വലിയ കാര്യങ്ങൾ ചെയ്താലും അതിന്റെ വലുപ്പം ഭാവിക്കാതെ ചെറിയൊരു ചിരിയിൽ എല്ലാം ഒതുക്കുന്നവരുടേതല്ല ഇന്നത്തെ ലോകം. പക്ഷേ, സ്പെഷലിസ്റ്റ് ഹോസ്പിറ്റലിലെ ഡോ. ആർ. ജയകുമാറിനെ പോലെ, അത്തരത്തിലുള്ള അപൂർവം ചിലയാളുകൾ ഇന്നും നമുക്കിടയിലുണ്ട്. കയ്യും കാലുമൊക്കെ അറ്റുപോയ അപകടങ്ങളിൽ സർജറിയിലെ അവസാനവാക്കാണു ഡോ. ജയകുമാർ. അത്യപൂർവമായ ശസ്ത്രക്രിയകളിൽ, പ്രത്യേകിച്ച് അതിസൂക്ഷ്മ രക്തക്കുഴലുകളെ കൂട്ടിയോജിപ്പിച്ചുള്ള മൈക്രോവാസ്കുലർ സർജറിയിൽ അഗ്രഗണ്യൻ. അറ്റുപോയ അവയവം ഡോ. ജയകുമാറിന്റെ അടുത്തെത്തിച്ചാൽ അദ്ദേഹം അതു കൂട്ടിച്ചേർത്ത് എങ്ങനെയെങ്കിലും ചലനശേഷി ലഭ്യമാക്കുമെന്ന ഒരു വിശ്വാസം തന്നെ ആളുകൾക്കുണ്ട്.
മൈക്രോസർജറിയെ കുറിച്ചു കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത കാലത്താണ് ലോകോത്തര നിലവാരമുള്ള തായ്‌വാനിലെ ചങ് ഗങ് മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും പഠനം പൂർത്തിയാക്കി ഡോക്ടർ കൊച്ചിയിലെത്തുന്നത്. വിദേശത്തു നിന്നുമുള്ള മികച്ച അവസരങ്ങൾ ഒക്കെ വേണ്ടെന്നുവച്ചു കേരളത്തിൽ വന്ന് ഏറെ പരിമിതമായ സാഹചര്യത്തിൽ, ഏറ്റം ലളിതമായ ടെക്നോളജിക്കൽ സൗകര്യങ്ങൾ ഉപയോഗിച്ച്, കുറഞ്ഞ ചെലവിൽ സർജറി ചെയ്യുന്ന ഒരു മൈക്രോവാസ്കുലർ യൂണിറ്റു വികസിപ്പിച്ചെടുക്കുകയാണു ഡോ. ജയകുമാർ ചെയ്തത്.
കേരളത്തിൽ ആദ്യമായി വിരൽ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ, ആദ്യമായി ശിരോചർമം വച്ചുപിടിപ്പിച്ച സർജറി (Scalp reconstruction) എന്നിങ്ങനെ ഒട്ടേറെ ഒന്നാംനിര നേട്ടങ്ങൾ.. ബെൽജിയത്തിൽ നിന്നും കോസ്മറ്റിക് സർജറിയിൽ ഫെലോഷിപ് പൂർത്തിയാക്കിയ അദ്ദേഹം മൈക്രോവാസ്കുലർ-കോസ്മറ്റിക് സർജറികളിൽ ഒരേപോലെ മികവു പുലർത്തുന്ന അപൂർവം ഡോക്ടർമാരിൽ ഒരാളാണ്. തന്റെ രണ്ടു ദശകത്തിലധികം നീളുന്ന അനുഭവങ്ങളെക്കുറിച്ച് ഡോ. ജയകുമാർ സംസാരിക്കുന്നു.
