ADVERTISEMENT

മറവിപ്രശ്നങ്ങൾ, കുട്ടികളിൽ ഉൾപ്പെടെ അസാധാരണമായ തോതിൽ കൂടുകയാണ്. വർധിച്ചുവരുന്ന മറവിപ്രശ്നങ്ങൾക്കും ശ്രദ്ധക്കുറവിനും പിന്നിലുള്ള പ്രധാന വില്ലൻ അമിത സ്ക്രീൻ ഉപയോഗമാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. അമിത സ്ക്രീൻ ഉപയോഗം കാരണം  മറവിക്കു പുറമെ വൈകാരികപ്രശ്നങ്ങളും ശ്രദ്ധക്കുറവും എടുത്തുചാട്ടവും അവരിൽ വ്യാപകമാകാം. അവർ ഭാവി ജീവിച്ചു തീർക്കേണ്ടിവരുന്നത് ഈ ദോഷങ്ങളും പേറിയാണ്.

മറവിയിലേക്കുള്ള വഴി
ബാല്യം പോലെ വളർച്ചയുടെയും വികാസത്തിന്റെയും പ്രധാന സമയത്തുള്ള അമിതമായ സ്ക്രീൻ ഉപയോഗം തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലും സ്ഥായിയായ മാറ്റങ്ങൾ വരുത്താം. അമിതമായി സ്ക്രീൻ ഉപയോഗിക്കുന്ന പ്രീ സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ നടത്തിയ എംആർഐ പഠനങ്ങൾ കാണിക്കുന്നതു തലച്ചോറിലെ വൈറ്റ് മാറ്ററിന്റെ നാരുകൾക്കു നാശമോ അപചയമോ വരുന്നുവെന്നാണ്. തലച്ചോറിലെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നതു വൈറ്റ് മാറ്ററാണ്. പ്രത്യേകിച്ചു ഭാഷകളുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ. ഈ അപചയം കൊണ്ടു ചിന്തകളെയും വികാരങ്ങളെയും പ്രവൃത്തികളെയും ശരിയായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന എക്സിക്യൂട്ടീവ് ശേഷികൾക്കു തകരാർ വരാം. വികാര നിയന്ത്രണവുമായി ബന്ധപ്പെട്ട ശേഷികൾ, ശ്രദ്ധ എന്നിവയുമായൊക്കെ ബന്ധപ്പെട്ട തലച്ചോർ ഭാഗങ്ങളിൽ മാറ്റങ്ങൾ വരുന്നു. കൗമാരക്കാരിൽ വൈകാരികസംസ്കരണ രീതിയിലും വ്യത്യാസങ്ങൾ വരാം.  ഇതു വൈകാരിക നിയന്ത്രണത്തിൽ പാളിച്ചകൾ വരുത്താം.

സ്ക്രീൻ ഉപയോഗം കൂടുന്നതു കാരണം കുട്ടികളിൽ വായിച്ചു സംഗ്രഹിക്കാനുള്ള ശേഷി കുറയാം. റീലുകളും ഷോർട്സും കണ്ടു ശീലിക്കുന്ന കുട്ടികൾക്ക് 10-15 മിനിറ്റിൽ കൂടുതൽ ഏകാഗ്രതയോടെ ഇരിക്കാനാകില്ല. സോഷ്യൽ മീഡിയ ഉപയോഗം കൂടുന്നത് എടുത്തുചാട്ടം കൂട്ടാം. ശ്രദ്ധയില്ലായ്മ, പിരുപിരുപ്പ് എന്നിവയ്ക്കും കാരണമാകുന്നു. ഗെയിമിങ് പോലെയുള്ളവയിൽ ഏർപ്പെടുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന ആനന്ദദായക രാസഘടകങ്ങളും എടുത്തുചാട്ടം കൂട്ടാം, ശ്രദ്ധക്കുറവു വരുത്താം.

ADVERTISEMENT

ഒാർമ കെടുത്തും രാത്രി ഉപയോഗം

അമിത ഉപയോഗം മാത്രമല്ല സ്ക്രീൻ എപ്പോൾ കാണുന്നു? എത്രസമയം കാണുന്നു, എന്തു കാണുന്നു എന്നിവയ്ക്കും പ്രാധാന്യമുണ്ട്. രാത്രി കിടക്കുന്നതിനു തൊട്ടുമുൻപു സ്ക്രീൻ ഉപയോഗിക്കുന്നതാണ് ഏറ്റവും ദോഷകരം. രാത്രി ദീർഘനേരം സ്ക്രീനിൽ നോക്കിയിരിക്കുന്നത് ഉറക്കത്തെ സഹായിക്കുന്ന മെലടോണിൻ ഹോർമോണിന്റെ ഉൽപാദനം തടസ്സപ്പെടാനിടയാക്കാം. ഇതു ശരീരത്തിന്റെ സ്വാഭാവികമായ ഉറക്ക-ഉണർവു ചക്രത്തെ താളംതെറ്റിക്കുന്നു. കിടക്കുന്നതിനു തൊട്ടുമുൻപു മാത്രമാണു സ്ക്രീൻ ഒാഫ് ചെയ്യുന്നതെങ്കിൽ ഉറക്കം ശരിയാകില്ല. ഇൻസോമ്നിയ പോലുള്ള ഉറക്കസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.
രാത്രി നല്ല ഉറക്കം ലഭിക്കാത്തതു രാവിലെയുള്ള ഉണർവിനെയും ബാധിക്കും. കിടപ്പുമുറിയിൽ സ്ക്രീനിന്റെ സാന്നിധ്യം ഉള്ള വീടുകളിലെ കുട്ടികളിൽ ഉറക്കം, പെരുമാറ്റം എന്നിവ സംബന്ധിച്ചു പ്രശ്നം കണ്ടെത്തിയിട്ടുണ്ട്. തന്നെയുമല്ല വൈകുന്നേരമുള്ള സ്ക്രീൻ കാഴ്ച എഡിഎച്ച്ഡി ഉള്ളവരിൽ ലക്ഷണങ്ങളെ തീവ്രമാക്കുന്നതായും പഠനങ്ങളുണ്ട്.
രാവിലെ ഉണർന്നയുടനെ നോട്ടിഫിക്കേഷനുകളും സോഷ്യൽ മീഡിയയും നോക്കുന്ന ശീലവും ഒഴിവാക്കണം. ഇതു നാഡീവ്യവസ്ഥയെ അനാവശ്യമായ ഒരു ജാഗ്രതാവസ്ഥയിലെത്തിക്കും.

