വിഷാദത്തെ തുടർന്നു നഷ്ടമായ മൂത്രനിയന്ത്രണം; സീരിയലും ഹെയർഡൈയും ചേർന്ന ‘ചികിത്സ’ ഫലം കണ്ടു: മറക്കാനാകാത്ത അനുഭവം പങ്കുവച്ച് ഡോ. സുനിൽ മൂത്തേടത്ത് Geriatric Depression
Mail This Article
ചെറുതല്ലാത്തൊരിടവേളയ്ക്കു ശേഷമാണ് ഏതാണ്ട് രണ്ടര മൂന്നു മാസങ്ങൾക്കു മുൻപു ഞാൻ എന്റെ ബാല്യകാല സുഹൃത്തായ അശോക്‌കുമാറിനെ യാദൃശ്ചികമായി കണ്ടുമുട്ടുന്നത്. പ്രീഡിഗ്രി സെക്കന്റ് ഗ്രൂപ്പിൽ ഞാനും ഫസ്റ്റ് ഗ്രൂപ്പിൽ അവനും. അടുത്തുള്ള ക്ലാസുകളിലിരുന്നു പഠനം പൂർത്തിയാക്കി രണ്ടു വഴിക്കു പിരിഞ്ഞു. വർഷങ്ങൾക്കിപ്പുറം ഞങ്ങൾ രണ്ടുപേരും കർമ്മമണ്ഡലം ഏറണാകുളത്തേക്കു പറിച്ചു നട്ടപ്പോൾ നഗരത്തിലെ പ്രശസ്ത മൾട്ടിനാഷനൽ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ അവനും നഴ്സിങ് കോളജ് അധ്യാപകനായ ഞാനും തമ്മിലുള്ള സുഹൃത്ബന്ധം പൂർവാധികം ഭംഗിയായി പുതുക്കിയെടുത്തു.
ബാങ്കുദ്യോഗസ്ഥയായ ഭാര്യയും പ്രഫഷനൽ കോളജ് വിദ്യാർത്ഥികളായ രണ്ട് ആൺകുട്ടികൾക്കുമൊപ്പം നഗരത്തിലെ ഒരു ഫ്ലാറ്റിലാണ് അവൻ താമസിക്കുന്നത്. അടിപൊളി ജീവിതം നയിക്കുന്ന അവനെ എപ്പോഴും സന്തോഷവാനായി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.
എന്നാൽ ഇത്തവണ കണ്ടപ്പോൾ ആ പഴയ പ്രസരിപ്പൊക്കെ എങ്ങോട്ടോ പോയ് മറഞ്ഞിരുന്നു. ഉറക്കച്ചടവോടു കൂടിയ മുഖവും കുഴിഞ്ഞ കണ്ണുകളും കറുത്ത കൺതടങ്ങളും ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. നിനക്കിതെന്തുപറ്റി? എന്നു ചോദിച്ചപ്പോൾ നമുക്കോരോ കാപ്പി കുടിക്കാം എന്നായിരുന്നു അവന്റെ മറുപടി. മാളിലെ കോഫീഷോപ്പിലിരുന്ന് ഒരു കപ്പൂച്ചിനോ നുണഞ്ഞുകൊണ്ട് അവൻ സംസാരിച്ചു തുടങ്ങി.
എല്ലാത്തിന്റെയും തുടക്കം നാട്ടിൽ നിന്നു പ്രായമായ മാതാപിതാക്കൾ സ്ഥിരമായി കൂടെ താമസിക്കാൻ ഇവിടുത്തെ ഫ്ലാറ്റിൽ എത്തിയതു മുതലാണ്. നാട്ടിലെ വിശാലമായ തൊടിയും കുളവുമൊക്കയുള്ള പഴയ തറവാട്ടുവീട്ടിൽ മിലിട്ടറി ക്യാപ്റ്റനായ അച്ഛനും ടീച്ചറായ അമ്മയും അമ്മൂമ്മയും ഒക്കെയായി ഒരുമിച്ചു കഴിഞ്ഞ ആ രസകരമായ കുട്ടിക്കാലം എനിക്കറിയാം. ഞാൻ എപ്പോഴും അവരുടെ വീട്ടിലെ ക്ഷണിക്കാതെ കയറിച്ചെല്ലുന്ന അതിഥിയായിരുന്നു. നാട്ടിലെ സകലമാന ചാനലുകളിലും വരുന്ന സീരിയലുകളും അവന്റെ വീട്ടിലെ സ്വീകരണ മുറിയിൽ നിറഞ്ഞാടി. ഇമവെട്ടാത്ത കണ്ണുകളുമായി സീരിയലിലെ മൂക്കുപിഴിച്ചിലും കരച്ചിലും അട്ടഹാസങ്ങളും അമ്മായിയമ്മപ്പോരും ദേവി ദേവന്മാരുടെ കഥകളും കണ്ടാസ്വദിച്ചുകൊണ്ടു സോഫയിൽ അവന്റെ അമ്മ രമയാന്റി ഇരിക്കുന്നത് ആ വിട്ടീലെ പതിവു കാഴ്ചയായിരുന്നു.
