നമുക്കെല്ലാം ഏറെ അപരിചിതമായ പുതിയൊരു രോഗം. തീവ്രതയേറിയ പകർച്ചാസ്വഭാവം, കൃത്യമായ ചികിത്സയില്ല, മരുന്നില്ല... ഇങ്ങനെയൊരു രോഗത്തെക്കുറിച്ച് ഭീതി പടർത്താതെ ആളുകളിൽ അവബോധം സൃഷ്ടിക്കുന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടാണ് കോവിഡ് മഹാമാരിയെക്കുറിച്ച് ആളുകൾക്ക് കൃത്യമായ അവബോധം നൽകാൻ കണ്ണൂരുകാരായ ആറു ഡോക്ടർമാർ ചേർന്ന് നൃത്തത്തിന്റെ കൂട്ടുപിടിച്ചത്.
‘‘ കോവിഡ് ആദ്യതരംഗത്തിന്റെ അവസാനനാളുകളിൽ വാക്സിനേഷനെക്കുറിച്ച് ഒരു ബോധവൽക്കരണ പരിപാടി ചെയ്യണമെന്ന് ഒൗദ്യോഗികതലത്തിൽ ഒരു ചർച്ചയുണ്ടായി. കാരണം വാക്സിനേഷൻ തുടങ്ങിയ സമയത്ത് ആളുകൾക്ക് വാക്സീൻ സ്വീകരിക്കാൻ മടിയായിരുന്നു. വാക്സീൻ എടുത്തവരാകട്ടെ ഇനി മറ്റു കരുതലിന്റെയൊന്നും ആവശ്യമില്ല എന്ന നിലപാടിലുമായിരുന്നു. ആളുകളുടെ മനസ്സിൽ പതിയാൻ വ്യത്യസ്തമായി എന്തെങ്കിലും ചെയ്താലോ എന്ന ചിന്തയിൽ നിന്നാണ് ഒരു നൃത്താവിഷ്കാരത്തിലൂടെ സന്ദേശം നൽകിയാലോ എന്ന ചിന്ത വരുന്നത്.’’ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് കാൽച്ചിലമ്പണിയാനുള്ള കാരണത്തെക്കുറിച്ച് ഡോ. മൃദുല ശങ്കർ പറഞ്ഞുതുടങ്ങി.
കല്യാശ്ശേരി ഹെൽത് സെന്ററിലെ ഹെൽത് ഇൻസ്പക്ടർ സുരേഷ് ബാബു ശ്രീസ്ഥ ആണ് കവിതയുടെ നൃത്താവിഷ്കാരം എന്ന ആശയം മുൻപോട്ടുവച്ചത്. ചിറയ്ക്കൽ രാജാസ് ഹൈസ്കൂൾ പ്രിൻസിപ്പൽ എഎസ് പ്രശാന്ത് കൃഷ്ണൻ ആണ് സംഗീതം നൽകി ഗാനം ആലപിച്ചത്.

‘‘ കവിതയ്ക്കൊപ്പിച്ച് ചുവടുവയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. ഡോ. രാഖി ഒഴിച്ച് ബാക്കി ആരും നൃത്തരംഗത്ത് സജീവമല്ല. പണ്ട് സ്കൂളിൽ വച്ച് ചുവടുവച്ച ഒാർമയേയുള്ളൂ. മാത്രമല്ല എല്ലാവരും കോവിഡ്പോരാട്ട മുഖത്ത് സജീവമായി പ്രവർത്തിക്കുന്നവരുമാണ്.
പക്ഷേ, കവിത പാടി റെക്കോഡ് ചെയ്തു കിട്ടിയതോടെ സന്ദേഹമെല്ലാം മാറ്റിവച്ച് ചുവടുകൾ രൂപപ്പെടുത്തുന്ന തിരക്കിലായി. ഡ്യൂട്ടി കഴിഞ്ഞുകിട്ടുന്ന ഇത്തിരി സമയം രണ്ടു മൂന്നുപേർ വീതം വിശ്രമമുറിയിൽ ഒരുമിച്ചുകൂടി ചുവടുവച്ച് നോക്കും. സമയം കിട്ടുമ്പോൾ വാട്സ് ആപ്പ് വിഡിയോ കോൾ വഴിയും ചുവടുകൾ പരിശീലിച്ചു. നൃത്തം ഷൂട്ട് ചെയ്യുന്നതിന് മുൻപ് രണ്ടു ദിവസം മുൻപ് മാത്രമാണ് ആറു പേരും ചേർന്ന് ചുവടുവച്ചുനോക്കുന്നത്. എങ്കിലും പ്രശ്നമൊന്നുമില്ലാതെ വിഡിയോ ചിത്രീകരിക്കാനായി. നൃത്തവും കോവിഡിനെക്കുറിച്ചുള്ള വാർത്താകട്ടിങ്ങുകളും ഇടകലർത്തി പ്രത്യേക രീതിയിലാണ് വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്’’ .
നാലു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ നാഷനൽ ഹെൽത്ത് മിഷനും ആരോഗ്യവകുപ്പും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. കെജിഎംഒയുടെ സ്ത്രീ വിഭാഗമായ ജ്വാലയുടെ പ്രവർത്തകരാണ് ആറു ഡോക്ടർമാരും.
കണ്ണൂർ ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധയായ ഡോ. മൃദുല ശങ്കറിനെ കൂടാതെ മൊറാഴ എഫ്എച്ച്സിയിലെ ശിശുരോഗവിദഗ്ധ ഡോ. ഹൃദ്യ ഗണേഷ്, കല്യാശേരി എഫ്എച്ച്സിയിലെ മെഡിക്കൽ ഒാഫിസറായ ഭാവന രമേഷ്, ജില്ലാ ആശുപത്രിയിലെ ഇഎൻടി സർജൻ ഡോ. അഞ്ജു എം. എസ്., വളപട്ടണം എഫ്എച്ച്സിയിലെ ഇഎൻടി വിദഗ്ധ ഡോ. ജുംജുമി രാജേഷ്, അഞ്ചരക്കണ്ടി മെഡി. കോളജിലെ ഡെന്റൽ സർജൻ രാഖി അജിത് എന്നിവർ ചേർന്നാണ് നൃത്താവിഷ്കാരം അവതരിപ്പിച്ചത്.
വിഡിയോ കാണാം