Saturday 11 September 2021 02:58 PM IST : By നിതിൻ സാമുവൽ

‘ഭാരം എടുക്കാൻ പോലുമാകില്ല, എന്നിട്ടും പ്രസവിച്ച് 15–ാം നാൾ സാനിയ വർക് ഔട്ടിനിറങ്ങി’: ഐതിഹാസികം ഈ തിരിച്ചുവരവ്

sania-work-out

തടി കുറയ്ക്കണം’.. ഇതു വായിക്കുന്ന ഭൂരിഭാഗം പേരും ജീവിതത്തിൽ ഒരിക്കലെങ്കിലും ചിന്തിച്ച കാര്യമാകും ഇത്. എത്രയോ പുതുവർഷ പ്രതിജ്ഞകളിൽ ഇതു കടന്നുവന്നിട്ടുണ്ടാകും. ചിലരൊക്കെ തടികുറച്ചു മിടുക്ക് കാട്ടിയിട്ടുണ്ട്. എന്നാൽ, അതിലുമേറെപ്പേർ ഭക്ഷണത്തിന്റെയും മടിയുടെയും മുന്നിൽ ആയുധം വച്ചു കീഴടങ്ങുകയാണ് പതിവ്. ചുരുക്കത്തിൽ പ്രായമേറുന്തോറും നമ്മുടെ തടിയും അനാരോഗ്യവും വർധിച്ചുകൊണ്ടേയിരിക്കുന്നു. വ്യായാമം ചെയ്യാനും ഭക്ഷണം ക്രമപ്പെടുത്താനും ഒരു പ്രചോദനം ലഭിക്കാത്തതാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ അതു മാറാൻ സമയമായി. കാരണം തടി കുറയ്ക്കണമെന്നുള്ളവർക്കും ഫിറ്റ്നസ് വീണ്ടെടുക്കണമെന്നുള്ളവർക്കും ‘ഒന്നൊന്നര’ പ്രചോദനമാണ് ഇനി വായിക്കാൻ പോകുന്നത്. മറ്റാരുമല്ല, ഇന്ത്യയുടെ ടെന്നിസ് സൂപ്പർതാരം സാനിയ മിർസ തന്നെ.

പ്രസവശേഷം തടി

സാധാരണയുള്ള തടി കുറയ്ക്കാൻ തന്നെ ആളുകൾ കഷ്ടപ്പെടുന്നിടത്താണ് പ്രസവത്തോടനുബന്ധിച്ച് വർധിച്ച ശരീരഭാരം പുഷ്പം പോലെ സാനിയ കുറച്ചത്. അതും ഒന്നും രണ്ടുമല്ല, 4 മാസം കൊണ്ട് 26 കിലോയാണ് ഈ 33കാരി കുറച്ചത്. അതും പോരാഞ്ഞിട്ട് പ്രസവശേഷം കോർട്ടിലേക്കു തിരിച്ചെത്തിയ സാനിയ എല്ലാവരെയും ഞെട്ടിച്ച് ഓസ്ട്രേലിയയിൽ നടന്ന ഹൊബാർട്ട് കപ്പ് ഇന്റർനാഷനൽ കിരീടം നേടുകയും ചെയ്തു. രാജ്യത്തെ കോടിക്കണക്കിനാളുകൾക്ക്, പ്രത്യേകിച്ചു സ്ത്രീകൾക്കു പ്രചോദനമായ ആ തിരിച്ചുവരവിനെക്കുറിച്ചും, ഫിറ്റ്നസ് വീണ്ടെടുത്ത യാത്രയെ കുറിച്ചും അവർ മനസ്സു തുറക്കുന്നു.

