പ്രായത്തിന്റെ ചുളിവുകളെ തടയണമെന്നുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കാം
Mail This Article
മുടിയിഴയിൽ വെളുപ്പു നിറം തെളിയുമ്പോളും ചർമം അൽപമൊന്നു ചുളിയുമ്പോഴും പ്രായമായി വരുന്നല്ലോ എന്ന ചിന്ത നമ്മെ അലട്ടിത്തുടങ്ങും. എന്നും ചെറുപ്പമായിരിക്കാനാണ് നമുക്കെല്ലാം ഇഷ്ടം. പുതുവർഷത്തെ സ്വീകരിക്കാനൊരുങ്ങുമ്പോൾ ഒരു പുതിയ തീരുമാനം കൂടി എടുക്കാം. ഏയ്ജിങ് അഥവാ പ്രായാധിക്യത്തിലേയ്ക്കുള്ള യാത്രയുടെ വേഗം ആഹാരത്തിലൂടെ ഒന്നു കുറച്ചു നിർത്താം എന്ന തീരുമാനം. ഇതിനായി യുവത്വം നില നിർത്താൻ ഉള്ളിലേക്കു കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. ആന്റി ഏയ്ജിങ് ഫൂഡ്സ് ചർമത്തെ നല്ല മേൻമയുള്ളതാക്കും. ഒപ്പം തന്നെ രോഗപ്രതിരോധശക്തിയുമുയർത്തും.
ആന്റിഒാക്സിഡന്റുകളാൽ സമ്പന്നമായ ആഹാരം തിരഞ്ഞെടുക്കുകയാണ് പ്രധാന വഴി. എല്ലാ പഴങ്ങളും പച്ചക്കറികളും ആന്റിഒാക്സിഡന്റുകളായ വൈറ്റമിൻ എ, സി എന്നിവയുടെ നിറകുടങ്ങളാണ്. വൈറ്റമിൻ സി കൊളാജൻ ( ചർമത്തിന്റെ നിർമാണഘടകമായ പ്രോട്ടീൻ) ഉത്പാദനത്തെ സഹായിക്കും. ഇത് സൂര്യപ്രകാശവും കാലാവസ്ഥാ മാറ്റങ്ങളും മൂലം സംഭവിക്കുന്ന ക്ഷതങ്ങളിൽ നിന്ന് ചർമത്തെ രക്ഷിക്കും. അരി ഉൾപ്പെടെയുള്ള ധാന്യങ്ങളും ഫ്ളാക്സ് സീഡുകൾ ഉൾപ്പെടെയുള്ള വിത്തുകളുമാകട്ടെ , വൈറ്റമിൻ ഇ എന്ന ആന്റി ഏയ്ജിങ് ന്യൂട്രിയന്റിനാൽ നിറഞ്ഞിരിക്കുന്നു.
പപ്പായ, ആപ്പിൾ, വാട്ടർ മെലൻ, ഒാറഞ്ച്, മധുരനാരങ്ങ, പേരയ്ക്ക, മാമ്പഴം...എന്നിവയെല്ലാം കഴിക്കുമ്പോൾ യുവത്വം കൂടിയാണ് സ്വന്തമാക്കുന്നത്. പ്രാദേശികമായി ലഭിക്കുന്ന പഴങ്ങളും കഴിച്ചോളൂ. ഇവയെല്ലാം ചെറുപ്പമായിരിക്കാൻ സഹായിക്കും. മാതളനാരങ്ങയിലെ ആൻതോസയാനിൻ എന്ന ആന്റി ഒാക്സിഡന്റ് കൊളാജൻ ഉത്പാദനത്തെ വർധിപ്പിക്കും. മുട്ടയിലെ ബയോട്ടിൻ മുടിക്കും ചർമത്തിനും മികച്ചതാണ്. സ്ട്രോബെറി ഉൾപ്പെടുന്ന ബെറീസ്, വൈവിധ്യമാർന്ന ഡ്രൈഫ്രൂട്ട്സ് എന്നിവയ്ക്കും ചർമത്തിന്റെ യുവത്വം നിലനിർത്തുന്നതിൽ പ്രധാന റോളുണ്ട്.
ചീര ഉൾപ്പെടെ പച്ചനിറമുള്ള ഇലക്കറികളും ധാരാളമായി ആഹാരത്തിലുൾപ്പെടുത്താം. തക്കാളിയും ഗോർഡ് വിഭാഗത്തിലുൾപ്പെടുന്ന മത്തങ്ങ, കുമ്പളം, പടവലം, പാവയ്ക്ക, കോവയ്ക്ക ഉൾപ്പെടെയുള്ള പച്ചക്കറികളും കാലറി കുറഞ്ഞവയും ശരീരത്തെ ചെറുപ്പമാക്കി നിലനിർത്തുന്നവയുമാണ്. കാരറ്റിലെ ബീറ്റാ കരോട്ടിൻ മുടിക്കും ചർമത്തിനും നല്ലതാണ്. വാൽനട്സ്, കശുവണ്ടി, നിലക്കടല, ബദാം, പ്ലെയിൻ നട്സ് ഇവ ചർമഭംഗി നിലനിർത്താൻ മികച്ചതാണ്. ഇവയിൽ മഗ്നീഷ്യവും മറ്റു സൂക്ഷ്മപോഷകങ്ങളും അടങ്ങിയിട്ടുണ്ട്. നട്സിൽ പ്രോട്ടീനും നാരുകളും ഉണ്ട്.
ഇതെല്ലാം ഡയറ്റിൽ ഉൾപ്പെടുത്തുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കാനും മറക്കരുത്. നാരുകളടങ്ങിയ പച്ചക്കറികൾക്കും പഴങ്ങൾക്കുമൊപ്പം ആവശ്യത്തിനു വെള്ളം കുടിക്കുമ്പോൾ ചർമം നന്നായി തിളങ്ങും. ഇങ്ങനെയൊരു ഡയറ്റ് ഫോളോ ചെയ്തു നോക്കൂ. ചെറുപ്പത്തിന്റെ തിളക്കം മങ്ങാതെ കൂടെ നിൽക്കുന്നത് അനുഭവിച്ചറിയാം.
വിവരങ്ങൾക്കു കടപ്പാട്
മഞ്ജു പി. ജോർജ്
ചീഫ് ഡയറ്റീഷൻ,
വിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ, കൊച്ചി
