Friday 29 September 2023 05:04 PM IST : By ഡോ. ടി. സുരേഷ്‌കുമാർ

ആരോഗ്യം നോക്കിയാലും കാര്യങ്ങളെല്ലാം പ്രതികൂലം: ഡോക്ടർ ആയില്ലായിരുന്നെങ്കിൽ ആരാകുമായിരുന്നു?: ഇതാ യമണ്ടൻ മറുപടി

chirisep256767

സെലിബ്രിറ്റികളെ ഇന്റർവ്യൂ ചെയ്യുമ്പോൾ ഒരു ചോദ്യം പതിവാണ്.

" ഈ രംഗത്തു വന്നില്ലായിരുന്നെങ്കിൽ സാർ എന്തായി തീരുമായിരുന്നു ? "യാതൊരു ബോധവുമില്ലാത്ത ചോദ്യമാണെന്നാലും  മറുപടി തള്ളാണെങ്കിലും  കേട്ടിരിക്കാൻ കൗതുകമുണ്ട്.

സെലിബ്രിറ്റി അല്ലാത്തതു കൊണ്ട് ആ ഇന്റർവ്യൂ ചോദ്യം ഞാൻ തന്നെ എന്നോട് ചോദിച്ചു.

ഡോക്ടറായില്ലെങ്കിൽ താൻ ആരാകുമായിരുന്നു ?പല തവണ ആലോചിച്ചിട്ടുള്ള വിഷയം. പല ഘട്ടങ്ങളിൽ ഉത്തരം പലതായിരുന്നു.

എന്നാലിപ്പോൾ ഉത്തരം ഇതാണ്. രാഷ്ട്രീയ നേതാവ് !

ഇതു പോലെ നല്ല ഒരു കരിയർ വേറെയുണ്ടോ ചങ്ങാതി ?

എന്തു ചെയ്യാം .... നല്ലൊരു താത്വിക അവലോകനം അന്നു ചെയ്യാത്തതിന്റെ കുറവ് ഇന്ന് അരാഷ്ട്രീയ വാദികളോടൊപ്പം  ഞാനും അനുഭവിക്കുന്നുവെന്നു പറഞ്ഞാൽ മതിയല്ലോ പുള്ളേ ! 

അപ്പോഴും  ഇപ്പോഴും  ഷൈൻ ചെയ്യുന്നതാരാ ? പത്രമെടുത്താല്‍, ടി.വി തുറന്നാല്‍, നെറ്റില്‍ കയറിയാല്‍, ഫെയ്‌സ് ബുക്കില്‍, ട്വിറ്ററില്‍,  സര്‍ക്കാര്‍ ഓഫീസില്‍, എന്തിന് റോഡിലും നാല്‍ക്കവലകളിലും  നേതാക്കള്‍ നിറഞ്ഞു നില്‍ക്കുകയല്ലേ ! എന്നതാ ഇത് ചില്ലറ കാര്യമാന്നോ ?

മലയാളസിനിമയിൽ വെറും 49 നടീനടന്മാര്‍ക്കുമാത്രമേ ഇപ്പോള്‍ പണിയുള്ളൂ എന്ന് താരങ്ങളുടെ  'അമ്മ' പോലും തുറന്നുപറഞ്ഞിരിക്കുവല്ലേ !

രാഷ്ട്രീയമാണ് നല്ല തൊഴിൽ മേഖല ! നേതാവാണ് താരം !

ഡോക്റായാൽ എന്തൊക്കെയാണ് പുലിവാൽ ! എല്ലാ ദിവസവും ആശുപത്രിയിൽ പോകണം. അവധി കിട്ടിയാൽ കിട്ടി.

അദ്ധ്വാനത്തിന്റെയും റിസ്ക്കിന്റെയും (തെറി, അടി, കേസ് .... ഇതു ഒന്ന് പരിഷ്ക്കരിച്ചതാണ് )  അടിസ്ഥാനത്തിൽ നോക്കിയാൽ ഒട്ടും  ആകർഷകമല്ലാത്ത  വരുമാനം .

