വർഷം 2002. പശ്ചാത്തലം കോട്ടയം മെഡിക്കൽ കോളജ്. പുതിയ ഒരു നാഴികക്കല്ല് നേടാൻ പോകുന്നതിന്റെ ആവേശത്തിലാണു ഡോക്ടർമാരും ജീവനക്കാരും. കോട്ടയം മെഡിക്കൽ കോളജിന്റെ ചരിത്രത്തിലെ ആദ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണു തൊട്ടടുത്ത ദിവസം നടക്കാൻ പോകുന്നത്. നാട്ടിലെ ജനങ്ങളും ജനപ്രതിനിധികളും വരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ദിനം. യൂറോളജി, നെഫ്രോളജി വിഭാഗം ഡോക്ടർമാരും മറ്റും ജീവനക്കാരും പൂർണമായി സജ്ജരാണ്. ഇതിനു മുൻപു കോഴിക്കോട് മെഡിക്കൽ കോളജിൽ മാത്രമാണു വൃക്ക മാറ്റിവയ്ക്കൽ നടന്നിട്ടുള്ളത്. അതു നടത്തിയ സംഘത്തിൽ നിന്നുള്ള രണ്ടു ഡോക്ടർമാരും കോട്ടയത്ത് എത്തിയിട്ടുണ്ട്.
24 വയസ്സുള്ള ചെറുപ്പക്കാരനാണു രോഗി. പാവപ്പെട്ട കുടുംബം. ജന്മനാൽ ഉള്ള വൃക്കരോഗം കാരണം ഇരുവൃക്കകളും തകരാറിലായി. വൃക്ക മാറ്റിവയ്ക്കൽ മാത്രമെ ഉള്ളൂ ഏക പരിഹാരം. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവു താങ്ങാൻ കഴിയാത്തതിനാൽ സർക്കാർ ആശുപത്രിയെ അഭയം പ്രാപിച്ചതാണ്. സ്വന്തം അമ്മാവനാണു വൃക്ക നൽകാൻ തയാറായത്. എല്ലാ പരിശോധനകളും മറ്റും കഴിഞ്ഞ് അദ്ദേഹവും മുറിയിൽ വിശ്രമിക്കുന്നു. ഡോക്ടർമാരും ആശുപത്രി ജീവനക്കാരുമെല്ലാം ശസ്ത്രക്രിയ വിജയിക്കണേയെന്ന പ്രാർഥനയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ഇനി ഏതാനും മണിക്കൂറുകൾ മാത്രം. പൊടുന്നനെയാണ് ആ ഞെട്ടിക്കുന്ന വാർത്ത ഡോക്ടർമാരെ തേടിയെത്തിയത്. അമ്മാവൻ അവയവദാനത്തിൽ നിന്നും പിൻമാറുന്നു !
ഡോക്ടർമാർ രോഗിയുെട മുറിയിൽ െചല്ലുമ്പോൾ ബന്ധുക്കൾ തമ്മിൽ വലിയ വാഗ്വാദങ്ങൾ നടക്കുന്നു. എല്ലാവരും എത്ര ശ്രമിച്ചിട്ടും അമ്മാവൻ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു. അതിനു പിന്നിലെ കാരണം പറയുന്നുമില്ല. എല്ലാം കണ്ടുകൊണ്ടു നിസ്സഹായരായി, ദൈന്യതയോടെ ആ രോഗിയും അവന്റെ അമ്മയും ആ മുറിയിലുണ്ട്. ‘‘ ഒരു രോഗിയുടെ ജീവൻ, ഡോക്ടർമാരുടെയും മറ്റും ജീവനക്കാരുടെയും ദിവസങ്ങളായുള്ള അധ്വാനവും തയാറെടുപ്പുകളും... എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആവുകയാണല്ലോ എന്നു ചിന്തിച്ചു ഞങ്ങൾ ഡോക്ടർമാരും ആ മുറിയിലെ തർക്കങ്ങൾക്കിടയിൽ മൂകസാക്ഷികളായി നിന്നു. ഒന്നും ചെയ്യാൻ കഴിയില്ലെന്നു ബോധ്യമായതോടെ ഞങ്ങൾ മുറി വിട്ടിറങ്ങി.
