Thursday 01 July 2021 11:38 AM IST

പ്രമേഹചികിത്സയ്ക്ക് വിലയേറിയ മരുന്നും ഇൻസുലിനും വേണമെന്നില്ല: 30 വർഷത്തെ ചികിത്സാനുഭവങ്ങൾ പങ്കുവച്ച് പ്രമേഹരോഗവിദഗ്ധൻ ഡോ. പൗലോസ്

Santhosh Sisupal

Senior Sub Editor

doctorsday43535

കഴിഞ്ഞ 30 വർഷം കൊണ്ട് 21,000 പ്രമേഹരോഗികളെ ചികിത്സിച്ചു എന്ന അപൂർവ ബഹുമതിക്ക് ഉടമയാണ് ഡോ. കെ.പി. പൗലോസ്. 60 വർഷത്തെ ചികിത്സാജീവിതത്തിന്റെ രണ്ടാം പകുതി കൊണ്ടു മാത്രമാണ് ഈ നേട്ടം അദ്ദേഹത്തിനു സ്വന്തമായത്. പ്രമേഹവിദഗ്ധൻ എന്ന നിലയിൽ എൺപത്തിയഞ്ചാം വയസ്സിലും സജീവമായ ചികിത്സാ ജീവിതം തുടരുകയാണ് അദ്ദേഹം. തലമുറകൾക്ക് പ്രമേഹ ചികിത്സ നൽകിയ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രമേഹത്തെയും ജീവിതത്തെയും പ്രമേഹരോഗി എന്ന ആത്മാനുഭവത്തെയും ഒരുപോലെ വിലയിരുത്തുകയാണ് പ്രമേഹരോഗികളുെട പ്രിയ ഡോക്ടർ.

  ചികിത്സയിലെ മാറ്റം

മെഡിസിൻ വിഭാഗം ഡോക്ടർ എന്ന നിലയിൽ എല്ലാത്തരം രോഗികളെയും പണ്ടു കാണേണ്ടിവരുമായിരുന്നു. അന്നു പ്രമേഹചികിത്സയും മെഡിസിൻ ഡോക്ടറുടെ ചുമതലയാണ്. ഡോക്ടർ ആയി പ്രവർത്തിച്ചു തുടങ്ങിയ 1961ൽ പ്രമേഹചികിത്സയ്ക്ക് പ്രത്യേക വിഭാഗം എന്നത് സങ്കൽപ്പത്തിൽ പോലും ഇല്ല. മറ്റു രോഗികളെ കാണുന്ന കൂട്ടത്തിൽ പ്രമേഹരോഗികളും കടന്നുവരും. പിന്നീട് പ്രമേഹരോഗികൾക്ക് കൂടുതൽ മരുന്നുകളും ഇൻസുലിനും ഒക്കെ വ്യാപകമായി തുടങ്ങി.

മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച് പട്ടത്തെ എസ് യു റ്റി ആശുപത്രിയിൽ ചേർന്നശേഷമാണ് അവിടെ ഡയബറ്റിക് ക്ലിനിക് തുടങ്ങി പ്രമേഹചികിത്സ പ്രത്യേക വിഭാഗമായിആരംഭിച്ചത്. മൂത്രപരിശോധനയിലൂടെ ആയിരുന്നു അന്നു പ്രമേഹം നിർണയിച്ചിരുന്നത്. മാത്രമല്ല, ചികിത്സയ്ക്കായി വളരെ കുറച്ചു മരുന്നുകളും ഇൻസുലിനുമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇന്നു കിട്ടുന്നത് പോലെ ഗുണമേന്മയുള്ള ഇൻസുലിൻ ആയിരുന്നില്ല അത്. മൃഗങ്ങളിൽ നിന്ന് തയാറാക്കുന്ന അനിമൽ ഇൻസുലിൻ ആയിരുന്നു പ്രചാരം. അവയ്ക്ക് അവയുടേതായ പാർശ്വഫലങ്ങളും ഉണ്ടായിരുന്നു.

