Thursday 29 September 2022 12:28 PM IST : By സ്വന്തം ലേഖകൻ

പയറുമണിയുടെ വലുപ്പം, വായ്പ്പുണ്ണെന്നു കരുതി... ബയോപ്സിയിൽ തെളിഞ്ഞത് കാൻസർ: ഞെട്ടിപ്പിക്കുന്ന അനുഭവം: ഡോക്ടറുടെ കുറിപ്പ്

oral-cancer

നിസാരമെന്ന് കരുതി നമ്മൾ അവഗണിക്കുന്ന പല ശാരീരിക അവസ്ഥകളിലും വേദനയുടെ വലിയ വേരുകൾ ഒളിച്ചിരിക്കുന്നുണ്ടാകും. വായ്പ്പുണ്ണെന്ന് കരുതി അവഗണിച്ച നിസാര വേദന കാൻസറിലേക്ക് നയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ‍ഡോ. ദീപ്തി ടിആർ. 25 വയസുള്ള പെൺകുട്ടിയുടെ അനുഭവം മുൻനിർത്തിയാണ് ഓറൽ കാൻസറിനെക്കുറിച്ച് ഡോ. ദീപ്തി വിശദമായി കുറിക്കുന്നത്. മൂന്നു വർഷമായി അൾസറിനു മരുന്ന് കഴിച്ചു ണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. പഠിത്തത്തിന്റെയും പരീക്ഷയുടെയും സ്ട്രെസ് കൊണ്ട് ഉണ്ടാകുന്ന സ്ട്രെസ് അൾസർ ആണെന്ന് പറഞ്ഞു മരുന്നുകൾ മാറി മാറി ഉപയോഗിച്ചു. തത്കാല ആശ്വാസം ഉണ്ടായെങ്കിലും പൂർണമായി മാറുന്നില്ല. ഒടുവിൽ ആ വേദന ചെന്നെത്തി നിന്നത് കാൻസറിലായിരുന്നുവെന്നും ഡോ. ദീപ്തി കുറിക്കുന്നു. വനിത ഓൺലൈനുമായി പങ്കുവച്ച കുറിപ്പിലാണ് ഓറൽ കാൻസറിനെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ഡോ. ദീപ്തി വിശദമാക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം:

ആ ദിവസം കുറച്ച് അപ്പോയ്മെന്റുകൾ മാത്രമേ ഉണ്ടായിരിന്നുള്ളു...

നേരത്തെ തന്നെ കേസുകൾ തീർത്തശേഷം, പുറത്തേക്ക് നോക്കിയിരുന്നു. ചാറ്റൽ മഴ നിർത്താതെ പെയ്തുകൊണ്ടിരിക്കുന്നു. മഴതുള്ളികൾക്കിടയിലൂടെ നോക്കിനിൽക്കുമ്പോൾ ഒാർമ്മകൾ ഒരുപാടുദൂരം പുറകിലേക്ക് പോകുന്നുണ്ടായിരുന്നു... ബാല്യവും കൗമാരവും കടന്ന് ഒാർമ്മകൾ സഞ്ചരിച്ചുകൊണ്ടിരുന്നു. .

"ഡോക്ടറേ...ഒരു പേഷ്യൻ്റ് ഉണ്ട് " സിസ്റ്ററുടെ ശബ്ദം ഓർമകളെ മായ്ചുകളഞ്ഞു.

