Saturday 22 January 2022 03:40 PM IST : By ഡോ. നഫീന ജാസ്മിന്‍

മിനുത്ത ചർമത്തിനും തിളക്കമുള്ള മുടിക്കും കൗമാരത്തിൽ ചെയ്യേണ്ടത്; വിദഗ്ധാഭിപ്രായം അറിയാം

beauty-adolacense

സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്ന കാലമാണ് കൗമാരം. ചര്‍മ്മം എങ്ങനെ സംരക്ഷിക്കാം, മുടി എങ്ങനെയൊക്കെ അഴകുള്ളതാക്കാം, തുടങ്ങി കണ്ണാടിക്കു മുന്നിലും അല്ലാതെയുമൊക്കെ സമയമേറെ ചിലവഴിക്കുന്ന കാലം. ഒരു മുഖക്കുരു വന്നാല്‍, ശരീരത്തില്‍ ഒരു കലയോ പാടോ പ്രത്യക്ഷപ്പെട്ടാല്‍, പിന്നെ കൈയും ചിന്തയും അവിടെ നിന്നു മാറിപ്പോകില്ല. ചര്‍മ്മത്തിന്റെ നിറവും മുടിയുടെ നീളവും ഒക്കെ നമ്മുടെ ശരാശരി സൗന്ദര്യകണക്കെടുപ്പിന്റെ പട്ടികയിലെ ആദ്യത്തെ ഇനങ്ങളാണ്.

മുഖത്താവട്ടെ, ചര്‍മ്മത്തിലാവട്ടെ, മുടിയിലാകട്ടെ ഏതു പ്രശ്‌നം വന്നാലും ആദ്യം പരിഹാരം അന്വേഷിക്കുന്നത് ഓണ്‍ലൈനിലാണ്. അവിടെയാണെങ്കില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി വിഡിയോകളുടെയും പരിഹാരങ്ങളുടെയും കുത്തൊഴുക്കാണ്. ഇതില്‍ ഏതാണു ശരി, ഏതാണ് എന്റെ പ്രശ്‌നത്തിനുള്ള പരിഹാരം എന്നൊക്കെ തിരിച്ചറിയാന്‍ മാത്രം ധാരണയില്ലാത്തവര്‍ പരിഹാരത്തിനു പകരം പുതിയ പ്രശ്‌നങ്ങളില്‍ ചെന്നു ചാടുന്ന കാഴ്ചയാണ് കാണുന്നത്. കൗമാരക്കാരെ സംബന്ധിച്ച് അവര്‍ തേടുന്നത് പെട്ടെന്നുള്ള പരിഹാരമാര്‍ഗ്ഗങ്ങളായതുകൊണ്ടാണ് ഇവര്‍ ഇത്തരം അര്‍ധസത്യങ്ങളുടെയും അസത്യങ്ങളുടെയും അപകടത്തില്‍ ചെന്നു ചാടുന്നത്. താല്‍ക്കാലിക പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടി ചര്‍മ്മ, കേശ സംരക്ഷണത്തിന്റെ കുടുക്കില്‍ പെടുന്നവരില്‍ കൗമാരക്കാര്‍ മാത്രമല്ല, മുതിര്‍ന്നവരും ഏറെയുണ്ട്.

ആരോഗ്യമുള്ള ചർമം

നിങ്ങള്‍ വെളുത്തിരിക്കുന്നുവോ കറുത്തിരിക്കുന്നുവോ ഇരുണ്ട നിറമാണോ എന്നതിനെക്കാളൊക്കെ പ്രധാനമാണ് നമുക്ക് ആരോഗ്യമുള്ള ചര്‍മ്മമുണ്ടോ എന്നത്. ചെറിയ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ തന്നെ തുടങ്ങുകയും കൗമാരകാലത്ത് ഏറ്റവും ഉയരത്തിലെത്തുകയും പിന്നീട് ഒരു ഘട്ടം വരെ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നതുമാണ് നമ്മുടെയൊക്കെ സൗന്ദര്യബോധം. ഈ ബോധത്തിന് ആത്മവിശ്വാസം പകരുന്നതില്‍ സുപ്രധാനപങ്കു വഹിക്കുന്ന രണ്ടു ഭാഗങ്ങളാണ് നമ്മുടെ ചര്‍മ്മവും തലമുടിയും. നമ്മുടെ ശരീരം ആന്തരികമായി നിലനിര്‍ത്തുന്ന ആരോഗ്യത്തിന്റെ പ്രതിഫലനമാണ് ചര്‍മ്മം, അതുകൊണ്ടു തന്നെ നമ്മുടെ ചര്‍മ്മത്തെ മിനുസമുള്ളതും തേജസ്സുള്ളതുമായി നിലനിര്‍ത്തേണ്ടത് മറ്റാരെക്കാള്‍ നമ്മുടെ തന്നെ ഉത്തരവാദിത്തമാണ്. സുന്ദരമായ, മിനുമിനുത്ത ചര്‍മ്മം ആരുടെയായാലും ആത്മവിശ്വാസത്തെ ഉത്തേജിപ്പിക്കുക തന്നെ ചെയ്യും.

