കുടുംബത്തെ മുഴുവൻ ചേർത്തുനിർത്തുന്ന കണ്ണിയാണ് അമ്മ. ആ അമ്മയെ കാൻസറിനു വിട്ടുകൊടുക്കാൻ ആ അമ്മയുടെ പങ്കാളിക്കും മക്കൾക്കും സാധിക്കുമായിരുന്നില്ല. രോഗം തീവ്രമായി ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിൽ നിന്നും അദ്ഭുതകരമായ തിരിച്ചുവരവാണ് ആ അമ്മ നടത്തിയത്– കാർ ടി സെൽ തെറപ്പിയുടെ സഹായത്തോടെ. അതിനു പിന്നിൽ പ്രവർത്തിച്ചത് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. വരുൺ രാജനാണ്. ഡോക്ടർമാർ മാത്രമല്ല, ആശുപത്രി മുഴുവൻ ആ അമ്മയുടെ ജീവൻ തിരിച്ചുപിടിക്കാൻ ഒത്തൊരുമയോടെ പ്രവർത്തിച്ചു. ആ അനുഭവകഥ ഡോ. വരുൺ പങ്കുവയ്ക്കുന്നു.
ക്ഷീണം കാൻസറായി
രണ്ടു വർഷങ്ങൾക്കു മുൻപാണ് എഴുപതു വയസ്സിനോടടുത്തു പ്രായമുള്ള ആ അമ്മ ഒപിയിൽ വരുന്നത്. റിട്ടയേഡ് അധ്യാപികയാണ്. ഭർത്താവും ഒപ്പമുണ്ട്. മലബാർ മേഖലയിൽ നിന്നുള്ളവരാണ് (രോഗി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല). രണ്ടു മക്കൾ. ഒരു മകൻ ഉദ്യോഗസ്ഥൻ. മകൾ കൊച്ചിയിൽ ഉപരിപഠനം നടത്തുന്നു. മകൾക്കൊപ്പം താമസിക്കുകയായിരുന്നു ദന്പതികൾ. കുറച്ചു നാളായി കടുത്ത ക്ഷീണം അനുഭവപ്പെടുന്നതിനെ തുടർന്ന് അമ്മ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചില പരിശോധനകൾ നടത്തിയപ്പോൾ വിളർച്ച ഉണ്ടെന്നു കണ്ടു. അതിനു മരുന്നു
കളും നൽകി. മറ്റു വിശദ പരിശോധനകൾ നടത്തിയില്ല.
പെട്ടെന്നൊരു ദിവസം അമ്മയ്ക്കു നടക്കാൻ പ്രയാസം തോന്നി. കാലിനു തളർച്ച പോലെ. അവരെ പെട്ടെന്നു തന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ കാഷ്വൽറ്റിയിൽ എത്തിച്ചു. ആദ്യം ന്യൂറോളജി വിഭാഗത്തിന്റെ കീഴിലായിരുന്നു ചികിത്സ. കാരണം സ്ട്രോക്ക് പോലുള്ള ലക്ഷണങ്ങളായിരുന്നു. ആദ്യ ദിവസം പരസഹായത്തോടെ നടന്നു വന്ന അമ്മ അടുത്ത ദിവസമായപ്പോഴെക്കും അരയ്ക്കു കീഴ്പ്പോട്ടു തളർന്ന അവസ്ഥയിലെത്തി. സ്കാൻ െചയ്തപ്പോൾ നട്ടെല്ലിന്റെ ഭാഗത്തു വലിയൊരു മുഴ. ആ മുഴ സുഷ്മ്നാ നാഡിയെ ഞെരുക്കുന്ന അവസ്ഥയായിരുന്നു. അതായിരുന്നു തളർച്ചയ്ക്കു കാരണം.
നട്ടെല്ലിലെ മുഴ കാൻസർ ആയിരിക്കുമോ എന്നു സംശയം. ഓങ്കോളജി വിഭാഗത്തിലേക്കു റഫർ െചയ്തു. പെറ്റ് സ്കാൻ, ബയോപ്സി ഉൾപ്പെടെയുള്ള വിശദമായ പരിശോധനകൾ െചയ്തു. ഒടുവിൽ ഫലം വന്നു. കാൻസർ തന്നെ. നോൺ ഹോഡ്ജ്കിൻ ലിംഫോമ. നാലാമത്തെ സ്റ്റേജ്. അസ്ഥികളിലേക്കു കാൻസർ പടർന്നിരുന്നു. കീമോതെറപ്പി ആരംഭിച്ചു. ആറു കോഴ്സ് കീമോ നൽകിയതിനുശേഷം സ്കാൻ ചെയ്തപ്പോഴാണു രോഗം ചികിത്സയോടു പ്രതികരിക്കുന്നില്ല എന്നു മനസ്സിലായത്. രോഗത്തിന്റെ അവസ്ഥ മോശമാകാൻ തുടങ്ങി. വളരെ ഫലപ്രദമായ കീമോതെറപ്പി നൽകിയിട്ടും രോഗം ചികിത്സയോടു പ്രതികരിക്കാത്ത അവസ്ഥയെ പ്രൈമറി റിഫ്രാക്ടറി എന്നു പറയും. ഈ അവസ്ഥയിൽ മജ്ജ മാറ്റിവയ്ക്കൽ അഥവാ ബോൺ മാരോ ട്രാൻസ്പ്ലാന്റ് പോലും പ്രയോജനം ചെയ്യില്ല.