ഏകദേശം 25 വയസുള്ള ആ പെൺകുട്ടി ദന്തൽചെയറിൽ കിടന്നപ്പോൾ തന്നെ അസഹനീയമായ വേദനയിൽ ഒരുപാട് ബുദ്ധിമുട്ടുന്നതായി എനിക്കു മനസ്സിലായി...കേസ് ഹിസ്റ്ററി മുഴുവനാക്കുന്നതിനിടയിൽ ,

"എങ്ങനെയെങ്കിലും ഇതൊന്നു മാറികിട്ടിയാൽ മാത്രം മതി" എന്ന് അവൾ പറഞ്ഞു കൊണ്ടേയിരുന്നു.. ഹിസ്റ്ററി ചോദിക്കുമ്പോൾ ഉള്ള മുഖഭാവത്തിൽ നിന്ന് തന്നെ അവളുടെ ഫ്രസ്ട്രേഷൻ മനസിലാക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല. മൂന്നു വർഷമായി ഞാൻ അൾസറിനു മരുന്ന് കഴിച്ചു കൊണ്ടേയിരിക്കുന്നു. പഠിത്തത്തിന്റെയും പരീക്ഷയുടെയും സ്ട്രെസ് കൊണ്ട് ഉണ്ടാകുന്ന സ്ട്രെസ് അൾസർ ആണെന്ന് പറഞ്ഞു മരുന്നുകൾ മാറി മാറി ഉപയോഗിച്ചു.തത്കാല ആശ്വാസം ഉണ്ടാവുമെങ്കിലും പൂർണമായി മാറുന്നില്ല.

മൂന്നു വർഷങ്ങൾക്ക് മുൻപേ ഒരു പയറുമണിയുടെ അത്രയേ ഉണ്ടായിരുന്നുള്ളു. ഒട്ടും വേദനയും ഉണ്ടായിരുന്നില്ല. വേദന കാര്യമായി തുടങ്ങിയിട്ട് ഇപ്പോൾ ആറു മാസം ആയിട്ടേ ഉള്ളു... പരിശോധിച്ച് നോക്കിയപ്പോൾ അറ്റം കൂർത്തിരിക്കുന്ന ഒരു പല്ലും കൂടെ നാവിൽ ചെറിയ രീതിയിൽ വളർന്ന ഒരു പുണ്ണും ,കഴുത്തിൽ രണ്ടു കഴലയും.

ഏകദേശം കാൻസറിന്റെ സൂചന എനിക്ക് കിട്ടി. നിസ്സഹായതയാണ് ആണ് ആദ്യം തോന്നിയത് ഇത്ര ചെറിയ കുട്ടിയോട് ബയോപ്സിയുടെ കാര്യം ഞാൻ എങ്ങനെ പറയും?പുറത്ത് മഴക്ക് ശക്തി കൂടി വന്നു. മഴയേക്കാൾ ശക്തിയിൽ ആ ചോദ്യം മനസ്സിൽ മുഴങ്ങികൊണ്ടേയിരുന്നു.. വായിലെ കാൻസർ നേരത്തെ കണ്ടെത്താൻ കഴിയുന്നതായിട്ടും ഇത്രയധികം ഡോക്ടർമാരെ കാണിച്ചിട്ടും ഇതെങ്ങനെ സംഭവിച്ചു !!!ഇതിനൊന്നും ശാസ്ത്രീയമായൊരു വിശദീകരണവും എനിക്ക് നൽകാൻ കഴിയുന്നില്ല..ഇതേ പോലെ ലക്ഷണങ്ങൾ ഉള്ള പ്രത്യേകിച്ച് യാതൊരു രോഗവുമല്ലാത്ത ഒട്ടനവധി കേസുകൾ ഞാൻ കണ്ടിട്ടുണ്ട്.കാൻസർ ആവല്ലേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു കൈകൾ വിറച്ചു കൊണ്ടാണ് ഞൻ ആ ബയോപ്സി എടുത്തത്.ബയോപ്സി റിപ്പോർട്ട് കിട്ടാനുള്ള ആ പത്തു ദിവസങ്ങൾ മറ്റെന്തിനേക്കാളും കൂടുതൽ ഞാൻ ആ റിപ്പോർട്ടിനെ കുറിച്ചാണ് ആലോചിച്ചത് .അറിയുന്ന പാത്തോളജിസ്റ് ആയതു കൊണ്ട് തന്നെ അഞ്ചു ദിവസം കഴിഞ്ഞപ്പോൾ മുതലേ ഞാൻ വിളിച്ചു നോക്കാറുണ്ടായിരുന്നു.