നിങ്ങൾ ഒഴിവാക്കേണ്ടത്

ശരീരകാന്തി നിലനിര്‍ത്താന്‍ എന്തു ചെയ്യണമെന്നറിയുന്നതിലേറെ പ്രധാനമാണ് എന്തെല്ലാം ചെയ്യരുതെന്ന് അറിയുന്നതും. നമ്മുടെ ചര്‍മ്മത്തിന്റെ സ്വഭാവം എങ്ങനെയുള്ളതാവണമെന്ന് ആദ്യം അറിയുക. വരണ്ടത്, എണ്ണമയമുള്ളത്, രണ്ടും കലര്‍ന്നത്, മുഖക്കുരു വരാന്‍ സാധ്യതയുള്ളത്, വെയില്‍ തട്ടുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാവുന്നത് തുടങ്ങിയവയൊക്കെ ഇതില്‍പ്പെടും. അതുകൊണ്ട് ക്രീമുകളായാലും ക്ലെന്‍സറുകള്‍, സണ്‍സ്‌ക്രീനുകള്‍ തുടങ്ങി ഏത് ഉത്പന്നമായാലും അവരവരുടെ ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ചുവേണം തിരഞ്ഞെടുക്കാന്‍. ഉദാഹരണത്തിന് മുഖക്കുരു വരാന്‍ സാധ്യതയുള്ള ചര്‍മ്മമുള്ളവര്‍ക്ക് ചില സണ്‍സ്‌ക്രീനുകള്‍ ചേരില്ല, ഗ്ലൈക്കോളിക് ആസിഡ് ഉള്ള ചില ക്ലെന്‍സറുകള്‍ വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചേരില്ല.

ഈർപ്പം നില നിർത്തണം

ചര്‍മ്മസംരക്ഷണത്തില്‍ പ്രധാനഭാഗമാണ് അതിന്റെ ഈര്‍പ്പം നിലനിര്‍ത്തുക എന്നത്. ചര്‍മ്മത്തിന്റെ വരണ്ട സ്വഭാവം കുറയ്ക്കാനും ചുളിവ്, പ്രായമേറുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍, എക്‌സിമ, ചൊറിച്ചില്‍ തുടങ്ങി ഒരുപാട് പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നത് സഹായിക്കും. ബാഹ്യമായ ഈര്‍പ്പം നേടിയെടുക്കാന്‍ പല വിധലേപനങ്ങളും മരുന്നുകളും കൊണ്ട് സാധിക്കും. മോയ്‌സ്ചറൈസറുകള്‍ ഉപയോഗിക്കുന്നവര്‍ ദിവസത്തില്‍ രണ്ടു തവണയെങ്കിലും ഉപയോഗിക്കണം. പ്രത്യേകിച്ചും കുളി കഴിഞ്ഞയുടനെ, ഈര്‍പ്പമുള്ള ചര്‍മ്മത്തിന്റെ ആഗിരണ ശേഷി ഉയര്‍ന്നിരിക്കുന്ന സമയത്ത് മോയ്‌സ്റ്ററൈസര്‍ ഉപയോഗിക്കുന്നത് മികച്ച ഫലമുണ്ടാക്കും. പാരഫിന്‍ അടങ്ങിയ മോയ്‌സ്ചറൈസറുകള്‍ ഗുണമുള്ളവയാണ്. സ്വാഭാവിക മോയ്‌സ്റ്ററൈസറുകളില്‍ ഏറ്റവും മികച്ചത് നല്ല ശുദ്ധമായ വെളിച്ചെണ്ണ തന്നെ.

വളരെ വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് സോപ്പോ മെഴുകോ ചേര്‍ക്കാത്തവ ആവശ്യമായി വരും. ചര്‍മ്മത്തിന്റെ പി.എച്ച് മൂല്യം നിലനിര്‍ത്താന്‍ ഇത്തരം മോയ്‌സ്റ്ററൈസറുകള്‍ക്ക് കഴിയും. ചര്‍മ്മത്തിന് ആവശ്യമായ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് വളരെ പ്രധാനമാണ്.

