ലേബർ റൂമിൽ കുഞ്ഞിക്കരച്ചിൽ മുഴങ്ങിയതോടെ എല്ലാവരും ഒന്ന് ആശ്വസിച്ചു. പ്രസവിച്ചു കിടക്കുന്നത് ഒരു ഡോക്ടറാണ്. പെട്ടെന്നാണ് ആ ദുരന്തം സംഭവിക്കുന്നത്. രോഗിയുടെ ഗർഭപാത്രം ചുരുങ്ങുന്നില്ല. ടാപ് തുറന്നിട്ട പോലെ രക്തം പുറത്തേക്കൊഴുകുന്നു. മെഡിക്കൽ ഭാഷയിൽ ഇതിനെ പോസ്റ്റ്പാർട്ടം ഹെമറേജ് എന്നു പറയും. രോഗിയുടെ ജീവൻ പോലും നഷ്ടമാകാവുന്ന സാഹചര്യം. ഞാനുൾപ്പെടെ ഡോക്ടർമാരുടെ വലിയൊരു ടീം തന്നെ അവിടെയുണ്ട്. അവർ പരിഭ്രാന്തരായി തങ്ങൾക്കറിയാവുന്ന വഴികളെല്ലാം നോക്കി, കൊടുക്കാവുന്ന മരുന്നുകളെല്ലാം നൽകി. എന്നിട്ടും ബ്ലീഡിങ് നിലയ്ക്കുന്നില്ല. ഇതിലെ ഏറ്റവും വലിയ ട്രാജഡി എന്താണെന്നു വച്ചാൽ ഗർഭിണിയായ ഡോക്ടറുടെ അരയ്ക്കു താഴേയ്ക്കേ മരവിപ്പിച്ചിട്ടുള്ളു. അവർക്കു ബോധമുണ്ട്. ഡോക്ടറായതുകൊണ്ടു തന്നെ എന്താണു സംഭവിക്കുന്നത് എന്ന് അവർക്കു കൃത്യമായറിയാം. തനിക്കു നൽകുന്ന ചികിത്സകൾ പരാജയപ്പെടുകയാണെന്ന് അവർ സ്വന്തം കണ്ണുകൊണ്ടു കാണുകയാണ്. ഗർഭപാത്രം മാറ്റുകയാണു ബ്ലീഡിങ് നിർത്താനുള്ള ഒരു പോംവഴി. പക്ഷേ, ആദ്യ ഗർഭമായതുകൊണ്ട് അതും പ്രയാസകരമാണ്. ഇതിനിടയിൽ പുറത്തുകാത്തുനിൽക്കുന്ന ബന്ധുക്കളെ കാര്യങ്ങളൊക്കെ ബോധ്യപ്പെടുത്തണം. പരിഭ്രാന്തിയുടെ നിമിഷങ്ങൾ... പഠിച്ച കാര്യങ്ങൾ വീണ്ടും വീണ്ടും ചെയ്തു നോക്കി. ഒടുവിൽ എങ്ങനെയോ രക്തസ്രാവം നിലച്ചു. അമ്മ രക്ഷപെട്ടു.
‘‘ജനനം എന്ന അദ്ഭുതത്തെക്കുറിച്ചു സംസാരിക്കുമ്പോൾ നാം എപ്പോഴും സന്തോഷം മാത്രമാണു കാണുന്നത്. എന്നാൽ ലേബർ റൂമിന്റെ അടഞ്ഞ വാതിലുകൾക്കുള്ളിൽ ഗൈനക്കോളജിസ്റ്റുകൾ അനുഭവിക്കുന്ന മാനസിക സമ്മർദം എത്ര വലുതാണെന്നു ചിന്തിക്കാറില്ല. ഒരു മാതൃമരണം നടക്കുമ്പോൾ അതു ഗർഭിണിയുടെ കുടുംബത്തിനു മാത്രമല്ല അവരെ നോക്കിയിരുന്ന ഡോക്ടറെ സംബന്ധിച്ചും ഒരു വലിയ ട്രാജഡി തന്നെയാണ്. അതിപ്പോൾ ഡോക്ടറുടെ കുറ്റം കൊണ്ടല്ല ആ മരണം സംഭവിച്ചതെങ്കിൽ പോലും.’’ പതിറ്റാണ്ടുകളായി സ്ത്രീകളുടെ ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന, 83 വയസ്സുകാരനായ ഗൈനക്കോളജിസ്റ്റ് ഡോ. വി. പി. പൈലി സംസാരിച്ചു തുടങ്ങി.
