ADVERTISEMENT

1962. ഒാർമകളുടെ ആദ്യത്തെ ഫ്രെയിമിൽ ഒരു നാലു വയസ്സുകാരൻ കുട്ടിയുണ്ട്. ആർപ്പൂക്കരയിലെ വീട്ടിൽ നിന്ന് അപ്പനും അമ്മയ്ക്കുമൊപ്പം പുറത്തു പോകുമ്പോൾ, അടുത്തു തന്നെ പണിതുയർത്തപ്പെടുന്ന ഒരു കെട്ടിടത്തിലേക്കു കൗതുകത്തോടെ ആ കണ്ണുകൾ നീളും. ആ കുട്ടിയുടെ കൺമുൻപിലാണു മെഡിക്കൽ കോളജ് എന്ന കോട്ടയത്തുകാരുടെ സ്വപ്നം പൂർത്തിയായത്. ഡോക്ടർമാരും രോഗികളും തിരക്കും– ആ കാഴ്ചകൾ ആ കുട്ടി കണ്ടു മറന്നില്ല, ഹൃദയത്തിലേക്കു തന്നെ സ്വീകരിച്ചു. വർഷങ്ങൾ കഴിഞ്ഞ് അവിടെ എംബിബിഎസ് വിദ്യാർഥികളിലൊരാളായി എത്തിയത് ജോസ് ജോസഫ് എന്ന ആ കുട്ടി തന്നെയായിരുന്നു. അവിടെത്തന്നെ പിജി പഠനം പൂർത്തിയാക്കി, അധ്യാപകനും വകുപ്പു മേധാവിയുമായി. ആറു വർഷങ്ങൾക്കു മുൻപു കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പലായി സാഭിമാനം പടിയിറങ്ങുമ്പോൾ പൂർത്തിയായത് ആതുരസേവനത്തിന്റെ ചരിതാർഥകാലം. നാലു പതിറ്റാണ്ടു പൂർത്തിയായ ആതുരസേവന യാത്രയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു ഡോ. ജോസ് ജോസഫ്.

