Friday 01 July 2022 11:24 AM IST

‘വെല്ലൂർ ആശുപത്രി പോലും കയ്യൊഴിഞ്ഞ കേസുകൾ... 48 മണിക്കൂറിൽ 79 സർജറികൾ’: അദ്ഭുതമാണ് ഡോ. പിജിആർ

Anil Mangalath

Dr-PGR

“ആയിരം രൂപയും മള്ളൂരുമുണ്ടെങ്കിൽ ആരെയും കൊല്ലാമേ രാമനാരായണ”എന്ന  കുത്തിയോട്ടപ്പാട്ട്  ബാല്യകാലത്തു കേട്ടുവളർന്നയാളാണ് ചെങ്ങന്നൂരും മാന്നാറിലും കുടുംബവേരുള്ള പി ജി ആർ എന്ന ഡോ. പി. ജി. രാമകൃഷ്ണപിള്ള. 1940–50 കാലമായിരുന്നു അത്. ഇന്ന് “ഡോ. പി ജി ആറും വിശാലമായ മൈതാനവുമുണ്ടെങ്കിൽ എവിടെയും മെഡിക്കൽ കോളജ് തുടങ്ങാം” എന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പാടി പുകഴ്ത്തുമ്പോൾ സ്വതവേ പ്രസന്നവദനനായ ഡോക്ടർ ഒന്നു കുലുങ്ങിച്ചിരിക്കും; പിന്നെയൊന്ന് കണ്ണടയ്ക്കും– അപ്പോൾ ഓർമയിലെത്തുന്നതെല്ലാമാണ് കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ ചരിത്രം, അല്ലെങ്കിൽ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ആദ്യാവസാന പട്ടിക.

സ്വതവെ മറ്റുള്ളവരെ അംഗീകരിക്കാനും പ്രശംസിക്കാനും മടിയുള്ളവരാണു മലയാളികൾ. അതുകൊണ്ടുതന്നെ ബഹുമാന സൂചക വാക്കുകളും പ്രയോഗങ്ങളും നമുക്കു ലുബ്ധമാണ്. മലയാളഭാഷയിലെ പ്രശംസാ വാക്കുകളെല്ലാം ഒരു തട്ടിലും മറുതട്ടിൽ ഡോ. പി ജി ആറിന്റെ ജീവിതവും വച്ചാൽ ആവർത്തനവിരസത നിറഞ്ഞ പ്രശംസയുടെ തട്ടിനു താഴ്ന്നു നിൽക്കാൻ കഴിയില്ല. അത്ഭുത മനുഷ്യൻ, തളരാത്ത കർമയോഗി, അപൂർവ പ്രതിഭാസം, സൂപ്പർ കംപ്യൂട്ടർ, ഡോക്ടർമാരുടെ ബ്രഹ്മാവ്, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പെരുന്തച്ചൻ, പ്രസ്ഥാനമായി മാറിയ ആൾ – ഡോക്ടറെ വിശേഷിപ്പിക്കാൻ വാക്കുകൾക്ക് ബ ലമില്ലാതാകുന്നു. പത്തിലേറെ ആരോഗ്യ സ്ഥാപനങ്ങളുടെ സൃഷ്ടാവ്, നൂറിലേറെ സേവന മേഖലകൾ. ആയിരത്തിലേറെ പൂർണചന്ദ്രന്മാരെ കണ്ട് 83 വയസ്സിലേക്കു കടന്ന ഡോക്ടർ ആരോഗ്യ വിദ്യാഭ്യാസത്തിന്റെ അവസാനവാക്കാണെങ്കിലും ബഹുമതികളൊന്നും മോഹിക്കാതെ, ആരോടും പരിഭവമില്ലാതെ, കോട്ടയം ഗാന്ധിനഗറിലെ ‘സുരമയിൽ’ സ്വസ്ഥനാണ്.