പുതിയ ചികിത്സ
ശരീരം തളർന്ന രോഗിയെ ചികിത്സിച്ചു ഭേദമാക്കാൻ സാധ്യത വളരെ കുറവാണ്. സാധാരണരീതിയിൽ ഈ അവസ്ഥയിലുള്ള രോഗികളെ പാലിയേറ്റീവ് കെയറിലേക്കു വിടാനാണു ശുപാർശ ചെയ്യാറുള്ളത്. ഈ കേസിൽ അമ്മയുെട ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. 2024ലാണ് അമ്മ എന്റെ പക്കൽ എത്തുന്നത്. 2023ലാണു കാർ ടി സെൽ തെറപ്പി ചികിത്സയ്ക്ക് ഇന്ത്യയിൽ അംഗീകാരം ലഭിക്കുന്നത്. വളരെയധികം ചെലവേറിയ ഈ ചികിത്സ രക്താർബുദ ചികിത്സയ്ക്കു ഫലപ്രദമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ചികിത്സയെ കുറിച്ച് അമ്മയോടും കുടുംബത്തോടും സംസാരിച്ചു. ഇന്ത്യയിൽ മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിയാണ് ഈ ചികിത്സ ആദ്യമായി ചെയ്തത്. അമ്മയുടെ കാര്യത്തിൽ പരീക്ഷിക്കാവുന്ന ഏക മാർഗവും കാർ ടി സെൽ തെറപ്പിയായിരുന്നു.
രോഗിയുടെ തന്നെ രക്തത്തിലെ കോശങ്ങൾ ശേഖരിച്ച് അതിനെ ജനിതകമായി മാറ്റം വരുത്തി, അർബുദത്തെ നേരിടുന്ന രീതിയിലേക്കു സജ്ജമാക്കി തിരികെ രോഗിയുടെ ശരീരത്തിലേക്കു തന്നെ കുത്തിവയ്ക്കുന്നു. ഇതാണു കാർ ടി സെൽ തെറപ്പി. ഈ ചികിത്സയെ കുറിച്ച് അറിഞ്ഞപ്പോൾ അതു പരീക്ഷിച്ചുനോക്കാമെന്ന് അമ്മയുടെ കുടുംബം പറഞ്ഞു. ഈ ചികിത്സയുടെ ഫലപ്രാപ്തിയെ കുറിച്ചും ചെലവിനെ കുറിച്ചുമെല്ലാം വിശദമായി പറഞ്ഞിരുന്നു. വളരെ സന്പന്ന കുടുംബമായിരുന്നില്ല അവരുടേത്. അത്യാവശ്യം പണവും സന്പാദ്യവുമൊക്കെയുള്ള അപ്പർ മിഡിൽ ക്ലാസ് കുടുംബം. അമ്മയുടെ ആയുസ്സും ആരോഗ്യവും തിരികെ ലഭിക്കാൻ ഏതു ചികിത്സയും പരീക്ഷിക്കാം എന്ന നിലപാടിലായിരുന്നു അവരുടെ ഭർത്താവും മക്കളും.
മുംബൈയിൽ പരിശീലനം
താരതമ്യേന പുതിയ ചികിത്സ ആയതിനാൽ മുംബൈ ടാറ്റാ ഹോസ്പിറ്റലിലോ ബെംഗളൂരുവിലെ നാരായണ ഹൃദയാലയയിലോ ചികിത്സ തേടാൻ ഞാൻ നിർദേശിച്ചു. എന്നാൽ ഞാൻ തന്നെ ചികിത്സിച്ചാൽ മതിയെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. രോഗിയും കുടുംബവും നമ്മളെ ഇത്രയും വിശ്വസിക്കുമ്പോൾ അവരെ രക്ഷിക്കേണ്ടതു നമ്മുെട ഉത്തരവാദിത്തമാണ്. ഞാൻ ആശുപത്രി അധികൃതരുമായി സംസാരിച്ചു. മുംബൈ ടാറ്റാ ആശുപത്രിയിൽ പോയി പരിശീലനം നേടാൻ തീരുമാനിച്ചു. അങ്ങനെ രണ്ടാഴ്ച ലീവ് എടുത്ത്, പരിശീലനത്തിനു പോയി. പൂർണമായി ശയ്യാവലംബയായ രോഗിക്കു കാർ ടി സെൽ തെറപ്പി ചെയ്ത സംഭവം അവിടെയും ഉണ്ടായിട്ടില്ല.