ഒടുവിൽ അർധരാത്രിയോടെ ആ ആശ്വാസവാർത്ത എത്തി. അമ്മാവൻ ശസ്ത്രക്രിയയ്ക്കു സമ്മതിച്ചിരിക്കുന്നു. ആ സമ്മതത്തിനു ആ ചെറുപ്പക്കാരന്റെ കുടുംബം എന്താണു പകരം നൽകേണ്ടി വന്നതെന്ന് ഇന്നും അറിയില്ല. അടുത്ത ദിവസം ശസ്ത്രക്രിയ വിജയകരമായി നടന്നു. നാടും നാട്ടുകാരും പത്രങ്ങളും ഞങ്ങളുടെ നേട്ടം ആഘോഷിച്ചു. എന്നാൽ കടുത്ത മാനസികസംഘർഷത്തിലൂടെയും നിസ്സഹായതയിലൂടെയും കടന്നുപോയ, തലേദിവസത്തെ ആ രാത്രിയെ കുറിച്ചുള്ള ഒാർമകൾ ഇന്നും വീർപ്പുമുട്ടിക്കുന്നു ’’
കോട്ടയം ചെമ്മനംപടിയിലെ വീട്ടിലിരുന്നു യൂറോളജിസ്റ്റായ ഡോ. അപ്പു തോമസ് ആ അനുഭവം പറയുന്പോൾ, നേട്ടങ്ങൾ ആഘോഷിക്കപ്പെടുന്പോൾ അതിന്റെ പിന്നാന്പുറങ്ങളിൽ നാം അറിയാതെ പോകുന്ന, ഉള്ളുലയ്ക്കുന്ന എത്രയെത്ര കഥകൾ ഉണ്ടാകും എന്നാണ് ഓർത്തത്. കോട്ടയം മെഡിക്കൽ കോളജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലെ യൂറോളജി വിഭാഗം തലവനായി, സേവനമനുഷ്ഠിച്ച ഡോ. അപ്പു തോമസ് 50 വർഷത്തിലേറെയായി ചികിത്സാ രംഗത്തു സജീവമാണ്. തന്റെ ചികിത്സാജീവിതത്തിലെ ചില മറക്കാനാവാത്ത അനുഭവങ്ങൾ ഡോ. അപ്പു തോമസ് പങ്കുവയ്ക്കുന്നു.
‘കല്ലുമായി’ വന്ന ഗ്യാങ്സ്റ്റർ
1990കളിലാണ്. കോട്ടയം മെഡിക്കൽ കോളജിലെ ഒരു ദിവസം. ഒപിയിൽ ഒരു വിദേശി എന്നെ കാണാൻ എത്തിയിരിക്കുന്നു. ഏതോ യൂറോപ്യൻ രാജ്യത്തു നിന്നാണ്. മധ്യവയസ്ക്കൻ. വൃക്കയിലെ കല്ല് ആണ് പ്രശ്നം. വിദേശരാജ്യങ്ങളിൽ ഏറ്റവും പുതിയ ചികിത്സ ലഭിക്കുമ്പോൾ എന്തുകൊണ്ടു കേരളത്തിൽ വന്നു എന്ന് അദ്ദേഹത്തോടു ഞാൻ ചോദിച്ചു. അന്നു കേരളത്തിൽ തന്നെ ആദ്യമായി വൃക്കയിലെ കല്ല് ലേസർ കൊണ്ടു പൊടിച്ചു കളയുന്ന ഉപകരണം ഉപയോഗിച്ചതു കോട്ടയം മെഡിക്കൽ കോളജിലാണ്. ആ വാർത്ത കണ്ടെന്നും കൂടാതെ സ്വന്തം രാജ്യത്തെ അപേക്ഷിച്ച് ഇവിടെ ചികിത്സാ ചെലവു കുറവാണ് എന്നുമാണു രോഗി പറഞ്ഞ മറുപടി. ഞാൻ വിശദമായി പരിശോധിച്ചു. കല്ല് പൊടിച്ചു കളയാൻ അടുത്ത ദിവസം വരാൻ നിർദേശിച്ചു.