ചുരമിറങ്ങി വരുന്നവർ
‘‘കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചുകളിലൊന്നിലായിരുന്നു (1962) എംബിബിഎസ് പഠനം. അന്ന് എൻട്രൻസ് ഇല്ല. പ്രീഡിഗ്രി മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു സെലക്ഷൻ. എംബിബിഎസ്സിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ ട്യൂട്ടറായി ജോലി ചെയ്തു. അവിടെ തന്നെയായിരുന്നു എം.ഡി.
അന്ന്, ഭാരതപ്പുഴ കഴിഞ്ഞു വടക്കോട്ടുള്ള എല്ലാവരും ഗർഭസംബന്ധിയായ പ്രശ്നങ്ങൾക്കു വരുന്നതു കോഴിക്കോട് മെഡിക്കൽ കോളജിലേക്കാണ്. വിവാഹിതനല്ലാത്തതിനാൽ ഞാനന്ന് ഏതാണ്ടു മുഴുവൻ സമയവും ആശുപത്രിയിൽ തന്നെയായിരുന്നു. എല്ലാത്തരം സങ്കീർണതകളും അടിയന്തര സാഹചര്യങ്ങളും കാണാനും ചികിത്സിക്കാനും അവസരമുണ്ടായി. വയനാട്ടിൽ നിന്നും മലബാറിൽ നിന്നുമൊക്കെ റഫർ ചെയ്തു ഗർഭിണികളെത്തും. എല്ലാം സങ്കീർണമായ കേസുകൾ. അതുകൊണ്ടു ചുരമിറങ്ങി ആളെത്തി എന്നു കേൾക്കുന്നതേ പേടിയാണ്.
അന്ന് അവിടങ്ങളിൽ ഫോളിക് ആസിഡ് അഭാവം വളരെ സാധാരണമായിരുന്നു. ഫോളിക് ആസിഡ് കുറവു വന്നാൽ പ്രസവത്തിനു മുൻപേ രക്തസ്രാവം ഉണ്ടാകാം. എത്രയും പെട്ടെന്നു പ്രസവം നടത്തുകയേ രക്ഷയുള്ളു. ഇവർക്കു രക്തം കട്ടപിടിക്കാതായി (Coagulopathy) വലിയ തോതിൽ രക്തം നഷ്ടമാകും. ഉടനെ പകരം രക്തം കയറ്റണം. ബ്ലഡ് ബാങ്ക് സൗകര്യം കുറവാണ്. മെഡിക്കൽ വിദ്യാർഥികളെ വിളിച്ചുകൂട്ടി അവരുടെ രക്തം എടുത്താണു രോഗികളെ രക്ഷപെടുത്തുക.
സ്കാനിങ് ഒന്നും ഇല്ലാത്ത കാലമായതുകൊണ്ടു ക്ലിനിക്കൽ എക്സാമിനേഷൻ മാത്രമായിരുന്നു ഏക ആശ്രയം. അതുകൊണ്ടു ലേബർ
റൂമിൽ ‘സർപ്രൈസുകളും’ ധാരാളമുണ്ടായിരുന്നു. കുട്ടി പുറത്തുവന്നു മറുപിള്ള വരാനായി കാത്തുനിൽക്കുമ്പോഴാകും അടുത്തയാളുടെ വരവ്. ചിലപ്പോൾ മൂന്നുപേരുണ്ടാകും.