താമസിയാതെ പട്ടാളത്തിൽ നിന്നു പിരിഞ്ഞു വന്ന അച്ഛനും അമ്മയുടെ ഇപ്പുറത്ത് ഒരു കസേരയിൽ ഇരുന്ന് ഇവയൊക്കെ കണ്ടു സീരിയലിന്റെ റേറ്റിങ് കൂട്ടാൻ സഹായിച്ചു തുടങ്ങി. സീരിയൽ കഴിഞ്ഞാൽ രമയാന്റിയുടെ അടുത്ത തൽപ്പരമേഖല സൗന്ദര്യ സംരക്ഷണമായിരുന്നു. സ്വന്തം പ്രതിച്ഛായയെക്കുറിച്ചുള്ള അമിത ഉത്കണ്ഠ കാരണമാണോ എന്തോ വളരെ ചെറുപ്പം മുതലേ തന്നെ അവരുടെ മുടി വെൺചാമരം പോലെ ആയി മറി. പക്ഷേ, നാട്ടിലെ മുന്തിയ ബ്രാന്റ് ഹെയർഡൈ അവരുടെ രക്ഷക്കെത്തി. അന്നു തുടങ്ങിയ ആ ശീലം സ്വാഭാവികമായി തലമുടി നരക്കുന്ന അൻപതുകളിലും അറുപതുകളിലും എന്തിനേറെ എഴുപതുകളുടെ മധ്യത്തിലും അവർ ഒരു അഡിക്ഷൻ പോലെ തുടർന്നുകൊണ്ടു പോയത് എല്ലാവരെയും പോലെ എന്നെയും ആത്ഭുതപ്പെടുത്തിയിരിക്കുന്നു.
സീരിയൽ–ഹെയർഡൈ അഡിക്ഷൻ കഴിഞ്ഞാൽ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതും ദൈവങ്ങളുടെ അവതാരകഥളും മറ്റും വായിക്കുന്നതും മക്കൾക്കും പിന്നീട് പേരക്കുട്ടികൾക്കും അവ നിർബന്ധിച്ചു പിടിച്ചിരുത്തി പറഞ്ഞു കൊടുക്കുന്നതും ഒക്കെയായിരുന്നു. ഈ മൂന്നുകാര്യങ്ങൾക്കും കട്ട സപ്പോർട്ട‌് ആയിരുന്നു മുറച്ചെറുക്കൻ കൂടിയായ അവരുടെ ഭർത്താവ്.
കാലം ചെന്നപ്പോൾ മറ്റു പലരേയും പോലെ വാർദ്ധക്യത്തിന്റെതായ ജരാനരകളും അസ്ക്യതകളും അങ്കിളിനേയും ആന്റിയേയും പിടിമുറുക്കാൻ തുടങ്ങി. എന്നാൽ പൊതുവെ നെവർ മൈൻഡ് രീതിയിൽ ജീവിക്കുന്ന, മക്കൾ ഡാഡി കൂൾ എന്ന് വിളിക്കുന്ന, അങ്കിളിനെ ഇതൊന്നും ഒട്ടും ബാധിച്ചില്ല. പക്ഷേ, ഒരു ദിവസം പട്ടിണി കിടന്നാലും വേണ്ടില്ല സീരിയലും ഹെയർഡൈയും വിട്ടൊരു കളിയില്ല എന്ന മട്ടിൽ ആന്റി പൂർവ്വാധികം ഭംഗിയായി ദിനചര്യയുടെ ഭാഗമാക്കി ജീവിച്ചു പോന്നു.