സ്വപ്നം തേടി തയ്‌വാനിലേക്ക്
‘‘മൈക്രോവാസ്കുലർ സർജറി പഠനം എന്റെ സ്വപ്നമായിരുന്നു. അതിനു ചങ് ഗങ് മെമ്മോറിയൽ ഹോസ്പിറ്റൽ തന്നെ തിരഞ്ഞെടുക്കാൻ കാരണമുണ്ട്. അമേരിക്കയിലെ പിആർഎസ് ജേണൽ എന്ന പ്രശസ്തമായ പ്ലാസ്റ്റിക് സർജറി ജേണലിൽ വന്നിരുന്ന പ്രധാന ലേഖനങ്ങളെല്ലാം ഈ സെന്ററിൽ നിന്നുള്ളതായിരുന്നു. .പ്രശസ്ത പ്ലാസ്റ്റിക് & റീ കൺസ്ട്രക്ടീവ് സർജൻ ഫൂ ചാൻ വി (Fu-Chan-Wei) യുടെ കീഴിലായിരുന്നു ഫെലോഷിപ്. അദ്ദേഹത്തിന്റെ കീഴിൽ ഫെലോഷിപ് ചെയ്യുക എന്നതുതന്നെ അസൂയാവഹമായ നേട്ടമായിട്ടാണ് അന്നു കരുതിയിരുന്നത്.
അന്നു കോട്ടയം മെഡിക്കൽ കോളജിൽ ജോലി ചെയ്യുകയാണ് ഞാൻ. അവധിയെടുത്തു ഫെലോഷിപ്പിനു പോകാൻ നൂറായിരം തടസ്സങ്ങൾ വന്നതോടെ ജോലി രാജിവച്ചു. അന്ന് ഇന്ത്യയും തയ്‌വാനുമായി നയതന്ത്രബന്ധം ഇല്ല. അതുകൊണ്ട് മലേഷ്യയ്ക്കു പോയി അവിടെ മൂന്നാഴ്ച തങ്ങിയിട്ടാണ് തയ്‌വാനിലേക്കു പോകുന്നത്. കൊടും തണുപ്പിലേക്കാണു ചെന്നിറങ്ങിയത്. കയ്യിൽ ഒരു ജാക്കറ്റു പോലുമില്ല. കേരളത്തിലെ പോലെ തന്നെയാണു തയ്‌വാനിലെ കാലാവസ്ഥയുമെന്ന് ഒരു സുഹൃത്തു പറഞ്ഞതു വിശ്വസിച്ചു പോയതാണ്. കൂടുതൽ തിരയാൻ അന്നു സംവിധാനമില്ല. ആശുപത്രിയിൽ നിന്നും കൂട്ടാൻ വന്ന ഡോക്ടർ സ്വന്തം ജാക്കറ്റ് ഊരിത്തന്നതുകൊണ്ടു തണുപ്പിൽ നിന്നും രക്ഷപെട്ടു. ’’
കപ്പ് നൂഡിൽസും ടെന്നീസും
ജാക്കറ്റില്ലാത്ത യാത്ര തുടക്കം മാത്രമായിരുന്നു. പല തടസ്സങ്ങൾ കൊണ്ടു പ്രവേശനം വൈകിയതുകൊണ്ട് സ്ൈറ്റപെൻഡ് റദ്ദായിപ്പോയി. ജീവിതചെലവാണെങ്കിൽ വളരെ കൂടുതലും. അന്ന് ദിവസം ഒരു നേരം മാത്രമായിരുന്നു ഭക്ഷണം. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാനാകാതെ മൂന്നു നേരം കപ്പ് നൂഡിൽസ് കഴിച്ച ദിവസങ്ങളുണ്ട്. ഭാഷയും കടുപ്പമായിരുന്നു. ആശുപത്രിയിലൊഴിച്ച് ബാക്കിയൊരിടത്തും ഇംഗ്ലിഷ് പ്രയോജനപ്പെടില്ല.
‘‘ഒരു മാസം കടുത്ത ഹോം സിക്നസ്സിലൂടെ കടന്നുപോയി. അതുകഴിഞ്ഞപ്പോൾ തീരുമാനിച്ചുÐഒന്നുകിൽ സന്തോഷമായി ജീവിക്കണം. അല്ലെങ്കിൽ തിരിച്ചുപോയേക്കാം. ഒടുവിൽ ടെന്നീസ് കളിയാണു തുണച്ചത്. അവിടെ കളിക്കാൻ അവസരങ്ങളുണ്ടായി...കൂട്ടുകാരെ കിട്ടി. തയ്‌വാനിൽ പിടിച്ചുനിൽക്കുവാൻ കളിയും അതിലൂടെ ലഭിച്ച സൗഹൃദങ്ങളും ഒരുപാടു സഹായിച്ചു.