ഒരിക്കൽ 37 ആഴ്ച ആയ ഗർഭിണിയെ കൊണ്ടുവന്നു. കുട്ടി വിലങ്ങനെ കിടക്കുകയാണ്. സിസേറിയനു വയറു തുറന്നപ്പോൾ അതാ ഗർഭപാത്രത്തിന്റെ പുറത്തു കുഞ്ഞു കിടക്കുന്നു. അബ്ഡോമിനൽ പ്രഗ്നൻസി എന്നു പറയും. പക്ഷേ, അപ്പോഴേക്കും കുട്ടി മരിച്ചുപോയിരുന്നു.
അമ്മമാർ മരിക്കുമ്പോൾ
കോഴിക്കോട് നിന്നു പ്രായോഗിക പരിശീലനത്തിന്റെ പാഠങ്ങളാണു ലഭിച്ചതെങ്കിൽ തൃശൂർ ജോലി ചെയ്തിരുന്ന സമയത്താണു ഗവേഷണത്തിലേക്കും സംഘടനാപ്രവർത്തനങ്ങളിലേക്കും തിരിഞ്ഞത്. കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രീഷൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ് (KFOG) രൂപീകരിക്കുന്നതിനും മാതൃമരണങ്ങൾ കുറയ്ക്കുന്നതിനുമായി ‘ കോൺഫിഡൻഷ്യൽ മെറ്റേണൽ ഡെത്ത് ഓഡിറ്റിങ്’ തുടങ്ങുന്നതിനു മുൻകൈ എടുത്തത് ഈ സമയത്താണ്. ഇതിനു ഡബ്ല്യുഎച്ച്ഒയുടെയും (WHO) സർക്കാരിന്റെയും പിന്തുണ ലഭിച്ചു.
‘‘നോ നെയിം, നോ ബ്ലെയിം (No Name, No Blame)’’ എന്നതായിരുന്നു മെറ്റേണൽ ഡെത്ത് ഒാഡിറ്റിങ്ങിന്റെ മുദ്രാവാക്യം. മാതൃമരണങ്ങൾക്കിടയാക്കിയ വീഴ്ചകൾ കണ്ടെത്തി പരിഹരിക്കുക എന്നതല്ലാതെ ഡോക്ടർമാരെ കുറ്റപ്പെടുത്തുകയോ അവരാരാണെന്നു വെളിപ്പെടുത്തുകയോ ആയിരുന്നില്ല ഇതിന്റെ ലക്ഷ്യം. ഇതിലെ വിശകലനങ്ങൾ ഉൾപ്പെടുത്തി 2004 മുതൽ ‘Why Mothers Die’ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു തുടങ്ങി.
വീട്ടിലെ പ്രസവം
ആദ്യകാലങ്ങളിൽ പ്രസവത്തെ തുടർന്നുള്ള രക്തസ്രാവമായിരുന്നു മാതൃമരണങ്ങളുടെ പ്രധാന കാരണം. കഴിഞ്ഞ ഏതാനും വർഷം മുൻപ് ‘മെറ്റേണൽ സൂയിസൈഡ്’ ആയിരുന്നു പ്രധാന മരണകാരണം. അവിവാഹിതരായ അമ്മമാരുടെ ആത്മഹത്യ വലിയ പ്രശ്നമായിരുന്നു. ഇപ്പോൾ അമിത രക്തസമ്മർദം വെല്ലുവിളിയാണ്. പ്രായവും പ്രശ്നമാണ്. വൈകിയുള്ള ഗർഭധാരണം, പ്രത്യേകിച്ച് അതു കൃത്രിമ ഗർഭധാരണം വഴിയുള്ളതാണെങ്കിൽ വലിയ ടെൻഷനാണ്.