പ്രചോദന വഴികൾ

ADVERTISEMENT

കുഞ്ഞുന്നാളിലെ യാത്രകളിലൊക്കെ മെഡിക്കൽ കോളജ് പതിവായി കാണാറുണ്ടായിരുന്നു. ആ കാഴ്ചകളൊക്കെ എന്റെ മനസ്സിനെ തൊട്ടിട്ടുണ്ടാകും. സ്കൂൾ പഠനം കഴിഞ്ഞു പ്രീഡിഗ്രി പഠനം. തുടർന്നു കോട്ടയം സിഎംഎസ് കോളജിൽ സുവോളജി ഡിഗ്രി പഠനം പൂർത്തിയാക്കി. ശേഷമായിരുന്നു എംബിബിഎസ് പഠനം. എംബിബിഎസ് പഠനകാലത്തു പത്തുദിവസം നീണ്ട ഒരു സ്‌റ്റഡി ടൂർ ഉണ്ടായിരുന്നു. ഗവൺമെന്റ് സ്പോൺസർ ചെയ്യുന്ന നിർബന്ധിത പ്രോഗ്രാമായിരുന്നു. നിശ്ചിത മാർക്കും ഉണ്ട്. ഞങ്ങളുടെ ബാച്ചിൽ എൺപത്തിയഞ്ചു വിദ്യാർഥികളായിരുന്നു. രണ്ടു ബസുകളിലായി യാത്ര തിരിച്ചു. ആദ്യത്തെ രാത്രി താമസിച്ചതു തമിഴ്നാട്ടിലെ മധുരയ്ക്കടുത്തുള്ള അമ്പിളിക്കൈ എന്ന സ്ഥലത്തെ ക്രിസ്ത്യൻ ഫെലോഷിപ്പ് കമ്യൂണിറ്റി ഹോസ്പിറ്റലിന്റെ ഹോസ്‌റ്റലിൽ ആയിരുന്നു. രാത്രി ഏകദേശം പത്തു മണിയോടെ അവിടെ എത്തി. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ മുണ്ടുടുത്ത ഒരു വ്യക്തി എത്തി ഞങ്ങളുടെ ലഗേജുകൾ മുറികളിൽ വച്ചു തന്നു. പിറ്റേന്നു പ്രഭാതഭക്ഷണ ശേഷം ആ ആശുപത്രി സന്ദർശിക്കാൻ പുറപ്പെട്ടു. തലേദിവസം ലഗേജുകൾ ചുമന്ന വ്യക്തി ആയിരുന്നു എല്ലാം പരിചയപ്പെടുത്തിയത്. ഒരു മുറിയുടെ മുന്നിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: "ഇതാണ് എന്റെ മുറി." വാതിലിൽ എഴുതിയ പേരു വായിച്ചു ഞങ്ങൾ അദ്ഭുതപ്പെട്ടു. ‘ഡോ. ജേക്കബ് ചെറിയാൻ’. സാമൂഹികപ്രവർത്തകനും സർജനും പത്മഭൂഷൺ ജേതാവുമായ ഡോ. ജേക്കബ് ചെറിയാനായിരുന്നു അത്. തലേദിവസം ഞങ്ങളുടെ ബാഗുകൾ ചുമന്നത് ആശുപത്രിയുടെ തലവനും പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ധനുമായിരുന്നു എന്നതു പുതിയ ബോധ്യം നൽകി. യഥാർഥ മഹത്വം സ്ഥാനങ്ങളിലോ ബിരുദങ്ങളിലോ അല്ല. മനുഷ്യരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ്. എംബിബിഎസ് അവസാന വർഷ പരീക്ഷ കഴിഞ്ഞു. ഫലം വരാൻ ഒരു മാസത്തെ ഇടവേളയുണ്ട്. ഞങ്ങൾ അഞ്ചു സുഹൃത്തുക്കൾ ഒരിക്കൽ കൂടി അമ്പിളിക്കൈയിലേക്കു പോയി. അവിടെ ഒരു മാസം സൗജന്യമായി ജോലി ചെയ്യുകയായിരുന്നു ലക്ഷ്യം. അതു കുഷ്ഠരോഗ ചികിത്സയ്ക്കുള്ള ആശുപത്രി കൂടിയാണ്. കുഷ്ഠരോഗികളുടെ വ്രണങ്ങൾ വൃത്തിയാക്കുന്നതും അവരെ പരിചരിക്കുന്നതുമാണു ഞങ്ങളുടെ ജോലി. ആശുപത്രിക്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ് ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ്
ഒരു വാനിൽ മരുന്നുകളും മറ്റുമായി ഞങ്ങൾ ഗ്രാമങ്ങളിലേക്കു യാത്ര തിരിക്കും. മരത്തണലിൽ മേശയും കസേരയുമിട്ടിരുന്നു രോഗികളുടെ പ്രശ്നങ്ങൾ കേൾക്കും, മരുന്നുകൾ നൽകും. ഒരു സമൂഹത്തിന്റെ ആരോഗ്യസംരക്ഷണം വലിയൊരു ദൗത്യമാണെന്ന് അന്നു മനസ്സിലാക്കാനായി.