ആലപ്പുഴ ജില്ലയിലെ മാന്നാർ മുല്ലശ്ശേരി വീട്ടിൽ 1940 ഏപ്രിലിൽ ജനിച്ച പിച്ചനാട്ട് ഗോപാലപിള്ള രാമകൃഷ്ണപിള്ള തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് 1963–ൽ എംബിബിഎസ് പാസ്സാകുമ്പോൾ കോളജ് യൂണിയൻ സെക്രട്ടറിയായിരുന്നു. 67 ൽ സർജറിയിൽ എംഎസ് പാസ്സായത് ലേ ഡി ടാറ്റാ ഫെലോഷിപ്പ് നേടിയാണ്. 1963 മുതൽ ഗവൺമെന്റ് സർവീസിൽ പ്രവേശിച്ചെങ്കിലും എംഎസ് പ ഠനത്തിന്റെ ഇടവേള കഴിഞ്ഞ് 1967 ൽ കോട്ടയം മെഡിക്കൽ കോളജിൽ തുടങ്ങിയ സേവനം 27 വർഷം നീണ്ടുനിന്ന് റെക്കോർഡിട്ടു (ഒരു ആരോഗ്യ സ്ഥാപനത്തിൽ 27 വർഷം തുടർച്ചയായി). ഇതിനിടയിൽ ശസ്ത്രക്രിയാ വിഭാഗം മേധാവി, തൈറോയ്ഡ് ചികിത്സാ വിദഗ്ധൻ, ട്രോമാകെയർ വിഭാഗ സ്ഥാപകൻ, പൊതുജന പങ്കാളിത്ത കാൻസർ വാർഡിന്റെ ഉപജ്ഞാതാവ്, ആശുപത്രിയിൽ പൊതിച്ചോറും പുകവലിയും ആ ദ്യമായി നിരോധിച്ച ഭരണകർത്താവ്, കുറുക്കൻ കുന്നിനെ ഗാന്ധിനഗർ എന്ന ടൗൺഷിപ്പാക്കിയ ദീർഘദർശി എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ ഡോക്ടർ നേടി ക്കഴിഞ്ഞു. ബസ് സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന ആർപ്പൂക്കര വഴി ഇന്ന് ഇന്റർസ്‌റ്റേറ്റ് ബസുകൾ ഒാടുന്നതിൽ പോലും ഡോക്ടർക്ക് പങ്കുണ്ട്. ലയൺസ് ക്ലബ്, ജൂനിയർ ചേംബർ, എൻഎസ്എസ്, കാൻസർ കെയർ സൊസൈറ്റി, ഭാരതീയ വിദ്യാഭവൻ (നിലവിൽ ചെയർമാൻ) എന്നിങ്ങനെ ഡോക്ടർ കൈവയ്ക്കാത്ത മേഖലകളില്ല.

മാരത്തൺ സർജറികൾ

“പഠിക്കുമ്പോൾ പോലും ശസ്ത്രക്രിയകൾ കണ്ടു മനസ്സിലാക്കാൻ ഞാൻ മണിക്കൂറുകൾ ചെലവിടുമായിരുന്നു. പ്രൈവറ്റ് ആശുപത്രിയിൽ പോലും പോയി കണ്ടുപഠിച്ചിട്ടുണ്ട്. തൈറോയ്ഡ് ചികിത്സിക്കാൻ വേണ്ടത്ര വിദഗ്ധരില്ലാതിരുന്നപ്പോഴാണ് ഞാനത് തുടങ്ങിയത്. വെല്ലൂർ ആശുപത്രിയിൽ നിന്നു പോലും പറ്റില്ലെന്നു പറഞ്ഞ ഹൈപ്പർ തൈറോയ്ഡ് കേസുകൾ സർജറി ചെയ്തു ശരിയാക്കിയിട്ടുണ്ട്. അ ന്നൊക്കെ സർജറി യൂണിറ്റുകൾ വളരെ കുറവായിരുന്നു, ഡോക്ടർമാരും. വാഹനാപകടം ഉണ്ടായാൽ രാവും പകലും ശസ്ത്രക്രിയ െചയ്യേണ്ടിവരും.

കുമ്പഴ ബസ്സപകടം ഉണ്ടായപ്പോൾ 48 മണിക്കൂറിനുള്ളിൽ 79 പേരെ സർജറി ചെയ്തു. ഇടുക്കിയിൽ നിന്ന് ഒരു ജീപ്പ് വന്നാൽ അഞ്ചു സർജറി കേസെങ്കിലും ഉണ്ടാകും. അങ്ങനെയാണ് ട്രോമാകെയർ എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതും ആദ്യത്തെ ട്രോമാകെയർ യൂണിറ്റിന്റെ പ്രഫസർ ആകുന്നതും. മെഡിക്കൽ കോളജിൽ പട്ടിയും കാക്കയും പൂച്ചയും കാരണം വഴിനടക്കാനാകാതെ വന്നപ്പോഴാണ് പൊതിച്ചോർ നിരോധിച്ചത്. ഇലവെട്ടു തൊഴിലാളികൾ അന്നു സമരത്തിനു വന്നു. അവരെ ശുചീകരണ തൊഴിലാളികളാക്കി മാറ്റിയതോടെ എല്ലാം ശുഭമായി.’’ ഡോക്ടര്‍ ഓർത്തെടുക്കുന്നത് അത്ഭുതകരമായ ചില നാഴികക്കല്ലുകളാണ്.