പത്താമത്തെ ദിവസം സാറിന്റെ കാൾ ..എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു .എനിക്കറിയാം ഒരു ഡോക്ടർക്കും രോഗിയുമായുള്ള വൈകാരിക ബന്ധം ഒരു പരിധിയിൽ കവിയരുത് എന്ന്. സാർ പറഞ്ഞു "well differentiated squamous cell carcinoma of tongue ".

ഞാൻ എപ്പോഴും എല്ലായിടത്തും പറയുന്നത് പോലെ തന്നെ മനസ്സിൽ ഒന്നുകൂടി പറഞ്ഞു എന്നെ തന്നെ ബോധ്യപ്പെടുത്തുന്നത് പോലെ "വായിലെ കാൻസർ ആദ്യ സ്റ്റേജ് ആണെങ്കിൽ വേഗം തന്നെ മാറ്റിയെടുക്കാൻ പറ്റുന്നതാണ്". ഞാനാ പെൺകുട്ടിയെ വിളിച്ചു ആരെയെങ്കിലും കൂടെ കൂട്ടി ക്ലിനിക്കിൽ വരാൻ ആവശ്യപ്പെട്ടു അവൾ പക്ഷെ ഒറ്റക്കാണ് വന്നത്.

ഒരു കുഞ്ഞനുജത്തി തൊട്ടു മുന്നിൽ എന്റെ വാക്കുകൾക്കായി കാത്തിരിക്കുന്നതായാണ് എനിക്കു തോന്നിയത്..

എങ്ങനെ തുടങ്ങണമെന്ന് എനിക്കറിയില്ലായിരുന്നു.. ഒരു ഡോക്ടർ എന്നതിലുപരി ഞാൻ ആ കുട്ടിയുടെ മറ്റാരോ ആയി മാറുന്നതായി എനിക്കു തോന്നി...... ഒരു നിമിഷം മനസ്സ് ശൂന്യമായതുപോലെ....

"ഡോക്ടർ... പറഞ്ഞോളു

എന്തും നേരിടാൻ ഞാൻ തയ്യാറാണ് "അവൾ അതു പറഞ്ഞപ്പോൾ വാക്കുകൾ ഇടറിയിരുന്നില്ല.,

അവളുടെ ആ ധൈര്യം എന്നെ അത്ഭുദപ്പെടുത്തി.

എനിക്ക് കൂടുതൽ ഒന്നും പറയേണ്ടി വന്നില്ല.. നേരെ MVR കോഴിക്കോടേക്ക് ചികിത്സക്കായി അവളെ അയച്ചു.

സർജറി കഴിഞ്ഞു അവൾ സുഖമായി സാധാരണ ഒരാളെ പോലെ തന്നെ ജോലി ചെയ്തു ജീവിക്കുന്നു..

ഇപ്പോൾ വിളിച്ചാലും അവൾ പറയും ഒന്നിനെയും നമ്മൾ neglect ചെയ്യരുത് എന്ന് ഞാൻ പഠിപ്പിക്കുന്ന കുട്ടികൾക്ക് ഞാൻ പറഞ്ഞു കൊടുക്കാറുണ്ട് ,പിന്നെ വേറെ ഒരു കാര്യം എനിക്കൊരു ജോലിയും ഇൻഷുറൻസും ഉള്ളത് കൊണ്ട് തന്നെ ഞാൻ ആർക്കും ഒരു ഭാരമായില്ല. ചെറുപ്രായത്തിൽ തന്നെ അവളെ തോൽപ്പിക്കാൻ ശ്രമിച്ച വിധിയെ പുഞ്ചിരിച്ചുകൊണ്ട് നേരിട്ട ആ കുട്ടി നമ്മുക്ക് ഒാരോരുത്തർക്കും മാതൃകയാണ്..

