Monday 05 June 2023 05:36 PM IST : By ഡോ. ടി. സുരേഷ് കുമാർ

പാതിരാത്രിയിലെ ഫോൺ ഇൻ പരിപാടിയും 100 ദിവസം പ്രായമുള്ള കുട്ടിയുടെ അച്ഛനും...

hmr322

‘‘ഹലോ, ഡോക്ടറല്ലേ?

‘‘അതെ.’’

‘‘ഡോക്ടറുടെ കുട്ടിയുടെ അമ്മയാണ്...’’

‘‘ങേ?’’ (ഞാൻ ഞെട്ടിയില്ല. കാരണം, ഇതെനിക്കു പുത്തരിയല്ല. ഞാൻ ചികിത്സിക്കുന്ന കുട്ടിയുടെ അമ്മ, അതാണ് ആ പറഞ്ഞതിന്റെ അർഥം.)

‘‘കുട്ടി ഭയങ്കരമായി കരയുന്നു ഡോക്ടർ.’’

‘‘എപ്പോൾ തുടങ്ങി?’’

‘‘ഇതാ ഇപ്പോൾ.’’

‘‘കുറച്ചു നേരം കൂടി നോക്കൂ. കരച്ചിൽ തുടരുകയാണെങ്കിൽ വിളിക്കാം.’’

കോൾ കട്ട് ചെയ്തിട്ട് മൊബൈലിൽ തന്നെ സമയം നോക്കി.

മണി ഒന്ന്. രാത്രി!

ഉറങ്ങാൻ എനിക്കു ഭാഗ്യമുണ്ടെങ്കിൽ അവർ ഇനി വിളിക്കുകയില്ല. അങ്ങനെയാകട്ടെ എന്നാശിച്ചുകൊണ്ട് വീണ്ടും നിദ്രയെ പ്രാപിച്ചു.

പതിനഞ്ചു മിനിറ്റു കഴിഞ്ഞു കാണുകയില്ല. വീണ്ടും മൊബൈൽ മണിനാദം.

‘‘ഹലോ... ഡോക്ടർ... കരച്ചിൽ മാറി. വിശന്നതുകൊണ്ടാണെന്നു തോന്നുന്നു. പാലു കൊടുത്തപ്പോൾ ഉറങ്ങി. താങ്ക്‌യൂ ഡോക്ടർ.’’

എങ്ങനെ പ്രതികരിക്കണമെന്ന് ആലോചിച്ചു. പ്രതികരിക്കുകയേ വേണ്ട എന്നു തീരുമാനിച്ചു കോൾ കട്ട് ചെയ്തു.

കുട്ടി കരച്ചിൽ നിറുത്തി ഉറങ്ങിയ വിവരം കൂടി അറിയിച്ചത് ഒരൽപ്പം കടുപ്പമായിപ്പോയി. നാളെയോ പിന്നെപ്പോഴെങ്കിലോ അറിയിച്ചാൽ പോരായിരുന്നോ? ആരോടു ചോദിക്കാനാണ്? നമ്മൾ പാവം ഡോക്ടർമാർ!

humrclinic5656

‘‘ഹലോ, ഡോക്ടറല്ലേ?’’

‘‘അതെ.’’

‘‘100 ദിവസം പ്രായമായ കുട്ടിയുടെ അച്ഛനാണ്.’’

സിനിമയുമായി ബന്ധപ്പെട്ട ആരോ ആണെന്നു തോന്നുന്നു.

‘‘എന്താ പറയൂ...’’

‘‘രാവിലെ ഉറക്കത്തിൽ നിന്നുണർത്തിയതിനു സോറി...’’

‘‘ഉം...’’

‘‘കുട്ടി ഭയങ്കര ചുമ. എത്ര മണിക്കാണ് ക്ലിനിക്ക് തുറക്കുന്നത് ഡോക്ടർ?’’ എന്റെ പ്രിസ്ക്രിപ്ഷനിൽ വെണ്ടയ്ക്ക അക്ഷരത്തിൽ സമയവിവരം കൊടുത്തിട്ടുണ്ട്. അത് ഈ മാന്യദേഹം കണ്ടില്ലെന്നു ഞാൻ വിശ്വസിക്കണോ?

ഇല്ല മനഃപൂർവ്വം എന്നെ ഉണർത്തിയതാണ് ആ ചുമക്കുട്ടിയുടെ തന്ത!

‌എല്ലാ ഫോൺവിളികളും ഇങ്ങനെയാകണമെന്നില്ല.

