരുന്നത്. ഇപ്പോൾ ഇത് ലാക്റ്റിക് ആസിഡായി ഉപയോഗിക്കുന്നു. അതുപോലെ തന്നെ ഫ്രഞ്ച് സ്ത്രീകൾ ചർമഭംഗിക്കായി  പഴകിയ വൈൻ ഉപയോഗിച്ചിരുന്നു. അതിലെ ടാർട്ടാറിക് ആസിഡ് പുതിയ ചർമം വ രാൻ സഹായിക്കുന്നു.

ഫോക്സ് , അന്ന, ഹെബ്രെ എന്നിവരാണു കെമിക്കൽ പീലിങ് പ്രചാരത്തിൽ കൊണ്ടുവന്നത്.  ബേക്കർ, ഗോ ർഡൺ എന്നിവർ 1960ലാണ്‌ ആധുനിക പീലിങ് ചികിത്സാരീതി ഉപയോഗിച്ചു തുടങ്ങിയത്.

പ്രകൃതിദത്ത സത്തിൽ നിന്ന്

പീലിങ്ങിന് ഉപയോഗിക്കുന്ന പദാർഥങ്ങൾ കൂടുതലും പ്രകൃതിദത്തമായ ഫലങ്ങളുടെയോ ചെടികളുടെയോ സത്തിൽ നിന്നും തയാറാക്കുന്നു. ഇവ പല രൂപത്തിൽ അതായത് സൊല്യൂഷൻ, ക്രീം, ജെൽ എന്നിങ്ങനെ ഉപയോഗിക്കുന്നു. കെമിക്കലുകൾ പല വീര്യത്തിലും ലഭ്യമാണ്. ഏതു വീര്യത്തിലുള്ളതു വേണമെന്നു രോഗിയുടെ ചർമാവസ്ഥ നോക്കി ചർമരോഗവിദഗ്ധൻ തീരുമാനിക്കുന്നു.

മുഖക്കുരു, മുഖക്കുരുവിന്റെ പാടുകൾ, കറുത്ത കലകൾ, കരിമാംഗല്യം, സൂര്യപ്രകാശമേറ്റുണ്ടാകുന്ന കറുത്ത പാടുകൾ, ചുളിവുകൾ, പ്രായാധിക്യം കൊണ്ടു വരുന്ന പാടുകൾ എന്നിങ്ങനെ വിവിധ ചർമപ്രശ്നങ്ങൾക്കുള്ള പരിഹാരമായാണ് കെമിക്കൽ പീലിങ് ചികിത്സ ചെയ്യുന്നത്.

ഇവ കൂടാതെ ചർമത്തിന്റെ നിറം വർധിപ്പിക്കുക / മുഖകാന്തി കൂട്ടുക, വരണ്ട ചർമത്തിനു മൃദുത്വം പകരുക എന്നിവയ്ക്കും പീലിങ് ചെയ്യുന്നു.

മൂന്നു തരം പീലിങ്ങുകൾ

വിവിധ തരം പീലുകൾ ഉണ്ട്. വ്യത്യസ്തമായ മൂന്നു തരം പീലുകളാണ് അടിസ്ഥാനമായി ഉള്ളത്.

∙സൂപ്പർഫിഷ്യൽ പീൽ - ചർമത്തിന്റെ ഏറ്റവും മുകൾ ഭാഗത്തുള്ള ലെയ ർ നീക്കം ചെയ്യുന്നു. വളരെ ലളിതവും സുരക്ഷിതവുമായ പീലിങ്‌ ആണ് ഇത്.

∙മീഡിയം പീൽ - കുറച്ചു കൂടി ആഴത്തിൽ തൊലിയിലെ പാളികൾ നീക്കുന്നു. ഡെർമിസ് (dermis ) വരെ ഇതു പ്രവർത്തിക്കുന്നു.

