പങ്കാളികളെ കൈമാറ്റം ചെയ്യുന്നതുൾപ്പെടെയുള്ള പുതിയ ലൈംഗികരീതികൾ കേരളത്തിൽ റിപ്പോർട്ടു ചെയ്യപ്പെടുന്നു. മലയാളിയുടെ മാറുന്ന ലൈംഗികതാൽപര്യങ്ങൾ അപകടകരമാണോ? ഡോ. ഡി. നാരായണ റെഡ്‌ഡി ഉൾപ്പെടെ 25 പ്രമുഖരായ സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും സെക്സോളജിസ്റ്റുകളും പങ്കെടുക്കുന്ന സർവേ
ചില സംഭവങ്ങള്‍ അല്ലെങ്കിൽ വാർത്തകൾ അവ സാധാരണ വാർത്താപ്രാധാന്യത്തിനപ്പുറം, മാറുന്ന സമൂഹത്തിന്റെ സൂചകങ്ങളായി മാറാറുണ്ട്. ചിലപ്പോഴത് മാറ്റത്തിന്റെ പടഹധ്വനിയായി മാറും – കോട്ടയത്തിനടുത്ത് ഭാര്യാഭർത്താക്കന്മാർ പരസ്പരം മാറി രസിക്കുന്ന വലിയൊരു സംഘം പ്രവർത്തിക്കുന്നെന്ന വാർത്ത അങ്ങനെയൊന്നായിരുന്നു. ഈ ഗ്രൂപ്പിൽപ്പെട്ട ഒരു സ്ത്രീ ലൈംഗിക പീഡന പരാതി ഉന്നയിച്ചതോടെയാണ് വിഷയം പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയത്.
ഇണകളെ, പ്രത്യേകിച്ച് ഭാര്യമാരെ കൈമാറുക; അതിനായി താക്കോൽ തിരഞ്ഞെടുക്കൽ പോലുള്ള രീതികൾ നടപ്പാക്കുക. ഗ്രൂപ്പില്‍ അംഗത്വം നേടുന്നതിനും തുടരുന്നതിനും പ്രത്യേക ചട്ടങ്ങളും നിയമാവലിയും. ഇതൊക്കെ മലയാളിക്ക് കേട്ടുകേൾവി മാത്രമായിരുന്നു. ഈ കേസിൽ പരാതി ഉണ്ടായതുകൊണ്ടു മാത്രമാണ് നടപടിയെന്നും സദാചാര പോലീസാകാൻ കേരള പൊലീസ് തയാറല്ലെന്നുമുള്ള ഒരു വനിതാ പൊലീസ് ഓഫീസറുടെ മറുപടിയും പ്രത്യേകം ശ്രദ്ധിക്കണം. അടിമുടി മാറുന്ന മലയാളിയുടെ ലൈംഗികസമീപനങ്ങളുടെയും രീതിയുടെയും സദാചാരബോധത്തിന്റെയും ദൃഷ്ടാന്തമായി വേണം ഇതിനെ കാണാൻ.
മാറുന്ന മോഹങ്ങൾ
സെക്സ്– മലയാളിയുടെ മാറുന്ന മോഹങ്ങൾ, താൽപര്യങ്ങൾ, സമീപനങ്ങൾ എന്ന വിഷയത്തിൽ വിശദമായൊരു പഠനം – സർവേ നടത്താൻ മനോരമ ആരോഗ്യം തീരുമാനിച്ചതിന്റെ ഭാഗമായി മലയാളിയുടെ ലൈംഗിക സമീപനങ്ങളെ തൊട്ടറിഞ്ഞിട്ടുള്ള 25 മനോരോഗ–മനശ്ശാസ്ത്ര – ലൈംഗികരോഗ വിദഗ്ധരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പഠനത്തിന്റെ പ്രസക്തി അവിടെയാണ്. ലൈംഗിക ഫാന്റസിയും കാഴ്ചയിലെ പുതുമ തേടലും, സെക്സു തേടാൻ യാത്രകൾ, ഏതുതരം ലൈംഗിക രീതിയും സ്വീകാര്യമാക്കുക. പുരുഷനും സെക്സ് ടോയ്സ് ഉപയോഗിക്കുക, വെർച്വൽ സെക്സിനോടുള്ള താൽപര്യം, ഒന്നിലധികം സെക്സ് പാർട്ട്നേഴ്സിനോടുള്ള താൽപര്യം. ഹോമോസെക്സിന് കിട്ടുന്ന പിന്തുണ, കൗമാരക്കാരിലെ രതി– ചൂഷണ പ്രശ്നങ്ങൾ, സെക്സ് വിഡിയോകൾ വ്യാപകമായി പ്രചരിക്കപ്പെടുക തുടങ്ങിയ 10 ഓളം പ്രവണതകളാണ് സർവേയിൽ ഉയർന്നു വന്നത്.
തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ മനോരോഗ വിഭാഗം മുൻ മേധാവി കൂടിയായ ഡോ. സുബാഷ് പറയുന്നത് ലൈംഗികതയിലുള്ള ഭൂരിപക്ഷം മാറ്റങ്ങളെയും മാറുന്ന സദാചാര സാമൂഹ്യ സാഹചര്യങ്ങളെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും തലത്തിൽ കണ്ടാൽ മതിയെന്നാണ്. സൈക്കോപതോളജിക്കൽ ആയ മാറ്റങ്ങൾ കുറവാണ് ഇക്കാര്യത്തിൽ. ധാർമിക സങ്കല്പങ്ങളിലെ മാറ്റം പ്രധാനമാണ്. ലിവിങ് ടുഗദർ, ഹോമോ സെക്‌ഷ്വാലിറ്റി തുടങ്ങിയവയുടെ കാര്യത്തിൽ ധാർമിക അപചയമെന്നൊന്നും ഇന്നു പറയാനാകില്ല. ആളുകളുടെ തിരഞ്ഞെടുപ്പാണത്. പലരും സാഹചര്യങ്ങൾക്കനുസരിച്ച് മാറും. ലൈംഗിക വൈകൃതം എന്ന് കരുതിയാൽ സ്ത്രീക്കു നിരസിക്കാൻ അവകാശമുണ്ട്. ചായ കൊണ്ട് തൃപ്തിപ്പെടാനും ബിരിയാണി തന്നെ വേണമെന്ന് വാശിപിടിക്കാനും ഓരോരുത്തർക്കും അവകാശമുണ്ട്. പക്ഷേ, അതു മറ്റുള്ളവന്റെ സ്വാതന്ത്ര്യത്തെ തകർത്തുകൊണ്ടോ സാമൂഹിക നിയമങ്ങളെ ലംഘിച്ചുകൊണ്ടോ ആകരുതെന്നു മാത്രം.
എന്നാൽ കൗമാരത്തിന്റെ പോക്കും പ്രശ്നങ്ങളും വളരെ ഗൗരവമായി എടുക്കേണ്ടതുണ്ട്. മൊബൈലും ഇന്റർനെറ്റും വന്നതോടെ അവർക്ക് എല്ലാ കാര്യവും ലഭ്യമായി. എന്നാൽ ഇതെല്ലാം സ്വീകരിക്കാനുള്ള മസ്തിഷ്ക വളർച്ച ഇല്ല. 20–25 വയസ്സിലാണ് ശരാശരി വളർച്ച ഒരാൾ നേടുന്നത്. നല്ലതും ചീത്തയും അവർക്ക് തിരിച്ചറിയാനാകുന്നില്ല. പലപ്പോഴും വീട്ടിലെ മോശം സാഹചര്യങ്ങൾ, അച്ഛനമ്മമാരുടെ ദുർനടപടികൾ ഇവയൊക്കെയാണ് കൗമാരക്കാരെ വഴി തെറ്റിക്കുന്നത്. ഇതു മറ്റുള്ളവർ ചൂഷണം ചെയ്യുന്നു. ഇവർ ബൈപോളാർ ഡിസോഡർ എന്ന രോഗാവസ്ഥയിലേയ്ക്കു നീങ്ങാം. മാനിയ കൊണ്ടുള്ള ഹൈപ്പർ സെക്‌ഷ്വാലിറ്റിയും അവരിൽ കാണുന്നു. അത് ഒരു ലക്ഷണമാണ്. മരുന്നുകൾ കൊണ്ടുള്ള ചികിത്സ തന്നെ വേണ്ടി വരും – ഡോ സുബാഷ് പറയുന്നു.
