ADVERTISEMENT

മുടിയിലും മുഖത്തും ഉടലിലും ജീനുകൾ എഴുതിച്ചേർക്കുന്ന ചില അഭംഗികളുണ്ട്. അതിലുമേറെയാണുകാലവും പ്രായവും ജീവിതശൈലിയും അഴകിൽ ഏൽപിക്കുന്ന ക്ഷതങ്ങൾ. കഷണ്ടിയിലേക്കു മെല്ലെ ചാഞ്ഞു കയറുന്ന മുടിയിഴകൾ, രൂപഭംഗിയില്ലാതെ തളർന്നു തൂങ്ങിയ കവിൾത്തടങ്ങൾ, കൊഴുപ്പടിഞ്ഞ കൺതടങ്ങൾ, മങ്ങിമാഞ്ഞ താടിയെല്ലിന്റെ രൂപരേഖ, അയഞ്ഞു തൂങ്ങിയ കഴുത്ത്, കൊഴുപ്പു നിറഞ്ഞ അടിവയറ് ....കണ്ണാടി കള്ളം പറയില്ലല്ലോ... രൂപഭംഗി പടിയിറങ്ങുകയാണ്. പൊയ്പ്പോയ ഉടലഴക് വീണ്ടെടുക്കാനാകുമോ ? പലരുടെയും മനസ്സിലുള്ള ചോദ്യമാണിത്. ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള ഒട്ടേറെ സൗന്ദര്യചികിത്സകൾ ഇന്നു ലഭ്യമാണ്. മുടിയും മുഖവും ഉടലും പുതുതായി മെനഞ്ഞെടുക്കുന്ന സൗന്ദര്യചികിത്സകൾ കൂടുതൽ ജനപ്രിയത നേടിയതെങ്ങനെയാണ് ? സൗന്ദര്യചികിത്സാമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദഗ്ധ ഡോക്ടർമാർക്കു പറയാനുള്ളതെന്താണ് എന്നറിയാം.

പുതുമാറ്റത്തിലേക്കു സാധാരണക്കാരും

ADVERTISEMENT

സൗന്ദര്യവർധക ചികിത്സകളും ശസ്ത്രക്രിയകളും എന്നു കേൾക്കുമ്പോൾ ഇതൊക്കെ സിനിമയിലുള്ളവർ ചെയ്യുന്നതല്ലേ എന്നായിരുന്നു പൊതുസമൂഹം പ്രതികരിച്ചിരുന്നത്. ആ ധാരണ മാറിത്തുടങ്ങിയിരിക്കുന്നു. തങ്ങളുടെ വൈകല്യങ്ങളും പരിമിതികളും തിരിച്ചറിഞ്ഞ് ഉചിതമായ സൗന്ദര്യവർധക ചികിത്സകളും ശസ്ത്രക്രിയകളും ചെയ്യുന്ന സാധാരണക്കാരെ ഇന്നു ധാരാളമായി കാണാം. ‘‘ കോസ്മറ്റിക് പ്ലാസ്റ്റിക് സർജറി സെലിബ്രിറ്റികൾ മാത്രം ചെയ്യുന്ന ഒന്നല്ല. അതു സമൂഹത്തിന്റെ താഴേത്തട്ടിലേക്കും എത്തിയിട്ടുണ്ട്. ചികിത്സയ്ക്കു വരുന്നവരിൽ 70–80% വരെയുള്ളവർ സെലിബ്രിറ്റികൾ അല്ല. ചിലർ വീട്ടമ്മമാരാണ്, മറ്റു

