ADVERTISEMENT

ചെറുപ്പക്കാരനായ ആ കർഷകനെ കൊണ്ടുവന്നത്
അബോധാവസ്ഥയിലാണ്. രണ്ടോ മൂന്നോ ദിവസം മുൻപു പനി തുടങ്ങിയിരുന്നു. പെട്ടെന്നാണു മൂത്രത്തിന്റെ അളവു കുറഞ്ഞത്. കണ്ണിലും ശരീരത്തിലുമൊക്കെ മഞ്ഞനിറം വന്നു...
പേടിച്ചുപോയ വീട്ടുകാർ നേരേ ആലപ്പുഴ മെഡിക്കൽ കോളജിൽ കൊണ്ടുവരികയായിരുന്നു. ഇങ്ങനെയുള്ള ധാരാളം കേസുകൾ കണ്ടുപരിചയമുള്ളതുകൊണ്ടു പെട്ടെന്നു തന്നെ രോഗം ഏകദേശം ഉറപ്പിക്കാനായി– എലിപ്പനിയാണ്. ആന്റിബോഡി ടെസ്റ്റിന് അയച്ചാലും ഏഴു ദിവസം കഴിയും ഫലം വരാൻ. അത്രയും കാത്തിരിക്കാൻ പറ്റുന്ന അവസ്ഥയിലല്ല രോഗി. ‘എലിപ്പനി സാധ്യതയുള്ള രോഗി’ എന്ന നിലയിൽ ഉടൻ മരുന്നു തുടങ്ങി. നേരേ ക്രിട്ടിക്കൽ കെയർ
വിഭാഗത്തിലേക്കു മാറ്റി. കൃത്യസമയത്തു ചികിത്സ ലഭിച്ചതിനാൽ രോഗി ജീവിതത്തിലേക്കു തിരികെ വന്നു.

***          ***          ***
ഒരിക്കൽ കുട്ടനാട്ടുകാരനായ ഒരു അച്ചായനെ മരിച്ചുപോയെന്നു തോന്നുന്ന രീതിയിൽ പാതിരാത്രി വള്ളത്തിൽ ആശുപത്രിയിലെത്തിച്ചു. ഞാനന്നു മിഷൻ ആശുപത്രിയിലാണ്. ആൾ അബോധാവസ്ഥയിലാണ്. ശരീരം തണുത്തു വിയർത്തു കുഴഞ്ഞുകിടക്കുന്നു. രോഗിയെ കണ്ടപ്പോൾ എന്റെ മനസ്സിലുണ്ടായ ആദ്യ തോന്നൽ ഷുഗർ താഴ്ന്നുപോയതാകാം എന്നായിരുന്നു. അപ്പോഴാണ് അച്ചായനു പ്രമേഹമുണ്ടെന്നു നാട്ടുകാരിലൊരാൾ പറയുന്നത്. പെട്ടെന്നു തന്നെ ഗ്ലൂക്കോസൊക്കെ കയറ്റി. ഉറക്കത്തിൽ നിന്ന് ഉണർന്നപോലെ അച്ചായൻ കട്ടിലിൽ എഴുന്നേറ്റിരുന്ന്– ‘ആരാടാ രാത്രി ഉറക്കത്തിൽ എന്നെ ഇവിടെ കൊണ്ടിട്ടത്’ എന്നൊരു ചോദ്യം. നാട്ടുകാരൊക്കെ അതിശയഭാവത്തിൽ എന്നെ നോക്കുന്നു– മരിച്ചെന്നു കരുതി അവർ കൊണ്ടുവന്നയാളല്ലെ എഴുന്നേറ്റിരുന്നു ശകാരിക്കുന്നത് !!!
ഇങ്ങനെ മനസ്സു നിറയ്ക്കുന്ന അനുഭവങ്ങൾ മാത്രമല്ല എസ്എൽഇ, സിസ്റ്റമിക് സ്ക്ലിറോസിസ് പോലെയുള്ള അപൂർവ കൊളാജൻ രോഗങ്ങൾ ബാധിച്ചു വന്ന ചെറുപ്പക്കാരായ രോഗികളെ രക്ഷപെടുത്താനാകാതെ പോയ നിസ്സഹായ നിമിഷങ്ങളും ഒാർമയിലുണ്ട്. ’’–ജീവന്റെയും മൃത്യവിന്റെയും ഇടയിലൂടെ കടന്നുപോകുന്ന ദിവസങ്ങളെക്കുറിച്ചു ഡോ. പത്മകുമാർ സംസാരിച്ചു തുടങ്ങി.