ഇന്ത്യൻ സൂപ്പർസ്റ്റാർ

സാനിയ മിർസയെന്ന പേരു കേൾക്കാത്ത ഇന്ത്യക്കാർ ചുരുക്കമായിരിക്കും. ആറാം വയസ്സിലാണ് സാനിയ ടെന്നിസ് കളിച്ചു തുടങ്ങിയത്. പതിയെ ജൂനിയർ റാങ്കിങ്ങിൽ ലോകത്തു മുൻനിരയിലെത്തിയെങ്കിലും 2002 ഏഷ്യൻ ഗെയിംസിൽ ലിയാണ്ടർ പെയ്സുമൊത്ത് മിക്സഡ് ഡബിൾസിൽ വെങ്കലം നേടിയതോടെയാണ് രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കാൻ തുടങ്ങിയത്. പിന്നീട് ഉയരങ്ങളിലേക്കു കുതിച്ച സാനിയ ഗ്രാൻ‌സ്‌ലാം ടൂർണമെന്റുകളിൽ സ്ഥിരം മുഖമായി മാറി. ഒട്ടേറെ ഡബ്യുടിഎ കിരീടങ്ങൾ നേടി. 2007 ൽ ലോകറാങ്കിങ്ങിൽ സാനിയ 27ലെത്തി. സിംഗിൾസിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന റാങ്കായിരുന്നു ഇത്. എന്നാൽ, 2008ൽ കൈക്കുഴയ്ക്കുണ്ടായ തുടർച്ചയായുണ്ടായ പരുക്കുകൾ സാനിയയുടെ കരിയറിനെ ബാധിച്ചു. തുടർന്ന് ഡബിൾസിൽ മാത്രം സാനിയ ശ്രദ്ധ കേന്ദ്രീകരിച്ചു.

ആ തീരുമാനം ശരിയായിരുന്നെന്ന് വരും വർഷങ്ങൾ തെളിയിച്ചു. ഒന്നും രണ്ടുമല്ല, 42 കിരീടങ്ങളാണ് സാനിയ ഡബിൾസിൽ നേടിയത്. 2015ൽ ലോകത്തെ ഒന്നാം നമ്പർ വനിതാ ഡബിൾസ് താരമായി മാറി സാനിയ.

ഇതിനിടെ വിവാഹത്തിലൂടെയും സാനിയ വാർത്തകളിൽ നിറഞ്ഞു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ഷുഹൈബ് മാലിക്കായിരുന്നു സാനിയയുടെ വരൻ. 2017ൽ സാനിയ സജീവ ടെന്നിസിൽ നിന്ന് ഇടവേളയെടുത്തു. ഗർഭധാരണമായിരുന്നു കാരണം. 2018 ഒക്ടോബറിൽ സാനിയ മകൻ ഇസ്ഹാനു ജന്മം നൽകി.

89 കിലോയിൽ നിന്ന് 63 ലേക്ക്

അമ്മയായ ശേഷമാണ് സാനിയ ഐതിഹാസികമായ തിരിച്ചുവരവ് നടത്തിയത്. അതും ടെന്നിസ് പോലെ ഉയർന്ന ശാരീരികക്ഷമത വേണ്ട ഒരു ഗെയിമിലേക്ക്. 26 കിലോ ഭാരമാണ് ഗർഭകാലത്തു വർധിച്ചത്. സാധാരണ ഇത്രയും ഭാരം കൂടിയാൽ തന്നെ കുറയ്ക്കാൻ ബുദ്ധിമുട്ടാണ്. അപ്പോ പിന്നെ പ്രസവശേഷം പറയാനുണ്ടോ. എന്നാൽ, നിരാശയായി ഇരുന്ന സാനിയെയെ അല്ല പിന്നീട് കാണാൻ സാധിച്ചത്. പ്രസവിച്ച ശേഷം 15ാം ദിവസം ചെറിയ രീതിയിൽ വ്യായാമം ചെയ്യുന്ന ചിത്രം സാനിയ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

പിന്നീട് സാനിയയ്ക്കു തിരിഞ്ഞുനോക്കേണ്ടി വന്നില്ല. നിശ്ചയദാർഢ്യവും ഉത്സാഹവും മാത്രം കാരണമാണ് തനിക്കതിനു സാധിച്ചതെന്നു സാനിയ പറയുന്നു.

സാനിയ ഭാരം കുറച്ചത് പ്രധാനമായി ഇങ്ങനെയാണ്;

∙ പ്രസവശേഷം രണ്ടര മാസത്തിനുള്ളിൽ ജിമ്മിൽ വർക്കൗട്ട് ചെയ്യാൻ തുടങ്ങി.∙ ദിവസം 4 മണിക്കൂർ തുടർച്ചയായി വർക്കൗട്ട് ചെയ്തു.∙ ഭാരമുയർത്താൻ സാധിക്കാത്തതിനാൽ 100 മിനിട്ട് കാർഡിയോ എക്സർസൈസുകൾ ചെയ്തു. ∙ അതിനു ശേഷം കിക്ക് ബോക്സിങ്ങും പൈലേറ്റ്സ് വ്യായാമങ്ങളും. ∙ വീട്ടിൽ തന്നെ ടെന്നിസ് പരിശീലനം ആരംഭിച്ചു. ∙ ഭക്ഷണം നിയന്ത്രിച്ചു. മധുരം, അന്നജം എന്നിവ നന്നേ കുറച്ചു. ∙ ഗർഭകാലത്തു തന്നെ നടത്തം, യോഗ എന്നിവ പതിവാക്കിയിരുന്നു.