എന്നാൽ പിന്നീട് വർഷങ്ങൾ കഴിയുന്നതോടെ പ്രമേഹചികിത്സയിൽവിപ്ലവകരമായ മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. ഹ്യൂമൻ ഇൻസുലിൻ വന്നതോടെ പാർശ്വഫലങ്ങൾ ഏതാണ്ട് ഇല്ലാതായി. അവയുടെ പ്രവർത്തനക്ഷമത ഏറെ മെച്ചപ്പെട്ടു. അതിൽ തന്നെ അനലോഗ് ഇൻസുലിനുകളുടെ കാലമായപ്പോഴേക്കും ചികിത്സ വളരെയധികം കാര്യക്ഷമമായി. മരുന്നുകളിലും ഒരുപാട് മാറ്റങ്ങൾ വന്നു.

 രോഗനിർണയത്തിന് രക്തപരിശോധന ഏറ്റവും ഉത്തമം എന്ന് തിരിച്ചറിഞ്ഞു. ഒടുവിലായി രക്തത്തിലെ  മൂന്നു മാസത്തെ ശരാശരി പഞ്ചസാരയുടെ അളവ് വരെ നിർണയിക്കാമെന്നായപ്പോൾ പ്രമേഹ ചികിത്സയുടെ വിജയത്തേയും ഫലത്തേയും കൃത്യമായി മനസ്സിലാക്കാമെന്നുമായി.ചുരുക്കിപ്പറഞ്ഞാൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കൊണ്ട് പ്രമേഹചികിത്സ അടിമുടിമാറി.

രോഗികൾ മാറി; രോഗവും

മരുന്നുകളിലും ചികിത്സാരീതികളിലും കാര്യമായ പുരോഗതിയും മാറ്റങ്ങളും ഒക്കെ ഉണ്ടായിട്ടും പ്രമേഹരോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മാത്രമല്ല, നല്ലൊരു വിഭാഗം പേരിലും പ്രമേഹചികിത്സ വേണ്ടത്ര വിജയം കാണുന്നില്ല എന്നും പറയാം. അതിനുള്ള കാരണം ജീവിതശൈലിയിലും രോഗത്തോടുള്ള സമീപനത്തിലും വന്ന മാറ്റമാണ്.

മുൻപു ചികിത്സയ്ക്കെത്തുന്ന ഒരു പ്രമേഹരോഗിയുെട ദൈനംദിന ജീവിതത്തിൽ തന്നെ ധാരാളമായി വ്യായാമവും മറ്റും സ്വാഭാവികമായിരുന്നു. അതുപോലെ അന്ന് ഭക്ഷണക്രമീകരണത്തിൽ മധുരത്തിന് നിയന്ത്രണം മാത്രമേ പ്രധാനമായും ചെയ്യേണ്ടി വന്നിരുന്നുള്ളൂ. മറ്റ് ഭക്ഷണങ്ങൾ പൊതുവേ ആരോഗ്യകരമായിരുന്നു. എന്നാൽ ഇന്നാകട്ടെ ദൈനംദിനവ്യായാമം കുറഞ്ഞു എന്നു മാത്രമല്ല നിർദ്ദേശിക്കപ്പെടുന്ന വ്യായാമങ്ങൾ പോലും ചെയ്യാൻ ഒരുവിധപ്പെട്ട പ്രമേഹരോഗികൾക്കെല്ലാം മടിയുമാണ്.