പ്രഫഷനിൽ ഉള്ളവരുമുണ്ട്. ചികിത്സാച്ചെലവു നന്നായി കുറഞ്ഞു എന്നതാണു പ്രധാന കാരണം. മിക്കവർക്കും ഇതിന്റെ ചെലവു താങ്ങാനാകും, ചികിത്സകളെക്കുറിച്ചു വ്യക്തമായ ബോധ്യവും ഉണ്ട്. ഇതിൽ സമൂഹമാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. അതുകൊണ്ടു തന്നെയാകാം ഇത്തരം ചികിത്സകൾ തേടി ധാരാളം ആളുകൾ എത്തുന്നുണ്ട്. കോസ്മറ്റിക് സർജറി ചെയ്യുന്നതൊക്കെ മോശമാണ് എന്ന ‘ടാബൂ’ മാറിയിട്ടുണ്ട്. എന്റെ ബോഡി ഇമേജ് നല്ലതാക്കാൻ ഞാൻ അതു ചെയ്യും എന്ന് ആളുകളുടെ മനസ്സും മാറിയിരിക്കുന്നു’’ – കൊച്ചി റിനൈ മെഡിസിറ്റിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം കൺസൽറ്റന്റും എസ്തെറ്റിക് ആൻഡ് റീ കൺസ്ട്രക്‌ഷൻ സർജനുമായ ഡോ. അർജുൻ അശോകൻ പറയുന്നു.

ADVERTISEMENT

പ്ലാസ്‌റ്റിക് ’ എന്ന മെനഞ്ഞെടുക്കൽ

പുറമേ നിന്നുള്ള വസ്തുക്കളുടെ സഹായത്തോടെ വച്ചുകെട്ടുന്ന എന്തോ ആണു സൗന്ദര്യ ചികിത്സകളിൽ ചെയ്യുന്നതെന്ന പൊതുബോധത്തിൽ നിന്നാണു സൗന്ദര്യചികിത്സകളെ മിക്കവരും വിലയിരുത്തുന്നത്. താൻ മുഖത്തു പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ലെന്നു പ്രമുഖ അഭിനേത്രി അടുത്തിടെ തുറന്നു പറഞ്ഞു. തന്നെ നുള്ളിയോ കത്തിച്ചോ നോക്കിയാലും ‘പ്ലാസ്റ്റിക്’ കണ്ടെത്താനാകില്ലെന്നായിരുന്നു പ്രതികരണം. ‘‘ പ്ലാസ്റ്റിക് സർജറിയിൽ പുറത്തു നിന്നുള്ള വസ്തുക്കൾ ശരീരത്തിൽ വയ്ക്കാറുണ്ട്. എന്നാൽ അത് അപൂർവമാണ്. പ്ലാസ്റ്റിക്കിന്റെ അംശമൊന്നും ശരീരത്തിലില്ല എന്നു നടി പറഞ്ഞത് അതുകൊണ്ടു തന്നെ ശരിയുമാണ്. റൈനോപ്ലാസ്റ്റി എന്ന മൂക്കിന്റെ സൗന്ദര്യ ശസ്ത്രക്രിയയുടെ കാര്യമെടുക്കാം. മൂക്കിന്റെ ഉള്ളിലെ മാംസം തന്നെ

ADVERTISEMENT

പുനഃക്രമീകരിച്ച് മൂക്കിന്റെ ഘടന മാറ്റുകയാണ്. സിലിക്കോണും മറ്റും ശരീരത്തിൽ വയ്ക്കുന്നത് അപൂർവമാണ്. പ്രസവശേഷം വയറിന്റെ രൂപഭംഗി പുനഃസ്ഥാപിക്കുന്ന ടമ്മി ടക്കിൽ ചർമവും കൊഴുപ്പും നീക്കം ചെയ്യുകയാണ്. ‘പ്ലാസ്റ്റിക് ’ എന്ന പദം അർഥമാക്കുന്നത് ഒരു കൃത്രിമ വസ്തു ശരീരത്തിലേക്കു വയ്ക്കുന്നു എന്നല്ല. ‘പ്ലാസ്‌റ്റിക്കോസ്’ എന്ന ഗ്രീക്കു പദത്തിൽ നിന്നാണു പ്ലാസ്‌റ്റിക് എന്ന പദം രൂപമെടുക്കുന്നത്. അത് അർഥമാക്കുന്നത് ‘ To Mould’ എന്നാണ്. അഭംഗികളില്ലാതെ ശരീരത്തെ മെനഞ്ഞെടുക്കുന്നു എന്നു ചുരുക്കം.