അമ്മയുടെ മോഹം
‘‘അമ്മയുടെ ആഗ്രഹമായിരുന്നു എന്നെ ഡോക്ടറാക്കണം എന്ന്. ആലപ്പുഴ എസ് ഡി കോളജിൽ നിന്നും ബിഎസ്‌സി സുവോളജി ഒന്നാം റാങ്കിൽ പാസ്സായപ്പോൾ കാണാൻ വന്ന പത്രക്കാരൊക്കെ ചോദിച്ചതു ഗവേഷണത്തിനു പോകുന്നില്ലേ എന്നാണ്. എന്റെ മനസ്സിലും അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നു. പക്ഷേ, അപ്പോഴും അമ്മ ഉറപ്പിച്ചു പറഞ്ഞു ‘മെഡിസിനു പോകണം. ’
ഒടുവിൽ അമ്മയുടെ ഇഷ്ടം പോലെ ആലപ്പുഴക്കാരനായ ഞാൻ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നു തന്നെ എംബിബിഎസ് പാസ്സായി. മെഡിസിനിൽ ഉപരിപഠനം കഴിഞ്ഞ് 1997 ൽ  മെഡിക്കൽ കോളജ് സർവീസിൽ ആലപ്പുഴയിൽ തന്നെ ലക്ചറർ ആയി ജോലിയിലും
പ്രവേശിച്ചു.
ചുറ്റോടുചുറ്റും ജലാശയങ്ങൾ അതിരിടുന്ന ആലപ്പുഴയിൽ അന്നത്തെക്കാലത്തു കോളറ, മഞ്ഞപ്പിത്തം, ഛർദ്യതിസാരം പോലെയുള്ള ജലജന്യരോഗങ്ങൾ വ്യാപകമായിരുന്നു. എലിഫന്റിയാസിസ് എന്ന മന്തും ധാരാളം പേർക്കുണ്ടായിരുന്നു. സ്കൂളിലേക്കൊക്കെ പോകുമ്പോൾ ‘ആനക്കാൽ’ പോലെയുള്ള മന്തുകാൽ വലിച്ചു വച്ചു പോകുന്ന തൊഴിലാളികളെയൊക്കെ ധാരാളം കണ്ടിട്ടുണ്ട്. 1990 കൾക്കു ശേഷം, പുതിയ പകർച്ചവ്യാധികൾ ഏതു വന്നാലും ആദ്യം ആലപ്പുഴയിൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായി. ഉദാഹരണത്തിന്, കുട്ടനാട്ടിലെ ജപ്പാൻജ്വരം,
2007 ലെ ചിക്കുൻഗുനിയ, ഡെങ്കിപ്പനി, പക്ഷിപ്പനി...നിപയൊഴികെ മിക്കവാറും എല്ലാ പകർച്ചവ്യാധികളും ആലപ്പുഴയിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

ADVERTISEMENT

മറക്കില്ല ചിക്കുൻഗുനിയ കാലം
2007 ലെ ഒരു ഒാണക്കാലത്താണ് ആദ്യമായി ചിക്കുൻഗുനിയ പനി റിപ്പോർട്ടു ചെയ്തത്. പനിയും അസഹ്യമായ സന്ധിവേദനയും ചർമത്തിലൊക്കെ പല തരത്തിലുള്ള പാടുകളും വന്നവരെ കൊണ്ട് അന്നു വാർഡുകളൊക്കെ നിറഞ്ഞുകവിഞ്ഞു. എന്തു മരുന്നു നൽകണമെന്ന് അറിയില്ല.രോഗത്തെ സംബന്ധിച്ചുള്ള തെറ്റിധാരണകളും ഭയാശങ്കകളും വ്യാപകം. എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞുപോയ അവസ്ഥ. അന്നു വിഎസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. അദ്ദേഹം ഈ രോഗത്തിന്റെ ചികിത്സയെക്കുറിച്ചും പരിണതഫലങ്ങളെക്കുറിച്ചും പഠിക്കാൻ പ്രത്യേക കമ്മറ്റിയെ നിയോഗിച്ചു. ഞാനും അതിന്റെ ഭാഗമായിരുന്നു. ‘ഡെത്ത് ഒാഡിറ്റ്’ എന്ന പേരിൽ ഞങ്ങൾ വീടുവീടാന്തരം കയറിയിറങ്ങി രോഗത്തെക്കുറിച്ച് അന്വേഷണം നടത്തി. ഇതിന്റെയൊക്കെ വെളിച്ചത്തിൽ, ആളുകൾ മരിക്കുന്നതു ചിക്കുൻഗുനിയയുടെ കാഠിന്യം കൊണ്ടു കൂടിയാണെന്നു കണ്ടെത്തുകയും ചിക്കുൻഗുനിയ വന്നു മരിച്ചവരുടെ ആശ്രിതർക്കു സർക്കാർ ധന സഹായം നൽകുകയും ചെയ്തു. രോഗം മാറി വർഷങ്ങളിത്ര കഴിഞ്ഞിട്ടും ചിക്കുൻഗുനിയ സമ്മാനിച്ച സന്ധിവേദനയുമായി ജീവിക്കുന്നവരുണ്ട്. ഒരു രോഗത്തിനും ഉണ്ടാകാത്ത അവസ്ഥയാണിത്.