തുടർച്ചയായ പരിശീലനം സാനിയയെ പഴയ സ്ഥിതിയിലെത്തിച്ചു. ഇൻസ്റ്റഗ്രാമിൽ #mummahustles എന്ന ഹാഷ്ടാഗിൽ ഈ കാലഘട്ടത്തിലെ ഒട്ടേറെ വിഡിയോകൾ സാനിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒട്ടും എളുപ്പമായിരുന്നില്ല

പ്രസവശേഷമുള്ള വർക്കൗട്ടായതിനാൽ വളരെ സൂക്ഷിച്ചേ ചെയ്യാനാകുമായിരുന്നുള്ളൂ. ഭാരം എടുക്കാൻ സാധിക്കില്ല. മാത്രമല്ല, പ്രസവത്തിനു മുൻപ് കയ്യിലെ പരുക്കുകളുമായി ബന്ധപ്പെട്ട് 3 സർജറികൾ വേണ്ടി വന്നു. ‘ ഉറക്കമില്ലാത്ത രാത്രികളും ദൃഢമല്ലാത്ത ശരീരവും ക്ഷീണവും എന്നെ തുടക്കത്തിൽ പിറകോട്ടു വലിക്കുന്നുണ്ടായിരുന്നു. എന്നാൽ, ലക്ഷ്യത്തിനു മുന്നിൽ അവയെല്ലാം വഴിമാറി’– സാനിയ പറയുന്നു.

‘‘ എല്ലാ ദിവസവും ഒന്നോ രണ്ടോ മണിക്കൂറുകൾ ഫിറ്റ്നസിനു വേണ്ടി മാറ്റിവയ്ക്കുകയാണെങ്കിൽ എല്ലാ സ്ത്രീകൾക്കും ഇതൊക്കെ സാധിക്കും. വിവാഹത്തോടെ, പ്രസവത്തോടെ സ്ത്രീകളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നില്ല. എന്നാൽ, ഇത് ഒരു രാത്രി കൊണ്ടു നേടിയെടുക്കാൻ സാധിക്കില്ല. തുടർച്ചയായ പ്രക്രിയയാണിത്. നമ്മളത് മനസ്സിലാക്കിയാൽ പിന്നെ ഒന്നിനും പിറകോട്ടു വലിക്കാൻ സാധിക്കില്ല.’

ആദ്യം ഇസ്ഹാൻ

കളിക്കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും മകൻ ഇസ്ഹാൻ കഴിഞ്ഞിട്ടേ ഉള്ളൂ തനിക്ക് എല്ലാം എന്നു സാനിയ പറയുന്നു. അവനു വേണ്ടി കൂടിയാണ് താൻ തിരിച്ച് റാക്കറ്റെടുത്തത്. അവന്റെ കളിയും ചിരിയുമാണ് തന്റെ ഊർജം. എന്നാൽ, സദാസമയവും കുഞ്ഞിനെ മാത്രം നോക്കുക എന്നതല്ല തന്റെ കടമയെന്നും സാനിയയ്ക്കറിയാം.

രണ്ടരവർഷത്തിനു ശേഷം ഓസ്ട്രേലിയിൽ നടന്ന ഹൊബാർട്ട് കപ്പ് ടൂർണമെന്റിലാണ് സാനിയ കളിച്ചത്. എല്ലാവരെയും ഞെട്ടിച്ച് സാനിയയും പങ്കാളി നാദിയ കിച്ചനോക്കും ചേർന്ന് ഡബിൾസ് കിരീടമുയർത്തി.

പ്രസവശേഷം ടെന്നിസ് കോർട്ടിലെത്തുന്ന ആദ്യ താരമല്ല സാനിയ. മാർഗരറ്റ് കോർട്ട് , സെറീന വില്യംസ് ഉൾപ്പെടെ നിരവധി പേർ അമ്മയായ ശേഷം കോർട്ടിലെത്തുകയും കിരീടങ്ങൾ നേടുകയും െചയ്തിട്ടുണ്ട്. എന്നാൽ ഫിറ്റ്നസ് വീണ്ടെടുക്കാൻ സാനിയ നടത്തിയ മിന്നുന്ന പ്രകടനം ചരിത്രപരം തന്നെ.