പരിയാരം മുതൽ ജൂബിലി വരെ

യൗവനത്തിലെ നിറഞ്ഞാടൽ ഡോക്ടർ റിട്ടയർമെന്റ് കഴിഞ്ഞിട്ടും പകർന്നാട്ടമാക്കി തുടരുന്നതാണ് പിന്നീടു കാണുന്നത്. 1988 മുതൽ കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടായിരുന്ന അനുഭവം കൊണ്ടാകാം, 94 നവംബർ ഒന്നിന് പരിയാരം മെഡിക്കൽ കോളജ് സ്ഥാപക പ്രിൻസിപ്പലായി വലിയ വിജയം നേടാൻ ഡോക്ടർക്കു കഴിഞ്ഞത്. പിന്നീടങ്ങോട്ട് മെഡിക്കൽ വിദ്യാഭ്യാസത്തിൽ യാഗാശ്വമായി പി ജി ആർ മാറുകയായിരുന്നു. സഹകരണ മേഖലയിൽ കളമശ്ശേരിയിൽ തുടങ്ങിയ മെഡിക്കൽ കോളജിന്റെ സ്ഥാപക പ്രിൻസിപ്പൽ, പാരിപ്പള്ളി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ തുടങ്ങി പുതുതായി പദ്ധതിയിട്ട ഇടുക്കി, കോന്നി, മഞ്ചേരി, കാസർകോഡ്, തിരുവനന്തപുരം ജനറൽ ആശുപത്രി മെഡിക്കൽ കോളജ് എന്നിവയുടെയെല്ലാം സ്പെഷൽ ഓഫിസർ വരെ തിരക്കു പിടിച്ച കർമമണ്ഡലം. അതിനിടയിലാണ് അന്നു വൻരാഷ്ട്രീയ വിവാദം സൃഷ്ടിച്ച സ്വകാര്യ സ്വാശ്രയ പങ്കാളിത്തതോടെയുള്ള സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ എന്ന പാരാമെഡിക്കൽ വിസ്മയത്തിന്റെ പിറവി. ഇന്നു ലോകമെമ്പാടും മലയാളികൾ നഴ്സുമാരായും ലാബറട്ടറി വിദഗ്ധരായുമൊക്കെ തിളങ്ങുമ്പോൾ ആദ്യ ക്രെഡിറ്റ് ഡോക്ടർ പി ജി ആറിനുള്ളതാണ്. പിന്നീട് എംജി, കൊച്ചി യൂണിവേഴ്സിറ്റികളിൽ മെഡിക്കൽ ഫാക്കൽറ്റി ഡീൻ, തൃശൂർ ജൂബിലി മെഡിക്കൽ കോളജിൽ ഡീൻ തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ.

ആറു പതിറ്റാണ്ടായി കർമരംഗത്തു തിളങ്ങുന്ന ഡോക്ടർ ഇപ്പോഴും ചികിത്സിക്കാൻ കിട്ടുന്ന അവസരങ്ങൾ മുടക്കാറില്ല. കോട്ടയം മെഡിക്കൽ കോളജിൽ ആദ്യമായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്താൻ സൗകര്യമൊരുക്കിയ ആശുപത്രി സൂപ്രണ്ടിൽ നിന്ന്, തന്നെ കാണാ ൻ വരുന്നവരോടെല്ലാം ഹൃദയം തുറന്നു സംസാരിക്കുന്ന നാടൻ ഗ്രാമീണ രസിക മനുഷ്യനായി, ഡോക്‌ടർ പി ജി ആർ എന്ന 83 കാരൻ മാറുമ്പോൾ ചരിത്രനദി അങ്ങനെ ഒഴുകിപോകുന്നതു നമുക്ക് കാണാം. തിരുകൊച്ചി മെഡിക്കൽ കൗൺസിലിന്റെ പേര് കേരള മെഡിക്കൽ കൗൺസിൽ എന്നാക്കി മാറ്റിയതിനു പിന്നിൽ പോ ലും ഡോക്ടറുടെ കർമപടുത്വമുണ്ട്.

Dr-PGR-1

ജീവിതം– ആയിരം പൂർണചന്ദ്രന്മാർ

വഴിയാത്രക്കാർക്ക് മോര് വീഴ്ത്താനായി കൃഷിനിലങ്ങൾ മാറ്റിവച്ച പാരമ്പര്യമുള്ള ചെങ്ങന്നൂർ വിരുതിയേത്ത് കുടുംബത്തിന്റെയും മാന്നാർ മുല്ലശേരി തറവാടിന്റെയും ഭാഗമായി കിട്ടിയ സേവന തൽപരതയാണ് അന്നും ഇന്നും ജീവിതത്തെ മുന്നോട്ട് നയിച്ചതെന്നു ഡോക്ടർ പറയുന്നു. ആതുര സേവനം പഠിച്ചതും ശസ്ത്രക്രിയാ വിദഗ്ധനായതുമൊക്കെ അങ്ങനെയാണ്. പൊതുജനാവശ്യത്തിനായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വരെ സമീപിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം കാര്യത്തിന് ആരുടെയും പുറകെ പോയില്ല. അതുകൊണ്ട് ചില നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. അതൊന്നും ഉള്ളിൽ ബാധിച്ചിട്ടില്ല. എന്നും രണ്ടു നേരം പ്രാർഥിക്കുമ്പോഴും ഓർക്കും, നമ്മളായിട്ട് ഒന്നും കൊണ്ടുവരുന്നില്ല. തിരികെ പോകുമ്പോഴും ഒന്നും കൊണ്ടു പോകുന്നില്ല.

കഠിനമായ പ്രതിസന്ധികൾ, സമവായത്തോടെ കീഴടക്കുന്ന ഒരു പർവതാരോഹകന്റെ സായാഹ്നമാണ് ഡോക്ടർ നമ്മെ ഓർമിപ്പിക്കുന്നത്–ഒരു കുലപതിയുടെ പ്രൗഢമായ ശരത്കാലം.

അനിൽ മംഗലത്ത്