ADVERTISEMENT

കയ്യിലും മുഖത്തുമായി ചുവന്ന പാടുകൾ കാണുന്നുണ്ടോ? ചിലപ്പോൾ വല്ലാത്ത ചൊറിച്ചിലും. ഇതു ചിലപ്പോൾ സൂര്യപ്രകാശം ഏറ്റതു കാരണമുള്ള അലർജിയാകാം. സൂര്യപ്രകാശത്തിലെ അൾട്രവയലറ്റ് അഥവാ യൂവി രശ്മികളാണ് അലർജി വരുത്തുന്നത്. സൂര്യപ്രകാശം ഏൽക്കുന്ന ഭാഗത്താണു സാധാരണയായി അലർജി ഉണ്ടാകാറ്. കൈകളുെട പുറംഭാഗം, നെഞ്ചിന്റെ മുകൾഭാഗം, കഴുത്തിന്റെ മുൻവശത്തും പുറകുവശത്തും, മുഖം, കാൽപാദത്തിനു മുകളിൽ എന്നിവിടങ്ങളിൽ പ്രശ്നം വരാം. മുഖത്തിലാണെങ്കിൽ കവിളിലും നെറ്റിത്തടത്തിലുമാണു പാടുകൾ കാണുക. ചിലർക്കു ചൊറിച്ചിൽ മാത്രമായി വരാം, ചിലർക്കു പാടുകൾ. ചിലരിൽ അലർജി തീവ്രമായാൽ പാടുകൾ വന്നു പൊട്ടിയൊലിക്കുകയും െചയ്യാം.

രണ്ടു ഗ്രൂപ്പായി തിരിക്കാം

ADVERTISEMENT

സൂര്യപ്രകാശത്തോട് അലർജി വരുന്നവരെ രണ്ടു ഗ്രൂപ്പായി തരംതിരിക്കാം. ആദ്യ ഗ്രൂപ്പിൽ ഉള്ളവർക്കു സൂര്യപ്രകാശത്തോട് അലർജി ഉണ്ടാകും. എന്നാൽ പുറമെ നിന്നുള്ള ചില ഘടകങ്ങൾ അലർജിയുെട തീവ്രത വർധിപ്പിക്കും. നമ്മൾ സാധാരണ ചർമത്തിൽ പുരട്ടുന്ന എന്തെങ്കിലും ഘടകം സൂര്യപ്രകാശത്തോടുള്ള അലർജി കൂട്ടാം. ചിലർക്കു ഫെയർനസ് ക്രീം പ്രശ്നമുണ്ടാക്കാം. ചിലർക്കു മഞ്ഞൾ പോലുള്ളവയും. ചിലരിലാകട്ടെ ഔഷധക്കൂട്ടുകൾ ചേർന്ന സോപ്പ് ഉപയോഗിക്കുന്നതാവാം പ്രശ്നം. ഗാർഡനിങ് െചയ്യുന്നവരാണെങ്കിൽ ചില ചെടികളിലോ ഇലകളിലോ നിന്നുള്ള നീരു ചർമത്തിൽ പുരളുന്നതും അലർജി വർധിപ്പിക്കും.

രണ്ടാമത്തെ ഗ്രൂപ്പിൽപ്പെട്ടവർക്ക് അലർജി വരാൻ പുറമെ നിന്നുള്ള കാരണങ്ങൾ വേണമെന്നില്ല. അവരുെട ശരീരത്തിന്റെ പ്രത്യേകത കൊണ്ടുതന്നെ സൂര്യപ്രകാശത്തോട് അലർജി ഉണ്ടാകാം.

ADVERTISEMENT

കോട്ടൻ വസ്ത്രം ധരിക്കാം

ആദ്യ ഗ്രൂപ്പിൽപ്പെട്ടവർക്ക് ഏതു കാര്യമാണോ അലർജി കൂട്ടാൻ ഇടയാക്കുന്നത് അത് ഒഴിവാക്കണം. പിന്നെ രണ്ടു കൂട്ടരും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. സൂര്യപ്രകാശം ഏൽക്കുന്നതു കുറയ്ക്കുക. സൂര്യപ്രകാശം ഏൽക്കുന്ന ഭാഗങ്ങൾ വസ്ത്രം കൊണ്ടു മറയ്ക്കാം. നൂലുകൾ തമ്മിൽ ഇഴയടുപ്പം ഉള്ള കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക. വസ്ത്രം കൊണ്ടു മറയ്ക്കാത്ത ഭാഗത്തു സൺസ്ക്രീൻ പുരട്ടാം. എസ്പിഎഫ് കുറഞ്ഞത് 30 എങ്കിലും വേണം. പുറത്തു പോകുന്നതിനു 20 മിനിറ്റു മുൻപെങ്കിലും ക്രീം പുരട്ടണം. മുഖത്തും കഴുത്തിലും ഏകദേശം ഒരു ടീസ്പൂൺ അളവിൽ സൺസ്ക്രീൻ പുരട്ടാം.ചൊറിച്ചിൽ മാറാൻ ആന്റിഹിസ്റ്റമിൻ ഗുളിക തരാം. പാടുകൾ മാറാൻ ഒായിൻമെന്റും. പുറത്തു നടക്കുമ്പോൾ കുട പിടിക്കുക. സ്കൂട്ടർ ഒാടിക്കുമ്പോൾ കയ്യ് മുഴുവൻ മറയുന്ന നീളൻ കയ്യുറകൾ ധരിക്കണം.