പ്രിയമേറും റൈനോപ്ലാസ്‌റ്റി

Cosmetic

സൗന്ദര്യചികിത്സയ്ക്കായി എത്തുന്നവരിൽ  കൂടുതൽ പേരും ആവശ്യപ്പെടുന്നതു മൂക്കിന്റെ ശസ്ത്രക്രിയയായ റൈനോപ്ലാസ്റ്റിയാണെന്നു ഡോ. അർജുൻ അശോകൻ പറയുന്നു. ‘‘രണ്ടാമതായി അമിതമായി കൊഴുപ്പടിഞ്ഞ ശരീരത്തിന്റെ കോണ്ടൂറിങ് ആയ ലൈപ്പോസക്‌ഷൻ. ഇതിനൊപ്പം ടമ്മി ടക്കും ചെയ്യുന്നു. മാറിടത്തിന്റെ പ്രശ്നങ്ങൾക്കു പരിഹാരം തേടുന്നവരാണു മൂന്നാം സ്ഥാനത്ത്. സ്തന വലുപ്പം കൂട്ടുക, കുറയ്ക്കുക , പുരുഷന്മാരിലെ ഗൈനക്കോമാസ്റ്റിയ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഫെയ്സ് ലിഫ്‌റ്റ് എന്ന മുഖത്തിന്റെ ശസ്ത്രക്രിയകൾക്കും ആവശ്യക്കാരേറെയുണ്ട്. 82 വയസ്സു വരെയുള്ള വ്യക്തിക്കും ഫെയ്സ് ലിഫ്റ്റ് ചെയ്തിട്ടുണ്ട്. ആരോഗ്യമുണ്ടെങ്കിൽ അതിനും കുഴപ്പമില്ല.’’ ‘‘മുഖത്തിന്റെ ചികിത്സകളിൽ പ്രായത്തിനനുസരിച്ചു ട്രെൻഡ് മാറുന്നുണ്ട്. 25 വയസ്സായ ആൾ ലിപ് ഫില്ലറും ഡിംപിൾ ക്രിയേഷനും ജോ ലൈൻ കറക്‌ഷനും ഇഷ്ടപ്പെടുമ്പോൾ മനസ്സിലാക്കേണ്ടതു മറ്റു പ്രശ്നങ്ങളിലേക്ക് അവർ എത്തുന്നതേയുള്ളു എന്നാണ് ’’– കോസ്മറ്റിക് പ്ലാസ്‌റ്റിക് സർജനായ ഡോ. ആനന്ദ് ശിവദാസ് പറയുന്നു. പ്രായത്തിന് അനുസൃതമായും സൗന്ദര്യചികിത്സാ ആവശ്യങ്ങളിൽ വ്യത്യാസം വരാം. 18 –25 വയസ്സുള്ളവരുടെ പ്രശ്നങ്ങൾ ഗൈനക്കോമാസ്റ്റിയ, മൂക്കിന്റെ ആകൃതി, കൊഴുപ്പു കൂടിയ ബോഡി ഇമേജ് എന്നിവയാണ്. 30 – 45 വയസ്സുള്ളവരിൽ വയറിലെയും മാറിടത്തിലെയും ചർമം ഇടിയുന്നതു പ്രധാന പ്രശ്നമാണ്. മുഖചർമത്തിന്റെ കുഴിവ്, ഐ ബാഗ് എന്നിവയും കാണാം. 45 – 60 വരെ പ്രായമുള്ളവരുെട പ്രധാന ആവശ്യം ഫെയ്സ് ലിഫ്റ്റ് ആണ്.

