Thursday 22 June 2023 02:17 PM IST : By ഡോ. ടി. സുരേഷ്‌കുമാർ

‘ഇതൊക്കെ ചെയ്താൽ ആയുസ് എത്ര കിട്ടുമെന്നു പറയുന്നില്ല, എന്നാൽ, ആയുസ് ദീർഘമായി തോന്നും, അതുറപ്പ്’

rty555

ലോകത്തിൽ ഏറ്റവുമധികം ഉപദേശം കൊടുക്കുന്ന കക്ഷികൾ ആരാണെന്ന് ഈയിട നടന്ന ഒരു നേരംകൊല്ലി ചർച്ചയിൽ ചോദ്യം ഉയർന്നു.

ഓപ്ഷൻ1: പള്ളിയിലെ അച്ചന്മാർ. ഓപ്ഷൻ 2: ഭഗവത്ഗീത വ്യാഖ്യാനിക്കും സ്വാമികൾ. ഓപ്ഷൻ 3: ഡോക്ടർമാര്. കാരണം, പള്ളിയിലെ അച്ചന്മാർ ഞായറാഴ്ചകളിൽ മാത്രം ഉപദേശം നൽകുന്നു. ഭഗവത്ഗീത സ്വാമികൾ സായംസന്ധ്യകളിൽ എപ്പിസോഡ് കണക്കിൽ മാത്രം ഉപദേശം അരുളുന്നു. ഡോക്ടർമാർ എല്ലാ ദിവസവും 24 മണിക്കൂറും ഉപദേശിച്ചുകൊണ്ടേയിരിക്കുന്നു. മറ്റൊരു ചോദ്യം കൂടി അനുബന്ധമായി വന്നു. ആരുടെ ഉപദേശമാണു ജനങ്ങൾ കൂടുതൽ അനുസരിക്കുന്നത്.

സംശയമുണ്ടോ? ഓപ്ഷൻ വേണോ? ചർച്ചയിൽ പങ്കെടുത്ത എല്ലാപേരും ഒറ്റസ്വരത്തിൽ പറഞ്ഞു: വേണ്ട.

ജനങ്ങൾ കൂടുതലും അനുസരിക്കുന്നത് പള്ളിയിലെ അച്ചന്മാരുടെ ഉപദേശമാണ്. കാരണം, ഡോക്ടർമാരുടെ ഉപദേശങ്ങൾ അനുസരിക്കാൻ പലപ്പോഴും പ്രയാസമാണ്. ഉപ്പ് കഴിക്കരുത്. മധുരം കഴിക്കരുത്. രാവിലെ മുടങ്ങാതെ നടക്കണം. നടപ്പിലാക്കാൻ വളരെ പ്രയാസമുള്ള ഉപദേശങ്ങൾ. പക്ഷേ, പള്ളിയിലെ അച്ചന്റെ ഉപദേശങ്ങളോ? സത്യസന്ധനായി ജീവിക്കണം. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം. നടപ്പിലാക്കാൻ വളരെ എളുപ്പമുള്ള ഉപദേശങ്ങൾ. ചർച്ചയിൽ പങ്കെടുത്ത ഒരാൾ–മത്തായി–വളരെ ആവേശത്തോടെ അച്ചന്മാർക്കുവേണ്ടി വാദിച്ചപ്പോൾ ആരോ ഇടപെട്ടു: ‘‘മത്തായിക്കെന്തെങ്കിലും അനുഭവമുണ്ടോ?’’

‘‘ഉവ്വ്. അയൽക്കാരെ സ്നേഹിക്കണം എന്ന അച്ചന്റെ ഉപദേശപ്രകാരം അയൽക്കാരി ഗ്രേസിയെ ഞാൻ സ്നേഹിക്കാൻ തുടങ്ങി. അവളുടെ ഭർത്താവ് ഗൾഫിലായതുകൊണ്ട് കാര്യമായിത്തന്നെ ഞങ്ങൾ സ്നേഹിച്ചു. രാത്രി വളരെ പ്രയാസപ്പെട്ടു മതിലു ചാടിയാണു ഞാൻ അവളെ സ്നേഹിച്ചുകൊണ്ടിരുന്നത്.’’ ചെറുതായൊരു പാപബോധം തോന്നിയപ്പോൾ അച്ചനെ കാണാമെന്നു കരുതി. അച്ചന്റെ മുന്നിൽ കുമ്പസാരിച്ചപ്പോൾ ഇനി ഇത് ആവർത്തിക്കരുതെന്നും ചെയ്ത തെറ്റ് ഓരോന്നിനും നൂറുരൂപ വെച്ചു പള്ളിയില്‍ അടയ്ക്കാനും വളരെ സിമ്പിളായി അച്ചൻ ഉപദേശിച്ചുവിട്ടു.