നമ്മുടെ സമയവും സൗകര്യവും മനസ്സിലാക്കി വിളിക്കുന്നവരും ഉണ്ട്. നല്ല മര്യാദയും ബഹുമാനവും തന്നു വിളിക്കുന്നവർ.

പക്ഷേ, മൊബൈലിന്റെ ഗംഭീരമായ വരവോടുകൂടി ഫോൺ വിളി സംസ്കാരം കീഴ്‍മേൽ മറിഞ്ഞു. അതാണു മുകളിൽ പറഞ്ഞ രണ്ടു സാമ്പിളുകൾ.

‘‘ഹലോ ഡോക്ടറുണ്ടോ?’’

വാർത്ത കണ്ടു ടീവിയിൽ കണ്ണും നട്ടിരുന്ന ഞാൻ അറിയാതെയാണു ഫോൺ എടുത്തുപോയത്. അബദ്ധമായി പോയല്ലോ എന്നു കരുതിയപ്പോൾ പെട്ടെന്നൊരു ഐഡിയ തോന്നി.

സ്വരം മാറ്റി പറഞ്ഞാലോ?

‘‘ഡോക്ടർ പുറത്തുപോയല്ലോ.’’

ഒരു ചെറിയ നിശ്ശബദ്ത.

പിന്നെ കോൾ കട്ടായി.

ഉടനെ അടുത്ത ബെൽ.

ഞാൻ ഫോണെടുത്തു.

നേരത്തെ വിളിച്ച ആൾതന്നെ.

‘‘ഡോക്ടറെ, കുട്ടിയുടെ അസുഖമൊക്കെ മാറി കേട്ടോ. ഞാൻ വിളിച്ചതേ, കുട്ടിയെ കുളിപ്പിക്കാമോ എന്നറിയാനാണ്...’’

അയാൾ മനസ്സിലാക്കിയിരിക്കുന്നു. ഇതു ഞാൻ തന്നെയാണെന്ന്.

എന്റെ മിമിക്രി ഏശിയില്ല. പക്ഷേ, ഞാനാരാ മോൻ!

‘‘തൽക്കാലം കുളിപ്പിക്കാം. എന്നാലും ചേട്ടൻ വന്നിട്ട് ഒന്നുകൂടി വിളിച്ചു ചോദിച്ചോളൂ...’’

‘‘അപ്പോ ഇതാരാ ഡോക്ടറല്ലേ? ഡോക്ടറുടെ ബ്രദറാണോ? അതേയ്, ഒരേ സ്വരം. അതുകൊണ്ടു തോന്നിയതാ. താങ്കളും ഡോക്ടറാണോ?’’

‘‘അതെ.’’

‘‘കുട്ടികളുടെ ഡോക്ടറോ?’’

‘‘അല്ല.’’

‘‘പിന്നെ?’’

‘‘മൃഗഡോക്ടർ.’’

‘‘ഞാൻ ഡോക്ടറെ പിന്നെ വിളിച്ചോളാം.’’ കോൾ കട്ട്.

ഫോൺ സംബന്ധമായി എന്റെ ഡോക്ടർ സുഹൃത്തിനു പറ്റിയ അമളിയും ഒരൽപ്പം സ്കോപ്പുള്ളതാണ്.

സംഭവം പതിനഞ്ചു വർഷങ്ങൾക്കു മുമ്പ്. അന്ന് മൊബൈലോ സ്വകാര്യ ടെലിഫോൺ കണക്ഷനോ ഇല്ല. സർക്കാർ ഫോൺ രാജാവയി വിലസുന്ന കാലം.

നമ്മുടെ ചങ്ങാതി പുതുതായി ഒരാശുപത്രി തുടങ്ങുന്നു. എല്ലാ സംവിധാനങ്ങളും സ‍ജ്ജീകരിച്ചെങ്കിലും രോഗികൾ വന്നു തുടങ്ങിയില്ല. അങ്ങനെ രോഗിയെയും നോക്കി ഇരിക്കുമ്പോഴാണ് ഒരാൾ ‍ഡോക്ടറുടെ മുറിയുടെ മുമ്പിലെത്തുന്നത്. ഹാഫ് ഡോറിലൂടെ ഡോക്ടർ അയാളുടെ കാലുകൾ കണ്ടു. ഡോക്ടർക്കു പെട്ടെന്നൊരു ഐ‍ഡിയ.

