Saturday 12 August 2023 03:50 PM IST : By ഡോ. ടി. സുരേഷ് കുമാർ

‘രാത്രി ഞാനുറങ്ങുന്നതിനിടയില്‍ ഞാനറിയാതെ എനിമ? ഉറങ്ങാതെ ആ രാത്രിയില്‍ ഞാന്‍ അസ്വസ്ഥനായി കിടന്നു’; എനിമ ചരിത്രത്തിലെ ഒരു സുവര്‍ണ്ണ ഏട്

dr-experience677

കാല്‍ നൂറ്റാണ്ടുമുമ്പ് അന്ന് ഗ്രാമപ്രദേശമായിരുന്ന ഒരു സ്ഥലത്തെ, ഒരു കൊച്ചാശുപത്രിയില്‍ നിന്നും എനിയ്‌ക്കൊരു പോസ്റ്റ്കാര്‍ഡ് കിട്ടുന്നു.

പ്രിയപ്പെട്ട ഡോക്ടര്‍, 2 ആഴ്ച ഇവിടത്തെ ഡോക്ടര്‍ ലീവിലാണ്. പകരക്കാരനായി ഇവിടെ ജോലി ചെയ്യാന്‍ താല്പര്യമുണ്ടൈങ്കില്‍ വരുന്ന മാസം ഒന്നാം തീയതി ഇവിടെ എത്തുക. 

ഞാനെത്തി ! 

ഇന്നത്തെ ചെറുപ്പക്കാരായ ഡോക്ടർമാരുടെ സ്ഥിതിയല്ല , അന്ന് !

തുട്ടിന് വേറെ വഴിയില്ല ! 

താമസം , ആഹാരം ആശുപത്രിയില്‍ തന്നെ. സമ്പൂർണ്ണ സൗജന്യം ! 

വായനാശീലം നന്നായി ഉണ്ടായിരുന്നതിനാല്‍ രോഗികള്‍ കുറവായ ആ ആശുപത്രിയും താമസവും എനിക്ക് നന്നെ ഇഷ്ടപ്പെട്ടു. 

വൈകുന്നേരം 6 മണി കഴിഞ്ഞാല്‍ പിന്നെ ഞാന്‍ സ്വതന്ത്രനാണ്.

സരോജിനി എന്നൊരു നേഴ്‌സാണ് ആശുപത്രിയുടെ നെടുംതൂണായി വര്‍ത്തിച്ചിരുന്നത്. ചികിത്സയൊക്കെ അവര്‍ക്ക് മനപ്പാഠമാണ്.

ഡോക്ടറെ കാണാതെ തന്നെ സരോജിനി സിസ്റ്റര്‍ മരുന്നു തന്നാല്‍ മതിയെന്ന അഭിപ്രായക്കാരും ആ നാട്ടിലുണ്ടായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കി. 

ഡ്യൂട്ടിക്കു കയറി രണ്ടുമൂന്നു ദിവസം കഴിഞ്ഞ്, ഒരു സന്ധ്യയിൽ ഞാന്‍ ആശുപത്രിയിലേയ്ക്ക് വെറുതേ ഒന്നു കയറി.

രണ്ടു രോഗികള്‍ സരോജിനി സിസ്റ്ററോട് നന്ദിയും പറഞ്ഞ് ഇറങ്ങുന്ന സമയത്തായിരുന്നു എന്റെ മിന്നല്‍ സന്ദര്‍ശനം.

''എന്താ സിസ്റ്ററേ... പേഷ്യന്റ്‌സാണോ?''

''അത്... എനിമ എടുക്കാന്‍ സ്ഥിരം വരുന്നവരാ...''

ങേ? സ്ഥിരം എനിമ? ഞാന്‍ നന്നായിട്ടൊന്നു ഞെട്ടി! ഞാൻ രണ്ടാഴ്ചക്കാരനല്ലേ! മിണ്ടിയില്ല. 

പിറ്റേന്ന് വാര്‍ഡില്‍ കിടക്കുന്ന രോഗികളെ പരിശോധിക്കുന്നതിനിടയിലാണ് ഒരു അന്തേവാസി രോഗി (ഇന്‍പേഷ്യന്റ്) എന്നെ പ്രത്യേകം കാണണമെന്ന ആവശ്യം ഉന്നയിച്ചത്.

ഞങ്ങള്‍ രഹസ്യമായി കണ്ടു.

''ഡോക്ടര്‍... ഞാന്‍ വയറിളക്കത്തിന് ചികിത്സയ്ക്കു വന്നയാളാണെന്നറിയാമല്ലോ...''

യെസ്. പ്രൊസീഡ്.

''ഇന്നലെ രാത്രി, ഈ സരോജിനി സിസ്റ്റര്‍ ഒരു പാത്രവും ട്യൂബുമായി വന്ന് എനിയ്ക്കിട്ടൊരു എനിമ താങ്ങി. അതിനുശേഷം ദാ ഇപ്പോവരെ കക്കൂസു തന്നെ ശരണം.''

രഹസ്യ സംഭാഷണം കഴിഞ്ഞയുടന്‍ തന്നെ സരോജിനി സിസ്റ്റര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മുറിയില്‍ കയറി വന്നു.

'ഡോക്ടറേ, ആ ദാമോദരന്‍പിള്ള എങ്ങാണ്ടൂന്നൊക്കെ ഏതാണ്ടൊക്കെക്കഴിച്ച് വയറിളക്കവുമായി വന്നതാ. കുടലൊന്നു വൃത്തിയാക്കാന്‍ ഞാനൊരു എനിമ കൊടുത്തു. അന്നേരം തുടങ്ങിയ ചാട്ടമാണ്, ഡോക്ടറോടു പറയുമെന്ന്.'