മത്തായി കണക്കുകൂട്ടി. മൊത്തം 4 രാത്രികളിലാണു മതിലു ചാടിയത്. ഒരഞ്ഞൂറു രൂപ നോട്ടെടുത്ത് അച്ചന്റെ നേർക്കു നീട്ടി.

‘‘അച്ചാ ബാക്കി 100 രൂപ!’’

അച്ചൻ ചില്ലറയ്ക്കായി ളോഹയിലും സഞ്ചിയിലും പരതി. കുമ്പസാരിക്കാൻ ഇനിയും ആൾക്കാര് ക്യൂ നിൽക്കുന്നു. അച്ചൻ പറഞ്ഞു: ‘‘ചില്ലറ 100 ഇല്ല. താൻ ഒരു കാര്യം ചെയ്യൂ. ഒന്നൂകൂടി മതിലു ചാടിക്കോ. അപ്പോൾ 500 ആകും. ഓൾ ദ ബെസ്റ്റ്!’’

എത്ര പ്രായോഗികമായ ഉപദേശം!

പക്ഷേ, ഞാൻ പേഴ്സണലായിട്ടു പറയുവാ. ഡോക്ടർമാരുടെ ഉപദേശങ്ങൾ പലപ്പോഴും അത്ര സുഖമുള്ള സംഭവങ്ങളല്ല എന്നു തോന്നാമെങ്കിലും അസുഖം മാറാൻ അവ അത്യന്താപേക്ഷിതങ്ങളാണ്. ഈ തിരിച്ചറിവു പഴയ തലമുറയിലെ ആൾക്കാർക്കുണ്ടായിരുന്നു.

ജഡ്ജിയുടെ ബിയർകുടി

വളരെ ആദർശ ശാലിയായ ഒരു ജഡ്ജി തന്റെ ആദർശങ്ങളെ മാറ്റി വച്ചു ഡോക്ടറുടെ ഉപദേശങ്ങൾ സ്വീകരിക്കാൻ തയ്യാറായ കഥ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി. വിജയരാഘവൻ ചിരിക്ലബ് മീറ്റിംഗിൽ പറഞ്ഞതോർക്കുന്നു. രോഗി വളരെ കർക്കശക്കാരനും ആദർശശാലിയുമായ റിട്ടയേർഡ‍് ജഡ്ജി. ഡോക്ടർ പരമ സാത്വികനും പ്രഗത്ഭനുമായ മെഡ‍ിസിൻ പ്രഫസർ. അസുഖമായി പറയാൻ കാര്യമായിട്ടൊന്നുമില്ല. വിശപ്പില്ലായ്മ. അത്രമാത്രം. പരിശോധനകളെല്ലാം നടത്തിയെങ്കിലും കാരണമായി ഒന്നും കണ്ടെത്താൻ പ്രഫസർക്കു കഴിഞ്ഞില്ല. ചിട്ടയായ ജീവിതശൈലി പിന്തുടരുന്ന രോഗിയോട് ഒന്നും ഉപദേശിക്കാനുമില്ല. വളരെ പ്രായോഗിക ചിന്താഗതി വച്ചു പുലർത്തുന്ന പ്രഫസർ കുറേ ആലോചനയ്ക്കുശേഷം ഒരു നിർദ്ദേശം മുന്നോട്ടു വച്ചു.

‘‘പ്രഷറും ഷുഗറും മറ്റു കുഴപ്പമൊന്നുമില്ല. ഇത്ര പ്രായവുമായി. വിശപ്പു തീരെ ഇല്ലെന്നു പറഞ്ഞതുകൊണ്ട് ഒരു സജഷൻ പറയാം. സ്വീകരിക്കണമെന്നില്ല. ഈ സാഹചര്യത്തിൽ ബിയറോ ബ്രാൻഡിയോ അങ്ങയെ ചിലപ്പോൾ സഹായിച്ചേക്കാം.’’ ജഡ്ജി ഒരു നിമിഷം ചിന്തിച്ചു. പ്രഫസർ പ്രതികരണത്തിനു കാതോർത്തു.