നോൺ സർജിക്കൽ മാർഗങ്ങൾ

മുഖത്തിനു രൂപഭംഗിയേകുന്നതിൽ ഫെയ്സ് ലിഫ്റ്റ് പോലുള്ള ശസ്ത്രക്രിയകൾ കൂടാതെ ഫില്ലർ, ലേസർ, പീലിങ് എന്നിങ്ങനെ ഒട്ടേറെ ശസ്ത്രക്രിയേതര മാർഗങ്ങളും ഉണ്ട്. ഏതാണു നല്ലത് എന്നു ചോദിച്ചാൽ വ്യക്തികളുടെ ആവശ്യവും ചർമപ്രത്യേകതകളും അനുസരിച്ചിരിക്കുമെന്നു ഡോ. അർജുൻ പറയുന്നു. ലഘുവായ സ്കിൻ ടൈറ്റ്നിങ് ആണ് ആവശ്യമെങ്കിൽ മൈക്രോ നീഡ്‌ലിങ് റേഡിയോ ഫ്രീക്വൻസി , ലേസർ ഒക്കെ ചെയ്യാം. കുഴിഞ്ഞ മുഖത്ത് ഫില്ലർ ഇൻജക്‌ഷനും ശരീരത്തിലെ കൊഴുപ്പ് എടുത്തുള്ള ഫാറ്റ് ഇൻജക്‌ഷനും ചെയ്യാം. ചർമത്തിലേക്കു ഫാറ്റ് നൽകുന്നതാണു മെച്ചമെന്നു ഡോ. അർജുൻ കരുതുന്നത് ആ ഫാറ്റ് അവിടെ നിലനിൽക്കുന്നതു കൊണ്ടാണ്. അതു നമ്മുടെ ശരീരകലയാണല്ലോ. ആറു മാസം തൊട്ട് 18 മാസം വരെയാണു പൊതുവെ ഫില്ലറുകളുടെ കാലാവധി. കാലക്രമേണ ഫില്ലറുകളെ ശരീരം ആഗിരണം ചെയ്യും. മുഖം, കഴുത്ത്, കവിൾ എന്നിവിടങ്ങളിലെല്ലാം വളരെയധികം ചർമം അയഞ്ഞു തൂങ്ങിയവർ ഫെയ്സ് ലിഫ്റ്റ് ശസ്ത്രക്രിയ ചെയ്യേണ്ടി വരും.

കാണുന്നോ പില്ലോ ഫെയ്സ് ?

കുറേ തവണ ഡെർമൽ ഫില്ലറുകൾ ഉപയോഗിക്കുമ്പോൾ മുഖം വലുതും അസാധാരണവുമായി തോന്നുന്ന അവസ്ഥയാണ് ‘പില്ലോ ഫെയ്സ്’. ഇവർക്ക് ഫെയ്സ് ലിഫ്റ്റിൽ നിന്നു സ്വാഭാവിക ഫലം കിട്ടുമെന്നു
ഡോ. അർജുൻ വിശദീകരിക്കുന്നു. സൗന്ദര്യ ചികിത്സകൾ ചെയ്യാൻ ആലോചിക്കുമ്പോൾ എല്ലാ കോസ്മറ്റിക് ചികിത്സയും അറിയാവുന്ന വിദഗ്ധനെ സമീപിക്കുക പ്രധാനമാണ്. ചെറിയ സൗന്ദര്യ പ്രശ്നങ്ങളിൽ കെമിക്കൽ പീലും ഡെർമൽ ഫില്ലറും ത്രെഡ് ലിഫ്റ്റുമൊക്കെ അനുയോജ്യമാകാം. എന്നാൽ വളരെയധികം തൂങ്ങിയ ചർമത്തിൽ ഇവ അനുയോജ്യമല്ലെന്നു ഡോ. ആനന്ദ് പറയുന്നു. ബോട്ടോക്സിനെയും ഫില്ലറിനെയുമൊക്കെ നോൺ‌ സർജിക്കൽ ഫെയ്സ് ലിഫ്റ്റ് എന്നു പറയുന്ന കാലമാണിത്. ‘നോൺ സർജിക്കൽ’ എന്ന പേരാണ് ഇവയെ ഇത്രയേറെ പോപ്പുലർ ആക്കിയതെന്നാണു ഡോ. ആനന്ദിന്റെ നിരീക്ഷണം.