പ്രസവം ഒരു രോഗമല്ല എന്നു പൊതുവെ ഒരു വാദഗതിയുണ്ട്. പക്ഷേ ഒന്നു പറയാം. എപ്പോൾ വേണമെങ്കിലും സാധാരണ ട്രാക്കിൽ നിന്നു മാറി അപകടത്തിലേക്കു പോകാവുന്നൊരു പ്രക്രിയയാണു (Potentially Dangerous) പ്രസവം. വിദേശത്തു വീട്ടിൽ വച്ചുള്ള പ്രസവം പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷേ, അതിനു പിന്നിലെ സിസ്റ്റം കാണണം. അവിടെ ഹോം ഡെലിവറി നടക്കുമ്പോൾ എന്തെങ്കിലും സങ്കീർണത ഉണ്ടായാൽ നിമിഷനേരം കൊണ്ട് ആശുപത്രിയിലെത്തിക്കാൻ സംവിധാനമുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ ഉൾഗ്രാമങ്ങളിൽ രക്തസ്രാവം ഉണ്ടായാൽ എന്താണ് അവസ്ഥ? രക്തബാങ്ക് ഉള്ള ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും രോഗിയുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാകും. ‘വീട്ടിൽ പ്രസവിക്കാൻ പോന്നത്ര സമ്പന്നരല്ല നമ്മൾ’ ( We are too poor to allow a home delivery) എന്നേ ഞാൻ പറയൂ.
ശരീരം നുറുങ്ങിപ്പോകുന്നത്ര വേദനയാണു പ്രസവസമയത്തു സ്ത്രീ അനുഭവിക്കുന്നത്. പക്ഷേ, പ്രസവവേദനയുടെ പ്രത്യേകത എന്നു വച്ചാൽ അതൊരു ട്രാൻസിയന്റ് അതായതു താൽക്കാലിക വേദനയാണ്. കുഞ്ഞു പുറത്തുവന്ന് ആ മുഖം കാണുമ്പോൾ അമ്മമാർ പ്രസവവേദന പൂർണമായും മറക്കുന്നു.
നഷ്ടമായ വിശ്വാസം
പുതിയ തലമുറ വളരെ ഭയത്തോടും ആശങ്കയോടും കൂടിയാണു ലേബർ റൂമിലേക്കു വരുന്നത്. ലേബർ റൂമിൽ ഭയന്നു വിറച്ചിരിക്കുമ്പോൾ ഗർഭപാത്രം റിലാക്സ് ചെയ്യില്ല. ടെൻഷനടിക്കുമ്പോൾ സ്വാഭാവിക പ്രസവം നടക്കാതെ വരുന്നത് ഈ മെക്കാനിസം കൊണ്ടാണ്.
എന്തുകൊണ്ടാണു ലേബർ റൂമിലേക്കു വരാൻ ഇത്ര ഭയപ്പെടുന്നതെന്ന് ഇഴകീറി നോക്കുമ്പോൾ ഒരു കാരണം സമൂഹത്തിന്റെ മനോഭാവം മാറിയതാണ്. രോഗികൾക്കു ഡോക്ടർമാരിലുള്ള വിശ്വാസം നഷ്ടമായി. അതു വല്ലാത്തൊരു നഷ്ടമാണ്.
ഇന്നു രോഗിക്കു ചെറിയ കോംപ്ലിക്കേഷൻ വന്നാൽ പോലും സമൂഹവും മാധ്യമങ്ങളും ഡോക്ടറെ ക്രൂശിക്കുന്നതു നാം കാണാറുണ്ട്. ഡോക്ടറുടെ ഭാഗത്തുനിന്നു പിഴവു വന്നാൽ, എത്ര ചെറുതായാൽ പോലും, ന്യായീകരിക്കാനാകില്ല തന്നെ. പക്ഷേ, എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു പരിശോധിക്കേണ്ടേ?
വിദേശരാജ്യങ്ങളിൽ സങ്കീർണമായ കേസ് വരുമ്പോൾ ഒരു കൂട്ടം നഴ്സുമാരും പല സ്പെഷാലിറ്റിയിലുള്ള ഡോക്ടർമാരും അനസ്തറ്റിസ്റ്റും അടങ്ങുന്ന വലിയൊരു ടീം ഉണ്ടാകും. ആർക്കും അമിതമായ ജോലിഭാരമില്ല. നമ്മുടെ സർക്കാർ ആശുപത്രികളിൽ, പ്രത്യേകിച്ച് പെരിഫറൽ ആശുപത്രികളിൽ മുപ്പതോ നാൽപതോ രോഗികൾക്ക് ഒരു ഡോക്ടറാവും ഉണ്ടാവുക. പലപ്പോഴും ഉള്ള ആളുകളെ വച്ചു വലിയ റിസ്കാണു ഡോക്ടർമാർ എടുക്കുന്നത്. ആളും അർഥവും ആധുനിക സംവിധാനങ്ങളും ഉള്ളിടത്തു ലഭിക്കുന്ന റിസൽട്ട്, മിനിമത്തിൽ താഴെ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഒരിടത്തു നിന്നും ആവശ്യപ്പെടുമ്പോഴാണു പ്രശ്നം. ആളും സംവിധാനവുമില്ലെങ്കിൽ ചെയ്യേണ്ട എന്ന് ഒരു വാദത്തിനായി പറയാം. പക്ഷേ, അങ്ങനെയെങ്കിൽ നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ല.