ഇതിനിടയിൽ പാരമ്പര്യമായി കിട്ടിയ പ്രമേഹവും പ്രഷറും തൈറോയ്ഡ് പ്രശ്നങ്ങളും വാതരോഗ പീഡകളും ഇവരെ പതിയെ പതിയെ തളർത്താൻ തുടങ്ങി. ആശുപത്രി സന്ദർശങ്ങളുടെ എണ്ണം കൂടി വന്നു. ഇടയ്ക്കിടക്ക് അഡ്മിറ്റ് ആവുന്നതും ജീവിതചര്യയുടെ ഭാഗമായിത്തുടങ്ങി.
ആദ്യമൊക്കെ ജോലിത്തിരക്കിനിടയിലും അശോക് അമ്മയെ കാണാനും രണ്ടുദിവസം കൂടെ നിൽക്കാനും സമയം കണ്ടെത്തിയിരുന്നു. പതിയെപതിയെ അതൊരു ബുദ്ധിമുട്ടായി മാറിയപ്പോൾ തറവാടുവീട് പൂട്ടിയിട്ടു തൊട്ടടുത്ത പട്ടണത്തിൽ താമസിക്കുന്ന ഇളയ മകളുടെ വീട്ടിൽ പോയി നിൽക്കാനോ അല്ലെങ്കിൽ കൊച്ചിയിലേക്കു പോരാനോ അശോക് അമ്മയെയും അച്ഛനെയും നിർബന്ധിക്കാൻ തുടങ്ങി. ആയകാലത്ത് ഇടയ്ക്കിടെ ഒന്നോ രണ്ടോ ആഴ്ച കൊച്ചിയിൽ തങ്ങിയിരുന്നെങ്കിലും വാർധക്യകാലത്തു നാട്ടിലെ പരിചിതമായ പരിസരം വിട്ട് കൊച്ചിയിൽ സ്ഥിരതാമസമാക്കാൻ രമയാന്റി ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അശോകിന്റെ രണ്ടു മക്കളെയും ആന്റിക്ക് ജീവനായിരുന്നിട്ടു പോലും ഇക്കാര്യത്തിൽ ഒരുവിട്ടു വീഴ്ചയ്ക്ക് ആന്റി തയാറല്ലായിരുന്നു.
കാപ്പി ഊതിക്കുടിച്ചുകൊണ്ട് “പ്രശ്നം ഇപ്പോൾ അമ്മയാണെടാ” എന്ന് അശോക് പറഞ്ഞു നിർത്തിയപ്പോഴാണ് ഇത്രയും ഫ്ലാഷ്ബാക്ക് നൊടിയിടക്കുള്ളിൽ എന്റെ മനസ്സിൽ മിന്നിമറഞ്ഞത്.
എല്ലാം തകിടംമറിച്ച പനി
എല്ലാത്തിന്റെയും തുടക്കം ഒരു പനിയിൽ നിന്നായിരുന്നു. പെട്ടെന്നുള്ള വിറയലോടു കൂടിയ പനി ആദ്യം ആരും സാരമാക്കിയില്ല. എല്ലാവരും പൊതുവെ ചെയ്യുന്നതുപോലെ ചുക്കുകാപ്പി, ആവിപിടുത്തം, കഞ്ഞികുടി ഒക്കെയായി രണ്ടു ദിവസം കഴിഞ്ഞിട്ടും പനി മാറാഞ്ഞപ്പോൾ പാരസെറ്റമോളും കഴിച്ചു നോക്കി. പക്ഷേ, വിട്ടുവിട്ടുള്ള പനി മാറിയില്ല എന്നു മാത്രമല്ല ഒടുവിൽ നാട്ടിലെ തരക്കേടില്ലാത്ത ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നിടം വരെ എത്തി കാര്യങ്ങൾ. ടെസ്റ്റുകൾ ഒട്ടുമിക്കതും നടത്തി. അവരുടെ പ്രശ്നം മൂത്രാശ അണുബാധ ആണെന്നു കണ്ടെത്തി.വിലയേറിയ ആന്റിബയോട്ടിക്കുകൾ കുത്തിവച്ചു ചികിത്സയും തുടങ്ങി. അതോടെ, രക്തത്തിലെ സോഡിയം അപകടകരമാം താഴ്ന്നു തുടങ്ങി. മുഖവും ശരീരവും കിസ്മിസ് വെള്ളത്തിൽ ഇട്ടപോലെ നീരുവന്നു വീർത്തു. രമയാന്റിക്കു യാതൊരു പരിസരബോധവും ഇല്ലാതെയായി.
