ലിപ്സ്‌റ്റിക് കൂടുതലായി ഉപയോഗിക്കപ്പെടുന്ന കാലമാണിത്. ചുണ്ടുകളുടെ മങ്ങിയ നിറം മറയ്ക്കാനും മുഖത്തിനു കൂടുതൽ ഭംഗിയും ആകർഷണീയതയും പകരാനും ലിപ്സ്‌റ്റിക് സഹായിക്കുന്നു. ചുണ്ടുകൾ വരണ്ടുപോകാതെ മോയ്സ്ചറൈസ് ചെയ്യുക എന്ന റോൾ കൂടിയുണ്ട് പുതിയകാലത്തെ ലിപസ്‌റ്റിക്കിന്.
ദിവസവും ലിപ്്സ്റ്റിക് പുരട്ടുന്നവരും വിശേഷദിവസങ്ങളിൽ മാത്രം പുരട്ടുന്നവരുമുണ്ട്. പതിവായി ലിപ്സ്‌റ്റിക് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കുറച്ചു പ്രധാന കാര്യങ്ങളുണ്ട്. അവയെക്കുറിച്ച് ചർമരോഗവിദഗ്ധയുടെ നിർദേശങ്ങൾ അറിയാം.
∙ലിപ്സ്‌റ്റിക് പതിവായി ഉപയോഗിക്കുന്നവർ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം ലിപ്‌സ്റ്റിക്കിന്റെ ക്വാളിറ്റി അഥവാ ഗുണമേൻമയാണ്. ഗുണമേൻമയുള്ള ലിപ്സ്‌റ്റിക് മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വലിയ വിലയില്ലാത്തതും ഗുണമേൻമയുള്ളതുമായ ഒട്ടേറെ ബ്രാൻഡുകൾ ഉണ്ട്. ഹെർബൽ ലിപ്സ്‌റ്റിക്കുകളുമുണ്ട്. അവ തിരഞ്ഞെടുക്കാം. വിലക്കുറവ് നോക്കി ഗുണനിലവാരമില്ലാത്തവ വാങ്ങാതിരിക്കുക.
∙ മുഖചർമത്തിന്റെ നിറത്തിനനുസരിച്ചാണ് ലിപ്സ്റ്റിക്കിന്റെ ഷെയ്ഡ് തിരഞ്ഞെടുക്കേണ്ടത്. വെളുത്ത നിറമുള്ളവർക്ക് പിങ്ക് ഷെയ്ഡുകൾ നന്നായി ചേരും. മീഡിയം മുതൽ ഇരുണ്ട നിറം വരെയുള്ളവർക്ക് മറൂൺ ഷെയ്ഡ് അനുയോജ്യമാണ്.
∙ഗുണമേൻമ കുറഞ്ഞ ലിപ്സ്റ്റിക് പതിവായി ഉപയോഗിക്കുന്നതു ചുണ്ടുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അലർജിക് കോൺടാക്റ്റ് കീലൈറ്റിസ് എന്ന രോഗാവസ്ഥയുടെ അടിസ്ഥാന കാരണം ലിപ്സ്റ്റിക്– ലിപ്കെയർ പ്രൊഡക്റ്റുകളിലെ രാസപദാർഥങ്ങളിൽ നിന്നുള്ള അലർജിയാണ്. ഇത് ചുണ്ടുകളുടെ നിറംമാറ്റം, ചൊറിച്ചിൽ, ചുണ്ടുകൾ വീർത്തുവരുക എന്നിവയ്ക്കു കാരണമാകാം.
∙ ചുണ്ടുകളിൽ അലർജി വന്നാൽ ഒരുമാസത്തേയ്ക്ക് ലിപ്സ്റ്റിക് ഉപയോഗം പൂർണമായും ഒഴിവാക്കണം. പകരം ലിപ്ബാം പുരട്ടാം. ലിപ് ബാമിൽ കളറിങ് ഏജന്റ ് ഇല്ല. ലിപ്സ്‌റ്റിക് ഒഴിവാക്കുന്ന ഈ കാലത്ത് ഗ്ലിസറിനോ , വെണ്ണയോ ചുണ്ടുകളിൽ പുരട്ടാവുന്നതാണ്. എന്നാൽ ലിപ്സ്റ്റിക് ഒഴിവാക്കിയിട്ടും മാറാത്ത അലർജി പ്രശ്നമാണെങ്കിൽ ചർമരോഗവിദഗ്ധന്റെ സഹായം തേടണം.ആവശ്യമെങ്കിൽ ചികിത്സ ചെയ്യണം.
∙ ലിപ്സ്റ്റിക്ക് വിപണിയിൽ ഏറെ ആവശ്യക്കാരുള്ള വിഭാഗമാണ് ലോങ് ലാസ്റ്റിങ് ലിപ്സ്റ്റിക്. കൂടുതൽ നേരം ചുണ്ടിൽ നിലനിൽക്കുന്നു എന്നതിനാൽ ഈ വിഭാഗത്തിലെ ലിപ്സ്‌റ്റിക്കുകൾ ഒട്ടേറെപ്പേരാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് പതിവായി ഉപയോഗിക്കുന്നവരിലും ചുണ്ടുകളിൽ അലർജി പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നുണ്ട്. ലിപ്സ്‌റ്റിക് ചുണ്ടിനോടു കൂടുതൽ സമയം ഒട്ടിച്ചേർന്നിരിക്കുന്നതിനായി ചില രാസപദാർഥങ്ങൾ ചേർക്കുന്നതാണിതിനു കാരണം.
ലിപ്സ്റ്റിക്കിന്റെ ആരോഗ്യകരമായ ഉപയോഗ കാലാവധി ഒരു വർഷമാണ്. ഉപയോഗിച്ചു തീർന്നില്ലെങ്കിലും ഒരു വർഷമായാൽ ലിപ്സ്‌റ്റിക് മാറ്റാൻ ശ്രദ്ധിക്കണം. തുടർന്നും ഉപയോഗിക്കുന്നതിലൂടെ അലർജി പ്രശ്നം വരാം.
വിവരങ്ങൾക്കു കടപ്പാട്
ഡോ. കുക്കു മത്തായി
കൺസൽറ്റന്റ് ഡെർമറ്റോളജിസ്‌റ്റ്
നെടുംചാലിൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