ADVERTISEMENT

വർധിക്കുന്ന പഠനവൈകല്യങ്ങൾ

ഇന്നു കുട്ടികളിൽ വർധിച്ചു വരുന്ന പഠനവൈകല്യത്തിനു പിന്നിലെ ഒരു പ്രധാന കാരണം ദീർഘനാളത്തെ അമിത സ്ക്രീൻ ഉപയോഗമാണ്. ഡിസ്‌ലെക്സിയ എന്ന ഭാഷാവൈകല്യം, ഡിസ്കാൽകുലിയ എന്ന ഗണിത വൈകല്യം, ഡിസ്ഗ്രാഫിയ എന്ന എഴുത്തിലെ വൈകല്യം എല്ലാം കൂടുതലാണ്. ഉയർന്ന ഐക്യു ഉള്ള കുട്ടികളിൽ പോലും സ്ക്രീനിന് അടിമയായാൽ ഉയർന്ന ക്ലാസ്സുകളിലേക്കു പോകുമ്പോൾ പഠനത്തിൽ പ്രശ്നങ്ങൾ വരാം.

ADVERTISEMENT

രക്ഷയ്ക്ക് പൊമഡോറോ ടെക്നിക്കും മറ്റു വഴികളും

സ്ക്രീനുകളുടെ ഉപയോഗം പരിപൂർണമായി ഒഴിവാക്കാനാകാത്ത ഇക്കാലത്തു കുട്ടികളുടെ കാര്യത്തിൽ  നാം ബോധപൂർവം ചെയ്യേണ്ട ചിലതുണ്ട്.
∙രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്കു ഫോൺ നൽകരുത്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്കു ഫോൺ സമയപരിധി വച്ച്, മാതാപിതാക്കൾ ഒപ്പമിരുന്നു വേണം കാണിക്കാൻ.
∙ ഉറങ്ങുന്നതിനു തൊട്ടുമുൻപും ഉറങ്ങിയെഴുന്നേറ്റ ഉടനെയുമുള്ള സ്ക്രീൻ ഉപയോഗം കുറയ്ക്കുക.
∙ പുസ്തകങ്ങൾ ഡിജിറ്റലായി അല്ലാതെ വായിക്കാൻ പ്രേരിപ്പിക്കുക. വായനാ ഇടം, പുസ്തകത്തിന്റെ ഗന്ധം എന്നിങ്ങനെ വിവിധ ഇന്ദ്രിയാനുഭവങ്ങൾ ചേർന്നു വായിക്കുന്ന കാര്യത്തെ ദീർഘകാല ഒാർമയാക്കാൻ കൂടുതൽ സഹായിക്കുന്നു.
ഡിജിറ്റൽ ഉള്ളടക്കങ്ങളെ വിമർശനബുദ്ധിയോടെ സമീപിക്കുവാനും സ്ക്രീൻ ഉപയോഗത്തിൽ സമയപരിധിയും ചിട്ടയും അച്ചടക്കവും പാലിക്കാനുമായാൽ ഒരു പരിധിവരെ അപകടങ്ങളിൽ നിന്നും കുട്ടികളെ രക്ഷപെടുത്താം.

കടപ്പാട്

ഡോ. സജികുമാർ ശ്രീധരൻ
അസോ. പ്രഫസർ, ഫിസിയോളജി വിഭാഗം, നാഷനൽ യൂണിവേഴ്സിറ്റി, സിംഗപ്പൂർ
റിസർച് ഡയറക്ടർ, ദ് ഹെൽതി ലോങ്ജെവിറ്റി ട്രാൻസ്‌ലേഷനൽ
റിസർച് പ്രോഗ്രാം

ഡോ. പി. എ. മുഹമ്മദ് കുഞ്ഞ്
മുൻ പ്രഫസർ& മേധാവി. പീഡിയാട്രിക് ന്യൂറോളജി വിഭാഗം,  ഗവ. മെഡി. കോളജ്, തിരുവനന്തപുരം

ADVERTISEMENT