Tuesday 30 August 2022 02:43 PM IST : By സ്വന്തം ലേഖകൻ

‘ഡോക്ടറെ പോലെ തന്നെ നീണ്ട മുടിയായിരുന്നു മോൾക്ക്...ഇപ്പൊ കണ്ടില്ലേ...’: ഹൃദയം തൊടും കുറിപ്പ്

deepthi-74 പ്രതീകാത്മക ചിത്രം

തലമുടിയെന്നത് പലർക്കും സൗന്ദര്യത്തിന്റെ ഏകകമാണ്. പാറിപ്പറക്കുന്ന തലമുടിയിഴകളിൽ പരീക്ഷണങ്ങൾ നടത്താത്തവരും ചുരുക്കം. പൊന്നു പോലെ സംരക്ഷിക്കുന്ന നമ്മുടെ തലമുടിയിഴകൾ മറ്റുള്ളവർക്ക് പുണ്യമായി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കേശദാനമെന്ന വലിയ നന്മയെക്കുറിച്ച് ഹൃദ്യമായി കുറിക്കുകയാണ് ഡോ. ദീപ്തി ടിആർ. കാൻസർ വേദനയും കീമോയും എടുത്തു കളഞ്ഞ തലമുടിയെ ഓർത്ത് വേദനപ്പെടുന്ന പെൺകുട്ടിയുടെ അനുഭവം മുൻനിർത്തിയാണ് ഡോ. ദീപ്തിയുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഡോക്ടർ ഇനി എന്റെ മോളുടെ കാര്യത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല.. ഡോക്ടറെ പോലെ തന്നെ മുട്ടിനടിയോളം നീളുന്ന കറുത്ത മുടിയായിരുന്നു മോൾക്ക്.. ഇപ്പൊ കണ്ടില്ലേ മുടി മൊത്തം പോയി. ഏകദേശം 15 വയസുള്ള പെൺകുട്ടിയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അവളുടെ അമ്മ അത്രയും പറഞ്ഞത്.

എന്നും മുടി മുകളിലേക്ക് കൊണ്ട പോലെ കെട്ടിയിട്ടാണ് ഞാൻ പോസ്റ്റിംഗിന് പോകാറ്.. അന്നെന്റെ പിറന്നാൾ ആയിരുന്നു. അമ്പലത്തിൽ രാവിലെ പോയതുകൊണ്ട് തന്നെ വേഗം ഹോസ്പിറ്റലിൽ എത്താനുള്ള തത്രപ്പാടിൽ ഞാൻ മുടി കെട്ടിവച്ചില്ല.. സത്യം പറഞ്ഞാൽ എന്റെ മുടി ഇത്ര നീളം ഉള്ളതാണെന്നു അവിടെ പലർക്കും അറിയില്ലായിരുന്നു. ഞാൻ എന്റെ മുടിയിലേക്ക് ഒന്നൂടെ നോക്കി. അവളുടെ അമ്മ പിന്നെയും പറയാൻ തുടങ്ങി.. എന്റെ മോൾക്ക് ഇനി മുടി വരുമോ..? എന്റെ ശരീരം ആകെ വിറച്ചു... പറയാൻ ഒന്നുമില്ലാതെ നാവ് താഴ്ന്നു പോകുന്നതുപോലെ തോന്നി, തൊണ്ട വരണ്ടുണങ്ങി. സിടി സ്കാൻ എടുത്തു കഴിഞ്ഞോ..? സാരമില്ല മുടി വരുമെന്ന് പറഞ്ഞൊന്ന് ആശ്വസിപ്പിക്കാൻ പോലും അന്നെനിക്ക് കഴിഞ്ഞില്ല.. എന്റെ അമ്മയുടെ മുഖമാണ് എനിക്ക് ഓർമ്മ വന്നത്.. മുടി അലസമായി ഇടുന്നതിനും കെട്ടിവയ്ക്കാത്തതിനും എണ്ണ ഇടാത്തതിനും ഒക്കെയായി എത്ര എത്ര വഴക്കാണ് ഞങ്ങൾ ഉണ്ടാക്കിയത്.. അടുത്തു പിടിച്ചിരുത്തി ചീത്ത പറഞ്ഞു എണ്ണ തേപ്പിച്ച് കുപ്പിയിലെ എണ്ണ മുഴുവൻ തീർത്ത ദിവസങ്ങൾ ഉണ്ട്.. ആ ഒരൊറ്റ ഇൻസിഡന്റ് കൊണ്ട് മനസ്സുമായുള്ള ഒരുപാട് നേരത്തെ ചോദ്യോത്തരങ്ങൾക്ക് ശേഷം ഞാൻ തീരുമാനിച്ചു 'എന്റെ മുടി കൊടുത്തേ പറ്റൂ..' അമ്മ എത്ര ചീത്ത പറഞ്ഞാലും എന്റെ മുടിയിൽ അമ്മയ്ക്ക് നല്ല പങ്കുണ്ട്. ഏട്ടന്റെ കല്യാണത്തിന് മുടി ചെറുതായൊന്ന് വെട്ടിയപ്പോഴേക്ക് തന്നെ നീരസം പ്രകടിപ്പിച്ച ഏട്ടനാണ്.. എന്തായിരിക്കും എല്ലാവരും പറയുക എന്ന ചിന്ത എന്നെ തെല്ലൊന്നു അലട്ടി.. അതുമാത്രമല്ല ഇതെവിടെ കൊടുക്കും എങ്ങനെ കൊടുക്കും അർഹതപ്പെട്ട ആളുകൾ ഇത് എത്തുമോ എന്നീ ചോദ്യങ്ങൾ എന്നെ പിന്നെയും വ്യാകുലപ്പെടുത്തി..