‘തനിനാടൻ’ തുടക്കം
പഠനശേഷം കേരളത്തിലെത്തി സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ ജോലിയാരംഭിച്ചു. എല്ലാം ഒന്നിൽ നിന്നും തുടങ്ങണമായിരുന്നു. വിദേശത്തുനിന്നു മൈക്രോസ്കോപ് വാങ്ങാൻ വലിയ ചെലവു വരും. അതുകൊണ്ടു ചെന്നൈയിൽ (അന്നത്തെ മദ്രാസ്) പോയി അവിടെ നിന്ന് ഒരു വ്യാവസായിക ഉപയോഗത്തിനുള്ള മൈക്രോസ്കോപ് ഫാബ്രിക്കേറ്റ് ചെയ്തെടുത്തതാണ് ആദ്യമൊക്കെ സർജറിക്ക് ഉപയോഗിച്ചിരുന്നത്. നാടൻ മൈക്രോസ്കോപ് വച്ചും സർജറി ചെയ്യാം, പക്ഷേ, എടുക്കേണ്ടി വരുന്ന സ്ട്രെയിൻ ഭയങ്കരമാണ്. ’’ തുടക്കമായതുകൊണ്ട് കൂടുതൽ അധ്വാനം വേണ്ടിയിരുന്നുവെന്ന് ഡോക്ടർ ഒാർമിക്കുന്നു. കൂടെയുള്ള എല്ലാവർക്കും, പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ ട്രെയിനിങ് നൽകണം. അന്നൊക്കെ 12 മണിക്കൂർ നീണ്ട ശസ്ത്രക്രിയ കഴിഞ്ഞിട്ട് ഡോക്ടർ രോഗിയുടെ അടുത്തുള്ള കട്ടിലിൽ കയറിക്കിടക്കും, ഒന്നു മയങ്ങാൻ. വീട്ടിൽ പോക്കൊന്നുമില്ല. ഭാര്യ മിനി ഇടയ്ക്ക് മക്കളെ ആശുപത്രിയിൽ കൊണ്ടുവരുമായിരുന്നുÐഅച്ഛനെ കാണിക്കാൻ!’’
ജയരാജൻ മുതൽ ജോസഫ് വരെ
1990 കളിൽ മൈക്രോവാസ്കുലർ യൂണിറ്റ് സ്ഥാപിച്ച ശേഷം അപൂർവങ്ങളായ ഒട്ടേറെ ശസ്ത്രക്രിയകൾക്കു നേതൃത്വം കൊടുക്കാനായെന്നു ഡോക്ടർ പറയുന്നു.
‘‘ഒരിക്കൽ 1-2 മാസം പ്രായമുള്ള കുഞ്ഞിന്റെ കൈ അറ്റ നിലയിൽ കൊണ്ടുവന്നു. ഒാട്ടോറിക്ഷയിൽ വാക്സീനെടുക്കാൻ പോയപ്പോൾ സംഭവിച്ചതാണ്. ലോകത്തൊരിടത്തും നവജാതശിശുവിൽ കൈ തിരിച്ചുപിടിപ്പിച്ച ചരിത്രമില്ല. സർജറിയുടെ അപകടസാധ്യതകളെ കുറിച്ചു പറഞ്ഞപ്പോൾ കുഞ്ഞിന്റെ അച്ഛൻ സർജറി വേണ്ട എന്നു പറഞ്ഞു. പക്ഷേ, മുത്തച്ഛൻ സർജറിക്കു സമ്മതിച്ചു. ഭാഗ്യവശാൽ സർജറി വിജയകരമായി പൂർത്തിയാക്കാനായി. ഇപ്പോഴവൻ മിടുക്കനായി ജീവിക്കുന്നു.