സംഗതി ഇത്രത്തോളമായപ്പോൾ അശോക് നാട്ടിലെ ഇടത്തരം ആശുപത്രിയിൽ നിന്നു കൊച്ചിയിലെ മുന്തിയ ആശുപത്രികളിലൊന്നിലേക്കു രായ്ക്കു രാമാനം അമ്മയെ മാറ്റി. സോഡിയം കുറഞ്ഞും അക്യൂട്ട് കിഡ്നി ഫെയിലിയർ വന്നു. ദേഹം മുഴുവൻ നീരുവന്ന് വീർത്തു പിച്ചും പേയും പറയുന്ന അവസ്ഥയിൽ നിന്ന് എന്തായാലും പത്തു ദിവസവും ഒന്നൊന്നര ലക്ഷം രൂപയും മുടക്കിയപ്പോൾ രമയാന്റി തിരിച്ചുവന്നു.
ആശുപത്രിയിൽ നിന്നു വീട്ടിൽ വന്നതിന്റെ പിറ്റേന്ന് അശോക് ജോലി കഴിഞ്ഞ് വീട്ടിൽ കയറി വരുമ്പോൾ ഉമ്മറത്തെ സോഫയില്‍ കുറെ പത്രങ്ങൾ വിരിച്ചു വച്ചിരിക്കുന്നു. അകത്തെ കട്ടിലിലും ഇതേ സ്ഥിതി തന്നെ. കാര്യം തിരക്കിയപ്പോൾ അച്ഛൻ പറഞ്ഞു. അമ്മ മൂത്രമൊഴിച്ചു പോയതാണെന്ന്. അതിപ്പം പ്രായമായവർ ആകുമ്പോൾ ഇടയ്ക്ക് ചിലപ്പോൾ അങ്ങനെയൊക്കെ ഉണ്ടാകും. പതിവായില്ല എന്ന് അശോകും പറഞ്ഞു.
പക്ഷേ, ഒറ്റ ദിവസം കൊണ്ട് അമ്മയുടെ കിടക്ക നനയ്ക്കലും സോഫ നനയ്ക്കലും ഒരു പതിവു പരിപാടിയായി. മാത്രമല്ല, ക്ഷീണിച്ച സ്വരത്തിലാണെങ്കിലും സംസാരിച്ചു കൊണ്ടിരുന്ന അമ്മയാകട്ടെ ഒരൊറ്റ അക്ഷരം മിണ്ടാതെ ശൂന്യതയിലേക്ക് നോക്കി ഇരിപ്പും ആയി. ഭക്ഷണം കാണുന്ന മാത്രയിൽ വായ് ഇറുക്കിയടക്കാനും അപശബ്ദങ്ങൾ പുറപ്പെടുവിക്കാനും തുടങ്ങി. ഇതെന്തു കൂത്ത് എന്ന നിലയിൽ ഭയചകിതനായ എന്റെ സുഹൃത്ത് വീണ്ടും ഡോക്ടറെ കാണിച്ച് ചില ബ്ലഡ് ടെസ്റ്റുകൾ കൂടി ചെയ്തപ്പോഴും ഡോക്ടർ പറഞ്ഞു. അമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ല. ഒക്കെ പതിയെ മാറിക്കോളും എന്ന്.
അശോകിന്റെ വീട്ടിലെ ദിനചര്യകൾ എല്ലാം കുഴഞ്ഞുമറിഞ്ഞു. എല്ലാവരുടെയും സ്വസ്ഥത പോയി.
രോഗം മാറ്റിയ സീരിയലും ഹെയർ ഡൈയും
സംസാരത്തിനൊടുവിൽ ഞാൻ അവന്റെ വീട്ടിൽ പോയി അമ്മയെയും അച്ഛനെയും ഒന്നു കാണാൻ തീരുമാനിച്ചു. ഫ്ലാറ്റിൽ ചെന്നു ബെല്ലടിച്ചപ്പോൾ ചുറുചുറുക്കിനു വലിയ കോട്ടംമൊന്നും തട്ടാത്ത അവന്റെ അച്ഛൻ വാതിൽ തുറന്നു.
പരിസരം മുഴുവൻ ആശുപത്രി സഹജമായ മരുന്നിന്റെയും മൂത്രത്തിന്റെയും ഗന്ധം തളം കെട്ടി നിന്നു. അകത്തെ മുറിയിൽ ചെന്നു കണ്ടപ്പോൾ തല മുഴുവൻ പഞ്ഞി നിറമുള്ള ആന്റി. ശൂന്യതയിലേക്കുള്ള നോട്ടം. എന്നെ കണ്ടിട്ട് തിരിച്ചറിഞ്ഞതേ ഇല്ല! ഭക്ഷണം തീരെ കഴിക്കാതെ ക്ഷീണിതയാണ്. തീരെ വ്യായാമമോ നടത്തമോ ഇല്ലാത്തതിനാൽ കാലുകൾ നീരുവന്നു വീർത്തിരിക്കുന്നു.