ലക്ഷണം ഇല്ലാത്ത രോഗമായതിനാൽ പ്രമേഹത്തിനുള്ള ചികിത്സകളും കൃത്യമായി പാലിക്കുന്നതിൽ പലർക്കും വീഴ്ച വരുന്നു. ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായ മാറ്റവും ഗൗരവമായി കാണണം. പഴയകാല രോഗികൾ ഡോക്ടർ പറയുന്ന കാര്യങ്ങൾ അതേപടി സ്വീകരിച്ചു നടപ്പിലാക്കിയിരുന്നു. 1990-കളിൽ എന്നെ വന്ന് കണ്ടിരുന്ന പ്രമേഹരോഗികളിൽ ചിലരെങ്കിലും ഇപ്പോഴും എന്റെ അടുത്തുതന്നെ ചികിത്സ തേടി വരുന്നുണ്ട്. എന്നാൽ പുതിയ തലമുറയിൽ അങ്ങനെയൊരു രോഗീഡോക്ടർ ബന്ധം അപൂർവമാണ്.

ആശുപത്രിയിൽ കിടക്കുന്ന രോഗികളുടെമുറിയിലേക്ക് റൗണ്ട്സിന് എത്തുമ്പോൾ ഒന്ന് എഴുന്നേൽക്കാനുള്ള സാമാന്യരീതി പോലും കൂട്ടിരിപ്പുകാരായ ബന്ധുക്കൾ പലപ്പോഴും കാണിക്കാറില്ല. ഡോക്ടറോട് വന്ന സമീപനത്തിലെ വലിയ മാറ്റങ്ങൾ വിളിച്ചോതുന്നതാണ് ഇക്കാര്യം. ചികിത്സയ്ക്കും ഡോക്ടറുടെ റൂം സന്ദർശനത്തിനും എല്ലാം അവർ പൈസ മുടക്കുന്നുണ്ട്. ഡോക്ടറും രോഗിയും തമ്മിലുള്ളത് ഒരു വ്യാപാരബന്ധം മാത്രമായി മാറുമ്പോൾ നേരത്തേയുണ്ടായിരുന്ന ആത്മബന്ധം നഷ്ടമാകും. അതു പ്രമേഹചികിത്സയുടെ ഫലത്തിലും  ഏറെക്കുറെ പ്രകടമാണ്. 

ചെലവ് കൂടുന്നതിനു പിന്നിൽ

പ്രമേഹചികിത്സയിലെ ചെലവ് ചികിത്സാ ലക്ഷ്യങ്ങളുടെ വലിയൊരു തടസ്സമാണെന്ന് ഡോ. പൗലോസ് പറയുന്നു. വളരെ കുറഞ്ഞ ചെലവ് വരുന്ന മരുന്നുകൾ കൊണ്ടു തന്നെ പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കാനും ചികിത്സ മുന്നോട്ടുകൊണ്ടുപോകാനും സാധിക്കും. എന്നാൽ ആധുനിക പ്രമേഹവിദഗ്ധരിൽ ചിലരെങ്കിലും വിലയേറിയ മരുന്നുകളുടെയും ഇൻസുലിനുകളുടെയും പ്രധാന പ്രായോജകരായിമാറുമ്പോൾ രോഗികൾക്ക് യഥാർത്ഥ പ്രമേഹചികിത്സ പലപ്പോഴും നഷ്ടമായിപോകുന്നുണ്ട്. മറ്റ് രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു രോഗിയുടെ സാമൂഹികസാമ്പത്തിക സ്ഥിതിയെ കൂടി കണക്കിലെടുത്തുകൊണ്ട് വേണം പ്രമേഹചികിത്സ നടത്തുവാൻ.

 പലപ്പോഴും വാർധക്യത്തിലേക്ക് എത്തിയവർ മക്കളുടെ ആശ്രിതരായിരിക്കും. വിലയേറിയ മരുന്നുകൾ ഉൾപ്പെടുന്ന ചികിത്സയ്ക്കായി മക്കളെ ആശ്രയിക്കേണ്ടിവരുന്ന രക്ഷകർത്താക്കൾക്കു പലപ്പോഴും ചികിത്സ മുടങ്ങുന്നതായിട്ടാണ് അനുഭവമെന്ന് അദ്ദേഹം പറയുന്നു.

