ADVERTISEMENT

ഓറൽ ഹൈജീൻ ഡേ (ORAL HYGIENE DAY )-ഒരു അനുഭവക്കുറിപ്പ്... ഡോ. ദീപ്ത് ടി ആർ

ഇന്നത്തെ ദിവസം ആ അച്ഛാച്ഛനെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ച് പറയും. 84 വയസ്സുള്ള ആ അച്ഛാച്ഛൻ ഇപ്പോഴും ഒരു നെടുവീർപ്പായി മനസ്സിലുണ്ട്. കോവിഡ്കാലമായതിനാൽ രോഗികളുടെ എണ്ണം വളരെ കുറവുള്ള ഒരു ദിവസം; വേഗം പോകാം എന്ന് കരുതി വൈൻഡ് അപ്പ് ചെയ്യാൻ നോക്കുമ്പോഴാണ് ഏതാണ്ട് 85 വയസ്സുള്ള അച്ഛാച്ഛനും കൂടെ കൊച്ചുമകളും വന്നത്.

ADVERTISEMENT

ഷുഗറും പ്രഷറും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുമൊക്കെ പുറമേ കഴിഞ്ഞമാസം കോവിഡ് വന്നതായും ഹിസ്റ്ററി പറഞ്ഞു. വായിൽ എന്തോ ഇളകുന്ന പോലെ തോന്നിയെന്ന് കൊച്ചു മകൾ പറയുന്നു. പരിശോധിച്ചുനോക്കുമ്പോൾ നിറയെ മാഗ്ഗോട്ട് (magotts ), വായിൽ നിറയെ പുഴുക്കൾ... സത്യം പറഞ്ഞാൽ എനിക്ക് ദേഷ്യമാണ് ആദ്യം വന്നത്. കൊച്ചുമകളുടെ മുഖം നോക്കിയപ്പോൾ ഒന്നും പറയാൻ തോന്നിയില്ല. എന്നാലും ഞാൻ ചോദിച്ചു എന്തായിരുന്നു ഇത്രയുംനാൾ ശ്രദ്ധിക്കാതിരുന്നത്... ആ പെൺകുട്ടി ഇടറിയ ശബ്ദത്തിൽപറഞ്ഞു: "രണ്ടാഴ്ച മുന്‍പ്, അച്ഛച്ചന്റെ കാര്യത്തിൽ ഇനിയൊന്നും പേടിക്കാനില്ലെന്നും കോവിഡിൽനിന്ന് പൂർണമായും രോഗമുക്തി നേടിക്കഴിഞ്ഞെന്നുമാണ് ഡിസ്ചാർജ് ചെയ്യുമ്പോൾ ഡോക്ടർ പറഞ്ഞത്. ഫീഡിങ് ട്യൂബ് ശ്രദ്ധിക്കണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു. നോക്കാൻ ഒരു ഹോംനേഴ്സും പിന്നെ എന്റെ അമ്മയും ഉണ്ട്.. ആ ചേച്ചി വളരെ കൃത്യമായി എല്ലാ കാര്യവും നോക്കുന്നുണ്ട്.

എല്ലാദിവസവും അച്ഛാച്ഛനെ കുളിപ്പിക്കലും മറ്റെല്ലാം ചെയ്യുന്നത് അമ്മയും ആ ചേച്ചിയും കൂടെയാണ്. ‘‘ഡോക്ടറെ ഞാനാണ് ആദ്യമായി വായിൽ ചെറിയൊരു അനക്കം പോലെ കണ്ടത്..’’ അവൾ പറഞ്ഞുനിർത്തി. എനിക്ക് കാര്യം ഏതാണ്ട് മനസ്സിലായി. കോവിഡ് ബാധിതനായി ഹോസ്പിറ്റലിൽ അഡിമിറ്റ് ചെയ്ത ടൈമിൽ ഇൻട്യൂബേറ്റ് ചെയ്ത സമയം പാലറ്റിൽ ഒരു മുറിവ് ഉണ്ടായെന്നിരിക്കണം . നേസൽ ഫീഡ് ആയതു കാരണം വായിലെ മുറിവ് വീട്ടുകാരുൾപ്പടെ ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. എന്താണെങ്കിലും പെട്ടെന്ന് തന്നെ ചികിത്സ തുടങ്ങണം.. ഏതാണ്ട് അമ്പതോളം പുഴുക്കളെ അപ്പോൾ തന്നെ എടുത്തു. അച്ഛാച്ഛനാണെങ്കിൽ മുഴുവനായി മയക്കു ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലും..