ADVERTISEMENT

സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ

സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ബ്രോഡ് സ്പെക്ട്രം സൺസ്ക്രീൻ എന്ന ലേബൽ ഉണ്ടോ എന്നു ശ്രദ്ധിക്കുക. ഈ സൺസ്ക്രീനുകൾ യൂവി എ, യൂവി ബി, മറ്റു ചില പ്രകാശകിരണങ്ങൾ എന്നിവയിൽ നിന്നു സംരക്ഷണം നൽകുന്നു. സൺ പ്രൊട്ടക്‌ഷൻ ഫാക്റ്റർ (എസ്പിഎഫ്) 30 ഉണ്ടെങ്കിൽ അത്യാവശ്യം സംരക്ഷണം ചർമത്തിനു ലഭിക്കും. ക്രീം ഉപയോഗിക്കുമ്പോൾ ചർമത്തിൽ എല്ലാ ഭാഗത്തും പുരട്ടണം. കെമിക്കൽ സൺസ്ക്രീൻ പുരട്ടിയതിനുശേഷം അതിനു മുകളിൽ ഏതെങ്കിലും ക്രീമുകൾ പുരട്ടിയാൽ ഉദ്ദേശിക്കുന്ന രീതിയിലുള്ള സംരക്ഷണം ലഭിക്കണമെന്നില്ല. അതിനാൽ മോയിസ്ചറൈസർ പോലുള്ളവ ഉപയോഗിക്കണമെന്നുണ്ടെങ്കിൽ അവ പുരട്ടിയശേഷം മുകളിൽ സൺസ്ക്രീൻ പുരട്ടുന്നതാണ് അഭികാമ്യം. അധികം വിയർക്കാത്ത വ്യക്തിയാണെങ്കിലും മുഖം കഴുകിയില്ല എങ്കിലും ക്രീം പുരട്ടി 3–4 മണിക്കൂർ വരെ മാത്രമെ അതിന്റെ ഗുണം ലഭിക്കൂ. അതിനാൽ ഇത്രയും സമയം കഴിഞ്ഞാൽ വീണ്ടും പുരട്ടേണ്ടിവരും. നന്നായി വിയർക്കുന്നവരോ മുഖം കഴുകിയവരോ ആണെങ്കിൽ അപ്പോൾ തന്നെ ക്രീം വീണ്ടും പുരട്ടുക. വാട്ടർ പ്രൂഫ്, വാട്ടർ റെസിസ്റ്റന്റ് എന്നു സൺസ്ക്രീൻ ലേബലിൽ കാണും. നീന്തുന്നവരും നന്നായി വിയർക്കുന്നവരും ഈ ഗണത്തിലുള്ളത് ഉപയോഗിക്കുക. എണ്ണമയമുള്ള ചർമമാണെങ്കിൽ ജെൽ രൂപത്തിലുള്ള സൺസ്ക്രീൻ ഉപയോഗിക്കുന്നതാണ് ഉത്തമം. ലോഷൻ രൂപത്തിലുള്ളവയും പുരട്ടാം. വരണ്ട ചർമമുള്ളവർക്കു ക്രീം രൂപത്തിലുള്ള സൺസ്ക്രീനാണു നല്ലത്. അലർജി ഉള്ളവർക്കു ചികിത്സയായി സ്റ്റിറോയ്ഡ് ക്രീം നൽകാറുണ്ടെങ്കിലും ഏതു ഭാഗത്താണോ പ്രശ്നം അതിനനുസരിച്ചു സ്റ്റിറോയ്ഡിന്റെ തീവ്രത വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ ഡോക്ടറുെട നിർദേശപ്രകാരമെ ക്രീം പുരട്ടാവൂ.

ഡോ. സിമി. എസ്. എം.

പ്രഫസർ, ഡെർമറ്റോളജി വിഭാഗം

ശ്രീഗോകുലം മെഡിക്കൽ കോളജ്, തിരുവനന്തപുരം

ADVERTISEMENT