പരിശീലനത്തിനുശേഷം മടങ്ങിയെത്തി. ഏകദേശം ആറ് ആഴ്ചത്തെ ചികിത്സയാണിത്. രോഗിയിൽ നിന്നു രക്തം ശേഖരിച്ചു മുംബൈയിലേക്ക് അയക്കും. അവിടെ ലാബിൽ കോശങ്ങൾക്കു മാറ്റം വരുത്തി തിരികെ നൽകും. തുടർന്നു കാർ ടി സെൽ ശരീരത്തിലേക്കു ഡ്രിപ് പോലെ കടത്തിവിടും. ഒരു തവണ മാത്രമേ ഇതു െചയ്യേണ്ടതുള്ളൂ. ചികിത്സയ്ക്കു മുൻപു രോഗിയ്ക്ക് ഇമ്യൂണോസപ്രസന്റ് ഉൾപ്പെടെ നൽകും. ചികിത്സയ്ക്കുശേഷം രണ്ടാഴ്ച രോഗിയെ നിരീക്ഷിക്കും. കാരണം ചികിത്സയുടെ ഭാഗമായി പാർശ്വഫലങ്ങൾ വരാം.
ആദ്യമായിട്ടാണല്ലോ കാർ ടി സെൽ ചെയ്യുന്നത്. അതിനു വേണ്ട സജ്ജീകരണങ്ങൾ ആശുപത്രിയിൽ തയാറാക്കി. രോഗിക്കു കിടക്കാൻ പ്രത്യേക ഐസിയു ഒരുക്കി. അമ്മയ്ക്കു കാർ ടി സെൽ തെറപ്പിക്കുശേഷം കാര്യമായ സങ്കീർണതകൾ അനുഭവപ്പെട്ടില്ല. ഒരു മാസം കഴിഞ്ഞു പെറ്റ് സ്കാൻ ചെയ്തപ്പോൾ ശരിക്കും ആശ്ചര്യപ്പെട്ടു. കാൻസർ കോശങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. ചലനശേഷി വീണ്ടെടുക്കാനുള്ള ചികിത്സയായിരുന്നു അടുത്ത ഘട്ടം.
ഫിസിയോതെറപ്പി തുടങ്ങി
മൂന്നു മാസം കഴിഞ്ഞപ്പോൾ തന്നെ വാക്കറിന്റെ സഹായത്തോടെ നടന്നു. ആറു മാസം കഴിഞ്ഞപ്പോൾ വാക്കിങ് സ്റ്റിക്ക് പിടിച്ച്, പരസഹായം കൂടാതെ നടന്നുതുടങ്ങി. ഇപ്പോൾ ആ അമ്മ പഴയ ജീവിതത്തിലേക്കു മടങ്ങി. അവരുടെ കാര്യങ്ങൾ എല്ലാം തനിയെ ചെയ്യും, നടക്കും, വീട്ടുകാര്യങ്ങൾ നോക്കും. ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ വീണ്ടും പെറ്റ് സ്കാൻ എടുത്തു. അതിലും കാൻസർ കോശങ്ങളുെട സാന്നിധ്യമില്ല. ഇപ്പോൾ കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട ഒരു മരുന്നും അവർ കഴിക്കുന്നില്ല. എന്നിരുന്നാലും അണുബാധ ഏൽക്കാതിരിക്കാൻ പ്രത്യേക കരുതൽ എടുക്കുന്നുണ്ട്. സാധാരണരീതിയിൽ കിടപ്പിലായ, തിരിച്ചുവരവിനു സാധ്യത കുറഞ്ഞ രോഗിയാണെങ്കിൽ ചെലവേറിയ ചികിത്സ ചെയ്യുന്നതിൽ കുടുംബാംഗങ്ങൾ വിമുഖത കാണിക്കും. ഈ അമ്മയുടെ കാര്യത്തിൽ അതായിരുന്നില്ല സ്ഥിതി. ആ അമ്മയ്ക്കു വേണ്ടി എന്തിനും തയാറായിരുന്നു ഭർത്താവും മക്കളും. അതുകൊണ്ടാവാം ദൈവം അമ്മയ്ക്ക് ആയുസ്സു തിരികെ നൽകിയത്. അതിനു നിമിത്തമാകാൻ കഴിഞ്ഞത് എന്റെ വൈദ്യവൃത്തിയിലെ മറക്കാനാവാത്ത ഏടായി എന്നും നിലനിൽക്കും