കുറച്ചു നാളുകൾക്ക് മുൻപ് ഒരു പോസ്റ്റ് കണ്ടു. കണ്ണിനുള്ളിൽ വിരയെ കിട്ടിയതായി. ആ പോസ്റ്റ് കണ്ടതിന്റെ ആഘാതം മാറും മുന്നേ മറ്റൊരു സംഭവമുണ്ടായി. ഒട്ടും പ്രതീക്ഷിച്ചില്ല അങ്ങനെ ഒരു സംഭവം മുൻപിലെത്തുമെന്ന്. ഒരു കുഞ്ഞു കുട്ടി, കക്ഷത്തിൽ ഒരു മുഴയുമായ് എത്തി. തൊട്ടു നോക്കി... സാധാരണ കുട്ടികളിൽ കാണുന്ന കഴലകൾ ആയിരിക്കുമെന്നാണ് കരുതിയത്. അത്യാവശ്യം ടെസ്റ്റുകൾ നിർദ്ദേശിക്കുകയും കഴലവീക്കാത്തിനായി ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുകയും ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞ് മുഴയുടെ വലിപ്പം കുറയുന്നില്ല എന്ന് കണ്ട് സ്കാനിങ് നിർദ്ദേശിച്ചപ്പോഴാണ് ജീവനുള്ള വിരകളെ കണ്ടത്. ' ഡൈറോഫിലേറിയസിസ് (Dirofilariasis) പേര് പോലെ ഭീകരൻ ഒന്നുമല്ല. നാല്പതിലധികം Dirofilaria species ഉണ്ടെങ്കിലും മനുഷ്യരില്‍ ആറെണ്ണമാണ് ഇൻഫെക്ഷൻ ഉണ്ടാക്കുന്നത്.
കൊതുകുകളാണ് ഈ വിരകളുടെ പകർച്ചയെ സഹായിക്കുന്നത്. മനുഷ്യരിൽ വിരളമായെങ്കിലും ഈ കേസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുറോപ്പ്, ഏഷ്യ,ശ്രിലങ്ക,മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ കേസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കണ്ണിനുള്ളിൽ, വയറ്, തുട, പുരുഷ ജനനേന്ദ്രിയം, മുഖത്ത്, കണ്ണ്, കൈകൾ തുടങ്ങിയ ശരീരത്തില്‍ മുഴകള്‍ ആയിട്ടാണ് ഇവ കാണപ്പെടുന്നത്. പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ ശരീരത്തിൽ വളരുന്ന ലാര്‍വ കൊതുകുകള്‍ വഴി മനുഷ്യരിലേക്ക് പകരുന്നു. മനുഷ്യരിൽ അത് പെറ്റുപെരുകുകയില്ല. പക്ഷേ ഇവ മനുഷ്യശരീരത്തിൽ ലാര്‍വ രൂപത്തില്‍ നിന്നും വിരയായി മാറുകയും, വർഷങ്ങളോളം ജീവിക്കുകയും പിന്നീട് മരിക്കുകയും ചെയ്യും. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുകയില്ല. ചില ആളുകളിൽ വിര ശ്വാസകോശത്തിലും ഹൃദയത്തിനും പ്രവേശിക്കുന്നതായി കണ്ടിട്ടുണ്ട്. ശ്വാസകോശത്തെ ബാധിച്ചാൽ വിട്ടുമാറാത്ത ചുമ, കഫത്തിൽ രക്തം എന്നിവയാണ് രോഗലക്ഷണങ്ങൾ. കേരളത്തിൽ ഇത് വര്‍ഷങ്ങളായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചികിത്സിച്ചു ഭേദമാക്കാൻ പറ്റുന്ന ഒന്നാണ് ഈ രോഗം.
വിവരങ്ങൾക്ക് കടപ്പാട്:
Dr Vidya Vimal
Consultant Paediatrician
GG Hospital Trivandrum & SP Wellfort Hospital Trivandrum