കുട്ടനാടിന്റെ ചികിത്സകൻ
ജോലിയിൽ പ്രവേശിച്ച സമയത്തു പ്രൈവറ്റ് പ്രാക്ടീസ് അനുവദനീയമായിരുന്നു. അന്നു ധാരാളം രോഗികൾ കാണാൻ വരുമായിരുന്നു. പ്രത്യേകിച്ചു കുട്ടനാടൻ ഭാഗത്തു നിന്നും. ചട്ടയും മുണ്ടും കാതിൽ കുണുക്കും ധരിച്ചു വരുന്ന സ്ത്രീകൾ... ഒരു തോർത്തുമാത്രം തോളത്തിട്ടു വരുന്ന നല്ല കരുത്തരായ മാപ്പിളമാർ... എത്ര മട ഇളകിവന്നാലും എത്ര വെള്ളപ്പൊക്ക മുണ്ടായാലും ഇളകാത്ത മനക്കരുത്തുള്ളവർ... പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം ഇവയൊന്നും അന്നുണ്ടായിരുന്നില്ല. പനി, മുട്ടുവേദന പോലെയുള്ള പ്രശ്നങ്ങൾക്കാണ് അവർ വന്നിരുന്നത്. ഇപ്പോൾ കുട്ടനാട്ടിലെ മൂന്നാമത്തെ തലമുറയെയാണു ഞാൻ ചികിത്സിക്കുന്നത്. അവർക്ക്, പക്ഷേ, മണ്ണിൽ പണിയെടുത്തു വളർന്ന പഴയ കുട്ടനാട്ടുകാരുടെ ആരോഗ്യമില്ല. വ്യായാമമോ കായികപ്രവർത്തനങ്ങളോ ഇല്ല. പലരും ഹൗസ്ബോട്ടിലൊക്കെ ജോലി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ നമ്മളിപ്പോൾ കാണുന്ന രോഗങ്ങളുടെ സ്വഭാവം അവരുടെ ആരോഗ്യത്തിലും പ്രതിഫലിച്ചു കാണുന്നുണ്ട്.