അങ്ങനെ ഇതിനെക്കുറിച്ച് നമ്മൾ അറിയേണ്ട കാര്യങ്ങൾ ഞാൻ കണ്ടെത്തി..

1. ഏതു ജൻഡറിലുള്ള ആളുകൾക്കും കേശദാനം നടത്താം.. 2. മുടി ചുരുങ്ങിയത് 12 ഇഞ്ച് നീളമുണ്ടായിരിക്കണം. 3. കേശദാനം മുടി കഴുകി ഉണക്കി വൃത്തിയാക്കിയതിനുശേഷം വേണം ചെയ്യാൻ 5. കളർ ചെയ്തതോ ഏതെങ്കിലും രാസവസ്തുക്കൾ ഉപയോഗിച്ചതുമായ മുടി സ്വീകാര്യമല്ല. 5.പല സ്ഥാപനങ്ങൾക്കും വിവിധതരം ഗൈഡ് ലൈൻസ് ആയിരിക്കും. മുടി വെട്ടുന്നതിന് മുമ്പ് നിങ്ങൾ കൊടുക്കാൻ ഉദ്ദേശിക്കുന്ന ഓർഗനൈസേഷൻ ഗൈഡ് ലൈൻസ് ഫോളോ ചെയ്യുക.. 5. ഈ മുടികൾ വിഗ്ഗുകൾ ആക്കി മാറ്റിയാണ് ക്യാൻസർ രോഗം ബാധിച്ച് മുടി നഷ്ടപ്പെട്ട ആളുകളിലേക്ക് എത്തിക്കുന്നത്. 6. മുടി കൊടുക്കുന്നത് പോലെ തന്നെ അത് അർഹതപ്പെട്ടവരിൽ എത്തി എന്നത് കൂടി നോക്കുന്നത് നമ്മുടെ ഉത്തരവാദിത്വമാണ്.

പിന്നെ ഒരു ലാസ്റ്റ് ടിപ്പു കൂടെ പറയാം കട്ട് ചെയ്തതിനുശേഷം ഏതു ഹെയർ സ്റ്റൈൽ ആക്കണം എന്നൊരു ധാരണ ഉണ്ടെങ്കിൽ മുടി വെട്ടിയത് ആലോചിച്ച് പിന്നീട് വിഷമമുണ്ടാവില്ല... അസ്ഥികൾ നുറുങ്ങുന്ന കീമോയുടെ വേദനയെക്കാൾ പുറത്തേക്കിറങ്ങുമ്പോഴുള്ള തുറിച്ചു നോട്ടങ്ങളും സഹതാപ വാക്കുകളും ഇവരെ തകർത്തു കളയുന്നു. രോഗത്തെ അതിജീവിക്കുവാനുള്ള മനക്കരുത്ത് ആർജ്ജിച്ചവരായിട്ടുപോലും അവർ അവരെ വീടിനകത്തെ ഒറ്റമുറിൽ സ്വയം തടങ്കലിലാക്കുന്നു. ഒന്ന് ചിന്തിച്ചു നോക്കൂ എത്ര ഭീകരമാണ് ആ അവസ്‌ഥ.? ഒന്നുകൂടി പറയട്ടെ... നാടും, നഗരവും, തുറന്ന ആകാശവും യാത്രകളിലെ കാഴ്ചകളും അവർക്കും അവകാശപ്പെട്ടതാണ്. ഞാനെന്റെ തീരുമാനവുമായി മുന്നോട്ട് പോവുന്നു. ഇനി നിങ്ങളുടെ മുടിയെപ്പറ്റി നിങ്ങൾക്ക് തീരുമാനിക്കാം.