ഗവൺമെന്റ ് തലത്തിൽ

‘‘അത്യാധുനിക സൗന്ദര്യവർധക ശസ്ത്രക്രിയകൾ ഗവ.മെഡിക്കൽ കോളജുകളിലെ പ്ലാസ്‌റ്റിക് സർജറി വിഭാഗത്തിൽ പൊതുവെ ചെയ്യുന്നില്ല. സാധാരണക്കാർക്കു കൂടുതൽ പ്രയോജനം ചെയ്യുന്നതു ചികിത്സാ പ്രാധാന്യമുള്ള  റീകൺസ്ട്രക്‌റ്റീവ് ശസ്ത്രക്രിയകളാണല്ലോ – കൊല്ലം ഗവ. മെഡി.കോളജിലെ പ്ലാസ്‌റ്റിക് ആൻഡ് റീ കൺസ്ട്രക്‌റ്റീവ് വിഭാഗം മേധാവി ഡോ. സൗമ്യ എസ്. പറയുന്നു. എന്നാൽ മൂക്കിന്റെ രൂപഘടനമെച്ചപ്പെടുത്തുന്ന റൈനോപ്ലാസ്‌റ്റി, ഗൈനക്കോമാസ്‌റ്റിയ, മറുകുകൾ നീക്കം ചെയ്യുക, ചുണ്ടുകളുടെവലുപ്പവ്യത്യാസം കുറയ്ക്കുക പോലുള്ളവ മെഡി. കോളജുകളിൽ ചെയ്യുന്നുമുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം മെഡി.കോളജുകളിലെ പ്ലാസ്റ്റിക് സർജറി വിഭാഗങ്ങൾ അത്യാവശ്യം സൗന്ദര്യചികിത്സകൾ ചെയ്യുന്നുണ്ട്. കൊല്ലം, ആലപ്പുഴ മെഡി.കോളജുകളിൽ പുതുതായി ആരംഭിച്ചിട്ടുമുണ്ട്. ‘‘ കെമിക്കൽ പീലിങ്, മൈക്രോനീഡ്‌ലിങ്, പിആർപി, ഡെർമാബ്രേഷൻ, മൈക്രോഡെർമാബ്രേഷൻ, ബോട്ടോക്സ്, മൈക്രോബ്ലേഡിങ്, ലേസർ ചികിത്സ പോലുള്ള സൗന്ദര്യവർധക ചികിത്സകൾ ഗവ.മെഡിക്കൽ കോളജുകളിലെ ഡെർമറ്റോളജി വിഭാഗത്തിൽ ലഭ്യമാണ്’’ – കോട്ടയം ഗവ. മെഡി. കോളജിലെ ഡെർമറ്റോളജി വിഭാഗം അസി.പ്രഫസറായ ഡോ. അശ്വിനി പറയുന്നു. വെള്ളപ്പാണ്ടിന് ഗ്രാഫ്‌റ്റിങ്, മറുകുകൾ–കീലോയ്ഡുകൾ– മുഖക്കുരുകലകൾ എന്നിവയ്ക്കുള്ള ചികിത്സ, നഖത്തിന്റെ ശസ്ത്രക്രിയകൾ എന്നിവയും ഗവ.മെഡിക്കൽ കോളജുകളിൽ ചെയ്തു വരുന്നു.