ADVERTISEMENT

മാറുന്നു രോഗങ്ങൾ; രോഗികളും
കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കൊണ്ടു രോഗങ്ങളുടെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ആദ്യകാലങ്ങളിൽ മഞ്ഞപ്പിത്തവും ടൈഫോയ്ഡും കോളറയും ഛർദ്യതിസാര രോഗങ്ങളുമായിരുന്നു ചികിത്സിച്ചിരുന്നത്. പിന്നെ പലതരം പകർച്ചപ്പനികൾ വന്നു. 10 വർഷം കഴിഞ്ഞപ്പോഴേക്കും ജീവിതശൈലീ രോഗങ്ങളുടെ കടന്നുവരവായി. ഇപ്പോൾ ഇരട്ട രോഗങ്ങളുടെ കാലമാണ്. പഴയ രോഗങ്ങൾ പോയിട്ടുമില്ല. പുതിയ പകർച്ചവ്യാധികൾ കടന്നുവരികയും ചെയ്തു. അങ്ങനെ ഒരു സങ്കര അവസ്ഥയാണ് ഇപ്പോൾ.
ചികിത്സ തേടുന്ന കാര്യത്തിലുള്ള ആളുകളുടെ മനോഭാവത്തിലും വലിയ മാറ്റമുണ്ടായിട്ടുണ്ട്. കഴിഞ്ഞ 10–25 വർഷം കൊണ്ടു സമൂഹത്തിൽ അമിത ചികിത്സയോടും അമിത മരുന്നുപയോഗത്തോടുമുള്ള താൽപര്യം വളരെ കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം, ദുരുപയോഗം, സ്വയം ചികിത്സയ്ക്കുള്ള താൽപര്യം എന്നിങ്ങനെയുള്ള പ്രവണതകൾ കൂടി.
ചെറിയൊരു പനി വരുമ്പോഴേ ആവശ്യമില്ലെങ്കിലും സ്പെഷലിസ്റ്റുകളെ കണ്ട്, വിവിധ പരിശോധനകൾ ചെയ്യുന്നതു വ്യാപകമാണ്. ഒരുപക്ഷേ, രോഗങ്ങളോടുള്ള ഭയമാകാം. അതല്ലെങ്കിൽ വർധിച്ച ആരോഗ്യ അവബോധത്തിന്റെ പ്രതിഫലനമാകാം... എന്തായാലും സ്വാഭാവികമായ ഒരു രോഗപരിണാ മത്തിനു കാത്തിരിക്കാൻ ക്ഷമയില്ലാത്ത രീതിയാണു പൊതുവെ കാണുന്നത്. സ്പെഷലിസ്റ്റുകളുടെ എണ്ണം വർധിച്ചതോടെ ജനറൽ മെഡിസിൻ ഡോക്ടർമാർക്കു ട്രാഫിക് പോലീസുകാരുടെ റോളാണ്. ഏതു വിഭാഗത്തിലേക്കു പോകണം എന്നു റഫർ ചെയ്തു കൊടുത്താൽ മാത്രം മതി.

കൈപ്പുണ്യത്തിനു പിന്നിൽ
നിർമിത ബുദ്ധിയുടെയൊക്കെ വരവോടെ രോഗിയെ തൊട്ടുപരിശോധിച്ചും രോഗചരിത്രം ആരാഞ്ഞും രോഗം കണ്ടെത്തുന്ന ഡോക്ടർമാരുടെ തലമുറ അവസാനിച്ച മട്ടാണെന്നു പലരും ആശങ്കപ്പെടാറുണ്ട്. കാലം മുൻപോട്ടു പോകുമ്പോൾ പുറംതിരിഞ്ഞു നിൽക്കാൻ പറ്റില്ല തന്നെ. പക്ഷേ, രോഗി വന്നയുടനെ കുറേ പരിശോധനകൾ എഴുതിക്കൊടുത്തു വിടുന്നതും ശരിയാകില്ല. രോഗമുക്തിയിൽ, ഡോക്ടർക്കു രോഗിയോടുള്ള ആത്മബന്ധത്തിനും മമതയ്ക്കും സ്നേഹപൂർണമായ സ്പർശനത്തിനും വലിയ പങ്കാണുള്ളത്. ‘പേടിക്കാനൊന്നുമില്ല, ഇതു മരുന്നുകൊണ്ടു മാറും’ എന്നൊരു ആത്മവിശ്വാസം രോഗിക്കു നൽകിക്കഴിഞ്ഞാൽ അതിനു വലിയ
എഫക്ടാണ്. ഡോക്ടറുടെ കൈപ്പുണ്യം എന്നൊക്കെ പറയുന്നത് ഇതിനെയൊക്കെയാണ്. ഡോക്ടറുടെ സമീപനം, പെരുമാറ്റം, സൽപേര്, ദൈവാധീനം എല്ലാം കൂടി ചേർന്ന ഒരു ഒറ്റമൂലിയാണത്. എത്രകാലം കഴിഞ്ഞാലും അതിനു മാറ്റമൊന്നും വരില്ല.
ശബരിമലയിൽ കഴിഞ്ഞ 20–25 വർഷമായി തുടർച്ചയായി ഡ്യൂട്ടിക്കു പോകുന്നയാളാണ് ഞാൻ. ചോദിച്ചുവാങ്ങിച്ചാണു പോകുന്നത്. ദൈവികമായ ഒരു വിശ്വാസം, അടുപ്പം, പ്രവർത്തനങ്ങൾ അതൊക്കെ ഡോക്ടറെ വല്ലാതെ സ്വാധീനിക്കുകയും
പോസിറ്റീവായി രൂപപ്പെടുത്തുകയും ചെയ്യും എന്നാണ് എന്റെ അഭിപ്രായം. മരുന്നെഴുതി കൊടുക്കാനേ
ഡോക്ടർക്കു കഴിയൂ. മുകളിലുള്ള ഒരു ശക്തിയുടെ പ്രവർത്തനം ചേരുമ്പോഴാണ് അതു ഫലവത്താകുക.

