കോയമ്പത്തൂരിലെ വടവള്ളിയിൽ നിന്നു സഹ്യന്റെ താഴ്‌വരയായ അട്ടപ്പാടിയിലേക്കാണു ഡോക്ടർ നാരായണന്റെ പതിവു യാത്രകൾ. ഗോത്രസംസ്കൃതിയുടെ സ്മൃതികൾ ഉറങ്ങുന്ന മണ്ണും ചുരമിറങ്ങിയെത്തുന്ന കാറ്റും ഭവാനിപ്പുഴയുടെ കുളിരും പച്ചപ്പിന്റെ നിബിഢതയും മല്ലീശ്വരൻ മുടിയുമൊക്കെ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് അടർത്തി മാറ്റാനാകാത്ത സ്നേഹചിഹ്നങ്ങളായതിനു പിന്നിലൊരു കഥയുണ്ട്. വൈദ്യസഹായം ദുർലഭമായ ആദിവാസി ജനതയ്ക്കു വേണ്ടി തന്റെ ജീവിതം മാറ്റി വയ്ക്കുകയും അവർക്കായി ഒരു ആതുരാലയം തന്നെ ഒരുക്കുകയും ചെയ്ത കഥ. ജൂലൈ ഒന്ന് ദേശീയ ഡോക്ടർ ദിനമായി ആചരിക്കുമ്പോൾ ലാളിത്യമാർന്ന ചുവടുകളോടെ ഗോത്രജനതയുടെ ഹൃദയങ്ങളിലേക്കു നടന്ന ഡോക്ടറുടെ ജീവിതയാത്ര അറിയാം
അനന്തപുരിയിൽ നിന്ന് അട്ടപ്പാടിയിലേക്ക്
തിരുവനന്തപുരം നീറമൺകര സ്വദേശിയായ ഡോ. വി. നാരായണൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നു ബിരുദവും ഡിസിഎച്ചും (ഡിപ്ലോമ ഇൻ ചൈൽഡ് ഹെൽത്) പൂർത്തിയാക്കി. പഠനം കഴിഞ്ഞയുടനെ 2002 മുതൽ അട്ടപ്പാടിയിൽ സേവനം ആരംഭിച്ചു. ‘‘ ഭാരതീയവിചാരകേന്ദ്രവുമായി ചേർന്നു പ്രവർത്തിച്ചത് എന്റെ ജീവിതത്തെ സ്വാധീനിച്ചിരുന്നു. പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനു നാം മുന്നിട്ടിറങ്ങണം. നാം തന്നെ മാതൃകയാകണം എന്ന വിവേകാനന്ദസ്വാമിയുടെ വാക്കുകൾ പ്രചോദനമായി. ഈശ്വര പൂജ ചെയ്യാൻ ഉപയോഗിക്കുന്നതു വാടാത്ത പൂക്കളാണ്. ആരോഗ്യമുള്ള യൗവനകാലമാണ് സേവനത്തിന് ഉചിതം ’’ – ഡോ.നാരായണൻ പറയുന്നു. അതു കൊണ്ടു തന്നെ മെഡിസിൻ പഠനം കഴിയുമ്പോൾ വൈദ്യസഹായം ദുർലഭമായ ഒരു ഇടത്ത് ഒരു ജനതയ്ക്കു സഹായമേകണം എന്ന് അദ്ദേഹം ആഗ്രഹിച്ചു.