1999 ൽ കേരളത്തിൽ വന്നു പ്രാക്ടീസ് തുടങ്ങിയ സമയത്ത്, ഒാണത്തിന്റെ അന്നു രാത്രിയാണു സിപിഎം നേതാവ് പി. ജയരാജനെ വെട്ടേറ്റു കൊണ്ടുവരുന്നത്. കണ്ണൂരിൽ നിന്നും 300 കിലോമീറ്റർ ദൂരം അക്ഷരാർഥത്തിൽ പറന്നെത്തിക്കുകയായിരുന്നു. കൈ തിരിച്ചുപിടിപ്പിക്കാൻ നേരം രണ്ടു കാര്യങ്ങളേ അദ്ദേഹം ആവശ്യപ്പെട്ടുള്ളൂ. ഒന്ന്, ഒപ്പിടാൻ പറ്റണം. രണ്ട്, ഇങ്ക്വിലാബ് വിളിക്കാൻ സാധിക്കണം. സങ്കീർണമായ ആ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത് 13 മണിക്കൂർ കൊണ്ടാണ്.

തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ജോസഫ് മാഷിനെ വലതു കൈക്കു വെട്ടേറ്റു കൊണ്ടുവരുന്നത് ഒരു ഞായറാഴ്ച ആയിരുന്നു. ആശുപത്രിയിൽ നിന്നു ഫോൺ വന്നപ്പോൾ ഞാൻ ടെന്നിസ് കളിക്കുകയാണ്. സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ എന്റെ ഒപ്പം 10–12 വർഷമായി ജോലി ചെയ്യുന്ന കുറേ ഡോക്ടർമാരുണ്ട്. അങ്ങനെയൊരു മികച്ച ടീം ഉള്ളതുകൊണ്ട് അത്യാവശ്യഘട്ടങ്ങളിലേ ഞാൻ പോകാറുള്ളൂ. അതുകൊണ്ടുതന്നെ ഡോ. ആശ വിളിച്ച് ഒരു ആംപ്യൂട്ടേഷൻ വന്നിട്ടുണ്ട് എന്നു പറഞ്ഞപ്പോൾ ‘അതിനു ഞാനെന്തിനു വരണം?’ എന്നാണു ഞാൻ ചോദിച്ചത്. സാറ് വന്നേ പറ്റൂ എന്നു ഡോക്ടർ നിർബന്ധിച്ചു. ആ നിർബന്ധത്തിനു കാരണമുണ്ടായിരുന്നു. ദേഹമാസകലം വെട്ടുകളോടെയാണു ജോസഫ് മാഷിനെ കൊണ്ടുവന്നിരുന്നത്. 16 കുപ്പിയോളം രക്തം കൊടുക്കേണ്ടിവന്നു. കൈപ്പത്തി വെട്ടിമാറ്റിയതു കൂടാതെ ആ കയ്യിൽ നിന്നും കുറച്ചുഭാഗം അസ്ഥിയും മാംസവും നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു.
കൈപ്പത്തി കൂട്ടിയോജിപ്പിക്കണമെങ്കിൽ ആദ്യം തുടയിൽ നിന്നോ മറ്റോ നഷ്ടമായ അസ്ഥിയും മാംസവും എടുത്തുവച്ചു വെട്ടേറ്റ കൈ പുനർനിർമിക്കണം, രക്തയോട്ടം ഉണ്ടാക്കണം. കൈപ്പത്തി കൂട്ടിച്ചേർക്കുന്നതിനേക്കാളും അപകടം പിടിച്ച സർജറിയാണത്. ജീവഹാനി വരെ സംഭവിക്കാം. ഈ റിസ്ക് എടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക പ്രയാസമായിരുന്നു. പക്ഷേ, റിസ്ക് എടുത്തില്ലെങ്കിൽ കൈ അവിടംവച്ചു മുറിച്ചുമാറ്റുകയേ നിവൃത്തിയുള്ളൂ. ഒടുവിൽ ആ റിസ്ക് എടുത്തു, വിജയകരമായി തന്നെ സർജറി പൂർത്തിയാക്കുകയും ചെയ്തു.