നൂതന സാങ്കേതികതകൾ

മുൻകാലങ്ങളെ അപേക്ഷിച്ചു കോസ്മറ്റിക് ചികിത്സകളിലെ സാങ്കേതികതയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. അനസ്തീസിയയുടെ സാങ്കേതികത വളരെ മെച്ചപ്പെട്ടു. രാവിലെ ശസ്ത്രക്രിയ ചെയ്ത് അന്നു തന്നെ ഡിസ്ചാർജാകാവുന്ന തരം ചികിത്സകൾ ജനപ്രിയമായി. സർജിക്കൽ ഇൻസ്ട്രമെന്റേഷൻ ടെക്നോളജി നൂതന സാങ്കേതികതയാണ്. ഉദാ: ലൈപ്പോസക്‌ഷനിലെ വേസർ മെഷീൻ – ഇതു റിക്കവറി വളരെ വേഗത്തിലാക്കുന്നു. ഇന്ന് അൾട്രാസോണിക് ഉപയോഗിക്കുന്ന വേസർ ലൈപ്പോസക്‌ഷൻ കൊണ്ടു ശരീരത്തെ കട‍ഞ്ഞെടുക്കാം
(High- definition liposuction). അബ്സോർബബിൾ സ്റ്റിച്ച് ചർമത്തിന് അടിയിലാണിടുന്നത്. വളരെ ഫലപ്രദമായ മരുന്നുകളും ഉണ്ട്. ചർമത്തിലൊട്ടിക്കുന്ന പെയ്ൻ പാച്ച് ദീർഘനേരത്തേയ്ക്കു വേദനയ്ക്കു ശമനം നൽകുന്നു. ശസ്ത്രക്രിയാഫലം ദീർഘകാലം നിലനിൽക്കുന്ന ഒന്നാണെന്നാണു വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം.  ഫെയ്സ് ലിഫ്റ്റ്– 20 വർഷങ്ങളോളം നീണ്ടു നിൽക്കാം. ശസ്ത്രക്രിയകൾ ആവർത്തിക്കേണ്ട സാഹചര്യം
വളരെ കുറവാണ്.

കണ്ടെത്തണം യോഗ്യതയുള്ള ചികിത്സകനെ

‘‘സൗന്ദര്യവർധക ശസ്ത്രക്രിയകൾക്കു സങ്കീർണതകളുണ്ടോ എന്നതു സാധാരണ കേൾക്കുന്ന ചോദ്യമാണ്. യോഗ്യതയുള്ള ചികിത്സകനെക്കൊണ്ടു മാത്രം ഇത്തരം ശസ്ത്രക്രിയകൾ ചെയ്യിക്കുക എന്നതാണു മറുപടി. നീര്, വേദന ഇവ കുറയാനും ഞരമ്പുകൾക്കു ക്ഷതം സംഭവിക്കാതിരിക്കാനും അതു പ്രധാനമാണ് – ഡോ. ആനന്ദ് പറയുന്നു. യോഗ്യതയില്ലാത്തവരിൽ നിന്നു ചികിത്സ തേടിയതിന്റെ ഭാഗമായുള്ള സങ്കീർണത ഇന്നു കൂടിയിട്ടുമുണ്ട്.ക്വാളിഫൈഡ് ആയ ബോർഡ് സർട്ടിഫൈഡ് ആയ ഒരു പ്ലാസ്റ്റിക് സർജനാണു സൗന്ദര്യശസ്ത്രക്രിയ ചെയ്യേണ്ടത്. മൂന്നു വർഷം എംഎസും മൂന്നുവർഷം എംസിഎച്ചും കഴിഞ്ഞാണു പ്ലാസ്‌റ്റിക് സർജൻമാർ ഈ നൈപുണി സ്വന്തമാക്കുന്നത്. ഒരു ചെറിയ ഓൺലൈൻ കോഴ്സ് കൊണ്ട് ഈ പരിചയ സമ്പന്നത എങ്ങനെ ലഭിക്കും എന്നതു പൊതു സമൂഹം ചിന്തിക്കേണ്ട വിഷയമാണ്.

സൗന്ദര്യശസ്ത്രക്രിയയോ? അതിന്റെയൊക്കെ ആവശ്യമുണ്ടോ ? എന്നൊരു ചോദ്യം അതു ചെയ്യാനാഗ്രഹിക്കുന്നവരുടെയൊക്കെ ശിരസ്സിനു മുകളിൽ കാലങ്ങളായി ഡമോക്ലീസിന്റെ വാൾ പോലെ തൂങ്ങിക്കിടക്കുകയാണ്. അവരിൽ പലരും ശാരീരിക വൈകല്യങ്ങൾ കൊണ്ടു കടുത്ത മനോവേദന അനുഭവിക്കുന്നവരുമാണ്. ആഗ്രഹിച്ച രൂപം സ്വന്തമാക്കുന്നത് അഴകും ആത്മാഭിമാനവും നൽകുമെങ്കിൽ അതു ചെയ്യാൻ കാത്തിരിക്കേണ്ടതില്ല.

ADVERTISEMENT