തൊട്ടടുത്ത ദിവസം കൃത്യമായി എത്തുകയും ചെയ്തു. പക്ഷേ അദ്ദേഹം വന്ന കാഴ്ച കണ്ട് അക്ഷരാർഥത്തിൽ ഞെട്ടി. രണ്ടു പൊലീസുകാരുെട അകന്പടിയോടെ വിഐപി സ്റ്റൈലിൽ. പക്ഷേ കയ്യിൽ വിലങ്ങ് ഉണ്ടെന്നു മാത്രം ! ആദ്യ ഞെട്ടലിൽ നിന്നു പുറത്തുകടന്നശേഷം പൊലീസുകാരോടു കാര്യം ചോദിച്ചു. രോഗിയായ വിദേശി നിസ്സാരക്കാരനല്ല. ഏതോ രാജ്യാന്തര മയക്കുമരുന്നുകടത്തു സംഘത്തിന്റെ തലവനായിരുന്നു കക്ഷി! ഒളിവുജീവിതത്തിനിടെ കല്ല് കുഴപ്പമുണ്ടാക്കിയപ്പോൾ
ചികിത്സ തേടിയിറങ്ങിയതാണ്. പക്ഷേ സായിപ്പിന്റെ സമയം മോശമായിരുന്നു എന്നു തോന്നുന്നു. ആശുപത്രിയിൽ വന്ന ദിവസം രാത്രി ‘രോഗിയെ’ പൊലീസ് പൊക്കി. പിന്നെ പ്രത്യേക അനുവാദം വാങ്ങിച്ചാണു ചികിത്സയ്ക്ക് എത്തിയത്. ഏതായാലും കല്ല് എല്ലാം പൊടിച്ചു വിട്ടപ്പോൾ ഗ്യാങ്സ്റ്റർ ഹാപ്പിയായി.
മരണഭയത്തോടെ ഒരു സ്ത്രീ
ആലപ്പുഴ മെഡിക്കൽ കോളജിലെ ഒരു ദിവസം. രാവിലെ ഒപിയിൽ വന്നപ്പോൾ സ്ട്രെച്ചറിൽ ഒരു യുവതിയെ കിടത്തിയിരിക്കുന്നു. 25 വയസ്സു കാണും. പത്തനംതിട്ട സ്വദേശിനി. ടീച്ചർ ആയിരുന്നു. നല്ല പനിയും ക്ഷീണവും ഉണ്ട്. അടിവയർ വല്ലാതെ വീർത്തിരിക്കുന്നു. വയറിനു ഭയങ്കര വേദനയും. മറ്റേതോ ആശുപത്രിയിൽ നിന്നു റഫർ ചെയ്തുവിട്ടതാണ്. ഞാൻ അവരുടെ സമീപം െചന്നു. എന്നെ കണ്ടപ്പോൾ അവരുെട ആദ്യ ചോദ്യം ഇങ്ങനെയായിരുന്നു, ‘ ഞാൻ ജീവിക്കുമോ ഡോക്ടർ ? ’. വയറിൽ കല്ലിപ്പ് ആയിരുന്നു പ്രശ്നം. എന്തോ മാരക അസുഖമാണെന്നും താൻ മരിക്കും എന്നും പേടിച്ചിരിക്കുകയാണ് ആ സ്ത്രീ. അന്നത്തെ കാലത്തു സ്കാനിങ് സൗകര്യം കുറവായിരുന്നു. ആലപ്പുഴ സ്കാനിങ് സെന്ററുകൾ ഒന്നും ഇല്ല. ദേഹപരിശോധന നടത്തിയതിൽ വയറിൽ മുഴ പോലെ അനുഭവപ്പെട്ടിരുന്നു. അതു സ്ഥിരീകരിച്ചാലേ ചികിത്സ തീരുമാനിക്കാൻ സാധിക്കൂ. ഒടുവിൽ അൾട്രാ സൗണ്ട് സ്കാൻ ചെയ്യാനായി അവരെ എറണാകുളത്തെ ഒരു സ്ഥാപനത്തിലേക്കു വിട്ടു. അവിടുന്നുള്ള റിപ്പോർട്ടിൽ വയറ്റിൽ മുഴ ഉണ്ടെങ്കിലും വ്യക്തതയില്ല. മുഴ ആണെങ്കിൽ അതു കാൻസറും ആകാം.