സമൂഹമെന്ന ദൗത്യം

ADVERTISEMENT

പരീക്ഷാഫലം വന്നു. ഹൗസ് സർജൻസിയും പൂർത്തിയാക്കി. പിജി പഠനത്തിനു ഞാൻ തിരഞ്ഞെടുത്തതു കമ്യൂണിറ്റി മെഡിസിൻ ആയിരുന്നു. എന്തുകൊണ്ടാണു കമ്യൂണിറ്റി മെഡിസിൻ തിരഞ്ഞെടുത്തത് എന്നു പലരും ചോദിച്ചു. സമൂഹത്തെ ചികിത്സിക്കുന്നതിലൂടെ ചികിത്സയുടെ അടിസ്ഥാനതലം ആരംഭിക്കുന്നു എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. താഴെത്തട്ടിലുള്ള മനുഷ്യരിലേക്കും എത്തിച്ചേരാനാകുന്ന മേഖല തന്നെയാണിത്. പ്രതിരോധ കുത്തിവയ്‌പുകൾ, മാതൃ-ശിശു ആരോഗ്യം, പോഷകാഹാരത്തിന്റെ പ്രാധാന്യം, പകർച്ചവ്യാധി നിയന്ത്രണം, ആരോഗ്യ വിദ്യാഭ്യാസം – ഇവയൊക്കെയാണല്ലോ കമ്യൂണിറ്റി മെഡിസിന്റെ പ്രധാന പ്രവർത്തനമേഖലകൾ. പിജി പരീക്ഷ കഴിഞ്ഞു. 1988 –ൽ കങ്ങഴ എംജിഡിഎം ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. അവിടെ പശ്ചിമ ജർമ്മൻ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയുള്ള ഒരുപദ്ധതി ഉണ്ടായിരുന്നു– വൈകല്യമുള്ളവരുടെ പുനരധിവാസം അഥവാ ഡിസബിലിറ്റി റീഹാബിലിറ്റേഷൻ. അക്കാലത്തു വൈകല്യമുള്ള കുട്ടികളെ പുറത്തേക്കു പോലും കൊണ്ടുവരാറില്ലായിരുന്നു. അത്തരം കുടുംബങ്ങളെ ബോധവൽക്കരിക്കുകയും സഹായിക്കുകയുമായിരുന്നു ഞങ്ങളുടെ ജോലി.

കണ്ണുകളില്ലാത്ത പെൺകുട്ടി

ADVERTISEMENT

കങ്ങഴയിൽ ജോലി ചെയ്ത കാലത്ത് ഒരു ദിവസം ഒരു അമ്മ തന്റെ കുഞ്ഞിനെ തോർത്തിൽ പൊതിഞ്ഞു കൊണ്ടു വന്നു. പെൺകുട്ടിയാണ്. ആ കുഞ്ഞിനു കണ്ണുകളില്ലായിരുന്നു. കണ്ണിന്റെ സ്ഥാനത്ത് ഒരു പാട മാത്രം. ഒരു ചിത്രം കണ്ണുകളില്ലാതെ വരച്ചാൽ എങ്ങനെയോ അതു പോലെ. കുട്ടിയുടെ കൈകളിൽ ആറോ ഏഴോ വിരലുകൾ. മുച്ചുണ്ടും ഉണ്ട്. ആ കുഞ്ഞ് അധികനാൾ ജീവിക്കില്ലെന്നാണ് അവർ കരുതിയത്. ഞങ്ങൾ ആ കുഞ്ഞിനെ കൈവിട്ടില്ല. വർഷങ്ങളോളം ആവശ്യമായ ചികിത്സയും പിന്തുണയും നൽകി. ഞാൻ മെഡിക്കൽ കോളജിലേക്കു മാറിയപ്പോൾ അവിടെയും അവർ വരുമായിരുന്നു. 30 വയസ്സുവരെ ആ പെൺകുട്ടി ഫോളോ അപ് ചികിത്സയ്ക്കു വന്നിരുന്നു. കുടുംബം അവളെ നന്നായി പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്തു. ഇപ്പോഴും അവൾ കുടുംബത്തോടൊപ്പമുണ്ട്. എത്ര നാൾ കഴിഞ്ഞാലും എന്റെ ശബ്ദം കേട്ടാൽ അവൾ തിരിച്ചറിയും. ചില രോഗാവസ്ഥകളിൽ പൂർണമായ സൗഖ്യം നൽകാനാകില്ല, എന്നാൽ പിന്തുണയ്ക്കാനാകും.