 എന്നാൽ ചികിത്സാഫലത്തിൽ കാര്യമായവ്യത്യാസം വരാതെ തന്നെ കുറഞ്ഞ വിലയുള്ള മരുന്നുകൾ കൊണ്ട് പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കാം. മികച്ച ആധുനിക ചികിത്സകളുടെ പിന്നാലെ നമ്മൾ പോകുമ്പോൾ പലപ്പോഴും ഈയൊരു മാനുഷികമുഖം നഷ്ടപ്പെട്ടു പോകുന്നുണ്ട്. ഇതു പ്രമേഹ ചികിത്സയിലെഒരു പ്രധാന തടസ്സം തന്നെയാണ്.

അറിവും തിരിച്ചറിവും

പുതിയ തലമുറയിലെ ഡോക്ടർമാർ പ്രമേഹത്തെക്കുറിച്ച് പഠിച്ച് അറിവ് നേടിയവരാണ്. ചികിത്സാരംഗത്തെ പുതിയ മാറ്റങ്ങളെക്കുറിച്ചെല്ലാം അവർക്കറിയാം. എന്നാൽ പഴയ തലമുറയിലെ മുതിർന്ന ഡോക്ടർമാരെ സംബന്ധിച്ച് അവർ ദീർഘകാലത്തെ ചികിത്സാ പരിചയത്തിലൂടെയുള്ള തിരിച്ചറിവുകൾ നേടിയവരാണ്. രോഗിയെയും രോഗത്തെയും ചികിത്സയേയും കുറിച്ചുള്ള അസാധാരണമായ ഉൾക്കാഴ്ച അവർക്കുണ്ടാകും. എന്നാൽ പുതിയ തലമുറ ഡോക്ടർമാരിൽ പലരും ചികിത്സാ സംബന്ധമായ അറിവുകളിൽ അഭിരമിക്കുകയും അതിൽ അവരറിയാതെ ഒരല്പം ധാർഷ്ട്യം കൂടി കടന്നു വരുന്നുവെന്നും പലർക്കും പരാതിയുണ്ട്.

എൻഡോക്രൈനോളജിയിലോ പ്രമേഹത്തിലോ അല്ല എന്റെ പോസ്റ്റ് ഗ്രാജുവേഷൻ. ഞാൻ പഠിക്കുമ്പോഴും ചികിത്സ ആരംഭിക്കുമ്പോഴും ഒന്നും അങ്ങനെ ഒരു സ്പെഷലൈസേഷൻ ഉണ്ടായിരുന്നില്ല. പിന്നീട് വിദേശത്ത് ന്യൂക്ലിയർ മെഡിസിൻ പഠിക്കുമ്പോഴാണ് എൻഡോക്രൈനോളജിയും പ്രമേഹവുമൊക്കെ എന്റെ പഠനവിഷയങ്ങൾ ആയി മാറുന്നത്. എന്നാൽ പിന്നീട് എന്റെ ശ്രദ്ധ ഏറ്റവും പതിഞ്ഞത് ഈ വിഷയങ്ങളിൽ ആയിരുന്നു.

ഈ പ്രായത്തിലും ഞാൻ ഈ വിഷയങ്ങൾക്ക് വേണ്ടി വായനയും എഴുത്തും ഒക്കെ തുടർന്നു കൊണ്ടേയിരിക്കുന്നു. ഇപ്പോഴും പിഴവുകൾ ഇല്ലാതെ ചികിത്സ നടത്താൻ കഴിയണം എന്ന് എനിക്കു തന്നെ ബോധ്യം വേണം. കാരണം ഞാൻ പ്രവർത്തിക്കുന്നത് കേരളത്തിലെ തന്നെ അറിയപ്പെടുന്ന ഒരു സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ആണ്. സ്പെഷലൈസേഷൻ ചികിത്സാവിഭാഗങ്ങളോടു കിടപിടിക്കുന്ന വിധത്തിൽ ഞാനെന്റെ അറിവിന്റെയും ചികിത്സാപ്രാവീണ്യത്തിന്റെയും മൂർച്ചകൂട്ടി കൊണ്ടിരുന്നില്ലെങ്കിൽ എനിക്ക് നിൽക്കാനാവില്ല. അതുതന്നെയാണ് ഈ പ്രായത്തിലും എന്റെ ഊർജ്ജസ്വലതയുടെ കരുത്ത്.