അഗളിയിലൊരു ആതുരാലയം
ഡോ. നാരായണൻ അഗളിയിൽ എത്തിയതിനു ശേഷം ഒാരോ ദിവസവും ഒാരോ ഉൗരുകളിൽ പോയിത്തുടങ്ങി.അവരുടെ.ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ജീവിത സൗകര്യങ്ങളെക്കുറിച്ചും സംസാരിച്ചു. ആദ്യ ഒരു വർഷക്കാലം അട്ടപ്പാടിയിൽ അങ്ങനെ ചെലവഴിച്ചു. 2004–ൽ സമാന മനസ്കരുടെ സഹായത്തോടെ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ട്രസ്‌റ്റിനു രൂപം കൊടുത്തു. അട്ടപ്പാടിയുടെ പല ഭാഗങ്ങളിലായി മെഡിക്കൽ ക്യാംപുകളും നടത്തി. തുടർന്നു മെഡിക്കൽ ക്യാംപിൽ നിന്ന് ഒപിയിലേക്കു വഴിമാറി. പഴയൊരു കെട്ടിടത്തിലാണ് ഒപി തുടങ്ങിയത്. ക്രമേണ ദിവസം മുഴുവൻ ആളുകൾ ഒപിയിൽ എത്തുന്ന സ്ഥിതിയായി. അപ്പോൾ പഴയ കെട്ടിടം പൊളിച്ച് ഒരു ആശുപത്രി നിർമിച്ചു.അങ്ങനെ 2006–ൽ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ജനിച്ചു. അത് അട്ടപ്പാടിയിൽ പേരെടുത്ത ഒരു ആശുപത്രി ആയി മാറി. ഉൗരുകളിലെ എല്ലാവരും ആശുപത്രിയിൽ പോകാൻ മടിയുള്ളവരല്ല. എന്നാൽ ഗുരുതരരോഗമുള്ളവർ അതു നിസ്സാരവൽക്കരിച്ചു വീട്ടിലിരിക്കുന്ന പ്രവണത പൊതുവെ ഉണ്ട്. ഗുരുതരരോഗങ്ങൾ ജീവനു ഹാനി വരുത്തുമെന്നും പകർച്ചവ്യാധികൾ പകരുമെന്നും അവർക്കറിയില്ല. അവിടെ സാമൂഹിക ഇടപെടലിലൂടെ ഡോക്ടർ ബോധവൽക്കരണത്തിനു ശ്രമിച്ചു. ഒാരോ ഉൗരിൽ നിന്നും ഗ്രാമീണ ആരോഗ്യ പ്രവർത്തകനെയോ പ്രവർത്തകയെയോ കണ്ടെത്തി പരിശീലനം നൽകി.

ഇന്ന് 130 ഒാളം ഉൗരുകളിൽ വോളന്റിയർമാർ പ്രവർത്തിക്കുന്നുണ്ട്. ഗർഭകാലത്തെ ആശുപത്രി സന്ദർശനവും അപകടങ്ങളുണ്ടാകുമ്പോൾ ചികിത്സയുടെ അനിവാര്യതയും അവർ ഒാർമിപ്പിക്കുന്നു. പ്രതിഫലം വാങ്ങാതെയുള്ള സന്നദ്ധ സേവനമാണിവരുടേത്. ഒപി തുടങ്ങിയ കാലത്തും ആശുപത്രിയുടെ ആരംഭഘട്ടത്തിലും ഡോ. നാരായണൻ മാത്രമേ ഡോക്ടർ ആയി ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അഞ്ചു സ്പെഷലിസ്‌റ്റുകളും ഡ്യൂട്ടി ഡോക്ടർമാരും ഉൾപ്പെടെ 12 ഡോക്ടർമാർ ഇവിടെയുണ്ട്. പകലും രാത്രിയും സേവനം നൽകുന്നു. ഡോ. നാരായണൻ പീഡിയാട്രിക്സ് വിഭാഗത്തിലാണ്. ആശുപത്രിയുടെ ആദ്യഘട്ടത്തിൽ മൂന്നു വർഷത്തോളം ഭാര്യ ഡോ. ലളിതയും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ഡോ. ലളിത കോയമ്പത്തൂരിലെ പിഎസ്ജി മെഡിക്കൽ കോളജിൽ ഫീറ്റൽ മെഡിസിൻ വിഭാഗം പ്രഫസറാണ്. രണ്ട് മക്കൾ. മുംബൈ െഎെഎടി യിൽ ഒന്നാം വർഷ വിദ്യാർഥി ശ്രീറാമും ഒൻപതാം ക്ലാസ് വിദ്യാർഥി മഹേശ്വരനും.