ഇന്നു നമ്മുടെ നാട്ടിൽ സ്ത്രീകളിൽ നാലാം സ്ഥാനത്തും പുരുഷന്മാരിൽ

ഒന്നാം സ്ഥാനത്തും നിൽക്കുന്ന അർബുദമാണ് വദനാർബുദം അല്ലെങ്കിൽ വായിലെ അർബുദം.

വായിലെ അർബുദത്തെ ഒന്നു മനസു വച്ചാൽ തടയാൻ കഴിയുന്ന കാൻസർ എന്നാണ് വിശേഷിപ്പിക്കുന്നത്.

എന്നാൽ പോലും തിരിച്ചറിയാൻ വൈകുന്നത് കൊണ്ട് ഇത് ഒരു

അപകടകരമായ കാൻസർ ആയി കണക്കാക്കപ്പെടുന്നു..

ലക്ഷണങ്ങൾ തിരിച്ചറിയുക എന്നതിൽ ഉപരി ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് ഈ രോഗത്തെ കൂടുതൽ അപകടകരമാക്കുന്നത്..എന്ന് ഒരോരുത്തരും ഒാർക്കേണ്ടതുണ്ട്..

മിക്കപ്പോഴും ഇത്തരം കാൻസർ ഒരു സുപ്രഭാതത്തിൽ പൊട്ടി പുറപ്പെടുന്നവയല്ല..

കാൻസറിന് മുന്നോടിയായി നമ്മുടെ വായിൽ ഒരുപാട് മാറ്റങ്ങൾ

കാണാൻ സാധിക്കും..ഇത്തരം അവസ്ഥകളെ പൂർവാർബുദ അവസ്ഥകൾ

അഥവാ Potentially Malignant Disorders എന്നാണ് വിശേഷിപ്പിക്കുന്നത്... പുകയില ഉപയോഗം കാരണം കാൻസർ വരുമെന്നുള്ളത് കുഞ്ഞു കുട്ടികൾക്ക് വരെ അറിയാം .

എന്നാൽ നമ്മൾ ശ്രദ്ധിക്കേണ്ട വേറെയും ചിലതുണ്ട്, ചെറുതെന്നു വിചാരിക്കുന്ന വലിയ കാര്യങ്ങൾ...

വായ്പുണ്ണ് പലരിലും ഇടക്കിടെ കാണപ്പെടുന്ന ഒന്നാണ്. വായക്കകത്തുണ്ടാവുന്ന ഒരുവിധം എല്ലാ മുറിവുകളും വായ്പുണ്ണും സാധാരണ ഗതിയിൽ രണ്ടു മൂന്നു ആഴ്ചകൊണ്ട് തന്നെ ഉണങ്ങാറുണ്ട്.. വായിൽ കാണുന്ന ഇത്തരത്തിൽ ഉള്ള മുറിവ് മൂന്ന് ആഴ്ചയിൽ കൂടുതൽ ഉണങ്ങാതെ നിൽക്കുകയാണെങ്കിൽ അതീവ ശ്രദ്ധ കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.. എന്തെങ്കിലും തട്ടിയിട്ടുള്ള മുറിവുകൾ, കവിളിനോട് ചേർന്ന് നിൽക്കുന്ന പല്ലുകൾ തട്ടി ഉണ്ടാകുന്ന മുറിവുകൾ, വായിലെ നിര തെറ്റിയ പല്ലുകൾ നേരയാക്കാനുള്ള കമ്പികൾ, വെപ്പുപല്ലിലെ കമ്പികൾ എന്നിവ കൊണ്ട് ഒരു സ്ഥലത്ത് തന്നെ മുറിവുകൾ വന്നാൽ കാൻസറിനുള്ള സാധ്യതകൾ ഉണ്ട്. ഇങ്ങനെ ഉള്ള സാഹചര്യത്തിൽ അത് എടുത്തു കളയുകയോ അല്ലെങ്കിൽ രാകി കളയുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. എല്ലാ ദിവസവും ബ്രഷ് ചെയ്യുന്ന സമയത്ത് ദിവസവും ഒരു ഒന്നര മിനുട്ട് എടുത്ത് സ്വയം പരിശോധന നടത്തുകയാണെങ്കിൽ വായിലെ ക്യാൻസർ നേരത്തെ തന്നെ കണ്ടുപിടിക്കാൻ കഴിയും.