‘‘ഓ കെ. അങ്ങനെയാകട്ടെ. ഞാൻ ട്രൈ ചെയ്യാം. ഡോക്ടറല്ലേ ഉപദേശിച്ചിരിക്കുന്നത്.’’ മാസങ്ങൾക്കുശേഷം ജഡ്ജി പ്രൊഫസറെ കാണാനെത്തി.

‘‘വലിയ ഗുണമില്ല സർ. വിശപ്പു തീരെയില്ല...’’ ജ‍ഡ്ജി നിരാശയോടെ പറഞ്ഞു. ‘‘ബിയറാണോ ബ്രാ‍ൻഡിയാണോ ഉപയോഗിച്ചത്...’’ പ്രൊഫസർക്കു നേരിയ ഉത്കണ്ഠ.

‘‘ബിയറും ബ്രാൻഡിയും മാറി മാറി പരീക്ഷിച്ചു.’’ ജഡ്ജി വെട്ടിത്തുറന്നു പറഞ്ഞു. പ്രഫസർ ആലോചനയിലാണ്ടു. അങ്ങനെ വരാൻ വഴിയില്ലല്ലോ? ഒടുവിൽ ഒരു ചോദ്യം കൂടി ചോദിച്ചു ഫയൽ ക്ലോസ് ചെയ്യാമെന്നു കരുതി.

‘‘ബയർ എത്ര അളവിൽ കഴിക്കുമായിരുന്നു?’’ ഉടനെ വന്നു ഉത്തരം: ‘‘ഒരു സ്പൂൺ വീതം രണ്ടു നേരം.’’

ഈ കഥ കേട്ടിരുന്ന ബിയർ കുടിയനായ എന്റെ സുഹൃത്തു നിർത്താതെ ചിരിക്കുന്നതു കണ്ടു ഞാൻ കാരണം തിരക്കി.

‌‘‘750 മി ലി ഉള്ള ഒരു കുപ്പി ബിയർ ആ ജഡ്ജി കുടിച്ചു തീർത്തത് 75 ദിവസംകൊണ്ട്. ആ പുളി സഹിച്ച അങ്ങേരെ സമ്മതിച്ചു കൊടുക്കണം.’’

രോഗിയ ‘ഊതുന്ന’ ഡോക്ടർമാരും കുറവല്ല. ഒരു രോഗിയുടെ അപേക്ഷ ഇതായിരുന്നു. ‘‘എനിക്കു ദീർഘായുസു വേണം ഡോക്ടർ. ഞാനെന്തു ചെയ്യാനും തയ്യാർ!’’ ഡോക്ടർ ചോദിച്ചു: ‘‘നിങ്ങൾ കള്ളു കുടിക്കുമോ?’’

‘‘ഉവ്വ്.’’ ‘‘എന്നാൽ അത് നിർത്തണം... പരസ്ത്രീ ഗമനം?’’ ‘‘ഉവ്വ്.’’ ‘‘അതപ്പാടെ നിർത്തണം... പുകവലി?’’ ‘‘ഉവ്വ്.’’ ‘‘ഉടനടി നിർത്തണം...’’

ഡോക്ടർ മോഹൻലാലിനെപ്പോലെ ഒന്നു പോസ് ചെയ്തിട്ടു രോഗിയോട് ഇങ്ങനെ പറഞ്ഞു:

‘‘ഇതൊക്കെ ചെയ്യാമെങ്കിൽ ആയുസ് എത്ര കിട്ടുമെന്നു ഞാൻ പറയുന്നില്ല. എന്നാൽ, ആയുസ് ദീർഘമായി തോന്നും. അതുറപ്പാണ്.’’

‘ചെറിയൊരു’ പ്രശ്നവും ആശാരിയുടെ പരിഹാരവും
ഒരു ചെറിയ മാനസിക പ്രശ്നം വന്നുപെട്ട ഒരു  കുട്ടി രാഷ്ട്രീയനേതാവിന്റെ കഥ ഇങ്ങനെ. കട്ടിലിൽ കിടന്നുറങ്ങാൻ തുടങ്ങുമ്പോൾ കട്ടിലിന്റെ അടിയിൽ ആരോ പതുങ്ങി ഇരിക്കുന്നതായി തോന്നും. അതാണു പ്രശ്നം.