ഞാന്‍ ഗൗരവത്തിലായി.

വയറിളക്കം വന്ന രോഗിയ്ക്ക് എനിമ പാടില്ലെന്ന് നിങ്ങള്‍ക്കിതുവരെ അറിയില്ലേ?

'കുടലു വൃത്തിയായാല്‍ പിന്നെ മരുന്നു നന്നായി പിടിച്ചോളും ഡോക്ടറേ.' സരോജിനി സാമട്ടിൽ പ്രതിവചിച്ചു. 

ഇനി ഇവരോട് തര്‍ക്കിച്ചിട്ടു കാര്യമില്ല.

ഈ എനിമ പ്രേമം എന്താണെന്നറിയാൻ ഞാനൊരു സി.ബി.ഐ. മോഡല്‍ അന്വേഷണം തന്നെ നടത്തി.

അതിന്റെ ഭാഗമായി സരോജിനി സിസ്റ്ററുടെ പൂര്‍വ്വചരിത്രം വാർത്താചാനലിനു ലഭ്യമാകുന്നതു പോലെ  എനിക്ക് ലഭ്യമായി . 

ഞാന്‍ സംശയിച്ചതുപോലെ തന്നെയാണ് സംഗതിയുടെ കിടപ്പ്.

സരോജിനി സിസ്റ്റര്‍ യോഗ്യതയുള്ള മോഡേൺ മെഡിസിൻ ഡിപ്ലോമ നേഴ്‌സാണെങ്കിലും പത്തു വര്‍ഷത്തോളം ഡെപ്യൂട്ടേഷനിൽ സര്‍ക്കാർ പ്രകൃതി ചികിത്സാ കേന്ദ്രത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.

അവിടെ നിന്ന് വരദാനമായി കിട്ടിയതാണ് സകലര്‍ക്കുമുള്ള സര്‍വ്വസംഹാരിയായ എനിമാ ചികിത്സ!! 

ഹാര്‍ട്ട്, കിഡ്‌നി, കാൻസർ, പനി, വയറിളക്കം, മാനസിക രോഗം,  ഗര്‍ഭം എന്നുവേണ്ട ഏതു രോഗി ആശുപത്രിയില്‍ അഡ്മിറ്റായാലും, നടയടി എന്നപോലെ ഒരു നട എനിമ കൊടുക്കുക അവരുടെ പതിവാക്കി.

ഈ ഓഫര്‍ എനിമയുമായി സഹകരിക്കുകയാണെങ്കില്‍ വാര്‍ഡിലെ താമസിത്തിനിടയില്‍ പിന്നെയും പിന്നെയും എനിമ ആസ്വദിക്കുവാനുള്ള അവസരം ഉണ്ടാകും.

ഉറങ്ങിക്കിടക്കുന്ന രോഗിക്ക് അയാള്‍ അറിയാതെ എനിമ എടുത്തെന്ന പരാതിയും ഒരു ദിവസം കിട്ടി!!

ഞാനൊരു പകരക്കാരനും രണ്ടാഴ്ചക്കാരനുമായതുകൊണ്ട് ഇതില്‍ ഇടപെടണോ എന്നൊരു ശങ്ക സ്വാഭാവികമായും ഉണ്ടായി. പോരെങ്കില്‍ അവരാണ് ആശുപത്രി ഭരണം.

എന്തായാലും ചെറുതായിട്ടൊന്ന് വിരട്ടി ഉപദേശിച്ചുവിടാമെന്നു കരുതി. അല്ലെങ്കിൽ ഐ.എം.എ. എന്തു വിചാരിക്കും ?

''ഡോക്ടറേ, നിങ്ങളൊക്കെ ഇപ്പം പഠിച്ചു പാസായതല്ലേയുള്ളൂ.... നിങ്ങളേക്കാള്‍ മുമ്പേ പഠിച്ചിറങ്ങിയ വലിയ പഠിപ്പുള്ള ഡോക്ടര്‍ മാര്‍ക്കുവരെ ഞാന്‍ സ്ഥിരമായി എനിമ കൊടുത്തിട്ടുണ്ട്. ഗ്യാസും അഴുക്കും ദഹിക്കാത്തതുമൊക്കെ ചീറ്റിപോയി മടങ്ങുമ്പോൾ അവരുടെ മുഖമൊന്നു കാണണം...''

ഒന്നു നിറുത്തിയിട്ട് സരോജിനി സിസ്റ്റര്‍ അടക്കിയ ശബ്ദത്തില്‍ എന്നോട് പറഞ്ഞു.

''ഒരെണ്ണം ഡോക്ടര്‍ക്കും തരാം. ക്വാര്‍ട്ടേഴ്‌സില്‍ വെച്ച്.''

ഞാന്‍ ഒന്നു ഞെട്ടി ! 

അന്ന് കുറേ വൈകിയാണ് ഉറങ്ങാന്‍ കിടന്നത്. എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല.

സരോജിനി സിസ്റ്ററിന്റെ ക്വാര്‍ട്ടേഴ്‌സ് വളരെ അടുത്താണ്.

രാത്രി ഞാനുറങ്ങുന്നതിനിടയില്‍ ഞാനറിയാതെ എനിമ...?

ഉറങ്ങാതെ ആ രാത്രിയില്‍ ഞാന്‍ അസ്വസ്ഥനായി കിടന്നു. ഏതായാലും ഒരു തീരുമാനത്തിലെത്തി.

ഫസ്റ്റ് ബസില്‍ കയറി സ്ഥലം വിടുക.

അങ്ങനെ ചരിത്രത്തില്‍ എനിമ പേടിച്ചോടിയ ആദ്യത്തെ ഡോക്ടര്‍ ഞാനായി!

chiri-new-image
Tags:
  • Manorama Arogyam