Saturday 19 February 2022 12:38 PM IST : By സ്വന്തം ലേഖകൻ

പുട്ടിയിട്ടു നടക്കുന്നൊ എന്ന കളിയാക്കലുകൾക്ക് വിട,സ്വന്തമായി മേക്കപ്പിടാൻ പഠിക്കാം ; മുഖത്തെ സുന്ദരമാക്കി നി‍ർത്താനിതാ ചില ബ്യൂട്ടി ടിപ്സുകൾ!

വീട്ടിലിരിപ്പല്ലേ, മേക്കപ് അണിയാൻ പഠിച്ചാലോ? ഈ ആറു ബ്യൂട്ടി പ്രൊഡക്റ്റുകളെ കുറിച്ചും അവ എങ്ങനെ ഉപയോഗിക്കണമെന്നും അറിഞ്ഞാൽ ഏത് അവസരത്തിലും സ്വന്തമായി മേക്കപ്പണിഞ്ഞ് സുന്ദരിയാകാം.

മോയിസ്ചറൈസർ

ഫെയ്സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകി വൃത്തിയാക്കി ട വൽ കൊണ്ട് ഈർപ്പം ഒപ്പിയെടുക്കുക. അതിനു ശേഷം അൽപം മോയിസ്ചറൈസിങ് ക്രീം മുഖത്തിടുക. ഇതാണ് മേക്കപ്പിന്റെ ആദ്യഘട്ടം.

മുഖത്ത് ജലാംശം നിലനിര്‍ത്താനും ചർമം മൃദുവാക്കാനും സഹായിക്കുന്ന മോയിസ്ചറൈസർ മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും മായ്ക്കുകയും ചെയ്യും. മോയിസ്ചറൈസർ ഉപയോഗിക്കാതെ ഫൗണ്ടേഷൻ നേരിട്ട് മുഖത്ത് ഉപയോഗിക്കുകയാണെങ്കിൽ വിയർക്കുമ്പോൾ മേക്കപ് ഒലിച്ചിറങ്ങാൻ സാധ്യതയുണ്ട്. ഓരോരുത്തരുടെയും ചർമത്തിനു യോജിക്കുന്ന മോയിസ്ചറൈസർ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മോയിസ്ചറൈസിങ് ക്രീമിന്റെ അതേ ഉപയോഗമാണ് പ്രൈമറിനും ഉള്ളത്. ചർമത്തിനും മേക്കപ്പിനുമിടയിലെ ഒരു ലെയറാണ് പ്രൈമർ. മോയിസ്ചറൈസർ ഇല്ലെങ്കിൽ പ്രൈമർ മുഖത്തു പുരട്ടിയാലും മതി. മേക്കപ് ദീർഘനേരം ഭംഗിയോടെ നിലനിർത്തുന്നതിന് പ്രൈമർ സഹായിക്കും.

ഫൗണ്ടേഷൻ

പാളിച്ചകളില്ലാതെ മേക്കപ് അണിയാൻ ഫൗണ്ടേഷൻ സഹായിക്കും. മുഖത്തെ നിറവ്യത്യാസം, പാടുകൾ എന്നിവ മറയ്ക്കാനും മേക്കപ്പിന് പെർഫക്ഷന്‍ നൽകാനും ഫൗണ്ടേഷൻ വേണം. മുഖത്തു മാത്രമല്ല, കഴുത്തിലും ഫൗണ്ടേഷൻ പുരട്ടണം. ഫങ്ഷനും മറ്റും പോകുമ്പോൾ ശരീരമാകെ ഈവൻ ടോൺ കിട്ടാന്‍ കൈകളിലും പിൻകഴുത്തിലും ഫൗണ്ടേഷൻ പുരട്ടാം. അല്ലെങ്കിൽ മുഖം ഒരു നിറവും കഴുത്തും കൈകളും വേറെ നിറവുമായി തോന്നും. ഓരോരുത്തരുടെയും ചർമത്തിന്റെ അതേ നിറത്തിലുള്ള ഫൗണ്ടേഷന്‍ വേണം ഉപയോഗിക്കാൻ. ഇത്തിരിയൊന്നു വെളുത്തോട്ടെ എന്നു കരുതി ഒരു ഷെയ്ഡ് കൂടിയ ഫൗണ്ടേഷൻ വാങ്ങരുതേ. ഇത് കൃത്രിമത്വം തോന്നിപ്പിക്കും.