‘പത്തു രൂപ ഡോക്ടർ’
വിവേകാനന്ദ ഹോസ്പിറ്റൽ ആരംഭിച്ച കാലം മുതൽ ആദിവാസി ജനതയ്ക്കു പത്തു രൂപ മാത്രമാണ് ഒപി ചാർജ്. എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രിയിൽ മറ്റു ചികിത്സകളെല്ലാം സൗജന്യമാണ്. ‘‘പണം നൽകിയാണു ചികിത്സ തേടിയതെന്ന അഭിമാന ബോധം ഗോത്രജനതയിൽ നിലനിൽക്കാൻ വേണ്ടിയാണ് ഒപി ചാർജ് ആയി പത്തു രൂപ വാങ്ങുന്നത്. അങ്ങനെ ഉൗരുകളിൽ ഈ ആശുപത്രി പത്തു രൂപാ ആശുപത്രി ആയി. ഞാൻ പത്തു രൂപാ ഡോക്ടറും ’’ – ഡോ. നാരായണൻ പറയുന്നു.
കുട്ടികളുടെ ആരോഗ്യം
ഡോ. നാരായണൻ അട്ടപ്പാടിയിൽ വന്ന സമയത്തു പോഷകാഹാരക്കുറവു ഗുരുതരമായി കുട്ടികൾ നടക്കാനാകാത്ത സ്ഥിതിയിലെത്തിയിരുന്നു. ഇന്ന് അതെല്ലാം മാറി. അദ്ദേഹം വന്നതിനു ശേഷം പത്തു വർഷത്തോളം അട്ടപ്പാടിയിൽ കുട്ടികളുടെ ചികിത്സയ്ക്കായി മറ്റു ഡോക്ടർമാർ ഉണ്ടായിരുന്നില്ല. ഉൗരുകളിൽ എത്തുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തതു കൊണ്ടാകാം രോഗലക്ഷണങ്ങളൊക്കെ കാണുമ്പോൾ ഡോക്ടറെ കാണിക്കണം എന്ന ചിന്ത ആദിവാസി ജനതയിൽ വളർന്നു. കുട്ടികളുടെ രോഗമാണെങ്കിലും ഇവിടെ വന്നു ഡോക്ടറെ കണ്ടാൽ രോഗം മാറും എന്ന വിശ്വാസവും ദൃഢമായി. ഒട്ടേറെ കുട്ടികൾക്കു പെട്ടെന്നു ചികിത്സ നൽകാനും സാധിച്ചു. അല്ലാത്ത പക്ഷം റഫർ ചെയ്യപ്പെട്ടു സമയം നഷ്ടമാകുമായിരുന്നു. കുട്ടികളുടെ മരണം അട്ടപ്പാടിയിൽ പൊതുവെ കൂടുതലാകുന്നതിനു കാരണം പലപ്പോഴും സമയത്തു ഡോക്ടറുടെ അടുത്ത് എത്താൻ സാധിക്കാത്തതായിരുന്നു.

മനസ്സിന്റെ സൗഖ്യത്തിനും
കമ്യൂണിറ്റി ലെവൽ പ്രോജക്‌റ്റുകളിൽ മെന്റൽ ഹെൽത് പ്രോജക്‌റ്റും ഉണ്ട്. അത് 2009 മുതൽ നടന്നു വരുന്നു. വിവേകാനന്ദയിൽ സൈക്യാട്രിസ്‌റ്റ് വരുന്നതിനു മുൻപേ തന്നെ മനോരോഗചികിത്സയും നൽകിയിരുന്നു. ആദ്യം തൃശൂർ മെഡി.കോളജിന്റെ സഹായത്തോടെയാണു ചികിത്സ തുടങ്ങിയത്. കൊച്ചി അടിസ്ഥാനമായുള്ള മെഹാക് എന്ന ഫൗണ്ടേഷന്റെ സ്ഥാപകയായ ഡോ. ചിത്രാ വെങ്കിടേശ്വരനും മാസത്തിലൊരിക്കൽ വന്നിരുന്നു. മാനസികപ്രശ്നമുള്ള നൂറിലേറെ രോഗികൾ ചികിത്സയുടെ ഭാഗമായി സാധാരണ ജീവിതത്തിലേക്കു മടങ്ങി. അവർ ജോലിക്കു പോവുകയും കുടുംബം പുലർത്തുകയും ചെയ്യുന്നുണ്ട്. 16 വർഷമായി ഈ മാനസികാരോഗ്യപദ്ധതി തുടരുകയാണ്.
