സൗന്ദര്യം കെടുത്തുന്ന പാടുകളില്ലാത്ത, തിളങ്ങുന്ന മനോഹര ചർമം ആരാണ് കൊതിക്കാത്തത്? ഓരോ പ്രായത്തിലും ചർമസംരക്ഷണത്തിനു വ്യത്യസ്ത രീതികള്‍ പരീക്ഷിക്കാം. മുഖക്കുരുവിന്റെ പാടിനെ പറപറപ്പിക്കാൻ സൂപ്പർടിപ്സ് ഇതാ..
∙ ദിവസവും നന്നായി വെള്ളം കുടിക്കുന്നതും ഇടയ്ക്കിടെ മുഖം കഴുകുന്നതും ഒഴിവാക്കരുത്. വിയർപ്പ്, എണ്ണമയം ഇവയൊക്കെ മാറ്റുവാനായി വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കാം. ഓയിലി ചർമത്തിനു വേണ്ടിയുള്ള പ്രത്യേകതരം ഫെയ്സ് വാഷുകൾ ഉപയോഗിക്കാം.
∙ ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി തൈരിൽ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്തിലും കഴുത്തിലും പുരട്ടുക. ഇതുണങ്ങി, ചർമം വലിഞ്ഞു തുടങ്ങുമ്പോൾ ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം.
∙ പച്ചമഞ്ഞളും വേപ്പിലയും അരച്ചെടുത്ത മിശ്രിതം മുഖത്ത് ഇടുന്നത് പാടുകൾ മായ്ക്കും.
∙ ചുവന്നുള്ളിയുടെ നീരും കടലമാവും പാലിൽ ചാലിച്ച് മുഖത്തു പുരട്ടാം.
∙ കറ്റാർവാഴയുടെ നീരും ചെറുനാരങ്ങാ നീരും യോജിപ്പിച്ച മിശ്രിതം മുഖത്തു പുരട്ടിയാൽ മുഖക്കുരുവിനെ തടയാം.
∙ മുഖക്കുരുവിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പുതിനയിലയിട്ട് ആവി പിടിക്കുന്നത് ഗുണം ചെയ്യും.
∙ മുഖക്കുരുവിന്റെ പാടുകൾ കളയാൻ തുളസിക്ക് കഴിയും. തുളസിനീര് മുഖത്തു പുരട്ടുന്നതും തുളസിയിലയിട്ട് ആവി പിടിക്കുന്നതും നല്ലതാണ്.
∙ താരനാണ് മുഖക്കുരുവിന് കാരണമെങ്കിൽ സ്കിൻ സ്പെഷ്യലിസ്റ്റിന്റെ സഹായം തേടാം. ചുവന്നുള്ളി നീരും തൈരും ചേർന്ന മിശ്രിതം തലയിൽ പുരട്ടിയ ശേഷം അരമണിക്കൂർ കഴിഞ്ഞ് ഷാംപൂ ചെയ്യുന്നത് താരനും അതുവഴി ഉണ്ടാകുന്ന പാടുകളും കുറയ്ക്കും.