ക്ലൻസിങ് ചെയ്യുമ്പോൾ

ചര്‍മ്മത്തിന്റെ വശ്യത വര്‍ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ക്ലെന്‍സിംഗ് ശാസ്ത്രീയമായ രീതിയില്‍ തന്നെ വേണം. ചര്‍മ്മത്തിന്റെ സ്വഭാവത്തിനനുസരിച്ച് തന്നെ ഉപയോഗിക്കുന്ന ക്ലെന്‍സറും തെരഞ്ഞെടുക്കണം. മുഖക്കുരു വരാന്‍ സാധ്യതയുള്ള, എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ക്ക് ഗ്ലൈക്കോളിക് ആസിഡ്, സാല്ലിസിലിക് ആസിഡ് പോലെ ആഴത്തിലുള്ള ക്ലെന്‍സിംഗ് നടത്താന്‍ കഴിയുന്ന ക്ലെന്‍സറുകളായിരിക്കും ആവശ്യം.

ഏതു വിധത്തിലുള്ള ക്ലെന്‍സറുകള്‍ ഉപയോഗിച്ചായാലും വളരെ ശക്തമായി തേച്ചുരയ്ക്കുന്നത് ഒഴിവാക്കണം. വരണ്ട ചര്‍മ്മം ഉണ്ടാകുമെന്നതുകൊണ്ട് തുടര്‍ച്ചയായി സ്‌ക്രബറുകള്‍ ഉപയോഗിക്കുന്നത് നന്നല്ല.

സൺസ്ക്രീൻ

നമ്മുടെ ചര്‍മ്മത്തിന്റെ പരിമിതികള്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള ഘടകമാണ് സൂര്യതാപം. പ്രായമേറുന്തോറും വെയില്‍ ഏല്‍ക്കുന്നതുകൊണ്ട് ഓക്‌സിഡേഷന്‍ മൂലം ചര്‍മ്മത്തിനുണ്ടാകുന്ന കേടുപാടുകളുടെ തോതും കൂടും. സൂര്യപ്രകാശത്തിൽ നിന്ന് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നതില്‍ സണ്‍സ്‌ക്രീനിനു വലിയ പങ്കുണ്ട്. സാധാരണ രൂപത്തിലുള്ള ചര്‍മ്മത്തിന് എസ്.പി.എഫ്(സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍) 30+ ഒക്കെ മതിയാകും. പരമാവധി എസ്.പി.എഫ്. 30 മുതല്‍ എസ്.പി.എഫ് 50 വരെ ഉപയോഗിക്കാം.

ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടി നാം ചെയ്യാറുള്ള വ്യായാമങ്ങള്‍ നമ്മുടെ ചര്‍മ്മത്തിന്റെ സുരക്ഷയും ഉറപ്പാക്കും. ശരീരത്തിന് വ്യായാമം പോലെ സുപ്രധാനമാണ് വിശ്രമവും. ദിവസത്തില്‍ മണിക്കൂറുകളോളം കായികമായും മാനസികമായുമുള്ള അധ്വാനത്തിനു ശേഷം ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുന്നത് ഉറങ്ങുമ്പോഴാണ്. എട്ടു മണിക്കൂര്‍ സുഖമായി ഉറങ്ങാനായാല്‍ അതു തന്നെ മതി നിങ്ങളുടെ സൗന്ദര്യം വെട്ടിത്തിളങ്ങാൻ. നല്ല ഉറക്കം കിട്ടി ഉണര്‍ന്നാല്‍ ശരീരത്തിനുണ്ടാകുന്ന അതേ ഉത്തേജിതാവസ്ഥയാണ് നമ്മുടെ ചര്‍മ്മത്തിനും ലഭിക്കുന്നത്. എന്നാൽ ഉറങ്ങാനല്ല, ഉറങ്ങാതിരിക്കാനാണ് അധിക പേരും കാരണം കണ്ടെത്തുന്നത്. അതുകൊണ്ടു തന്നെ നാം ഓരോരുത്തരും കരുതുന്നതിനു മുൻപേ നമ്മുടെ ചര്‍മ്മത്തിനു വയസ്സാകുന്നു. പെരിഓര്‍ബിറ്റല്‍ മെലാനോസിസ് (പിഗ്മെന്റേഷന്‍), കണ്ണുകള്‍ക്ക് താഴെയുള്ള തൂക്കം, ക്രോസ് ഫീറ്റ് -അതായത് കണ്ണിനു ചുറ്റുമുള്ള ചുളിവുകള്‍- തുടങ്ങിയവയൊക്കെ രാത്രി വൈകിയുള്ള ഉറക്കത്തിന്റെ ബാക്കിപത്രങ്ങളാവാം. ഇതിനു പുറമെയാണ് പുകവലി, മദ്യപാനം പോലുള്ള ശീലങ്ങളുണ്ടാക്കുന്ന അപകടങ്ങള്‍. ഇത്തരം ദുശ്ശീലങ്ങള്‍ ശരീരത്തിന്റെ മറ്റേതു ഭാഗത്തെ പോലെ തന്നെ ചര്‍മ്മത്തിനും ദോഷം ചെയ്യും. അതുകൊണ്ട് ഏതു പ്രായക്കാരായാലും ഇത്തരം ദുശ്ശീലങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും മുക്തി നേടാന്‍ ശ്രമിക്കുക.