കൗമാരക്കാരികളുടെ ആരോഗ്യത്തിനായും കമ്യൂണിറ്റി പ്രോജക്‌റ്റ് ഉണ്ട്. വിവേകാനന്ദ ആശുപത്രി ഒരു പിയർ ഗ്രൂപ്പു പോലെ പ്രവർത്തിക്കുകയാണ്. പോഷകാഹാരലഭ്യത, പ്രായപൂർത്തിയാകുന്നതിനു മുൻപേയുള്ള ലൈംഗികത തടയുക, ആർത്തവശുചിത്വം, മാനസികാരോഗ്യം, വിഷാദം, ആത്മഹത്യാപ്രവണത തുടങ്ങി കൗമാരത്തിന്റെ ആരോഗ്യപ്രശ്നങ്ങളിലെല്ലാം ഇടപെടുന്നു. അതുവഴി ഇത്തരം കാര്യങ്ങളെക്കുറിച്ച് ഈ ജനത മനസ്സു തുറക്കാനും തുടങ്ങി. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള ഒരു പ്രോജക്‌റ്റ് ഇപ്പോൾ നിലവിലുണ്ട്. ഈ കുട്ടികളെ വീട്ടിൽ പോയി കാണുന്നു. വളർച്ചക്കുറവ്, വളർച്ചാനാഴികക്കല്ലുകളിലെതാമസം ബുദ്ധിവികാസക്കുറവ് ഇത്തരം പ്രശ്നങ്ങളിലെല്ലാം ഇടപെടുന്നു.
ഗർഭകാല പരിചരണം
നവജാത ശിശു മരണം തടയുന്നതിനായി ഒരു മെറ്റേണിറ്റി കെയർ പ്രോഗ്രാം ഇവിടെ നടക്കുന്നുണ്ട്.ഗ്രാമീണതലത്തിൽ സ്ത്രീകളെ മോണിറ്റർ ചെയ്യുന്ന നഴ്സുമാരെ രൂപപ്പെടുത്തുകയാണിവിടെ. ജെപിഎച്ചും ആശാപ്രവർത്തകരും ചെയ്യുന്ന ജോലി തന്നെയാണ് ഇത്. കുറച്ചു കൂടി കൂടുതൽ തവണ ഈ ഗർഭിണികളെ കാണുകയും രക്തസമ്മർദം പരിശോധിക്കുകയും ആശുപത്രിയിൽ പോകുന്ന കാര്യം ഒാർമിപ്പിക്കുകയുമൊക്കെയാണ് ഈ നഴ്സുമാരുടെ ദൗത്യം. ഗർഭിണികളായ എല്ലാ ട്രൈബൽ അമ്മമാരെയും വീട്ടിൽ ചെന്നു പരിചരിക്കുന്ന സംവിധാനവും ഉണ്ട്. പ്രസവത്തിന് ആശുപത്രിയിൽ പോകേണ്ട ഘട്ടത്തിൽ വൈകിയാൽ സങ്കീർണതകളുണ്ടാകാം. അത്തരം ഘട്ടങ്ങളിൽ ഈ നഴ്സുമാരും സോഷ്യൽ വർക്കറും ഇടപെടും. പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള സഹായം ചെയ്യും. ബാഗ് തയാറാക്കാനും വേദന വരുമ്പോൾ ആശുപത്രിയിലെത്താനും സഹായിക്കും. ഫ്ലൂയിഡ് പൊട്ടിപ്പോയിട്ടുണ്ടാകും, രക്തസ്രാവം ഉണ്ടാകും. അവരെ ആശുപത്രിയിലേക്കു കൊണ്ടു വരും. പത്തു വർഷത്തോളമായി വീട്ടിലെ പ്രസവം വിരളമാണ്. നവജാതശിശുമരണവും കഴിഞ്ഞ രണ്ടു വർഷത്തോളമായി കുറഞ്ഞിട്ടുണ്ട്. ആദിവാസി ജനതയുടെ ഉപജീവനത്തിനായി കൃഷി മെച്ചപ്പെടുത്തുന്നതിനും ഡോക്ടറുടെ നേതൃത്വത്തിൽ സഹായം നൽകുന്നുണ്ട്. നബാർഡിന്റെ സഹായത്തോടെ നാലഞ്ച് ഉൗരുകളിൽ ഔഷധസസ്യക്കൃഷിക്കു സഹായിക്കുന്നു. തൈകൾ കൊടുക്കുകയും സാങ്കേതിക പരിശീലനം നൽകുകയും ചെയ്യുന്നതിനു പുറമെ വിൽക്കുന്നതിനുള്ള ക്രമീകരണവും ചെയ്യുന്നുണ്ട്.