∙ ഡീപ് പിൽ - നല്ല ആഴത്തിൽ, ഡെർമസ് (dermis) മുഴുവനായും നീക്കം ചെയ്യുന്ന പീലാണ് ഇത്. ഇന്ത്യൻ ചർമപ്രകൃതം ഉള്ളവരിൽ സാധാരണയായി ഇതു ചെയ്യാറില്ല. ചില പ്രത്യേക സാഹചര്യത്തിൽ മാത്രമേ ഈ പീലുകൾ ചെയ്യാറുള്ളൂ. ഒന്നോ രണ്ടോ പ്രാവശ്യം മാത്രമായിരിക്കും ഈ പീൽ ചെയ്യുക. ആറു മാസത്തിൽ ഒരിക്കൽ മാത്രം ചെയ്താൽ മതിയാകും.

പ്രൈമിങ് എന്ന പ്രാഥമിക ഘട്ടം

ചർമരോഗവിദഗ്ധർ ആണ് ഒരാളുടെ ചർമത്തിന് ഏതു പീൽ ആണ് ആവശ്യം, എത്ര സമയം വയ്ക്കണം, ഏതു രീതിയിൽ അതു മാറ്റം വരുത്തും, എത്ര പ്രാവശ്യം ചെയ്യണം എന്നെല്ലാം തീരുമാനിക്കുന്നത്. 6-8 പ്രാവശ്യം എങ്കിലും ചെയ്താലേ നല്ലൊരു മാറ്റം ഉണ്ടാകൂ. മൂന്ന് ആഴ്ചയുടെ കാലയളവിൽ പീൽ ചെയ്യാം. പീലിങ് ചെയ്യുന്നതിന്റെ രണ്ടു മുതൽ നാല്  ആഴ്ച മുൻപു തന്നെ ചികിത്സ ആരംഭിക്കണം. ഇതിനു പ്രൈമിങ് എന്നു പറയും.

ഇതിനായി ചില ക്രീമുകൾ ഉപയോഗിക്കാൻ പറയും. അതുവഴി പീലിങ് നന്നായി പ്രവർത്തിക്കുകയും നല്ല മാറ്റം മുഖത്തു വരുകയും ചെയ്യും. പീലിങ്ങിനു ശേഷം വരുന്ന പാടുകൾ കുറയ്ക്കാനും ഇതു സഹായിക്കുന്നു. വിദഗ്ധരുടെ സഹായമില്ലാതെ സ്വയം പീൽ ചെയ്യാൻ ഒരിക്കലും ശ്രമിക്കരുത്. ഇതു വളരെ ലളിതമായി ഒപിയിൽ ചെയ്യാവുന്ന ചികിത്സ ആണ്.

പീലിങ് ചെയ്യുന്ന വിധം

മുഖം വൃത്തിയായി കഴുകുന്നതാണ് ആദ്യഘട്ടം. മുഖത്തെ എണ്ണമയവും മേക്കപ്പും പൂർണമായി മാറ്റിയതിനു ശേഷം വായയുടെയും കണ്ണിന്റെയും മൂക്കിന്റെയും ഇരുവശങ്ങൾ വാസലിൻ ഉപയോഗിച്ചു സീൽ ചെയ്യുന്നു. പീൽ മുഖത്തു പുരട്ടിയതിനു ശേഷം ഓരോ പീലിന്റെയും രീതി അനുസരിച്ചു നിശ്ചിതസമയം വയ്ക്കുന്നു. സാധാരണയായി മൂന്നു മിനിറ്റു മുതൽ പത്തു മിനിറ്റു വരെയാണു വയ്ക്കുന്നത്.ലിവ് ഒൺ (Leave on ) പീലും ഉണ്ട്. 8 - 12 മണിക്കൂറിനു ശേഷം ഇവ കഴുകാം. നിശ്ചിത സമയം കഴിഞ്ഞ് അമ്ലമോ ക്ഷാരമോ അല്ലാത്ത ഒരു ന്യൂട്രലൈസർ ഉപയോഗിച്ചു പീൽ കളയുന്നു.