ആർത്തവകാല സെക്സ്
സ്വയംഭോഗം, ഗർഭഛിദ്രം, ട്രാൻസ്ജെൻഡർ തുടങ്ങിയ കാര്യങ്ങളിൽ കാലമനുസരിച്ചും മാറുന്ന നിയമങ്ങൾക്കനുസരിച്ചുമാണ് നമ്മൾ പെരുമാറേണ്ടത്. എന്നാൽ ശവരതി, മൃഗരതി തുടങ്ങിയ കാര്യങ്ങളിൽ പെട്ടെന്ന് മറുപടികൾ നൽകാൻ കഴിയില്ല. ചിലത് ആരോഗ്യ പ്രശ്നങ്ങൾ കൂടിയാണ്. പലതിനും നല്ല കൗൺസലിങ് വേണ്ടി വരും. ലൈംഗിക അഭിനിവേശം ഉയർച്ച താഴ്ചകൾ ഉള്ള ഒന്നാണ്. സാഹചര്യങ്ങൾ, ആരോഗ്യസ്ഥിതി, ഹോർമോൺ നില തുടങ്ങിയ പല കാര്യങ്ങൾ ഉണ്ടതിന്. ഒന്നിൽ കൂടുതൽ പേരുമായി ബന്ധപ്പെടുന്ന ധാരാളം പേർ നമുക്കു ചുറ്റുമുണ്ട്. ദമ്പതികളിലും അ ത്തരം താൽപര്യങ്ങൾ കൂടുന്നുണ്ട്. ഇതിൽ രതിസുഖം തേടലാണ് പ്രധാനമെന്നു തോന്നുന്നു. വരാനിടയുള്ള ലൈംഗിക രോഗങ്ങളെ പോലും പലരും കണക്കാക്കുന്നില്ല –ഡോ. സുബാഷ് പറയുന്നു.

സെക്സ് ടോയ്സ് പോലുള്ളവ സ്വയംഭോഗം പോലെ ലൈംഗിക തൃപ്തി നൽകുന്ന കാര്യമല്ലേ. അത് എതിർക്കേണ്ടതുണ്ടോ! മനുഷ്യൻ കോപ്പിക്യാറ്റ് ബിഹേവിയർ ഉള്ളയാളെന്നത് മറക്കരുത്. മറ്റുള്ളവരെ അനുകരിച്ചുകൊണ്ടേയിരിക്കും. അതിനാൽ സമൂഹത്തിന് ദോഷമായ കാര്യങ്ങൾ കഴിവതും ഒഴിവാക്കുക. എന്തിലും അല്പം ധാർമികതയും ഔചിത്യവും പുലർത്തുക തന്നെ വേണം. – ഡോ. സുബാഷ് വിലയിരുത്തുന്നു.
പ്രകൃതിയിൽ ‘സദാചാര’മില്ല
‘‘പങ്കാളികളെ കൈമാറാൻ പ്രകൃതിക്കു ചില നിയമങ്ങളുണ്ട്; താളമുണ്ട് എന്നാൽ ഇന്ന ഇന്ന ധാർമിക നിയമങ്ങൾ വേണമെന്ന് പ്രകൃതി ഒരിക്കലും പറഞ്ഞിട്ടില്ല. ’’ പ്രശസ്ത ലൈംഗികാരോഗ്യവിദഗ്ധൻ ഡോ. ഡി നാരായണ റെഡ്‌ഡി (ചെന്നൈ) പറയുന്നു.
‘‘വിവാഹം വേണമെന്ന് പ്രകൃതി നിയമത്തിൽ ഉണ്ടോ! മൃഗങ്ങൾ അവയൊന്നും പാലിക്കുന്നില്ലല്ലോ. സമൂഹത്തിനു വേണ്ടിയും കാലഘട്ടത്തിനനുസരിച്ചുമാണ് പല ചിട്ടകളും വിശ്വാസവും വരുന്നത്.