ആ സന്തോഷമാണെന്റെ പ്രതിഫലം
‘‘ഒപിയിലെത്തുന്ന നൂറു രോഗികളിൽ ഏഴുപതുപേരും ആദിവാസികളാണ്. ഏറെ ഇഷ്ടത്തോടെയാണ് അവർ വരുന്നത്. തങ്ങൾക്കു പ്രാധാന്യമുള്ള ഒരിടമാണെന്ന തോന്നലും അവർക്കുണ്ട്. ’’ – ഡോ. നാരായണൻ പറയുന്നു. എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നതെന്നും ജീവിതം കളയുന്നതെന്നുമുള്ള ചോദ്യം ഇവിടെ ജോലി ചെയ്യാൻ തീരുമാനിച്ച കാലം മുതൽ ഡോ. നാരായണൻ നേരിടുകയാണ്.
‘‘അത്തരം ചോദ്യങ്ങളിലൊന്നും ഞാൻ പശ്ചാത്തപിച്ചിട്ടില്ല. ഈ സേവനം ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ്. ആഗ്രഹിച്ച കാര്യം ചെയ്യാൻ സാധിക്കുന്നതിന്റെ ചാരിതാർഥ്യവും ഉണ്ട്. ഒരുപാടു രോഗികളുടെ ജീവൻ രക്ഷിക്കാനും ജീവിതത്തിൽ ഇടപെടാനും സാധിച്ചു. ഇവരെ ചികിത്സിക്കുമ്പോഴുള്ള പ്രതിഫലം മനസ്സു നിറയുന്ന സന്തോഷമാണ്. സാമ്പത്തിക പ്രശ്നങ്ങളും പ്രതിസന്ധികളുമൊക്കെയുണ്ട്. ഒരുപാടു ഡോക്ടർമാരും സ്റ്റാഫും ഉൾപ്പെടുന്ന ഒരു ഹോസ്പിറ്റൽ മുൻപോട്ടു കൊണ്ടുപോകുമ്പോൾ സൗജന്യചികിത്സ ഒരു വെല്ലുവിളിയാണല്ലോ ’’ –
ഡോ. നാരായണൻ പറഞ്ഞു നിർത്തുന്നു.
കൃതജ്ഞതാനിർഭരമായ ജീവിതയാത്രയാണു ഡോ.നാരായണന്റേത്. സുഗതകുമാരി ടീച്ചറുടെ കവിത പോലെ വഴിയിലെ കൊച്ചുകാട്ടുപൂവിനും മുകളിലെ കിളിപ്പാട്ടിനും നന്ദി പറയുന്നു ഡോക്ടർ. ഉയിരിനെ സാന്ദ്രമാക്കുന്ന അലിവു തന്നിൽ പകർന്നേകിയ കാലത്തിനു മുൻപിൽ അദ്ദേഹം നമ്രശിരസ്കനാകുന്നു....