ADVERTISEMENT

ഞാനും എന്റെ സുഹൃത്തായ ഓറൽ സർജനും 10 ദിവസം കൊണ്ട് LOCAL ANESTHESIA യിൽ ആണ് debridement ചെയ്തത്. കൂടെ ആന്റിബയോട്ടിക്‌സും കൊടുത്തു. MRSA ആയിരുന്നു ഓർഗാനിസം.പത്തു ദിവസമെടുത്തു ഇൻഫെക്ഷൻ ഒന്ന് മാറാൻ. ഒരു മാസത്തിൽ കൂടുതൽ സമയം എടുത്തു എല്ലാ മുറിവും ഉണങ്ങി ഒന്ന് നോർമൽ ആവാൻ. മനുഷ്യരിൽ വളരെ അപൂർവമായി വരുന്ന ഈ രോഗം ഈച്ചകളുടെ മുട്ട അല്ലെങ്കിൽ ലാർവ വിഴുങ്ങി പോയാലോ അല്ലെങ്കിൽ ഏതെങ്കിലും മുറിവുള്ള ഭാഗത്തു ലാർവ പറ്റിപിടിച്ചോ സംഭവിക്കാം. ഇവിടെ ഈ അച്ഛാച്ഛന്റെ കാര്യത്തിൽ വായ തുറന്നു കിടന്നുറങ്ങുമ്പോൾ അണ്ണാക്കിലെ മുറിവുള്ള ഭാഗത്തിലൂടെ ലാർവ ഉള്ളിൽ ചെന്നതായിരിക്കാം സംഭവിച്ചത്.

വായയിൽ മാത്രമല്ല കണ്ണിലും മൂക്കിലും കുടലിലും വരെ വരാവുന്ന അസുഖമാണ് മിയാസിസ് (MYIASIS ) ഇന്ന് oral hygiene day. ഇത്തരമൊരു സവിശേഷദിനത്തിൽ എനിക്ക് പറയാനുള്ളതും നിസാരമെന്നു നാം കരുതുന്ന ഗൗരവമുള്ള വായയുടെ ശുചിത്വത്തിന്റെ കാര്യങ്ങൾ തന്നെയാണ്. കിടപ്പിലായ രോഗികൾക്ക് ബെഡ്‌സോറുകൾ (BEDSORES )വരാതിരിക്കാനും ബാക്കി ഭാഗം വൃത്തിയാക്കി വെക്കാനും ഒക്കെ നമ്മൾ ക്ര്യത്യമായി ശ്രദ്ധിക്കും. പക്ഷേ മിക്കവരും വായ ശ്രദ്ധിക്കാതെ വിടും. വായ തുറന്ന് കിടക്കുന്ന ഇത്തരം രോഗികളിൽ ഈച്ച പോലെ ഉള്ളവ വന്നു മുട്ട ഇടുകയും അത് മോണയിലും മറ്റും പറ്റിപിടിച്ചു വളർന്നു പുഴു അരിക്കുന്ന (മായാസിസ്) അവസ്ഥയിൽ എത്തിക്കുന്നു. അതിനാൽ രോഗികൾ വായയിൽ കൂടി ഭക്ഷണം കഴിക്കുന്നില്ല എങ്കിൽ പോലും വായ വൃത്തി ആക്കി വെക്കുന്നത് രോഗിയെ പരിചരിക്കുന്നവരുടെ ഉത്തരവാദിത്വം ആണ്.മാനസികമായും ശാരീരികമായും വൈകല്യമുള്ളവർക്കു സ്വന്തമായി ബ്രഷ് ചെയ്യാനോ വായ ശുചിയാക്കി വെക്കാനോ സാധിക്കാറില്ല അവരുടെ കാര്യത്തിലും കൂടെ നിൽക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ADVERTISEMENT
ADVERTISEMENT