ചുണ്ടിൻ്റെ വശങ്ങൾ ചുണ്ടിന്റെ പുറമെ കാണുന്ന ഭാഗങ്ങൾ നാവിന്റെ വശങ്ങൾ നാവിന്റെ അടിഭാഗം കവിളിന്റെ ഉൾഭാഗം അണ്ണാക്കിന്റെ ഉൾഭാഗം ടോൺസിൽസ് വായിന്റെ പുറകുവശം എന്നീ ഭാഗങ്ങൾ പരിശോധിച്ച് വെളുത്ത/ചുമന്ന പാടുകൾ ഉണങ്ങാത്ത മുറിവുകൾ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പുവരുത്തണം..

ഇങ്ങനെ എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ ദന്തിസ്റ്റിന്റെ അല്ലെങ്കിൽ

ഓറൽ മെഡിസിൻ സ്പെഷ്യലിസ്റ്റിനെ അടുത്ത് പോയാൽ ആ

ഭാഗത്തുള്ള ചെറിയ ഭാഗം എടുത്ത് പരിശോധനക്ക് അയക്കാറുണ്ട്.. ഇതിനെ biopsy എന്നാണ് പറയുന്നത്..എല്ലാ ബയോപ്സി റിസൾട്ടും ക്യാൻസർ ആവണം എന്നില്ല.. ചില കോശങ്ങളെ ശേഖരിച്ച്

പരിശോധിക്കുകയാണ് ചെയ്യുന്നത്..കോശങ്ങളിൽ ഉള്ള വ്യതിയാനങ്ങൾ ഈ ടെസ്റ്റിലൂടെ മനസ്സിലാകും.. എത്രയും നേരത്തെ ബയോപ്സി ചെയ്താൽ ഇത് കാൻസർ ആയി മാറുന്നുണ്ടോ എന്ന്

അറിയാൻ കഴിയും.. ഒരിക്കൽ വന്നു കഴിഞ്ഞാൽ ചികിത്സാരീതി തേടുകയാണ് വേണ്ടത്. ഇത് കാൻസർ പടരുന്നതിൽ നിന്നും തടയാൻ കഴിയും. ആദ്യ ഘട്ടങ്ങളിൽ കണ്ടെത്താൻ പറ്റാതിരുന്നാൽ ചില ഭാഗങ്ങൾ മുറിച്ചു മാറ്റുകയോ റേഡിയോതെറാപ്പി /chemotherapy ഒക്കെ ചെയ്യേണ്ടി വരാറുണ്ട്. മുൻകൂട്ടി നിർണയിച്ചാൽ ഏതു കാൻസറിനും രോഗവിമുക്തി സാധ്യമാണ് എന്നതോർക്കുക.

ഈ പെൺകുട്ടിയുടെ ജീവൻ ഭാഗ്യവശാലും അവളുടെ മനോധെെര്യത്താലും നമുക്ക് തിരിച്ചു കിട്ടി.. എന്നാൽ ഈ അസുഖം നമ്മിൽ നിന്നും പലരുടെയും ജീവൻ കവർന്നെടുത്തിട്ടുമുണ്ട് എന്ന് ഒാർക്കേണ്ടതാണ്.. പലപ്പോഴും രോഗം നിർണയിക്കപ്പെടാനുള്ള കാലതാമസമാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. അവിടെയാണ് ക്യാൻസർ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ പ്രസക്തിയും.എല്ലാ പൗരന്മാർക്കും ക്യാൻസർ നിർണയവും ചികിത്സയും ലഭ്യമാകുന്ന നല്ല നാളെകളെ നമുക്ക് സ്വപ്നം കാണാം!!!