സർജറിയുടെ തീരാലഹരി
തുടക്കക്കാരനിൽ നിന്നു പരിചയസമ്പന്നനായ ഒരു മൈക്രോവാസ്കുലർ സർജനിലേക്കുള്ള പരിണാമത്തിൽ ആദ്യഘട്ടം സന്തോഷകരമാണ്. കാരണം ഒരു വിരൽ തുന്നിച്ചേർത്തു രക്തയോട്ടം പുനസ്ഥാപിക്കാനായാൽ പോലും നമ്മൾ അതിരറ്റ് ആഹ്ളാദിക്കും. പക്ഷേ, പതിയെ, ചെയ്യുന്ന എല്ലാ ശസ്ത്രക്രിയയും വിജയിക്കേണ്ടത് നമ്മുടെ ആവശ്യമാകും. എല്ലാ ക്രിക്കറ്റ് കളിയിലും സെഞ്ച്വറി അടിക്കണമെന്നു സച്ചിനു മേൽ സമ്മർദം വന്നാൽ എന്തു ചെയ്യും ? അങ്ങനെ വരുമ്പോൾ സന്തോഷമുണ്ടാകില്ല, ശരിയായില്ലെങ്കിലുള്ള വേദന മാത്രമേ അവശേഷിക്കൂ.
എത്രയൊക്കെ ശ്രമിച്ചാലും ദൈവം സൃഷ്ടിച്ച പൂർണതയോടെ ഒന്നും പുനർനിർമിക്കാനാകില്ല. പക്ഷേ, കാലിൽ നിന്നും ഒരു വിരലെടുത്തു കയ്യിൽ പിടിപ്പിക്കുമ്പോൾ കാലിന് അഭംഗി വരാതെ ചെയ്യാൻ ശ്രമിക്കണം. നാളെ എല്ലാവരെയും പോലെ വിരലൊക്കെ കാണുംവിധം ഭംഗിയുള്ള ചെരിപ്പു ധരിച്ചു നടക്കാൻ അയാൾക്കു കഴിയണം. പ്ലാസ്റ്റിക് സർജൻ മൈക്രോവാസ്കുലർ സർജറിയോടൊപ്പം കോസ്മറ്റിക് സർജറിയിലും പരിചയസമ്പന്നനായാൽ സൗന്ദര്യം ചോരാതെ തന്നെ കൂട്ടിച്ചേർക്കലുകൾ നടത്താനാകും എന്നാണ് എന്റെ വിശ്വാസം.
സംഗീതവും ടെന്നീസും
വെല്ലുവിളികളൊക്കെ മറികടന്നു സുദീർഘമായ ഒരു സർജറി പൂർത്തിയാക്കുമ്പോൾ കിട്ടുന്ന സംതൃപ്തിയും ലഹരിയും തന്നെയാണ് ഈ ജോലിയിൽ മുന്നോട്ടുപോകാൻ സഹായിക്കുന്നതും. രണ്ടു കയ്യും സർജറിയിൽ ഉപയോഗിക്കേണ്ടിവരും. അങ്ങനെ ഉപയോഗിച്ച് ഇപ്പോൾ ഇടതുകൈ കൊണ്ടുതന്നെ ചില ജോലികളൊക്കെ ചെയ്യാനാകും.
ടെന്നീസാണ് പ്രധാന റിലാക്സേഷൻ മാർഗം. എല്ലാ ദിവസവും ഒന്നര മണിക്കൂറോളം കളിക്കും. ആദ്യകാലങ്ങളിൽ സർജറിയുടെ തലേന്നു ടെന്നീസ് കളിക്കില്ല. കളിച്ചാൽ പിറ്റേന്നു സർജറിക്കു നിൽക്കുമ്പോൾ കൈക്കു ചെറിയ വിറയൽ വരുമായിരുന്നു. തലേന്ന് ഒപിയും വയ്ക്കില്ലായിരുന്നു.
ഇപ്പോൾ ഇതൊന്നും പ്രശ്നമല്ല. സർജറിയുടെ തലേന്നു ടെന്നീസും കളിക്കും, ഒപിയും വയ്ക്കും. കാരണം ജോലിയിൽ പരിചയസമ്പന്നായി പാകപ്പെടുമ്പോഴേക്കും എവിടെ എനർജി കളയണം, എവിടെ കളയേണ്ട എന്നു വ്യക്തമായ തിരിച്ചറിവു നമുക്കുണ്ടാകും.