ADVERTISEMENT

എന്റെ ആരോഗ്യം
അങ്ങനെ വലിയ ആരോഗ്യ ചിട്ടയിലൊന്നും ജീവിക്കുന്നയാളല്ല ഞാൻ. എന്നും രാവിലെ എഴുന്നേറ്റു കുളിച്ചു തിരുമല നരസിംഹമൂർത്തിയെ കണ്ടു തൊഴും. ഭക്ഷണകാര്യത്തിൽ വലിയ നിഷ്ഠകളൊന്നുമില്ല. കഴിയുന്നതും വീട്ടിലുണ്ടാക്കുന്ന ലളിത ഭക്ഷണമാണു കഴിക്കുക. സ്ട്രെസ്സും ടെൻഷനും ഉണ്ടാകാറുണ്ട്. പക്ഷേ, അതു വീട്ടിലേക്കു കൊണ്ടുവരാറില്ല; മനസ്സിനെ ഭരിക്കാൻ അനുവദിക്കാറുമില്ല. മനസ്സിനു ഭാരമില്ലെങ്കിൽ ശരീരത്തിനും ഭാരമുണ്ടാകില്ല. ഒഴിവു കിട്ടുമ്പോൾ അമ്പലങ്ങളുമായി ബന്ധപ്പെട്ടൊക്കെ ആത്മീയ പ്രഭാഷണങ്ങളും ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളും നൽകാറുണ്ട്.
പഠിച്ചിരുന്ന കാലത്തു കലാപരിപാടികളിലും യൂണിയൻ പ്രവർത്തനങ്ങളിലുമൊക്കെ സജീവമായിരുന്നു. അന്ന് ആളുകളുമായി ഇടപഴകി ജീവിച്ചതിന്റെ ഗുണം പ്രിൻസിപ്പലായുള്ള സേവനകാലത്ത് ഏറെ പ്രയോജനപ്പെടുന്നുണ്ട്. സംഗീതത്തോടും ഉപകരണസംഗീതത്തോടുമുള്ള ആ പഴയപ്രിയം ഇന്നും മനസ്സിലുണ്ട്. അതുകൊണ്ടു മെഡിക്കൽ കോളജിലെയും ആശുപത്രിയിലെയും ജോലിക്കാരെ ഒരുമിപ്പിച്ച് ഒരു റിക്രിയേഷൻ ക്ലബ് തുടങ്ങാനായുള്ള ഒരുക്കത്തിലാണ് ഇപ്പോൾ.
വേണ്ടത് വെൽനസ് കേന്ദ്രങ്ങൾ
വെൽനസ് കേന്ദ്രങ്ങളാണ് ഇനി നമുക്ക് ആവശ്യം. വ്യായാമവും ഭക്ഷണക്രമീകരണവുമൊക്കെ പറഞ്ഞുകൊടുക്കുന്ന വെൽനസ് സെന്ററുകൾ... പ്രായമുള്ളവരുടെ ആരോഗ്യത്തിനു കൂടുതൽ പ്രാധാന്യം നൽകണം. നാമിപ്പോഴും വയോജന സൗഹൃദ സമൂഹമായിട്ടില്ല. മാനസികാരോഗ്യത്തിനും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.

സൗമ്യസുന്ദരമായ സംഗീതം പോലെ ജീവിതത്തെ കൊണ്ടുപോകുന്ന ഡോക്ടറുടെ അടുത്തെത്തുമ്പോൾ രോഗികളും ആ സ്വാസ്ഥ്യമറിയും. അതാകാം ഡോ. ബി. പത്മകുമാറിനെ ഒരു ജനപ്രിയ ഡോക്ടറാക്കുന്നതും.

English Summary:

Doctor Padmakumar shares his experiences as a doctor in Alappuzha, Kerala, focusing on infectious and lifestyle diseases. His journey highlights the changing landscape of healthcare and the importance of wellness centers.

ADVERTISEMENT