ആഴ്ചയിൽ മൂന്നു ദിവസത്തിൽ കുറവുള്ളതും കടുപ്പവും ആയാസകരവുമായതും തൃപ്തികരമല്ലാത്തതുമായ മലവിസർജന രീതിയെയാണു ശാസ്ത്രീയമായി മലബന്ധമെന്നു വിശേഷിപ്പിക്കുന്നത്. ദിവസേനയുള്ള സുഗമവും കൃത്യവുമായ മലവിസർജനം ആരോഗ്യത്തിന്റെ ലക്ഷണമായി ആയുർവേദം പ്രതിപാദിക്കുന്നു.
ലക്ഷണങ്ങൾ ശ്രദ്ധിക്കാം
മലബന്ധത്തിന്റെ ലക്ഷണങ്ങൾ ഇവയാണ് :
മലവിസർജനത്തിന് അധിക സമയം വേണ്ടിവരുന്നത്.
∙ അമിതശ്രമം ആവശ്യമാകുന്നത്
∙ കട്ടിയായ മലം ∙ തൃപ്തികരമല്ലാത്ത മലവിസർജനം ∙ മലം പോയി കഴിഞ്ഞാൽ തുടർന്നു നിൽക്കുന്ന കടച്ചിലോ വേദനയോ∙ മലദ്വാരത്തിനു ചുറ്റുമുള്ള ചൊറിച്ചിൽ, ചുവന്ന നിറം, തടിപ്പ്, മുറിപ്പാട്.
മലബന്ധത്തിന്റെ കാരണങ്ങളെക്കുറിച്ചു വിശദമായ ഒരു വിലയിരുത്തലും പരിശോധനയും തുടക്കത്തിലെ അനിവാര്യമാണ്. ആയുര്‍വേദത്തിൽ പലവിധത്തിലുള്ള മലബന്ധ ചികിത്സകൾ ലഭ്യമാണ്. മലബന്ധത്തിനു സ്ഥിരമായി മരുന്നു കഴിക്കുന്നത് അവയോടുള്ള ആശ്രയത്വം സൃഷ്ടിക്കും.വ്യക്തികൾക്ക് അനുസരിച്ചു വിവിധ മരുന്നുകൾ, കഷായം, ഗുളിക, ചൂർണം, ലേഹ്യം എന്നിവ ഉപയോഗിക്കാൻ നിർദേശിക്കും.
ഇവ പരീക്ഷിച്ചു നോക്കാം
∙ ഉണക്കമുന്തിരിയിട്ടു കുതിർത്ത വെള്ളം കുടിക്കുന്നതു മലബന്ധം അകറ്റാൻ സഹായിക്കും. ഇതു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഗുണം നല്‍കും.
∙ ഒരു ഗ്ലാസ് ചെറുചൂടു പാലില്‍ പഞ്ചസാരയോ നെയ്യോ തേനോ ചേര്‍ത്തു ദിവസവും കിടക്കാന്‍ നേരത്തു കുടിക്കുന്നതു നല്ല ശോധനയ്ക്കു സഹായിക്കുന്നു. നെയ്യ് കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
∙ വെള്ളത്തില്‍ ചേര്‍ത്തു നേര്‍പ്പിച്ച പൈനാപ്പിള്‍ ജൂസ് ശോധനയ്ക്കു നല്ല മരുന്നായി പറയുന്നു.
∙ ഒരു ടീസ്പൂണ്‍ ഇരട്ടിമധുരം പൊടിച്ചത് ഒരു ടീസ്പൂണ്‍ ശര്‍ക്കരയും ചേര്‍ത്ത് ഒരു കപ്പു വെള്ളത്തില്‍ ചേർത്തു കുടിക്കാം.
∙ വറുത്തുപൊടിച്ച ഒരു ടീസ്പൂണ്‍ പെരുഞ്ചീരകപ്പൊടി ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ കലക്കി കുടിക്കാം.
∙ ത്രിഫല ചായയുെട രൂപത്തിൽ തയാറാക്കി കുടിക്കാം.∙ കട്ടൻ ചായയിൽ നാരങ്ങാനീരു ചേർത്തു കഴിക്കുക.
∙ രാവിലെ വെറുംവയറ്റില്‍ ആപ്പിള്‍ തൊലിയോടെ കഴിക്കാം.
മലബന്ധം മാറ്റാൻ മരുന്നുകളോടൊപ്പം ഭക്ഷണത്തിലും ജീവിതശൈലിയിലും മാറ്റം ആവശ്യമാണ്.
∙ മുളയ്ക്കാത്ത പയർ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ നന്നായി കഴിക്കാം.
∙ ദിവസവും 8-10 ഗ്ലാസ്സ് വെള്ളം കുടിക്കണം.
∙ സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക.
∙ ദിവസേന കുറഞ്ഞത് 30 മിനിറ്റു നടക്കുക. ∙ യോഗാസനങ്ങൾ: പവനമുക്താസനം, മലാസനം, ഭുജംഗാസനം, ധനുരാസനം, ഹലാസനം.
∙ മതിയായ ഉറക്കവും വിശ്രമവും വേണം.
∙ ദിനം ഒരേ സമയത്തു മലവിസർജനത്തിനു ശ്രമിക്കുക.
∙ ശൗചക്രിയ നടത്തുമ്പോൾ മൊബൈൽ ഫോൺ, പുസ്തകം തുടങ്ങിയതിൽ ശ്രദ്ധ നൽകാതിരിക്കുക.
ഡോ. ജിതേഷ് മാധവൻ
പ്രഫസർ ആൻഡ് വകുപ്പ് മേധാവി
കായചികിത്സാ വിഭാഗം
ആയുർവേദ കോളജ്, കോട്ടയ്ക്കൽ