രണ്ടും കൽപിച്ചു ഞാൻ തീരുമാനമെടുത്തു. ശസ്ത്രക്രിയ ചെയ്യുക. അവരുടെ ഭർത്താവിനോടു കാര്യങ്ങൾ വിശദീകരിച്ചു. അദ്ദേഹവും ശസ്ത്രക്രിയ ചെയ്യാൻ സമ്മതിച്ചു. ശസ്ത്രക്രിയ ചെയ്തു മുഴ നീക്കം ചെയ്തു. പഴുപ്പും മറ്റും എടുത്തു കളഞ്ഞു. ഭാഗ്യത്തിനു കാൻസർ മുഴ അല്ലായിരുന്നു. ഇന്നായിരുന്നെങ്കിൽ ഏതുതരം മുഴ, വലുപ്പം എല്ലാം നിമിഷങ്ങൾക്കുള്ളിൽ തന്നെ കണ്ടെത്താൻ കഴിയുമായിരുന്നു.
ആ സംഭവം ഞാൻ മറന്നു. 15 വർഷങ്ങൾക്കു ശേഷം കോട്ടയം മെഡിക്കൽ കോളജിലെ ഒരു ദിവസം. ഓപ്പറേഷൻ തീയറ്ററിൽ നിന്നു ഞാൻ ഇറങ്ങിവരികയായിരുന്നു. തീയറ്ററിനു മുൻപിലുള്ള ബെഞ്ചിൽ ഇരുന്ന ഒരു സ്ത്രീ എന്റെ അടുത്തേക്ക് ഒാടി വന്നു. ഡോക്ടർക്ക് എന്നെ മനസ്സിലായോ എന്നു ചോദിച്ചു. എനിക്ക് അവരെ തിരിച്ചറിയാൻ സാധിക്കുന്നില്ലായിരുന്നു. ഞാൻ ജീവിക്കുമോ എന്നു ചോദിച്ചു മരണഭയത്തോടെ കിടന്ന അതേ യുവതി. ആരോഗ്യവതിയായി എന്റെ മുൻപിൽ.
സ്വന്തം രക്തം
ഞാൻ യൂറോളജിസ്റ്റ് ആകും മുൻപു കോഴിക്കോട് സർജനായി സേവനമനുഷ്ഠിച്ചിരുന്നു. 1975 ലാണെന്നു തോന്നുന്നു. ഒരു ദിവസം ഒരു കൊച്ചു പെൺകുട്ടിയെ കൊണ്ടുവന്നു. എട്ടു വയസ്സോ മറ്റോ കാണും. ആക്സിഡന്റ് ആയിരുന്നു. കൂടെ ബന്ധുക്കൾ ഒന്നും ഇല്ല. അടിയന്തരമായി ശസ്ത്രക്രിയ നടത്തണം. അതിനായി രക്തം വേണം. രക്തം നൽകാൻ ആരും ഇല്ല. ഞാൻ മറ്റൊന്നും ചിന്തിച്ചില്ല. ഞാൻ തന്നെ രക്തം ദാനം ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം കുട്ടിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു പ്രധാനം.