രണ്ടു കണ്ടുപിടുത്തങ്ങൾ
പ്രസവസമയത്തെ അമിത രക്തസ്രാവം (Postpartum Hemorrhage) നിയന്ത്രിക്കാനായി ഞാൻ ഒരു ‘അയോർട്ട ക്ലാംപും (Aorta Clamp) ട്രാൻസ് വജൈനൽ യൂട്ടറിൻ ആർട്ടറി ക്ലാംപും (TVUAC) വികസിപ്പിച്ചെടുത്തു. ഇത് രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഗർഭപാത്രം താഴേക്ക് ഇറങ്ങുന്ന പ്രൊലാപ്സ് (Prolapse) ചികിത്സയിൽ മെഷ് (Mesh) ഉപയോഗിക്കുന്നതിലും തുടർച്ചയായി ഗർഭമലസുന്നവരിൽ പ്രത്യേകം സ്റ്റിച്ച് ഇട്ടുള്ള ചികിത്സയിലുമാണ് ഇപ്പോൾ കൂടുതലും ഫോക്കസ് ചെയ്യുന്നത്.
ഇന്ന് ദിവസം ഏകദേശം 10 മുതൽ 16 മണിക്കൂർ വരെ രോഗികൾക്കായി ചെലവിടുന്നു. ഒാരോ ദിവസവും ഒാരോ ടെൻഷനുകളുണ്ടാകും. എങ്കിലും ഈ പ്രഫഷനോടു മടുപ്പു തോന്നിയിട്ടില്ല. മറ്റൊരാളുടെ സന്തോഷത്തിന്, അല്ലെങ്കിൽ ഒരു സമൂഹത്തിന്റെ സന്തോഷത്തിനു നമ്മൾ കാരണക്കാരാകുന്നു എന്നതാണ് ഈ പ്രായത്തിലും വലിയ സന്തോഷം തരുന്നത്. പ്രഫഷനലായ അംഗീകാരങ്ങളേക്കാൾ മതിപ്പുണ്ട് അതിന്.’’ ലേബർറൂമുകളിൽ എത്രയോ പേർക്ക് ആശ്വാസമായ സൗമ്യമായ ചിരി ആ മുഖത്തു തെളിയുന്നു.
ഡോ. വി.പി.പൈലി ജനിക്കുന്നത് കൊച്ചി പിറവത്ത് ഒരു കാർഷിക കുടുംബത്തിലാണ്. കോട്ടയം മെഡി. കോളജിൽ നിന്ന് എംബിബിഎസ്. കോഴിക്കോട് നിന്ന് എം.ഡി. യുകെയിലെ എഡിൻബറോ, സൗദിയിലെ ദമാം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. കേരളത്തിൽ മെറ്റേണൽ ആൻഡ് ഫീറ്റൽ കമ്മിറ്റി ചെയർമാൻ ഉൾപ്പെടെ ഒട്ടേറെ പദവികൾ വഹിച്ചു. ഇപ്പോൾ ആലുവ രാജഗിരി ഹോസ്പിറ്റലിൽ ഗൈനക്കോളജി &ഒബ്സ്റ്റട്രിക്സ് വിഭാഗം സീനിയർ കൺസൽറ്റന്റ്.
ഭാര്യ ഡോ. ഷീല, റേഡിയോളജിസ്റ്റായിരുന്നു.
മൂന്നു മക്കൾ.