ടെന്നീസ് പോലെ പ്രിയമാണ് സംഗീതവും. എന്നും പാട്ടു കേൾക്കും. സമയം കിട്ടുമ്പോഴോക്കെ വീട്ടിലിരുന്നു സിനിമ കാണും. ‘‘സിനിമകളിലൊക്കെ പ്ലാസ്റ്റിക് സർജറിയെ അദ്ഭുതകരമായ ടൂളായി അവതരിപ്പിച്ചു കാണാറുണ്ട്. മുഖം മാറ്റി വയ്ക്കുന്നതുപോലെ ചില കാര്യങ്ങൾ... അതൊന്നും സാധ്യമല്ല. കുറച്ചു മാറ്റങ്ങളൊക്കെ കൊണ്ടുവരാനായേക്കുമെന്നു മാത്രം.
അർബുദചികിത്സയിലും
ഇപ്പോൾ റീ കൺസ്ട്രക്ടീവ് സർജറി ഏറ്റവും ഉപകാരപ്പെടുന്നതു കാൻസർ സർജറികളിൽ, പ്രത്യേകിച്ച് ഹെഡ് ആൻഡ് നെക്ക് കാൻസർ സർജറികളിലാണ്. മികച്ചൊരു റീ കൺസ്ട്രക്ടീവ് സർജറി ടീമുണ്ടെങ്കിൽ കാൻസർ സർജനു ധൈര്യമായി രോഗബാധിതമായ ഭാഗങ്ങൾ മുറിച്ചുമാറ്റാം. കയ്യോ കാലോ ഒക്കെ മുറിച്ചുമാറ്റാതെ സംരക്ഷിക്കുന്ന കാര്യത്തിലും പ്രമേഹരോഗികളുടെ പാദങ്ങളിലെ രക്തയോട്ടം കുറയുന്ന അവസ്ഥയുടെ ആരംഭഘട്ടത്തിൽ പാദം നഷ്ടമാകാതെ സംരക്ഷിക്കുന്നതിനും ഇത്തരം സർജറി ഫലപ്രദമാണ്. ’’ ഡോക്ടർ പറയുന്നു.
സംഭാഷണത്തിനൊടുവിൽ ഒരു യുവാവിന്റെ ചിരിക്കുന്ന ചിത്രം കാണിച്ച്, അപകടത്തിൽ മുഖത്തിന്റെ പാതി കീറിയ നിലയിൽ എത്തിച്ച ഒരു എട്ടു വയസ്സുകാരന്റെ ജീവിതം ഡോക്ടർ പങ്കുവച്ചു. അന്നവനെ കൊണ്ടുവന്ന അവസ്ഥയിൽ മുഖം തുന്നിച്ചേർത്താൽ ജീവിതകാലം മുഴുവൻ അവൻ വീടിനുള്ളിൽ കഴിയേണ്ടിവരും. പൊലീസുകാരോട് ഈ വിഷമം പങ്കുവച്ചപ്പോൾ അവർ തന്നെ പോയി മുഖത്തിന്റെ ബാക്കി ഭാഗം കണ്ടെടുത്തു കൊണ്ടുവന്നു. ധമനികളും സിരകളും ഞരമ്പുമുൾപ്പെടെ മുഖം വിജയകരമായി കൂട്ടിച്ചേർത്തു. അതിനുശേഷവും ഒട്ടേറെ ശസ്ത്രക്രിയകൾ വേണ്ടിവന്നു. ഇപ്പോഴും തുടരുന്നു. പക്ഷേ, ഏതോ അപകടത്തിലേറ്റ ആഴമേറിയ ഒരു മുറിവായേ അവന്റെ മുഖത്തെ വടുക്കൾ ഇപ്പോൾ തോന്നിക്കൂ. സ്രഷ്ടാവിന്റെ കരവിരുതിനോളം വരില്ലെങ്കിലും ഒരു ഡോക്ടറുടെ ആത്മാർപ്പണത്തിന്റെ അദ്ഭുതസാക്ഷ്യമാണ് ഇന്ന് ആ മുഖം.