ADVERTISEMENT

ആഹാരം ആഘോഷമാവുമ്പോൾ ആരോഗ്യത്തെയും കൂടെ മാനിച്ചു വേണം ഭക്ഷണപാചകം ചിട്ടപ്പെടുത്താൻ. ഓണനാളുകൾ ഒരുപക്ഷേ മലയാളികൾ എറ്റവുമധികം ഒരുക്കങ്ങൾ നടത്തുന്നത് ഓണസദ്യ എന്ന സങ്കൽപ്പത്തിലൂന്നി തന്നെയാവും. എങ്ങനെ നല്ലൊരു സദ്യയൊരുക്കും? എവിടെ നിന്നും നല്ല സദ്യ കിട്ടും?

രുചിക്കൂട്ടുകളുെട വൈഭവം രുചിക്കൂട്ടുകളുടെ വൈഭവം എത്ര വലുതാണെന്ന് ഓണസദ്യ നമുക്കു കാണിച്ചു തരുന്നു. രുചിയുടെ കാര്യത്തിൽ ഒട്ടും സന്ധിചെയ്യാതെ തന്നെ ആരോഗ്യത്തെയും മാനിച്ചു നമുക്കു തയാറാക്കി എടുക്കാം. യാതൊരു കൃത്രിമ രുചികൂട്ടുകളും ചേർക്കാതെ ഏറ്റവും രുചികരമായി തയാറാക്കാവുന്ന വിഭവങ്ങളാണു പ്രകൃതി പാചകം ഒരുക്കി തരുന്നത്.

ADVERTISEMENT

ആഹാരം കഴിക്കേണ്ടതിന് ഒരു ക്രമമുണ്ടെന്നും ഓരോ വിഭവങ്ങൾക്കു പിന്നിലും ആരോഗ്യത്തിനുതകുന്ന ഒരു ശാസ്ത്രമുണ്ടെന്നും പ്രകൃതി പാചക വിധികൾ നമ്മെ പഠിപ്പിക്കുന്നു. സദ്യ കഴിച്ച് അവശരായി പോകുന്ന സ്ഥിതിയല്ല, മറിച്ച് ആരോഗ്യത്തിന്റെയും ആഹാരത്തിന്റെയും രുചിസമ്മേളനം നമ്മെ കൂടുതൽ ഊർജസ്വലരാക്കുകയാണ് ഇവിടെ ചെയ്യുന്നത്. പ്രകൃതി പാചകപുരയിലേക്ക് പ്രകൃതി പാചകത്തിൽ ഓരോ ഘട്ടവും പ്രധാനപ്പെട്ടതാണ്.

∙ പുറത്തുനിന്നും വാങ്ങുന്ന പച്ചക്കറികൾ/പഴങ്ങൾ രണ്ടു മണിക്കൂറെങ്കിലും വെള്ളത്തിൽ മുക്കിവയ്ക്കണം. അൽപം മഞ്ഞൾപ്പൊടി, ഉപ്പ്, ചിരട്ടക്കരി എന്നിവ വെള്ളത്തിൽ ആദ്യമേ കലർത്തണം. ഒന്നുകൂടെ ശുദ്ധജലത്തിൽ കഴുകി ഉപയോഗിക്കാം.

ADVERTISEMENT

∙ പാചകം ചെയ്യുമ്പോൾ മാത്രം പച്ചക്കറികൾ അരിഞ്ഞെടുക്കുക.

∙ പാചകത്തിന് മൺപാത്രങ്ങൾ, കൽച്ചട്ടി, ഓട്ടുപാത്രങ്ങൾ, വെളുത്തീയം പൂശിയ ചെമ്പ്, പിച്ചള പാത്രങ്ങൾ, കവടിപാത്രങ്ങൾ എന്നിവ ഉപയോഗിക്കാം.

ADVERTISEMENT

∙ കൂടുതൽ നേരം വേവിക്കരുത്.

∙ മസാലക്കൂട്ടുകൾ, കൃത്രിമ നിറങ്ങൾ, ചുവന്ന മുളക്, മറ്റു രാസപദാർത്ഥങ്ങൾ ഒന്നും പാടില്ല.

∙ എരിവിന് – പച്ചമുളക്, ഇഞ്ചി, കുരുമുളക്

∙ പുളിക്ക് – തക്കാളി, മാങ്ങ, നാരങ്ങ, നെല്ലിക്ക ∙ മധുരത്തിന് – കരിമ്പ്, ശർക്കര, ചക്കര, തേൻ.

