കുട്ടികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്നൊരാള്‍ വാതിൽക്കൽ വന്നുനിന്ന് ഒരു അഭ്യർത്ഥന നടത്തുന്നത്.
" ഡോക്ടര്‍ ഒരു അഞ്ച് മിനിറ്റ് എനിക്ക് തരണം. ഒരത്യാവശ്യ കാര്യമാണ്. ഞാന്‍ മുന്‍ വാര്‍ഡ് സ്ഥാനാര്‍ത്ഥി...... തവളയില്ലാക്കുളം സുകേശന്‍."
വാര്‍ഡ് മെമ്പര്‍ എന്ന് കേട്ടിട്ടുണ്ട്. മുന്‍ വാര്‍ഡ് മെമ്പര്‍ എന്നും കേട്ടിട്ടുണ്ട്. മുന്‍ വാര്‍ഡ് സ്ഥാനാര്‍ത്ഥി എന്ന് കേൾക്കുന്നത് ആദ്യം !
വാര്‍ഡ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിക്കും വിശേഷണം ചേര്‍ത്ത് തുടങ്ങിയത് ഞാനറിഞ്ഞില്ല, ആരും പറഞ്ഞില്ല!
ഒരു ടീ ബ്രേക്ക് എടുക്കാമെന്ന് കരുതി ഒ.പി തത്ക്കാലം നിറുത്തിവച്ച് മുന്‍ വാർഡ് സ്ഥാനാര്‍ത്ഥി തവളയില്ലാക്കുളം സുകേശനെ അകത്തേക്കു വിളിച്ചു.
ഇദ്ദേഹത്തെ എനിയ്ക്ക് പരിചയമുണ്ട്. പരോപകാരിയും നിഷ്‌കളങ്കനുമായ തവളയില്ലാക്കുളം സുകേശന്‍ വാര്‍ഡ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുകയും സ്വതന്ത്രനായതു കൊണ്ട് മാത്രം പരാജയപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ വെറും മുന്‍ വാര്‍ഡ് സ്ഥാനാര്‍ത്ഥിയുമായി പാവം സുകേശന്‍!
പേരില്‍ തന്നെ കോമഡി വിളംബരം ചെയ്യുന്ന തരത്തിൽ തലയില്‍ രോമങ്ങളില്ലാത്ത സുകേശന്‍ വളരെ ഉത്കണ്ഠാകുലനായി പ്രവേശിച്ചയുടന്‍ ഒരു ചോദ്യം.
" ഡോക്ടര്‍ സാറേ ഞാന്‍ അബദ്ധവശാൽ ...... ആശുപത്രിയില്‍ ഹെര്‍ണിയ ഓപ്പറേഷന് ചെന്ന് കിടന്നുകൊടുത്തു. അവര്‍ എന്റെ രണ്ടു കിഡ്‌നിയും അടിച്ചുമാറ്റി. അതുറപ്പാണ്. ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്? "
ഞാന്‍ ഗൗരവത്തില്‍ തന്നെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

ഓപ്പറേഷൻ കഴിഞ്ഞ് ബോധം തെളിഞ്ഞുവന്നപ്പോള്‍ തന്റെ സ്വന്തം ചെവി കൊണ്ട് കേട്ട ഡോക്ടര്‍മാരുടെ സംസാരത്തിലാണ് സുകേശന്‍ തന്റെ കിഡ്‌നി അടിച്ചുമാറ്റപ്പെട്ട വിവരം അറിയുന്നത് !
കിഡ്‌നികള്‍ പാത്രത്തില്‍ എടുക്കണമെന്ന് പറയുന്നതാണ് ആദ്യം കേട്ടത്.
പിന്നെ....
സുകേശന്‍ വിതുമ്പാന്‍ തുടങ്ങി.
പിന്നെ?
" പിന്നെ ആ ദുഷ്ടന്മാര്‍ ഫോണില്‍ ഉറക്കെ വിളിച്ചു പറയുകയാണ് ഒരെണ്ണം കറി, ഒരെണ്ണം ഫ്രൈ..... പിന്നെ അവന്മാരുടെ അണ്ണാക്കില്‍ ഒഴിക്കാന്‍ രണ്ട് സ്‌ട്രോങ്ങ് ചായ എന്ന് "
സുകേശന്‍ വിയര്‍ത്തുകൊണ്ട്, വിറച്ചുകൊണ്ട് പറഞ്ഞപ്പോള്‍ ഞാന്‍ തോളില്‍ തട്ടി ആശ്വസിപ്പിച്ചു.