ഈ വന്നയാളെ ഒന്ന് ഇംപ്രസ് ചെയ്തു വിട്ടാലോ? അയാൾ നാലു പേരോടു പറയുമല്ലോ.

ഡോക്ടർ അവിടെയിരുന്ന കണക്ഷൻ കിട്ടാത്ത ഫോണെടുത്തു സംസാരിച്ചു തുടങ്ങി.

‘‘മറ്റാരും ചികിത്സിച്ചിട്ടു ഭേദമാകാത്ത നിങ്ങളുടെ അസുഖം ഞാൻ മാറ്റിയത് എന്നെ സംബന്ധിച്ചിടത്തോളം ഇതാദ്യത്തെ സംഭവമല്ല. ഞാൻ കൊല്ലത്തായിരുന്നപ്പോൾ കളക്ടർ എന്റെ പേഷ്യന്റായിരുന്നു. പുള്ളി ഇന്നു വിളിച്ചിരുന്നു. ഇങ്ങോട്ടു വരുമെന്നു പറഞ്ഞു. പുള്ളിക്കു ഞാൻ ചികിത്സിച്ചാലേ ശരിയാകൂ... എന്തു ചെയ്യാനാണ്...?’’

‘‘ആരാ അവിടെ വെയിറ്റ് ചെയ്യുന്നത്? അകത്തു വരൂ... ഡോക്ടർ ആകാംക്ഷയോടെ കാത്തിരുന്ന ആദ്യത്തെ രോഗിയെ വിളിച്ചു.’’

അയാൾ കടന്നുവന്നു.

‘‘ഇരിക്കൂ. ഒരു നിമിഷം ഞാനീ കോളൊന്നു സംസാരിച്ചു തീർത്തോട്ടെ...’’

രോഗി ചിരിച്ചുകൊണ്ടു ഡോക്ടർക്ക് അനുമതി കൊടുത്തു. വീണ്ടും കുറേ ബഡായി പറഞ്ഞു ഡോക്ടർ ഒരുവിധം സംസാരം അവസാനിപ്പിച്ചു.

‘‘എന്താണസുഖം?’’

ഡോക്ടർ തിരക്കി.

‘‘എനിക്കസുഖമൊന്നുമില്ല. ഫോണിനു കണക്ഷൻ കൊടുക്കാൻ വന്നതാണു സാർ.’’

ഡോക്ടർ കുഴഞ്ഞുവീണില്ലന്നേയുള്ളൂ. കസേര വളരെ സ്ട്രോങ്ങായിരുന്നു. ഒരു മുൻകോപിയായ ഡോക്ടറുടെ ഫോൺ വിശേഷത്തോടുകൂടി നമുക്ക് ഈ ഫോൺ–ഇൻ പരിപാടി അവസാനിപ്പിക്കാം.

മുതിർന്നവരെ ചികിത്സിക്കുന്ന ഫിസിഷ്യനാണു കക്ഷി. ഫോൺ വിളി അലർജിയായതുകൊണ്ടു സാധാരണയായി റിസീവർ മാറ്റിവച്ചിട്ടാണു ഡോക്ടർ ഉറങ്ങാറുള്ളത്. ഒരു ദിവസം റിസീവർ മാറ്റി വയ്ക്കാൻ ഡോക്ടറും ഭാര്യയും മറന്നുപോയി. അതാ വരുന്നു ഫോൺകോൾ. രാത്രി 11 മണിക്ക്.

‘‘ഹലോ ഡോക്ടർ... എന്റെ ഒരു പ്രശ്നം പറഞ്ഞോട്ടെ. എനിക്ക് ഈയിടയ്ക്കു തലവേദന വരാറുണ്ട്. നല്ലൊരു ഡോക്ടറെ കാണിക്കണമെന്നുണ്ട്. മിടുക്കനായ ഒരു ഡോക്ടറുടെ പേരു പറഞ്ഞുതരാമോ ഡോക്ടർ?’’

തല മുതൽ കാൽ വരെയുള്ള വേദന 365 ദിവസവും പുല്ലുപോലെ ചികിത്സിച്ചു തള്ളുന്ന നമ്മുടെ ഈ ഡോക്ടർ ഉടനെ തന്നെ കൊടുത്ത മറുപടി ഇവിടെ കുറിക്കാൻ എന്നെ നിർബന്ധിക്കരുത്. ഡോക്ടറുടെ ഭാര്യപോലും അതുകേട്ടു ചെവി പൊത്തി എന്നാണു റിപ്പോർട്ട്.

Tags:
  • Daily Life
  • Manorama Arogyam