Tuesday 11 July 2023 05:50 PM IST : By ഡോ. ടി. സുരേഷ്‌കുമാർ

‘ഇതാ മഴയിൽ പൂണ്ടുവിളയാടുന്ന പ്രകൃതി സ്‌നേഹിയായ ഒരു ഡോക്ടര്‍, വാട്സാപ്പ് തുറന്നതും ഞെട്ടി’: ചിരി ക്ലിനിക്ക്

chiri4342343 ഇൻസെറ്റിൽ ഡോ. ടി. സുരേഷ്‌കുമാർ, ചിത്രീകരണം: ഹക്കു

ഒരൊഴിവു ദിവസം രാവിലെ മഴയും ആസ്വദിച്ച് വീട്ടിലിരുന്നപ്പോഴാണ് തൊട്ടടുത്ത വീട്ടിലെ പത്തു വയസ്സുകാരന്‍ ലാലുവിനെയും കൂട്ടി അവന്റെ അച്ഛന്‍ ലോലന്‍ എന്നെ കാണാന്‍ എത്തിയത്.

ലാലുവിന് വീണ്ടും തൊണ്ടവേദനയോ? കണ്ടപാടെ ഞാന്‍ ചോദിച്ചു.

അതെ ഡോക്ടര്‍. രണ്ടാഴ്ച മുമ്പ് വന്നുപോയതേയുള്ളൂ.

ഐസ്‌ക്രീം, ഫ്രിഡ്ജിലെ ചോക്ലേറ്റ്, കൂള്‍ ഡ്രിങ്ക്‌സ്..... ഇതില്‍ ഏതാണ്? പതിവു കാരണങ്ങള്‍ മൾട്ടിപ്പിൾ ചോയ്സായി ഇട്ടു കൊടുത്തു.

ഇതൊന്നുമല്ല ഡോക്ടര്‍..... ഇന്നലെ ഞങ്ങളില്ലാതിരുന്ന സമയം കൊടും മഴയത്തിറങ്ങി അവന്‍ കുളിച്ച് ആഘോഷിച്ചു!

രാത്രി തൊണ്ടവേദനയെന്ന് പറഞ്ഞ് നിലവിളിയായിരുന്നു.

പരിശോധനകള്‍ക്ക് ശേഷം കുറിപ്പടി കൊടുക്കവേ ഞാന്‍ ലാലുവിനെ ഉപദേശിച്ചു.

മോനേ! ഇനി കുറേ ദിവസങ്ങള്‍ കൂടി മഴ കാണും. നിനക്ക് അടിക്കടി തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ വരുന്നതുകൊണ്ട് മഴയില്‍ കുളി പാടില്ലെന്നു മാത്രമല്ല, മഴത്തുള്ളി ഒട്ടും നനയാതെ കുടചൂടി വേണം പുറത്തിറങ്ങാന്‍ കേട്ടോ.....

എന്നോട് എപ്പോഴും എന്തെങ്കിലും തമാശ പറയുന്ന ലാലു എന്റെ മുഖത്ത് കുറച്ച് നേരം നോക്കി നിന്നിട്ട് ഒരു ചോദ്യം.

"ഡോക്ടറങ്കിള്‍ മഴയത്ത് കുളിച്ചിട്ടുണ്ടോ?"

പണ്ട് കുളിച്ചിട്ടുണ്ട്..... തീരെ ചെറുതായിരിക്കുമ്പോള്‍...... ഞാന്‍ ഉള്ളതു പറഞ്ഞു.

" അതുപോര ഡോക്ടര്‍. ഇപ്പോൾ മഴയത്ത് ഒന്ന് കുളിച്ച് നോക്കണം. എന്താ ഒരു ഫീല്‍ ! കുളിച്ചാലേ അറിയൂ "

ഓരോ കാരണം പറഞ്ഞു ഞാനൊഴിഞ്ഞു മാറിയെങ്കിലും ലാലു എന്നെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.

അങ്കിള്‍ എഴുത്തുകാരനാണല്ലോ ? മഴയത്ത് കുളിച്ചാല്‍ നല്ല ഐഡിയകളൊക്കെ കിട്ടും. വൈ ഡോണ്ട് യൂ ട്രൈ?

ഞാന്‍ സമ്മതിച്ചു. കുട്ടികളെ നിരന്തരം ചികിത്സിക്കുന്ന ഞാന്‍ കുട്ടികളില്‍ നിന്നും ധാരാളം പാഠങ്ങള്‍ പഠിക്കാറുണ്ട്. ലാലു ഇത്രയും നിര്‍ബന്ധിച്ചു പറഞ്ഞതല്ലേ.....ഒന്നു ട്രൈ ചെയ്താലോ.....

ഇങ്ങനെ ആലോചിച്ച് നില്‍ക്കെ മഴ കനത്തു.

ഐഡിയ! ടെറസ്സില്‍ പോയി കുളിച്ചാല്‍ ആരും കാണുകയില്ല. ഞാനൊരു ട്രൗസറുമിട്ട് ടെറസ്സില്‍ പോയി ഒരു മണിക്കൂറോളം മഴയില്‍ ഗംഭീരമായി കുളിച്ചു!

അതുകഴിഞ്ഞ് ഭക്ഷണം കഴിച്ച് ഒരു കൊച്ച് ഉച്ചയുറക്കത്തില്‍ അമര്‍ന്നപ്പോള്‍ അതാ ഒരു മൊബൈല്‍ കോള്‍....

" എന്താണ് ഡോക്ടറെ മഴയൊക്കെ തിമിര്‍ത്ത് ആഘോഷിക്കുകയാണല്ലേ.... മുമ്പത്തെപോലെ വയറൊന്നുമില്ല എന്നാണ് മിസ്സിസ്സ് പറയുന്നത്! "

ഞാനൊന്നു ഞെട്ടി!

വാട്ട്‌സാപ്പ് തുറന്നുനോക്കി. അതില്‍ എന്റെ കുളിസീന്‍ ആരൊക്കെയോ ഇട്ടിരിക്കുന്നു !

പെട്ടെന്നാണ് എന്റെ തലയില്‍ ഒരു മിന്നല്‍ വീശിയത്!

നേരത്തെ എന്നെ കാണാൻ വന്ന .... മഴയത്ത് കുളിക്കാന്‍ പ്രേരിപ്പിച്ച ലാലു ..... അവൻ അറിയപ്പെടുന്ന യൂ്ട്യൂബറാണ്!അവനായിരിക്കുമോ !

കൗതുകകരങ്ങളായ ദൃശ്യങ്ങള്‍ പകര്‍ത്തി പതിനായിരക്കണക്കിന് ഹിറ്റ്‌സുകള്‍ നേടി പണം സമ്പാദിക്കുന്ന യൂ ട്യൂബര്‍!

ലാലുവിന്റെ യൂ ട്യൂബ് വീഡിയോ തുറന്നു നോക്കി. ഗംഭീര തലക്കെട്ട്!

മഴ ആഘോഷമാക്കൂ!

വരൂ...നമുക്ക് ടെറസ്സുകളില്‍ പോയി മഴ നനയാം.......

ഇതാ മഴയിൽ പൂന്തി വിളയാടുന്ന പ്രകൃതി സ്‌നേഹിയായ ഒരു ഡോക്ടര്‍!!

Tags:
  • Manorama Arogyam