മുഖത്തുള്ള കറുത്ത പാടുകളും കണ്ണിനു ചുറ്റുമുള്ള ഇരുളിമയും പ്രായം തോന്നിപ്പിക്കുന്ന ഏയ്ജ് സ്പോട്ടുകളും മറ്റും മറയ്ക്കാൻ കൺസീലർ സഹായിക്കും. ഫൗണ്ടേഷന്റെ അതേ ഗുണം തന്നെയാണ് കൺസീലറും നല്‍കുന്നത്. ഫൗണ്ടേഷന്റെ അത്രയും കട്ടിയുണ്ടാവില്ല എന്നു മാത്രം. പാടുകളുള്ളിടത്ത് പൊട്ടു പോലെ വച്ച് പതുക്കെ മറ്റുള്ളിടത്തേക്ക് പടർത്തിക്കൊണ്ടുവരാം. മുഖമാകെ ഒരേ നിറമായിരിക്കാൻ ഇതു സഹായിക്കും.

ഫെയ്സ് പൗഡർ

സാധാരണ ടാൽക്കം പൗഡറല്ല ഫെയ്സ് പൗഡർ. ഫൗണ്ടേഷൻ ഇട്ടതിനു ശേഷം ഫിനിഷിങ് ലുക്കിനാണ് ഫെയ്സ് പൗഡർ ഉപയോഗിക്കുന്നത്. വേണമെന്നുള്ളവർ മാത്രം ഇതുപയോഗിച്ചാൽ മതി. എണ്ണമയമുള്ള ചർമക്കാർ ഫെയ്സ് പൗഡർ കൂടി ഇടുന്നതാണ് നല്ലത്. മുഖത്തിന് മാറ്റ് ഫിനിഷ് ലുക്ക് ലഭിക്കും.

ഫൗണ്ടേഷൻ ബേസ് ഇല്ലാതെ ഉപയോഗിക്കാവുന്ന ഫെയ്സ്‍ പൗഡർ ഉണ്ട്. മുഖത്തിന്റെ ടോൺ സുന്ദരമാക്കും ഇവ. സൺ പ്രൊട്ടക്‌ഷന്‍ ഫാക്ടർ അടങ്ങിയ ഫെയ്സ് പൗഡർ തിരഞ്ഞെടുത്താൽ സൂര്യപ്രകാശത്തിന്റെ ദൂഷ്യങ്ങളിൽ നിന്ന് മുഖത്തെ സംരക്ഷിക്കാം.

കോംപാക്ടായും ലൂസ് പൗഡറായും ഫെയ്സ് പൗഡർ ലഭിക്കും. ലൂസ് പൗഡർ ഉപയോഗിക്കുന്നതാകും എളുപ്പം. കൈകൊണ്ട് പുരട്ടാതെ സ്പോഞ്ചോ, ബ്രഷോ, പൗഡർ പഫോ ഉപയോഗിച്ചു വേണം ഫെയ്സ് പൗഡർ മുഖത്തിടാൻ.

മസ്കാര

കൺപീലികളെ മനോഹരമാക്കാന്‍ മസ്കാര അണിഞ്ഞാൽ മതി. കൺപീലികൾ നീളത്തിൽ കറുത്ത നിറത്തിൽ വിടർന്നിരിക്കാൻ ഇതു സഹായിക്കും. ലിക്വിഡ്, പൗഡർ, ക്രീം എന്നീ രൂപങ്ങളിൽ മസ്കാര വിപണിയിൽ ലഭ്യമാണ്. ലിക്വിഡ് രൂപത്തിലുള്ളവയാണ് മിക്കവരും ഉപയോഗിക്കുന്നത്. ഇവ വാട്ട ർ പ്രൂഫുമാണ്

കൺപീലി കട്ടിയായി തോന്നിക്കാൻ, പീലികൾ വിടർന്നിരിക്കാൻ, നീളമുള്ളതായി തോന്നാൻ... ഇങ്ങനെ പല സവിഷേതകളുള്ള മസ്കാരയുണ്ട്. മസ്കാര ബ്രഷാണ് ഈ മാജിക്കുകൾ തീർക്കുന്നത്. ഓരോ മസ്കാരയുടെ ട്യൂബിലും അവയുടെ പ്രത്യേകത രേഖപ്പെടുത്തിയിരിക്കും.

മസ്കാര ഉപയോഗിക്കുന്നതിനു മുൻപ് ട്യൂബ് നന്നായി കുലുക്കണം. അതുപോലെ ഒരു മസ്കാര മൂന്നുമാസം മുതൽ ആറുമാസം വരെയേ ഉപയോഗിക്കാവൂ. കാലയളവ് കഴിഞ്ഞവ ഉപയോഗിച്ചാൽ കൺപീലി പൊഴിയാൻ കാരണമാകാം. മ സ്കാര ഇട്ടാലും കൺപീലികൾക്ക് തെളിച്ചം തോന്നുന്നില്ലെങ്കിൽ പീലികളിൽ അൽപം ഗ്ലിസറിൻ പുരട്ടി മസ്കാര ബ്രഷുകൊണ്ട് മെല്ലേ തടവുക. പീലികൾ കറുത്ത് തിളങ്ങും. പീലികളിൽ ബ്രഷുപയോഗിച്ച് അൽപം ടാൽകം പൗഡർ ഇട്ടശേഷം മസ്കാര അണിഞ്ഞാൽ പീലികൾക്ക് കട്ടി തോന്നും.