ഇന്ത്യ എല്ലാക്കാലത്തും തന്നെ ലൈംഗികതയ്ക്ക് സ്ഥാനം നൽകിയ സ്ഥലമാണ്. വാത്സ്യായന മഹർഷി പറയുന്നത് ശാസ്ത്രം പാലിക്കേണ്ടത് ദേശ, കലാ, പരിസ്ഥിതിക്ക് അനുസരിച്ചാണെന്നാണ്. മനുഷ്യന്റെ അടിസ്ഥാന പ്രകൃതത്തിൽ തെറ്റ് ശരി എന്നൊന്നില്ല. ഉള്ളത് മനസ്സിനും ശരീരത്തിനും വേണ്ടത് (Healthy), വേണ്ടാത്തത് എന്നാണ്.

ആന്ധ്രയിൽ മുൻപ് ‘രസിക ഉത്സവം’ ഉണ്ടായിരുന്നു. കാർത്തിക നാളിൽ നാട്ടിലെ അവിവാഹിതർക്കെല്ലാം പുഴയിൽ പോയി കുളിച്ച്, അവിടെ തന്നെ രാത്രി തങ്ങി രതിയിൽ ഏർപ്പെടാം. പാട്ട്യാല രാജാവ് തന്റെ കൊട്ടാരത്തിലെ ഉത്സവത്തിന് പ്രത്യേകം ക്ഷണിക്കപ്പെട്ട ഭാര്യാഭർത്താക്കന്മാർക്കായി, നഗ്ന ഉത്സവം നടത്തി, പങ്കാളികളെ കൈമാറുന്ന ചടങ്ങ് നടത്തുമായിരുന്നു. മന്ത്രിമാരിലൊരാള്‍ ഒരു വേശ്യയുമായിട്ടാണ് അതിൽ പങ്കെടുത്തത്. അങ്ങനെയാണ് കാര്യം പുറത്തറിഞ്ഞത്. പരിണാമ ജീവശാസ്ത്ര പ്രകാരം മനുഷ്യർ ഏക പങ്കാളിക്കാര്‍ അല്ല; ബഹുഭാര്യത്വം ഉള്ളവരാണ്. പ്രകൃതിക്ക് വേണ്ടത് വൈവിധ്യമാണ്.
ഇണയെ കൈമാറൽ
ഇപ്പോൾ നമുക്ക് ശാരീരിക ക്ലേശം കുറവാണ്. അപ്പോൾ ധാരാളം അലസ സമയവും ഊർജവും കിട്ടുന്നു. അക്കരപച്ച തേടുന്നത് അങ്ങനെയാണ്. അയൽക്കാരന്റെ ഭാര്യ സുന്ദരിയായി മാറുന്നതും താക്കോൽ കൈമാറുന്ന ഗ്രൂപ്പുണ്ടാക്കുന്നതും സ്വാഭാവികമാണല്ലോ. മുൻപ് അമേരിക്കയിലും ഇത്തരം ഗ്രൂപ്പുകളും ഓപ്പൺ മാര്യേജുമുണ്ടായിരുന്നു. എന്നാൽ മനുഷ്യൻ അടിസ്ഥാനപരമായി അസൂയാലുവും സ്വാർത്ഥനും ആയതുകൊണ്ട് അവയൊന്നും വിജയിച്ചില്ല. ആണിന് ഉത്തേജനം ഉണ്ടാവുന്നതു ദൃശ്യങ്ങള്‍ വഴിയാണ്. പെണ്ണിന് വൈകാരികത വഴിയും. അതുകൊണ്ട് തന്നെ ഇണയെ തേടൽ സ്വാഭാവികമാണ്. സാമൂഹിക പ്രശ്നമായില്ലെങ്കിൽ ഇത്തരം പ്രവണതകളെ ചൊല്ലി ആശങ്കപ്പെടേണ്ടതില്ല.
പലതരം ഫാന്റസികളിലും ലൈംഗിക വൈവിധ്യത്തിലുമൊക്കെ ഏർപ്പെടുന്നതും തെറ്റല്ല. എന്നാൽ, ആ ഫാന്റസികൾക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുമ്പോൾ സമൂഹത്തിൽ പ്രശ്നമുണ്ടാകാം. അതിനാൽ വ്യക്തിക്കും സമൂഹത്തിനും ആരോഗ്യകരമായതു മാത്രം സ്വീകരിക്കുക.
പൂർണരൂപം മനോരമ ആരോഗ്യം മാർച്ച് ലക്കത്തിൽ
തയാറാക്കിയത്
അനിൽ മംഗലത്ത്