ആരോ കട്ടിലിന്റെ അടിയിൽ പതുങ്ങി ഇരിക്കുന്നതായി തോന്നുമ്പോഴൊക്കെ നമ്മുടെ നേതാവ് ഭാര്യ അറിയാതെ കട്ടിലിന്റെ അടിയിൽ ചെന്നു കിടക്കാറുണ്ട്. പക്ഷേ, അപ്പോഴേക്കും മറ്റൊരു തോന്നൽ കടന്നുവരും. കട്ടിലിന്റെ മുകളിൽ ഭാര്യയുടെ കൂടെ മറ്റാരോ പമ്മി കിടക്കുന്നു. അതോടെ അദ്ദേഹം കട്ടിലിന്റെ കീഴ്ഘടകത്തിൽ നിന്നും മേൽ ഘടകത്തിലേക്കു വരുന്നു. കട്ടിലിൽ കിടന്നാൽ താഴെ ആളുണ്ട്. കട്ടിലിന്റെ അടിയിൽ കിടന്നാൽ കട്ടിലിൽ ആളുണ്ട്. ഇതാണസുഖം.

പ്രശ്നം പാർട്ടി ഫ്രാക്ഷൻ ചർച്ച ചെയ്തു തീരുമാനമായി. ഒരു മനോരോഗ വിദഗ്ധനെ കാണുക. പക്ഷേ, അവർ ചെന്നുപെട്ടതു നഗരത്തിലുള്ള ഏക മനഃശാസ്ത്ര വിദഗ്ധനായ ഒരു ബൂർഷ്വായുടെ അടുത്താണ്. തന്നെ പലതവണ ‘പിരിച്ചു’ വശാക്കിയ നേതാക്കളെ നീഗൂഢമായി ഒന്നു നോക്കിക്കൊണ്ടു ഡോക്ടർ ഒരു പാക്കേജ് പദ്ധതി അവതരിപ്പിച്ചു. ‘‘ഇതു നിങ്ങൾ കരുതുന്നപോലെ ഒരു നിസാര രോഗമല്ല. ഒരു വർഷം നീണ്ടു നിൽക്കുന്ന ചികിത്സ വേണ്ടിവരും. പല സെഷൻസ് ചെയ്യേണ്ടി വരും. എല്ലാത്തിനും കൂടി... രൂപ ഞാൻ ചാർജ് ചെയ്യും. സമ്മതമാണോ?’’

രോഗിയുടെ സാമ്പത്തികാവസ്ഥ പരിഗണിച്ച് അവർ മൂകരായി പടി വിട്ടിറങ്ങി. ചികിത്സ കിട്ടാതെ മാനസിക രോഗം മൂർച്ഛിച്ചുകൊണ്ടേയിരുന്നു. പല വിദഗ്ധന്മാരും പഠിച്ച പണി നോക്കിയിട്ടും നേതാവിന്റെ മനോനിലയിൽ മാറ്റമുണ്ടായില്ല. അങ്ങനെയിരിക്കെയാണ് ഒരു ആശാരി നേതാവിന്റെ വീട്ടിലെ റിപ്പയർ പണിക്കെത്തുന്നത്.

താടിയും മുടിയും നീണ്ടു വളർന്നു വിഷണ്ണനായിരിക്കുന്ന നേതാവിനോട് ആശാരി കാരണം തിരക്കി. അദ്ദേഹം വിഷയം അവതരിപ്പിച്ചു. ഇത്രയേയുള്ളോ പ്രശ്നം? എന്നു പറഞ്ഞ് ആശാരി നേരെ പോയി തന്റെ വാളുകൊണ്ടു കട്ടിലിന്റെ നാലു കാലുകളും മുറിച്ചു മാറ്റി. ആശാരി ബാക്കി റിപ്പയർ പണികളും തീർത്തു കൂളായി മടങ്ങി. ഒരു വലിയ പ്രശ്നത്തിനു പരിഹാരം നിർവ്വഹിച്ചെന്ന അഹങ്കാരമില്ലാതെ!

അന്നു രാത്രി നേതാവും ഭാര്യയും മത്സരിച്ചു കൂർക്കം വലിച്ചു കട്ടിലിൽ തന്നെ കിടന്നുറങ്ങി.

Tags:
  • Daily Life
  • Manorama Arogyam