ഏതുതരം പീലാണ് ചെയ്യുന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അത് പിന്നീട് ആവർത്തിക്കണോ എന്നു തീരുമാനിക്കുന്നത്. ചില പീലുകൾ മൂന്ന് ആഴ്ച കൂടുമ്പോൾ ആറു മാസത്തോളം തുടർച്ചയായി ചെയ്താലേ ഫലം കിട്ടുകയുള്ളൂ. എന്നാൽ ഡീപ് പീലുകൾ ഒരു പ്രാവശ്യമോ ആറു മാസത്തിൽ ഒരിക്കലോ ചെയ്താൽ മതിയാകും.

പീലിങ് ചെയ്യുന്ന സമയത്തു ചെറിയ രീതിയിൽ നീറ്റൽ അനുഭവപ്പെട്ടാൽ അതിൽ പേടിക്കേണ്ടതില്ല. ചിലപ്പോൾ ചർമം ചുവന്നു വരികയും ചെയ്യാം. സാധാരണയായി നീറ്റൽ, ചുവപ്പ്, നീർക്കെട്ട് ഇവ കുറച്ചു സമയത്തിനുള്ളിൽ തന്നെ മാറി സാധാരണരീതിയിൽ ആകാം.

പീലിങ്ങിനു ശേഷം

പീൽ ചെയ്തു മൂന്നാം ദിവസം വളരെ ചെറിയ രീതിയിൽ ചർമം പൊളിഞ്ഞുവരുന്നതായി കാണാം. ഒരാഴ്ചക്കുള്ളിൽ പുതിയ ചർമം വരികയും ചെയ്യും. അതു സ്വയം പൊളിച്ചുകളയാൻ ശ്രമിക്കരുത്. പീലിങ് കഴിഞ്ഞ ഉടനെ തന്നെ സൺസ്‌ക്രീൻ നിർബന്ധമായും ഉപയോഗിക്കണം. കൂടാതെ ഒരു മോയ്സ്ചറൈസറും ഉപയോഗിക്കണം.

വീട്ടിൽ വച്ച് ഒരു കാരണവശാലും പീലിങ് ചെയ്യാൻ പാടില്ല. കാരണം ഇ തിൽ ഉപയോഗിക്കുന്നത് ആസിഡ് ആണ്. അതുകാരണം പല പ്രശ്നങ്ങളും ഉണ്ടാകാം.

വെയിൽ കൊള്ളരുത്

പീൽ ചെയ്തതിനു ശേഷം ആദ്യത്തെ 10 - 14 ദിവസം വെയിൽ കൊള്ളുന്നത് ഒഴിവാക്കുക. ത്രെഡിങ്, വാക്സിങ് എന്നിവ ആദ്യത്തെ രണ്ടാഴ്ച ഒഴിവാക്കുക. മിക്ക സമയത്തും വളരെ എളുപ്പത്തിൽ ചെയ്യുന്ന പ്രക്രിയയാണ് പീലിങ്. എന്നാൽ ചിലരിൽ പൊള്ളൽ, ചുവപ്പ്, ചൊറിച്ചിൽ, പുകച്ചിൽ, നീർക്കെട്ട്, പാടുകൾ, കലകൾ എന്നിവ ഉണ്ടായേക്കാം. വിദഗ്ധ ചികിത്സയിലൂടെ ഈ പ്രശ്നങ്ങൾ പൂർണമായും മാറി സാധാരണ ചർമം തിരികെ വരുന്നതാണ്.

എന്നാൽ  ചില സാഹചര്യങ്ങളിൽ അതായത് അരിമ്പാറ, ഹെർപിസ് (Herpes) അണുബാധ എന്നിവ ഉള്ളവർ ചില മരുന്നുകൾ ഉപയോഗിക്കുന്നവർ,അലർജികൾ, സോറിയാസിസ് ബാധിച്ചവർ എന്നിവരിൽ കെമിക്കൽ പീലിങ് ചെയ്യാൻ പാടില്ല.

ഡോ. റീനു മറിയം ജോർജ്

കൺസൽറ്റന്റ് ഡെർമറ്റോളജിസ്‌റ്റ്, മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റൽ, കാഞ്ഞിരപ്പള്ളി