ഞാനെന്ന രോഗി

ഡോക്ടർ ആണെങ്കിലും സാധാരണ മനുഷ്യൻ ആയതുകൊണ്ട് തന്നെ എല്ലാവരെയും ബാധിക്കുന്ന രോഗങ്ങൾ എന്നെയും ബാധിക്കും. കുറേവർഷങ്ങളായി ഞാൻ പ്രമേഹരോഗിയാണ്. ബിപിയും കൊളസ്ട്രോളും ഒക്കെയുണ്ട്. കുറച്ചുകാലം മുൻപ് കാൽമുട്ടും മാറ്റിവെച്ചു. എന്നിട്ടും ഇപ്പോഴും ഗുണമേന്മയുള്ള ഒരു ജീവിതം ഞാൻ നയിക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രധാനകാരണം ജീവിതശൈലി തന്നെയാണ്.

ഒരു പ്രമേഹരോഗിക്ക് അവശ്യം വേണ്ടുന്ന വ്യായാമം എനിക്ക് പലപ്പോഴും ചെയ്യാൻ കഴിയാറില്ല. അതിനുപകരം ദൈനംദിന ജീവിതത്തിന്റെ ഭാഗമായി പടികയറാനും ആവശ്യത്തിനു നടക്കാനും ശ്രമിക്കും. ശരീരത്തിനു സ്വാഭാവികമായ വ്യായാമം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ബോധപൂർവം തന്നെ നടത്തും.

കൃത്യമായ ഇടവേളകളിൽ ചെയ്യുന്ന ആരോഗ്യ പരിശോധനകളാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നു പറയാം. അത്തരം പരിശോധനകളിലൂടെ ശരീരത്തിലെ ഓരോ മാറ്റവും തിരിച്ചറിയുകയും അതിനനുസരിച്ചുള്ള പരിഹാര നടപടികൾ ഉടൻ ചെയ്തുപോകുന്നതും കൊണ്ടാണ് ഈ പ്രായത്തിലും സജീവമായി പ്രവർത്തിക്കാൻ ആവുന്നത്.

പ്രമേഹരോഗി എന്ന നിലയിലും മറ്റു രോഗങ്ങളുള്ളയാൾ എന്ന നിലയിലും സുപ്രധാനമായ കാര്യമാണ് ഭക്ഷണത്തിലെ നിയന്ത്രണം. ഇക്കാര്യത്തിൽ ഞാൻ കടപ്പെട്ടിരിക്കുന്നത് ഭാര്യയോടാണ്. ഒരു സൈക്കോളജിസ്റ്റ് ആണെങ്കിലും ഭക്ഷണകാര്യങ്ങളിൽ വളരെ നേരത്തേ തന്നെ കൃത്യമായ ചിട്ടവട്ടങ്ങൾ ഭാര്യ വച്ചുപുലർത്തുന്നുണ്ട്. പ്രമേഹരോഗി എന്ന നിലയിൽ ഭക്ഷണത്തിന്റെ തരാതരങ്ങളും അളവുകളും സമയക്രമങ്ങളും ഒക്കെ ഭാര്യ വളരെ ശ്രദ്ധയോടെ ചെയ്യുന്നു എന്നുള്ളത് തന്നെയാണ് എന്റെ ആരോഗ്യരഹസ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചവിട്ടുപടി.

Tags:
  • Manorama Arogyam
  • Health Tips