സുകേശന്‍ വിഷമിക്കാതിരിക്കൂ..... രണ്ടു കിഡ്‌നിയും അങ്ങനെയങ്ങ് എളുപ്പത്തിൽ എടുക്കാൻ കഴിയില്ല. അതു ചെയ്താൽ പിന്നെ ഡയാലിസിസ് കൂടാതെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല.......ഓപ്പറേഷന്‍ കഴിഞ്ഞ് രണ്ടാഴ്ചയായില്ലേ.....എന്തായാലും ഒരു കിഡ്‌നിയെങ്കിലും അവിടെ കാണും.
പെട്ടെന്നയാള്‍ ആശ്വാസത്തോടെ എന്നെ നോക്കി. ഒന്നെങ്കിൽ ഒന്ന് ! ഹാവൂ.......
നമുക്കൊരു കാര്യം ചെയ്യാം. ഇപ്പോള്‍ തന്നെ ഒരു അള്‍ട്രാസൗണ്ട് സ്‌കാന്‍ എടുത്ത് നോക്കാം. എത്ര കിഡ്‌നിയുണ്ട്, എത്ര ഇല്ല, അതിന്റെ അവസ്ഥ എല്ലാം സ്‌കാനിലറിയാം.
എന്റെ കയ്യില്‍ നിന്ന് സ്‌കാനിംഗിനുള്ള കുറിപ്പടി തട്ടിപ്പറിച്ചുകൊണ്ട് ഓടിയ സുകേശന്‍ സ്‌കാന്‍ റിപ്പോര്‍ട്ടുമായി മിന്നൽ മുരളിയെ പോലെ ഒ.പി യില്‍ തിരിച്ചെത്തി.
രണ്ടു കിഡ്‌നികളും ഭദ്രമായി അവിടെയുണ്ടെന്നും രണ്ടും വളരെ ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ എഴുതിയിട്ടുണ്ടെന്ന് സുകേശനെ സന്തോഷപൂര്‍വ്വം അറിയിച്ചു.
ഇതൊരു തെറ്റിദ്ധാരണ മൂലമാണെന്ന് ആദ്യമേ എനിക്ക് മനസ്സിലായെങ്കിലും സുകേശന്റെ ഭാഗം ചേര്‍ന്ന് അതൊന്നു കണ്ടുപിടിക്കാമല്ലോ എന്ന തരത്തില്‍ സമാശ്വസിപ്പിച്ചാണ് സ്‌കാനിംഗ് പരീക്ഷണത്തിന് അയാളെ സജ്ജമാക്കിയത്.
ഓപ്പറേഷന്‍ തീയേറ്ററില്‍ സംഭവിച്ചത് എന്തായിരിക്കുമെന്ന് സുകേശനോട് ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു.
കിഡ്‌നിയുടെ രൂപത്തിലുള്ള പാത്രങ്ങളാണ് തീയേറ്ററില്‍ പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. അതിനെ കിഡ്‌നി ട്രേ എന്നാണ് പറയുന്നത്. കിഡ്നി ട്രേ എടുത്ത് മാറ്റൂ എന്നായിരിക്കും നിങ്ങള്‍ക്ക് ബോധം വന്നപ്പോള്‍ കേട്ടത്. പിന്നെയും നിങ്ങള്‍ അനസ്തീസ്യയുടെ മയക്കത്തില്‍ പെട്ടു കാണും.
വീണ്ടും ഉണര്‍ന്നപ്പോള്‍ കേട്ടത് ഡോക്ടര്‍ കാന്റീനില്‍ ആഹാരം ഓര്‍ഡര്‍ ചെയ്തതായിരിക്കും.
ഒരു കറി....ഒരു ഫ്രൈ.....രണ്ട് സ്‌ട്രോങ്ങ് ചായ...
ഞാനും തവളയില്ലാക്കുളം സുകേശനും സ്‌ട്രോങ്ങ് ചായയും കുടിച്ച് ആവോളം ചിരിച്ചുകൊണ്ട് സന്തോഷമായി പിരിഞ്ഞു !