ഒരു നിമിഷം ഞാനും ഒന്ന് അന്ധാളിച്ചു പോയെങ്കിലും ബാലരമയും കളിക്കുടുക്കയും സൂത്രനും ഷേരുവും ഒക്കെ ഇപ്പോഴും എവിടുന്നെങ്കിലും കിട്ടിയാൽ ആസ്വദിച്ചു വായിക്കുന്ന എന്റെ മനസ്സിൽ ലഡു പൊട്ടി. സൂത്രനെ മനസ്സിൽ ധ്യാനിച്ച് ഞാൻ പറഞ്ഞു: ‘‘എന്താ ആരും ടി.വി. ഒാണാക്കാത്തത്? ഇപ്പോൾ സീരിയലുകളുടെ സമയമല്ലേ? (കുട്ടികളുടെ പഠിത്തത്തെക്കരുതി ടി.വി. സിനിമയുമൊക്കെ പണ്ടേ നിരോധിച്ച വീടാണാത് എന്ന് എനിക്കറിയാത്ത കാര്യമല്ല) എവിടെ ചന്ദന മഴ? ’’
സീരിയൽ എന്നു കേട്ടതും അതുവരെ മ്ലാനവദനയായി ശൂന്യതയിലേക്കു നോക്കി മിണ്ടാതിരുന്ന രമയാന്റിയുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കം! അവർ തലയുയർത്തി എന്നെ നോക്കി. ഞാൻ പറഞ്ഞു. ‘‘ആന്റീ ഉമ്മറത്തു വന്നിരിക്കൂ. നമുക്കു സീരിയൽ കാണണ്ടേ?’’ പറഞ്ഞു തീരേണ്ട താമസം, തന്നെ താങ്ങി കൊണ്ടുപോകാൻ അവർ ആംഗ്യം കാണിച്ചു. കൈപിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ വലിയ പ്രയത്നമൊന്നും കൂടാതെ അവർ എഴുന്നേറ്റു വന്നു. നേരേ ഉമ്മറത്ത് സോഫയിൽ വന്നിരുന്നു. പിന്നീട് വർദ്ധിച്ച ഉത്സാഹത്തോടെ സീരിയലിലേക്ക് ഊളിയിട്ടു. ഇടയ്ക്ക് ഒരു ചെറിയ പ്ലേറ്റ് നിറയെ ഫ്രൂട്ട്സ് മുറിച്ചു കൊണ്ടുവന്നതു മുഴുവൻ കഴിച്ചു.
ആറരമണിക്ക് ടിവിയുടെ മുന്നിലെത്തിയ അവർ ഒൻപതര വരെ ഒന്നൊഴിയാതെ സീരിയലുകൾ കണ്ടാസ്വദിച്ചു. ഇടയ്ക്ക് അശോകിന്റെ ഭാര്യ ചപ്പാത്തിയും അൽപം കറിയും കൈയിൽ കൊണ്ടുവന്നു കൊടുത്തു. ടിവിയിൽ നിന്ന് കണ്ണെടുക്കാതെ അൽപം സമയമെടുത്തിട്ടാണെങ്കിലും അത് മുഴുവൻ കഴിച്ചു തീർത്തു. പോരാൻ നേരം അശോകിന്റെ ഭാര്യയെ അവർ കേൾക്കെ ഉറക്കെ വിളിച്ച് ആന്റിയുടെ തലമുടി ഡൈ ചെയ്തു കൊടുക്കാൻ നിർദ്ദേശിച്ചു. ടിവി കാണുന്നതിനിടയിലും ഡൈ എന്നു കേട്ടപ്പോൾ അവർ പറഞ്ഞു മോളേ ഗോദ്റെജിന്റേത് തന്നെ വാങ്ങണേ എന്ന്!
എന്തായാലും എന്റെ സൂത്രപ്പണി വിജയം കണ്ടു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രമയാന്റി പഴയനിലയിലേക്കു വന്നു. പ്രമേഹത്തിന്റെയും തൈറോയ്ഡിന്റെയും പ്രഷറിന്റെയും ഗുളികകൾ ഒഴിച്ചു നിർത്തിയാൽ യാതൊരു മരുന്നുകളും ഇപ്പോൾ ഇല്ല. രാത്രിയിൽ മാത്രം ഒരു ഡയപ്പർ ഒരു പേരിന് കെട്ടി കൊടുക്കുമെങ്കിലും മൂത്രശങ്ക വന്നാൽ അവർ ആരെയെങ്കിലും വിളിച്ച് ബാത്ത് റൂമിൽ തന്നെ പോകും. സംഗതി ശുഭം.