ചര്‍മ്മത്തിന്റെ ബാഹ്യമായ ഈര്‍പ്പം നിലനിര്‍ത്തുന്നതു പോലെ തന്നെ പ്രധാനമാണ് ശരീരത്തിന്റെ ആന്തരികമായ ഈര്‍പ്പം നിലനിര്‍ത്തുന്നതും. ദിവസം ആറു മുതല്‍ എട്ടു ഗ്ലാസു വരെ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ചര്‍മ്മ ആരോഗ്യം ശക്തിപ്പെടുത്തും. ശരീരത്തിന്റെ ആന്തരികപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാതെ വരുമ്പോള്‍ പലപ്പോഴും ആദ്യപ്രതികരണം പ്രത്യക്ഷപ്പെടുന്നത് ചര്‍മ്മത്തിലാകാം. അതുകൊണ്ട് ആരോഗ്യമുള്ള ശരീരം കാത്തുസൂക്ഷിക്കുന്നതിന് പ്രാധാന്യം കല്‍പ്പിക്കുക തന്നെ വേണം.

ആരോഗ്യകരമായ ചര്‍മ്മം വേണമെന്നുള്ളവര്‍ അതിനനുയോജ്യമായ ഭക്ഷണക്രമം തിരഞ്ഞെടുക്കണമെന്ന് പറയേണ്ടതില്ലല്ലോ. പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയൊക്കെയാണ് നമ്മുടെ ചര്‍മ്മത്തിന്റെ യഥാര്‍ത്ഥ 'ബോഡി ബില്‍ഡര്‍മാര്‍'. ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിന്റെ ഏറിയ പങ്കും സ്വാഭാവിക ആഹാരങ്ങളായ പഴങ്ങളും പച്ചക്കറികളുമാകണം. എണ്ണമയം ഏറെയുള്ളതും ജംഗ് ഫുഡ്‌സും മധുരപലഹാരങ്ങളുമൊക്കെ അധികം കഴിക്കുന്നതു മൂലം പതിവായി വരാറുള്ള മുഖക്കുരു മുതല്‍ അമിതവണ്ണവുമായി ബന്ധപ്പെട്ടുള്ള 'അകാന്‍തോസിസ് നൈഗ്രിക്കന്‍സ്' പോലുള്ള പ്രശ്‌നങ്ങള്‍ വരെ വരാം. ആന്റി-ഓക്‌സിഡന്റുകളായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ചര്‍മ്മത്തിന്റെ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും.

മുടിയഴകു കൂടാൻ

മുഖസൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്ന ഘടകങ്ങളിലൊന്നു തന്നെയാണ് മുടി. ആരോഗ്യമുള്ള, തിളക്കമുള്ള, മിനുമിനുത്ത മുടി സ്വപ്‌നം ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണ്. നല്ല മുടി വേണമെന്ന് ആഗ്രഹിച്ചതുകൊണ്ടു മാത്രം അത് ലഭിക്കുമോ? അതെ അതിനും വേണം മികച്ച പരിചരണം. അഴകുള്ള മുടിയായാല്‍ പോരാ, ആരോഗ്യമുള്ള മുടി കൂടിയായി മാറണം. ബയോട്ടിന്‍, വൈറ്റമിന്‍ ഡി, അയണ്‍ തുടങ്ങിയ പോഷകങ്ങളുടെ വിതരണം മികച്ച തോതില്‍ നടക്കുന്നത് മുടിയുടെ ആരോഗ്യത്തില്‍ സുപ്രധാനമാണ്. ഇവയില്‍ കുറവു വരുന്ന പക്ഷം അയേണ്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെയോ, ഗുളികകള്‍ (ബയോട്ടിന്‍, വൈറ്റമിന്‍ -ഡി, അയേണ്‍) വഴിയോ അത് നികത്തേണ്ടതാണ്. ചര്‍മ്മ രോഗവിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം പെപ്‌റ്റൈഡ് അടങ്ങിയ സീറം ബാഹ്യമായി ഉപയോഗിക്കുന്നതും മുടിയിഴകള്‍ക്ക് ശക്തി പകരും.