∙ കറികൾ പാകം ചെയ്യുമ്പോൾ വെള്ളം ചൂടായശേഷം പച്ചക്കറികൾ അതിലേക്ക് ഇടാം. വെള്ളത്തിനൊപ്പം പച്ചക്കറികൾ വേവുമ്പോൾ രുചി നഷ്ടപ്പെടും.

∙ ഉപ്പ് പാചകം കഴിയാറാവുമ്പോൾ മാത്രം ചേർക്കുക. ∙

തേങ്ങയുടെ അരപ്പ് അടുപ്പിൽ നിന്നും ഭക്ഷണം വാങ്ങിവച്ചശേഷം ചേർക്കുക.

പ്രകൃതി ഒാണസദ്യയിൽ ചോറിന് ഉണക്കലരി ഉപയോഗിക്കാം.തവിടു കളയാത്ത ഉണക്കലരി ആവശ്യത്തിനു വെള്ളം ചേർത്തു വറ്റിച്ചെടുക്കുക. ഇതിലേക്ക് (ഒരു നാഴി അരിക്ക് ഒരു മുറി തേങ്ങയുടെ പാൽ എന്ന കണക്കിന്) വെള്ളം അധികം ചേർക്കാതെ പിഴിഞ്ഞെടുത്ത തേങ്ങയുടെ പാൽ കൂടെ ചേർത്തു നന്നായി ഇളക്കി എടുക്കാം. തോരനായി കാരറ്റും കാബേജും അരിഞ്ഞു തയാറാക്കാം. പാത്രത്തിൽ അൽപം എണ്ണ തടവാം. എരിവിനായി പച്ചമുളകും ഇഞ്ചിയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കാം. വെള്ളം ചേർക്കില്ല. വേവിച്ചതിനുശേഷം തേങ്ങ ചിരകിയതും ഇടാം.

കിച്ചടിയും പച്ചടിയും പ്രകൃതി സദ്യയിൽ ഇടം നേടിയ വിഭവങ്ങളാണ്. പച്ചടി, മോര് ഉപയോഗിച്ചും ഉപയോഗിക്കാതെയും തയാറാക്കാം. തൈര് ഉപയോഗിക്കാറില്ല. പപ്പായ, വെള്ളരിക്ക എന്നിവ ഉപയോഗിച്ചു പച്ചടി ഉണ്ടാക്കാം. ബീറ്റ്റൂട്ട് കൊണ്ടാണു കിച്ചടി ഉണ്ടാക്കാറ്.

ഉള്ളിക്കു പകരം ഉള്ളിപ്പൂവ് ഉപയോഗിക്കും. തൊലി നീക്കം െചയ്യാത്ത പരിപ്പ് (Unpolished) ഉപയോഗിച്ചുവേണം പരിപ്പുകറി തയാറാക്കാൻ. ഒപ്പം അരി കൊണ്ട് ഉണ്ടാക്കിയ പപ്പടവും. മധുരത്തിനു പൈനാപ്പിളോ, നേന്ത്രപ്പഴമോ, മാമ്പഴമോ കൊണ്ടു മധുരക്കറി ഉണ്ടാക്കാം.

ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, ഉള്ളി പൂവ്, ജീരകം, തക്കാളി എന്നിവ ചേർത്ത് വഴറ്റി , ഇതിലേക്ക് മഞ്ഞൾപൊടി ചേർത്തശേഷം ഉപ്പ്, കറിവേപ്പില, പച്ചമുളക്, ഇഞ്ചി എന്നിവ കൂടെ ചേർത്തു നന്നായി യോജിപ്പിക്കുക. ശേഷം അരിഞ്ഞുവച്ച നേന്ത്രപ്പഴവും ആപ്പിളും കൂടെ ചേർത്ത് ആവിയിൽ വേവിക്കുക. വേവ് പാകമാവുമ്പോൾ തേങ്ങാപാൽ കൂടെ ചേർത്ത് ഉപയോഗിക്കാം. ഇതാണു മധുരക്കറി.

ആരോഗ്യകരമായ ഒാണസദ്യ രുചിക്കാൻ ഇനി തയാറായിക്കൊള്ളൂ...

ഡോ. സന്ധ്യ എം. സി.

മാനേജിങ് ഡയറക്ടർ

നേച്ചർ ലൈഫ് ഹോസ്പിറ്റൽ

നാചുറോപതി & ആയുർവേദ 

പട്ടിക്കാട്, തൃശൂർ

ADVERTISEMENT