ഐലൈനർ

കണ്ണെഴുതാൻ ലിക്വിഡ് ഐ ലൈനർ, ജെൽ ഐ ലൈനർ, പെൻസിൽ, സ്റ്റിക്ക് കാജൽ അങ്ങനെ പലതുമുണ്ട്. കണ്ണിന് അൽപം ഷെയ്‍ഡ് മാത്രം മതിയെങ്കിൽ ഐ പെ ൻസിൽ തന്നെ ധാരാളം. ചെറുതായി വരച്ചശേഷം പടർത്തി വിട്ടാൽ മതി. ജെൽ ഐലൈനറുകൾ എഴുതാൻ എളുപ്പമാണെന്നു മാത്രമല്ല, പെട്ടെന്ന് പടരുകയുമില്ല. അൽപം കനത്തിൽ പടർത്തിയെഴുതാൻ കാജൽ സ്റ്റിക്ക് വാങ്ങിക്കോളൂ.

കറുപ്പ്, ബ്രൗൺ എന്നിങ്ങനെ കടും നിറങ്ങളിലും വെള്ള, ബീജ് എന്നിങ്ങനെ ഇളം നിറങ്ങളിലും ഇവ ലഭിക്കും അനായാസം കണ്ണെഴുതാൻ ഐ പെൻസിലാണ് നല്ലത്. വാട്ടർ പ്രൂഫ് ആയവ തിരഞ്ഞെടുത്താൽ വെള്ളം വീണാലും പടരുമെന്ന പേടി വേണ്ട.

ലിപ്സ്റ്റിക്

മേക്കപ് ഒന്നും ചെയ്തില്ലെങ്കിലും യോജിക്കുന്ന ലിപ് സ്റ്റിക് അണിഞ്ഞാൽ തന്നെ മുഖത്തിന്റെ ഭംഗിക്കു വരുന്ന വ്യത്യാസം വലുതാണ്. സ്കിൻ ടോണിനു ചേരുന്ന ലിപ്സ്റ്റിക് തിരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. വെളുത്ത നിറമുള്ളവർക്ക് ഇളം നിറങ്ങളും ഇരുണ്ട നിറമുള്ളവർക്ക് ബ്രൈറ്റ് നിറങ്ങളും ചേരും. കൈത്തണ്ടയിൽ ചെറുതായൊന്നു വരച്ചു നോക്കിയാൽ ലിപ് കളർ നമുക്കു ചേരുമോ എന്നറിയാം. ഓൺലൈനിൽ നിന്നാണ് വാങ്ങുന്നതെങ്കിൽ ചെറിയ ട്യൂബുകൾ വാങ്ങി, യോജിച്ചവയുടെ മാത്രം വലുത് വാങ്ങിയാൽ മതിയാകും.

കറുപ്പു പടർന്ന ചുണ്ടുകളാണെങ്കിൽ ലിപ്സ്റ്റിക് ഇ ട്ടാലും നിറം കൃത്യമായി കിട്ടണമെന്നില്ല. ഒരു തുള്ളി ഫൗണ്ടേഷനോ കൺസീലറോ ചുണ്ടിൽ നന്നായി പുരട്ടിയ ശേഷം ലിപ്സ്റ്റിക് ഇട്ടാൽ ലിപ്സ്റ്റിക്കിന്റെ യഥാർഥ നിറം ലഭിക്കും.

ലിപ്സ്റ്റിക് തന്നെ കൺപോളയിൽ പുരട്ടുന്ന ഐഷാഡോ ആയും കവിളിൽ പുരട്ടുന്ന ബ്ലഷായും ഉപയോഗിക്കാം. അൽപം ലിപ്സ്റ്റിക് ചൂണ്ടു വിരലിലെടുത്ത് മുകളിലെ കൺപോളയിലും കവിളെല്ലിന്റെ ഭാഗത്തും ചെറുതായൊന്നു പുരട്ടുക. പിന്നീട് ചർമത്തിലേക്ക് പതിയെ ബ്ലെൻഡ് ചെയ്ത് കൊടുക്കുക.

വിവരങ്ങൾക്കു കടപ്പാട്:

അങ്കിത ആൻ ഫിലിപ്,

മേക്കപ് ആർട്ടിസ്റ്റ് & ഹെയർ സ്റ്റൈലിസ്റ്റ്,

കോട്ടയം

Tags:
  • Glam Up