Wednesday 22 September 2021 11:41 AM IST

‘പാൽപൊടിയിൽ കലക്കി കുടിക്കുന്ന ഹെൽതി ഡ്രിങ്ക്, പുഴുങ്ങിയ മുട്ട’: ശ്രുതി രജനീകാന്ത് വണ്ണം കൂട്ടാൻ ചെയ്യുന്നത്

Sruthy Sreekumar

Sub Editor, Manorama Arogyam

rfrt45t54y

പ്രേക്ഷകരുെട സ്വന്തം പൈങ്കിളിയാണ് ശ്രുതി രജനികാന്ത്. അഭിനയത്തിൽ കൃത്രിമത്വം ഇല്ലാത്തതാണ് ശ്രുതിയെ പ്രേക്ഷകരുെട പ്രിയങ്കരിയാക്കിയത്.. ശ്രുതി തന്റെ ഡയറ്റിനെ കുറിച്ചും ഭക്ഷണങ്ങളിലെ ഇഷ്ടങ്ങളെ കുറിച്ചും സംസാരിക്കുന്നു...

അഭിനയജീവിതം തുടങ്ങിയശേഷമാണ് ജീവിതശൈലിയിലും ശ്രദ്ധിക്കാൻ തുടങ്ങിയത്. ഞാൻ നല്ല മെലിഞ്ഞിട്ടാണല്ലോ. പിജിക്കു പഠിക്കുന്ന കാലത്ത് ശരീരഭാരം വർധിപ്പിക്കാൻ ഇടയ്ക്കു വ്യായാമമൊക്കെ ചെയ്തിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കൊക്കെ ആയപ്പോൾ അതു നിന്നു.

എന്റെ ശരീരത്തിനും ജങ്ക് ഫൂഡൊന്നും പറ്റില്ല. വയറൊക്കെ കേടാകും. ഷൂട്ടിങ്ങിനിെട പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ച് ആകെ പ്രശ്നമായി, ആരോഗ്യത്തെ വരെ ബാധിച്ചു. ഇടയ്ക്കു ആശുപത്രിയിൽ കിടക്കേണ്ടിവന്നു. ആ സമയം കൊണ്ട് എന്റെ 10 കിലോ കുറഞ്ഞു. അതിനുശേഷം ഇപ്പോൾ അമ്മ കൂടെ വന്നു നിന്നു ഭക്ഷണം പാകം െചയ്തു തരുകയാണ്. മാത്രമല്ല കുറഞ്ഞ ശരീരഭാരം തിരിച്ചുപിടിക്കാൻ ഡയറ്റും പിന്തുടരുന്നുണ്ട്.

ദിവസം ഒരു മണിക്കൂറെങ്കിലും നടക്കും. പുറത്തുനിന്നുള്ള ഭക്ഷണവും ഒരുപാട് നോൺവെജ് വിഭവങ്ങളും ഒഴിവാക്കി. രാവിലെ ഒരു ഡ്രിങ്ക്. പാൽപൊടിയിൽ കലക്കിയാണ് കുടിക്കുന്നത്. ദിവസവും ഒരു പുഴുങ്ങിയ മുട്ട കഴിക്കും. വീട്ടിൽ തന്നെ തയാറാക്കുന്ന പ്രഭാതഭക്ഷണവും ഉച്ചയൂണും. കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കും. പണ്ട് ഭക്ഷണം കഴിക്കുന്ന സമയത്തിൽ വലിയ നിഷ്ഠയൊന്നും ഇല്ലായിരുന്നു.

ഇടനേരത്ത് പഴങ്ങളോ ഡ്രൈ ഫ്രൂട്സോ കഴിക്കും. അത്താഴത്തിനു ചോറ് കഴിക്കില്ല. രാവിലത്തെ പലഹാരമായിരിക്കും മിക്കവാറും. നോൺ വെജിനോട് വലിയ താൽപര്യമില്ല. പച്ചക്കറികളാണ് കൂടുതലും ഇഷ്ടം. ഇടയ്ക്കു ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ കഴിക്കും, വേണ്ടെന്നു വയ്ക്കാറില്ല.

സ്രാവ് പോലുള്ള വലിയ മീനുകൾ എനിക്കു അലർജി ആണ്. ഒരു തവണ ഭക്ഷണ അലർജി വന്നു ആശുപത്രിയിൽ ആയിട്ടുണ്ട്. അതിനുശേഷം അലർജിയുള്ള വിഭവങ്ങൾ ഒഴിവാക്കി. നല്ല ആഹാരമാണ് നല്ല ആരോഗ്യത്തിന്റെ അടിത്തറ എന്നാണ് എന്റെ വിശ്വാസം.

Tags:
  • Manorama Arogyam
  • Diet Tips