അടുത്ത ദിവസം പത്രത്തിൽ അതു വലിയ വാർത്തയായി. ‘ ഡോക്ടർ സ്വന്തം രക്തം കൊടുത്തു രോഗിയുടെ ജീവൻ രക്ഷിച്ചു’ എന്നൊക്കെ തലക്കെട്ട്. പത്രം വന്നപ്പോഴാണു ഞാൻ അറിയുന്നത്. ആശുപത്രി അധികൃതരായിരുന്നു വാർത്ത നൽകിയത്. കാരണം സർക്കാർ ആശുപത്രിയുടെ പ്രതിച്ഛായ ആ സമയത്ത് അൽപം മോശമായിരുന്നു. ഇത്തരം സംഭവങ്ങൾ വാർത്തയായാൽ പൊതുജനങ്ങൾക്കിടയിൽ മെഡിക്കൽ കോളജിനെ കുറിച്ചു നല്ല അഭിപ്രായം വരുമല്ലോ.. അന്നു ശ്രീ. ജെ. ചിത്തരഞ്ജൻ ആയിരുന്നു ആരോഗ്യമന്ത്രി. അദ്ദേഹം എനിക്ക് അഭിനന്ദന കത്തു നൽകി. ഡോക്ടർ എന്ന നിലയിൽ എന്റെ തുടക്കകാലമായിരുന്നു. ആ സമയത്ത് അത്തരമൊരു അഭിനന്ദനം ലഭിക്കുക എന്നത് അഭിമാനവും പ്രോത്സാഹനവും ആയിരുന്നു.
പരിശോധനാ സംവിധാനങ്ങളിലെ മാറ്റം
പണ്ടു വിദേശരാജ്യങ്ങളിൽ പുതിയ ഉപകരണമോ മറ്റോ കണ്ടുപിടിച്ചാൽ വർഷങ്ങൾ കഴിഞ്ഞാണ് ഇന്ത്യയിൽ വന്നിരുന്നത്. ഇന്ന് ആ സ്ഥിതി മാറി. നമ്മുടെ ആരോഗ്യരംഗം വളരെ അപ്ടുഡേറ്റ് ആണ്. അമേരിക്കയിൽ ഒരു പുതിയ ഉപകരണം രംഗത്തുവന്നാൽ തൊട്ടടുത്ത വർഷം തന്നെ അതു കേരളത്തിൽ എത്തും.
പണ്ടു പരിശോധനാ സംവിധാനങ്ങൾ കുറവായിരുന്നല്ലോ. അതുകൊണ്ടു തന്നെ ചികിത്സ തീരുമാനിക്കാൻ വൈകുമായിരുന്നു. ഇന്ന് ആ കാലതാമസം ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് എന്തെങ്കിലും ഗുരുതര ആരോഗ്യപ്രശ്നം വന്നാൽ മിക്കവരും വെല്ലൂർ മെഡിക്കൽ കോളജിനെയൊക്കെയായിരുന്നു ആശ്രയിച്ചിരുന്നത്. അതായതു കേരളം കടക്കണം. ഇന്നു ലോകോത്തര ചികിത്സാ സംവിധാനങ്ങൾ നാട്ടിൽ തന്നെ ഉണ്ട്.
1980കളിലും 90കളിലും മാത്രമല്ല ഇന്നത്തെ കാലത്തും യൂറോളജിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കാണുന്നതു പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. മിക്ക പുരുഷന്മാർക്കും മൂത്രതടസ്സം ഉണ്ടായിരിക്കും. ഇന്ന് അത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നതിനു ഒരു കാരണം രോഗങ്ങൾ കൂടുതൽ കണ്ടുപിടിക്കപ്പെടുന്നതാകാം. കേരളത്തിലെ യൂറോളജി വിഭാഗത്തിന്റെ വളർച്ച ഡോ. അപ്പു തോമസിന്റെ കൺമുന്നിലൂടെയായിരുന്നു. സംതൃപ്തമായ അദ്ദേഹത്തിന്റെ ചികിത്സാജീവിതം തുടരുകയാണ്.