എത്ര നന്നായി ആരോഗ്യം നോക്കിയാലും  രോഗാതുരത, ആയൂർ ദൈർഘ്യം, എല്ലാം ഡോക്ടർമാർക്കു പ്രതികൂലം ! 

എന്നാൽ രാഷ്ട്രീയ നേതാവിനോ ?

വറുത്തതെന്നോ കരിച്ചതെന്നോ കൊളസ്‌ട്രോളെന്നോ പഞ്ചസാരയെന്നോ ഉപ്പെന്നോ ഉപ്പിലിട്ടതെന്നോ നോക്കാതെ സമയത്തും അസമയത്തും ശാപ്പാടുമടിച്ച് വ്യായാമമോ ഉറക്കമോ കുടുംബജീവിതമോ ഉത്തരവാദിത്വമോ തുടങ്ങി എന്തും ത്യജിച്ചും , മിനുങ്ങിയും മിനുങ്ങാതെയും തേരാപ്പാരാ നടക്കുന്ന നമ്മുടെ ലീഡര്‍ജിമാരുടെ ആരോഗ്യ ജാതകം  ബഹു വിശേഷം ! 

85 വയസ്സ് തികയാതെ യശ്ശശരീരരാകുന്നവര്‍ വിരളം! മഹാമാരികള്‍ പിടിപെടുന്നവര്‍ ചുരുക്കം! ചരിത്രത്തില്‍ മഷിയിട്ടു നോക്കിയാലും  ആത്മഹത്യ എന്നൊരു സംഭവമേ കാണുകയില്ല രാഷ്ട്രീയ ജീവിതത്തിൽ ! എന്തിന്, റോഡപകടങ്ങളില്‍ പെട്ട് പോലും കര്‍മ്മഭൂമിയില്‍ നേതാക്കള്‍ വീരചരമം പ്രാപിക്കുന്നില്ല.

 ചുരുക്കത്തില്‍ നേതാക്കളുടെ ജീവിത ദൈര്‍ഘ്യം ശരാശരി 85. 

അരാഷ്ട്രീയ വാദികളായ ജനങ്ങളുടേത്  75!

ഇവരെയെല്ലാം ചികിത്സിക്കുന്ന ഡാക്കിട്ടർമാരുടേത് 65 ! 

പിന്നെ  മനസ്സ് ! മാനസിക ആരോഗ്യം !!   മനസ്സില്‍ എപ്പോഴും സന്തോഷം !  

നോക്കൂ, നേതാവായാല്‍ എവിടെപ്പോയാലും സ്ഥാനം, ബഹുമാനം, എവിടെയും സുഹൃത്തുക്കള്‍, പരിചിതര്‍, സദാ സമയം തമാശ, ചിരി.......

എപ്പോഴും ശുഭാപ്തിവിശ്വാസം... പഞ്ചായത്ത് മെമ്പര്‍, പ്രസിഡന്റ്, ജില്ല, സംസ്ഥാനം, എം.എല്‍.എ, മന്ത്രി, മുഖ്യമന്ത്രി,  കേന്ദ്രം........ ഇങ്ങനെ പോകും സ്ഥാനാരോഹണങ്ങൾ !

 പിന്നെ എന്ത് തള്ളിയാലും വിശ്വസിക്കാനൊരു ജനത, എന്ത് വൃത്തികേട്  ചെയ്താലും   ജയിപ്പിക്കാന്‍ പ്രബുദ്ധരായ  വോട്ടര്‍മാര്‍. ആനന്ദലബ്ധിക്കിനിയെന്തുവേണം!

ഡോക്ടറായില്ലെങ്കിൽ നിങ്ങൾ എന്താകുമായി രുന്നു ?

ഒരു സംശയവും വേണ്ട !

Tags:
  • Manorama Arogyam