ഒരു നായയും 48 പേരും

കോട്ടയം മെഡിക്കൽ കോളജിലെ പ്രിവന്റീവ് ക്ലിനിക്കിന്റെ ചുമതലയുള്ള സമയമാണ്. നായ് കടി, റേബീസ് പ്രതിരോധ ചികിത്സ ഇവയ്ക്കായി ആളുകൾ എത്തുന്നത് ഇവിടെയാണ്. ഒരു വൈകുന്നേരം വീട്ടിലെത്തി അധികം വൈകാതെ ആശുപത്രിയിൽ നിന്ന് അടിയന്തര ഫോൺ കോൾ വന്നു. വളരെ അസാധാരണമായി ഒട്ടേറെ ഡോഗ് ബൈറ്റ് കേസുകൾ എത്തുകയാണ്. ഉടൻ ആശുപത്രിയിലെത്തി. ഒരു നായ കോട്ടയത്തെ കൈപ്പുഴ സ്വദേശിയെ കടിച്ചു. അദ്ദേഹമാണ് ആദ്യം വന്നത്. ആ നായ അടുത്ത കവലയായ കുട്ടോപ്പുറത്തുള്ള ഒരാളെയും കടിച്ചു. പിന്നീടു മാന്നാനം, അമ്മഞ്ചേരി, ഗാന്ധിനഗർ, സംക്രാന്തി, എസ്.എച്ച്. മൗണ്ടു വഴി നായ കോട്ടയത്തെത്തി. രാത്രി സിനിമ കണ്ടു മടങ്ങുന്ന ഒട്ടേറെപ്പേരെ കടിച്ചു. ഒാരോരുത്തരായി ആശുപത്രിയിൽ എത്തുകയാണ്. എല്ലാവരെയും കടിച്ചത് ഒരു നായ തന്നെയെന്നു സ്ഥിരീകരിച്ചു.
പേ വിഷബാധയുള്ള നായയായിരുന്നു. ഒറ്റ രാത്രിയിൽ ആ നായ കടിച്ചത് 48 പേരെയാണ്. അന്നു പുലർച്ചെ രണ്ടു മണിവരെ ചികിത്സ തുടർന്നു. പേ വിഷബാധയായതിനാൽ വാക്സീനൊപ്പം ആന്റി-റേബീസ് സീറവും നൽകേണ്ടിവന്നു. ഹോഴ്സ് സീറം ആയതിനാൽ അലർജി പരിശോധനകൾ നടത്തിയ ശേഷമാണു ചികിത്സ നൽകിയത്. എല്ലാവരും കൃത്യമായ ഇടവേളകളിൽ ഫോളോ അപ് വാക്സിനേഷൻ എടുത്തു. ആ 48 പേരിൽ ഒരാളെ പോലും റേബീസ് ബാധിച്ചില്ല.

കരുതലിന്റെ കാലം

2016 മുതൽ 2020 വരെ കോട്ടയം മെഡിക്കൽ കോളജിന്റെ പ്രിൻസിപ്പലായിരുന്നു. 2018-ലെ മഹാപ്രളയ കാലത്തു ചികിത്സ നൽകുന്നതിലുപരിയായി ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുമുണ്ടായിരുന്നു. പ്രളയത്തിന്റെ ആഘാതം കുറഞ്ഞപ്പോഴേക്കും കോവിഡ് മഹാമാരി എത്തി. കോവിഡ് കാലത്തു കോട്ടയം മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾക്കു ലഭിച്ച സർക്കാർ അംഗീകാരം ഞങ്ങളുടെ കൂട്ടായ പരിശ്രമത്തിനുള്ള പ്രശംസ കൂടിയായിരുന്നു. ചിക്കുൻഗുനിയ, ഡെങ്കിപ്പനി, ജാപ്പനീസ് എൻസെഫലൈറ്റിസ് തുടങ്ങിയ രോഗ വ്യാപനകാലത്തും വിവിധ ജില്ലകളിൽ പ്രവർത്തിച്ചു. അന്നു ഗവൺമെന്റിന്റെ റാപിഡ് റെസ്പോൺസ് ടീമിന്റെ ഭാഗമായി ഡൽഹിയിൽ പോയി സാംക്രമിക രോഗങ്ങളെക്കുറിച്ചു വിദഗ്ധ പരിശീലനം നേടുകയും ചെയ്തു.