മുടിയിഴകളില്‍ ഷാംപൂ ഉപയോഗിക്കുന്നത് ആഴ്ചയില്‍ രണ്ടു തവണയായി നിയന്ത്രിക്കണം. ആഴ്ചയിലൊരിക്കല്‍ ആന്റി ഫംഗല്‍ സ്‌കാല്‍പ് വാഷ് ചെയ്യുന്നത് നിങ്ങളുടെ മുടിയില്‍ താരന്റെ അടുക്കുകള്‍ രൂപപ്പെടുന്നത് തടയും. അമിതമായ എണ്ണമയമോ വരണ്ട സ്വഭാവമോ രണ്ടും ശരീരത്തിനും അതുപോലെ മുടിക്കും നല്ലതല്ല. അധികമായ എണ്ണ ഉപയോഗം വഴുവഴുപ്പ് കൂട്ടുകയും മുടിയിഴകള്‍ പൊട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. എണ്ണ ഉപയോഗിച്ചുള്ള മസ്സാജ് ആഴ്ചയില്‍ രണ്ടു തവണയായി നിയന്ത്രിക്കുകയും മസ്സാജിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുകയും ചെയ്യുക. അമിതമായ വരണ്ട പ്രകൃതി ചില ഡര്‍മറ്റോളജിക്കല്‍ ലീവ്-ഓണ്‍ കണ്ടീഷനറുകള്‍, ഹെയര്‍ മോയ്‌സ്റ്ററൈസര്‍ ക്രീമുകള്‍ എന്നിവ ഉപയോഗിച്ച് കുറയ്ക്കാന്‍ കഴിയും.

പരിസ്ഥിതി മലിനീകരണം മൂലവും കേശസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ധിക്കാം. കാനൈറ്റീസ് (അകാല നര) പോലുള്ളവയ്ക്ക് ഇത് ഒരു കാരണമാണ്. പോഷകക്കുറവ്, പാരമ്പര്യഘടകങ്ങള്‍ തുടങ്ങിയവയും ഇതിന് കാരണമാകാറുണ്ട്. കാരണം പോഷക സംബന്ധമാണെങ്കില്‍ കാല്‍സ്യം പാന്റോതെനേറ്റ് എന്ന വൈറ്റമിന്‍ ഒരു പരിധി വരെ ഫലം ചെയ്യും. മുടികൊഴിച്ചിലിനുള്ള ഏറ്റവും ഫലപ്രദമായ പരിഹാരം പി.ആര്‍.പി. (പ്ലേറ്റ്‌ലെറ്റ്-റിച്ച്-പ്ലാസ്മ) തെറപിയാണ്. നിങ്ങളുടെ തന്നെ ശരീരത്തിലെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മ മുടി വളര്‍ച്ചയെ ശക്തിപ്പെടുത്താനായി ശിരോചര്‍മ്മത്തിലേക്ക് ഇന്‍ജക്ട് ചെയ്യുന്നതാണ് ഈ രീതി. പരിചയ സമ്പന്നരായ ഡെര്‍മറ്റോളജിസ്റ്റുകളാണ് ഈ ചികിത്സ ചെയ്യുന്നത്.

സ്വാഭാവിക പരിഹാരങ്ങള്‍ എന്ന നിലയില്‍ പ്രചരിപ്പിക്കപ്പെടുന്ന വെളുക്കാനും തലമുടി തഴച്ചു വളരാനുമൊക്കെയുള്ള മാര്‍ഗ്ഗങ്ങളെ കണ്ണുംപൂട്ടി വിശ്വസിച്ചുകൊണ്ടു പരീക്ഷണങ്ങള്‍ നടത്തുന്ന കാലം കൂടിയാണ് കൗമാരം. അത് ദൂരവ്യാപകമായ സൗന്ദര്യപ്രശ്നങ്ങളുണ്ടാക്കും. അതിനാൽ സൗന്ദര്യ ചികിത്സ ആവശ്യമായിവന്നാൽ അത് വിദഗ്ധ പരിശീലനം നേടിയവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെയാവട്ടെ.

ഡോ. നഫീന ജാസ്മിന്‍

കണ്‍സല്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ് ആന്റ് കോസ്‌മെറ്റോളജിസ്റ്റ്,

ക്യൂട്ടിസ് ഇന്റര്‍നാഷണല്‍ കോസ്‌മെറ്റിക് ക്ലിനിക്‌സ്, കോഴിക്കോട്

Tags:
  • Manorama Arogyam