വാൽക്കഷണം
വയോജനങ്ങളിലുണ്ടാകുന്ന വിഷാദരോഗം ഇന്നൊരു പുതിയ കാര്യമല്ല. ആയ കാലത്ത് ഒരുപാട് ക്രിയാത്മകമായി കാര്യങ്ങൾ ചെയ്ത് ജീവിച്ചിരുന്നവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. സ്വന്തം ഇഷ്ടത്തിന് ജീവിച്ചു സ്വന്തം വീട്ടിൽ സ്വതന്ത്രമായി വിഹരിച്ചിരുന്നവർ പലരും വാർദ്ധക്യ കാലത്തു മറ്റു നിവൃത്തിയില്ലാതെ മക്കളുടെ വീട്ടിലേക്ക് ചേക്കേറാൻ നിർബന്ധിതരാവാറുണ്ട്. താൻ ഉപയോഗിച്ച സാധനങ്ങൾ വീടിന്റെ പരിസരം, സ്വാതന്ത്ര്യം ഇവയെല്ലാം പിന്നീട് ഇവർക്ക് നഷ്ടമാകുകയാണ് ചെയ്യുന്നത്.
മക്കൾ അവഗണിക്കുന്നവരും മക്കൾ നന്നായി നോക്കുന്നവരും പരാശ്രയം വരുമ്പോൾ വിഷാദത്തിന്റെ പിടിയിൽ പെട്ടുപോകാറുണ്ട്. മുൻപ് ആയകാലത്തു മകന്റെ വീട്ടിൽ വരുമ്പോഴൊക്കെ തിരിച്ചു പോകുന്നതുവരെ സീരിയൽ കാണാൻ പറ്റാതെ രമയാന്റി വിമ്മിഷ്ടപ്പെടാറുണ്ടെങ്കിലും തന്റെ വീട്ടിൽ തിരിച്ചു ചെന്നാൽ വീണ്ടും കാണാമല്ലോ എന്ന പ്രതീക്ഷ അവർക്കുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഇനിയൊരു തിരിച്ചു പോക്കുണ്ടാവില്ലെന്നും ഒരിക്കലും ടിവി സീരിയൽ കാണാൻ സാധിക്കില്ലെന്നും അവർ ധരിച്ചു. സീരിയൽ അഡിക്ടായ അവർക്ക് അത് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു.
ഒന്നുരണ്ടാഴ്ചത്തെ ആശുപത്രിവാസക്കാലത്ത് മുടി ഡൈ ചെയ്യാൻ പറ്റാതിരുന്നപ്പോൾ തല മുഴുവൻ വെളുത്തു തുടങ്ങിയത് അവർ അറിഞ്ഞിരുന്നില്ല. മകന്റെ വീട്ടിലെ വലിയ നിലക്കണ്ണാടിയിൽ തന്റെ രൂപം കാണുന്നതുവരെ. സൗന്ദര്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന അവർക്ക് അത് ഉൾക്കൊള്ളാൻ പറ്റിയില്ല.
ഞാൻ ചെന്നതിന്റെ പിറ്റേന്ന് ഒരു ബ്യൂട്ടീഷനെ വീട്ടിൽ വിളിച്ചു വരുത്തി ഫുൾ മേക്കപ്പ് ഇട്ടുകൊടുത്തപ്പോൾ ആന്റിയുടെ ശേഷിച്ച വിഷാദം കൂടി പമ്പ കടന്നു. അതോടു കൂടി കിടക്ക നനയ്ക്കുന്ന ശീലം പാടെ വിട്ടുമാറി.
പ്രായമാവരിലെ വിഷാദരോഗം അറിയാതെ മൂത്രം പോവുന്ന അവസ്ഥയ്ക്കു പലപ്പോഴും കാരണമാകാറുണ്ടെന്ന് ഒട്ടേറെ പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞ കാര്യമാണ്. എന്തായാലും രമയാന്റിയുടെ കേസിൽ വിഷാദരോഗം പോയപ്പോൾ മൂത്രാശയത്തിന്റെ നിയന്ത്രണം പഴയപടിയായി.