Friday 05 August 2022 09:35 AM IST : By സ്വന്തം ലേഖകൻ

ആ കൈപ്പുണ്യത്തിന് കണക്കു വച്ചിട്ടില്ല, മരണം വരെയും പിറവികളുടെ ലോകത്തെ തലതൊട്ടമ്മ: ഒരു ലക്ഷമെന്ന് സഹപ്രവർത്തകർ

lalitha

മരണം വരെയും പിറവികളുടെ ലോകത്തെ തലതൊട്ടമ്മയായിരുന്നു ഡോ.കെ.ലളിത. അനേകായിരം കുഞ്ഞുങ്ങളെ ഈ ലോകത്തേക്കു വരവേറ്റ കൈപ്പുണ്യം. 60 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ എത്ര പ്രസവമെടുത്തു എന്ന കണക്ക് ഡോ.ലളിത സൂക്ഷിച്ചിരുന്നില്ല. പക്ഷേ അത് ഒരു ലക്ഷത്തോളം വരുമെന്ന് ഒപ്പം പ്രവർത്തിച്ചവർ സാക്ഷ്യപ്പെടുത്തുന്നു.  നാലാം റാങ്കോടെ എംബിബിഎസ് ബിരുദം നേടിയ തിരുവനന്തപുരം മെഡിക്കൽ കോളജ് തന്നെ ഗൈനക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം തന്റെ കർമ മണ്ഡലമായി ഡോ.ലളിത തിരഞ്ഞെടുത്തു. 

ഇന്റെൻഷിപ് കാലത്തായിരുന്നു ഡോക്ടർ ആദ്യ പ്രസവം എടുത്തത്. സമ്മർദമേതുമില്ലാതെ അമ്മയുടെയും കുഞ്ഞിന്റെയും ജീവനും ആരോഗ്യത്തിനും വേണ്ടി പ്രാർഥനയോടെയാണ് താൻ ഓരോ പ്രസവവും എടുക്കുന്നതെന്ന് അവർ പറഞ്ഞിട്ടുണ്ട്.  പ്രസവകാല പരിശോധനകൾക്കും പ്രസവത്തിനും ഇന്നത്തെ സാങ്കേതിക സംവിധാനങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് അനുഭവ സമ്പത്തായിരുന്നു ഏറ്റവും വലിയ സ്കാനിങ് മെഷീനെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തി. ഫീറ്റോസ്കോപ് ഗർഭിണിയുടെ ഉദരത്തിൽ അമർത്തിവച്ച് ചെവിയും മനസ്സും ചേർത്തു പിടിച്ചാണ് ഗർ‌ഭസ്ഥ ശിശുവിന്റെ ആരോഗ്യവും അവസ്ഥയും കൃത്യമായി നിർണയിച്ചിരുന്നത്.

പിന്നീടു പരിശോധന സംവി ധാനങ്ങൾ വളർന്നപ്പോഴും ഈ അനുഭവ സമ്പത്തായിരുന്നു ഡോ.ലളിതയെ 85–ാം വയസ്സിലും ആ മേഖലയിലെ മുൻനിരയിൽ നിലനിർത്തിയത്. ഗവ.മെഡിക്കൽ കോളജിലും പിന്നീട് അമ്മമാർക്കും കുട്ടികൾക്കുമായുള്ള എസ്എടി ആശുപത്രിയിലും ഗൈനക്കോളജി വിഭാഗത്തെ നയിച്ചവരിൽ പ്രധാനി  ഡോ.ലളിതയായിരുന്നു. ദിവസവും ഒട്ടേറെ പ്രസവങ്ങൾക്ക് കാർമികത്വം വഹിച്ച മൂന്നു പതിറ്റാണ്ടുകൾ.

മെഡിക്കൽ കോളജിൽ അധ്യാപിക എന്ന നിലയിൽ ഡോ.എം.വി. പിള്ള ഉൾപ്പെടെ ഒട്ടേറെ പ്രഗൽഭ ഡോക്ടർമാരുടെ ഗുരുവും വാൽസല്യനിധിയായ വഴികാട്ടിയുമായിരുന്നു അവർ.ആദ്യം പ്രസവമെടുത്ത പല കുഞ്ഞുങ്ങളും വലുതായി  ഗർഭിണികളായപ്പോൾ അവരും പ്രസവ ശുശ്രൂഷയ്ക്ക് തേടിയെത്തിയത് ഡോ.ലളിതയെ തന്നെയായിരുന്നു. അവരുടെ മക്കളും തലമുറകളിലൂടെ പകർന്ന ആ വിശ്വാസം തേടി വന്നു. അങ്ങനെ തലമുറകളുടെ പിറവിയുടെ കാവൽക്കാരിയായി മാറുകയായിരുന്നു ഈ ജനകീയ ഡോക്ടർ. 

സർക്കാർ സർവീസിൽ നിന്ന് വിരമിച്ചപ്പോഴും ഒരു ദിവസം പോലും വിശ്രമിക്കാതെ അടുത്ത ദിവസം തന്നെ പട്ടം എസ്‌യുടി ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതലയിൽ സജീവമായി ഡോ.ലളിത. അത്യാവശ്യഘട്ടമല്ലെങ്കിൽ സിസേറിയനിലേക്കു പോകാതെ സ്വാഭാവിക പ്രസവം തന്നെയാകണമെന്ന നിലപാടായിരുന്നു എന്നും. ഇക്കാലത്തിനിടെ രണ്ട് മക്കളുടെ പ്രസവകാലവും കാൻസർചികിത്സയിലായിരുന്ന അവസാന ദിനങ്ങളും ഒഴിച്ചാൽ എന്നും പ്രസവ ചികിത്സയുടെ ലോകത്ത് തിരക്കൊഴിയാത്ത കർമശുദ്ധിയായിരുന്നു ഡോ.ലളിത.

More