ആശയവിനിമയ തലങ്ങൾ

ചികിത്സയോടൊപ്പം ആരോഗ്യപാഠങ്ങൾ പകർന്നേകുകയും സമൂഹവുമായി സംവദിക്കുകയും ചെയ്യുന്നതു ജീവിതത്തിന്റെ ഭാഗമായി. പൊതുജനങ്ങളുമായി സംസാരിക്കാൻ ലഭിച്ച അവസരങ്ങളാണ് എന്നിലൊരു പ്രഭാഷകനെ രൂപപ്പെടുത്തിയത്. മാതാപിതാക്കൾക്കുള്ള ക്ലാസുകൾ, കൗമാരക്കാരുടെ ആരോഗ്യപ്രശ്നങ്ങൾ, കാൻസർ പ്രതിരോധം, മാനസികാരോഗ്യം ഇവ കൂടാതെ വിവാഹപൂർവ കൗൺസലിങ് ക്ലാസുകളും നൽകാറുണ്ട്. ചങ്ങനാശ്ശേരി രൂപതയിൽ 33 വർഷങ്ങളായി പ്രീ-മാരിറ്റൽ കോഴ്സിൽ ക്ലാസുകൾ എടുക്കുന്നു.
ഡോക്ടർ, സമൂഹത്തിൽ നിന്നു വേറിട്ടു നിൽക്കേണ്ട ആളല്ല എന്നാണ് എന്റെ വിശ്വാസം. ഇന്നും നാട്ടുകാർ ഏതാവശ്യത്തിനും സ്നേഹത്തോടെ വിളിക്കാറുണ്ട്. എന്നെ അവരിലൊരാളായി കാണുന്നു. ആ സ്നേഹബന്ധങ്ങളാണ് എന്റെ ജീവിതത്തെ സമ്പന്നമാക്കിയത്. ഇന്നത്തെ യുവഡോക്ടർമാരോടു പറയാനുള്ളതു കുറച്ചു കാലം ഗ്രാമപ്രദേശങ്ങളിലൊക്കെ ജോലി ചെയ്യണമെന്നാണ്. അതു പുതിയ കാഴ്ചപ്പാടുകളും അനുഭവങ്ങളും നൽകും.

ജീവിതവും വായനയും

കോളജ് പഠനകാലത്തു ഷട്ടിൽ ബാഡ്മിന്റനിൽ സജീവമായിരുന്നു. സിഎംഎസ് കോളേജ് ബാഡ്മിന്റൻ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഫുട്ബോളും ക്രിക്കറ്റും കളിച്ചിരുന്നു. വർഷങ്ങളോളം ദിവസവും രാവിലെ അഞ്ചു മണി മുതൽ ആറു മണി വരെ ബാഡ്‌മിന്റൻ കളിച്ചിരുന്നു. നേരത്തേ ഉറങ്ങും, രാവിലെ നാലരയ്ക്ക് ഉണരും. ആഹാരത്തിൽ പ്രത്യേക ചിട്ടകളൊന്നുമില്ല. വായന ഏറെ പ്രിയപ്പെട്ടതാണ്. എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന നോവൽ ഏറെയിഷ്ടമാണ്. അതു പത്തു തവണയെങ്കിലും വായിച്ചിട്ടുണ്ട്. ഓരോ വായനയിലും പുതിയൊരു ഉൾക്കാഴ്ച നൽകുന്ന പുസ്തകമാണത്. ആ പുസ്തകത്തിൽ മുകുന്ദന്റെ കയ്യൊപ്പു ലഭിക്കാൻ ഏറെ ആഗ്രഹിച്ചിരുന്നു.
മയ്യഴിയുടെ കഥാകാരൻ എഴുതിയതുപോലെ ‘ജന്മങ്ങളുടെയും പുനർജന്മങ്ങളുടെയും ഇടയിലെ വിശ്രമസ്ഥലമായ ജീവിത’ത്തെ   ലളിതമനോഹരമാക്കുന്നു ഡോക്ടർ....

ADVERTISEMENT